Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാത്ത മാതാപിതാക്കൾക്ക് വെൽഫെയർ പേയ്‌മെന്റ് നഷ്ടമാകും; ഒരു കുട്ടിയുടെ പേരിൽ 2100 ഡോളർ വരെ നഷ്ടമാകുന്ന തരത്തിൽ പദ്ധതി തയാറാക്കുന്നു

കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാത്ത മാതാപിതാക്കൾക്ക് വെൽഫെയർ പേയ്‌മെന്റ് നഷ്ടമാകും; ഒരു കുട്ടിയുടെ പേരിൽ 2100 ഡോളർ വരെ നഷ്ടമാകുന്ന തരത്തിൽ പദ്ധതി തയാറാക്കുന്നു

മെൽബൺ: കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാത്ത മാതാപിതാക്കൾക്ക് ബെനിഫിറ്റുകൾ നഷ്ടമാകുന്ന തരത്തിൽ ഫെഡറൽ സർക്കാർ പദ്ധതി തയാറാക്കുന്നു. വാക്‌സിനേഷൻ ലഭിക്കാത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരു കുട്ടിയുടെ പേരിൽ 2100 ഡോളർ വരെ വെൽഫെയർ പേയ്‌മെന്റ് പിടിച്ചുവയ്ക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കുന്നത്. മെയ്‌ ബജറ്റിനു മുമ്പ് ഈ പദ്ധതി പ്രഖ്യാപിക്കുമെന്നും സോഷ്യൽ സർവീസ് മിനിസ്റ്റർ സ്‌കോട്ട് മോറിസൺ വ്യക്തമാക്കി.

നിലവിൽ കുഞ്ഞുങ്ങൾക്ക് വാക്‌സിനേഷൻ നൽകാത്ത മാതാപിതാക്കൾക്ക് വെൽഫെയർ ബെനിഫിറ്റുകൾ ലഭ്യമാകുന്ന തരത്തിലാണ് നിയമം ഉള്ളത്.  കുഞ്ഞുങ്ങൾക്ക് വാക്‌സിനേഷൻ നൽകിയിട്ടില്ലെങ്കിലും വെൽഫെയർ ബെനിഫിറ്റുകളായ ചൈൽഡ് കെയർ അസിസ്റ്റൻസ്, ഫാമിലി ടാക്‌സ് ബെനിഫിറ്റ് എ തുടങ്ങിയവ അനുവദിക്കുന്ന തരത്തിലാണ് നിലവിലുള്ള നിയമം. അതേസമയം പുതുതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്കു കീഴിൽ ഇത്തരത്തിൽ വെൽഫെയർ ബെനിഫിറ്റുകൾ വെട്ടിച്ചുരുക്കുമ്പോൾ ഒരു വർഷം സർക്കാരിന് 50 മില്യൺ ഡോളറിന്റെ ലാഭം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒരു കുട്ടിയുടെ പേരിൽ 2100 ഡോളർ വരെ സർക്കാർ പിടിച്ചെടുക്കുന്നതാണ് പുതിയ പദ്ധതി.

വാക്‌സിനേഷൻ നൽകുന്നതിന് അനുകൂലമല്ലെന്ന് കാണിച്ച് 39,000-ഓളം കുട്ടികളുടെ മാതാപിതാക്കളാണ് അധികൃതർക്ക് കത്തു നൽകിയിട്ടുള്ളത്. പല കാരണങ്ങളാണ് ഇവർ ഇതിന് ഉപോത്ബലമായി ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനേഷൻ എടുക്കാത്ത കുട്ടികളുടെ മാതാപിതാക്കൾക്ക് ഫാമിലി ടാക്‌സ് ബെനിഫിറ്റ് എ ലഭ്യമാകണമെങ്കിൽ ഈ കത്തുകൾ ഒരു ഡോക്ടറോ ഇമ്യൂണൈസേഷൻ നഴ്‌സോ സാക്ഷ്യപ്പെടുത്തിയിരിക്കണം. എന്നാൽ ഇനി മുതൽ ഇത്തരത്തിൽ വാക്‌സിനേഷന് സമ്മതമല്ലെന്ന കത്തു കാണിച്ചാലും മാതാപിതാക്കൾക്ക് വെൽഫെയർ പേയ്‌മെന്റ് ലഭ്യമാകുകയില്ല.

രാജ്യത്തെ എല്ലാ കുട്ടികൾക്കും വാക്‌സിനേഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്തും വില്ലൻ ചുമയും അഞ്ചാം പനിയും പടർന്നു പിടിച്ചതോടെയാണ് കുഞ്ഞുങ്ങൾക്ക് വാക്‌സിനേഷൻ നിർബന്ധമാക്കാൻ സർക്കാർ ആലോചിച്ചത്. വെൽഫെയർ പേയ്‌മെന്റിൽ വെട്ടിച്ചുരുക്കൽ നടത്തിയാൽ മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് വാക്‌സിനേഷൻ നൽകാൻ നിർബന്ധിതരായേക്കാം എന്നു കരുതിയാണ് പുതിയ പദ്ധതി നടപ്പാക്കാൻ സർക്കാർ ആലോചിച്ചത്.

അഞ്ചാം പനി, മുണ്ടിനീര്, റൂബെല്ല, ടെറ്റനസ്, പോളിയോ, ഹിബ് വാക്‌സിനുകൾ തുടങ്ങിയവ ഈ രോഗങ്ങളിൽ നിന്ന് 95 ശതമാനം കുട്ടികളെയും സംരക്ഷിക്കുമെന്നും പന്ത്രണ്ടാം മാസത്തിൽ നൽകുന്ന ഒറ്റ ഡോസ് മെനിഞ്ചോ കോക്കസ് സി വാക്‌സിന് 90 ശതമാനം കുട്ടികളേയും സംരക്ഷിക്കുമെന്നും വിലയിരുത്തപ്പെടുന്നു. വാക്‌സിനേഷനെ അനുകൂലിക്കുന്ന സംഘടനകളും ഡോക്ടർമാരും ഈ പദ്ധതിയെ പിന്താങ്ങിക്കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം വാക്‌സിനേഷനെ എതിർക്കുന്നവരാകട്ടെ, പദ്ധതി ഒരു കാരണവശാലും വാക്‌സിനേഷൻ നിരക്ക് വർധിപ്പിക്കുകയില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP