Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നടൻ മധു ബഹ്‌റൈനിലെത്തി; നാളെ ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്റെ 'ഇന്ത്യൻ ഐക്കൺ 2016' അവാർഡ് സ്വീകരിക്കാനെത്തും

നടൻ മധു ബഹ്‌റൈനിലെത്തി; നാളെ ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്റെ 'ഇന്ത്യൻ ഐക്കൺ 2016' അവാർഡ് സ്വീകരിക്കാനെത്തും

ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ 'ഇന്ത്യൻ ഐക്കൺ 2016' അവാർഡ് സ്വീകരിക്കുവാൻ നടൻ മധു ബഹ്‌റൈനിൽ എത്തിച്ചേർന്നു. എയർപോർട്ടിൽ വച്ച് മധുവിനെ ഭാരവാഹികൾ ഹൃദ്യമായി സ്വീകരിച്ചു. ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ഒന്നാം വാർഷികവും, വിഷു ഈസ്റ്റർ ആഘോഷവും നാളെ വൈകിട്ട് 7:30 മുതൽ 10 വരെ അധ്‌ലിയ ബാൻ സാങ്ഗ് തായ് റെസ്‌റ്റോറന്റിൽ വച്ച് നടത്തുന്നു. ആ ചടങ്ങിൽ വച്ച് നടൻ മധുവിനു 'ഇന്ത്യൻ ഐക്കൺ 2016' നൽകുന്നതാണ്. കഴിഞ്ഞ വർഷം ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ഇന്ത്യൻ ഐക്കൺ 2016 അവാർഡ് പി. വിജയൻ ഐ.പി.എസ്. ആയിരുന്നു അർഹനായത്.

നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും വഴിത്താരകൾ ഏറെ പിന്നിട്ട് മലയാള സിനിമ 88-ാം പിറന്നാളിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ മലയാളത്തിന്റെ മധുസാറിന് ഇത് 82ന്റെ നിറവ്. 300 ലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളർച്ചക്കൊപ്പം നിറഞ്ഞാടിനിന്ന ഈ പ്രതിഭാധനനെ മലയാളി ഇന്നും ഹൃദയത്തോടു ചേർത്തുനിർത്തുന്നു. ചെമ്മീനിലെ പരീക്കുട്ടി, ഭാർഗ്ഗവീ നിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടൻപ്രേമത്തിലെ ഇക്കോരൻ, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ്... മലയാളത്തിന്റെ സെല്ലുലോയ്ഡിൽ മധു പകർന്ന ഭാവതീക്ഷ്ണതകൾ സുവർണ്ണ ലിപികളിൽ തന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതുതന്നെയാണ് ഒരു കലാകാരന് കാലം നൽകുന്ന ഏറ്റവും വലിയ ബഹുമതിയും.

അഞ്ചു തലമുറകളെ തമ്മിലിണക്കുന്ന പൊന്നിൻ കണ്ണിയായി, മധുരം തുളുമ്പുന്ന അകവും പാരുഷ്യം പൂക്കുന്ന പുറവുമായി ആർദ്രത കൊടിയടയാളമാക്കിയ മലയാള സിനിമയിലെ കാരണവർക്കാണ് ഈ വർഷത്തെ ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ 'ഇന്ത്യൻ ഐക്കൺ 2016'. ഈ വർഷം ഞങ്ങൾ ഏർപ്പെടുത്തിയ പ്രവാസി ഐക്കൺ 2016 എന്ന ഒരു പുരസ്‌കാരം പ്രവാസിയായ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിക്കും, ബിസിനസ് ഐക്കൺ 2016 എന്ന പുരസ്‌കാരം നന്മ നിറഞ്ഞ ഒരു ബിസിനസ്‌കാരനും നൽകുന്നതാണ്. ആ പുരസ്‌കാരങ്ങൾ മധു ആ വേദിയിൽ വച്ച് പ്രഖ്യാപിക്കുന്നതായിരിക്കും. പുരസ്‌കാര ചടങ്ങിൽ വച്ച് മധുവുമായി പ്രേക്ഷകർക്ക് സംവദിക്കുവാനുള്ള അവസരം കൂടി ഒരുക്കുന്നതാണ്.

കൂടാതെ ബഹ്‌റൈനിലെ മുഴുവൻ ഇന്ത്യൻ മാദ്ധ്യമ സുഹൃത്തുക്കളെയും അന്നത്തെ ദിവസം ആ വേദിയിൽ വച്ച് ഞങ്ങൾ പുരസ്‌കാരം നൽകി ആദരിക്കാനും തീരുമാനിച്ചിരിക്കുന്നു. വ്യത്യസ്തമായ മെലഡി ഗാനങ്ങളും ആകർഷകമായ നൃത്തങ്ങളും ഈ പരിപാടിയുടെ വർണ്ണപ്പകിട്ടായിരിക്കും. പരിപാടി വൻ വിജയമാക്കി തീർക്കുവാൻ എല്ലാവരേയും ക്ഷണിച്ചു കൊള്ളുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP