Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഷ്‌കറിന്റെ കുടുംബത്തിനുള്ള സഹായം: വിവാദം ദുഷ്ടലാക്കോടെയെന്നു ബഹ്‌റൈൻ കെ.എം.സി.സി

മനാമ: ഏതാനും മാസങ്ങൾക്ക് മുൻപ് തൊഴിലുടമയുടെ പീഡനം മൂലം ബഹ്‌റൈനിലെ സനദിൽ വാഹന അപകടത്തിൽ മരണപ്പെട്ട ചാവക്കാട് എടക്കഴിയൂർ സ്വദേശി അഷ്‌ക്കറിന്റെ കുടുംബത്തിനു നൽകുന്ന സഹായവുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസങ്ങളിൽ അവാസ്തവമായ വാർത്ത പ്രചരിക്കുകയുണ്ടായി. അഷ്‌ക്കറിന്റെ കുടുംബത്തെ സഹായിക്കുവാനായി കോഴിക്കോട് വടകര സ്വദേശി അയ്യൂബ് എന്ന യുവാവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ബക്രീദ് ദിനത്തിൽ കലാപരിപാടി നടത്തി നാല് ലക്ഷത്തോളം രൂപ സമാഹരിച്ചു കെഎംസിസിക്ക് കൈമാറുകയും തുക കുടുബത്തിന് നൽകിയിട്ടുമില്ല എന്ന് ബഹ്‌റൈനിൽ നിന്നെത്തിയ 'വെളിയംകോട് തവളക്കുളം സ്വദേശിയായ യുവാവ്' അഷ്‌കരിന്റെ വീട്ടിലെത്തി പിതാവിനോട് പറഞ്ഞ രീതിയിൽ കഴിഞ്ഞ ദിവസം ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രസ്തുത വാർത്ത നിഷേധിച്ച് ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിരംഗത്ത് വന്നു. ഈ വിവാദം തീർത്തും ദുഷ്ട ലാക്കോടെ യാണെന്നും ഇതിനു പിന്നിൽ വിലകുറഞ്ഞ രീതിയിൽ സാമൂഹ്യ പ്രവർത്തനം നടത്തി പത്ര മാദ്ധ്യമങ്ങളിലും, സാമൂഹ്യ മാദ്ധ്യമങ്ങളിലും ഇടം തേടി നടക്കുന്ന ചില കുബുദ്ധികാലാണെന്നും നേതാക്കൾ പത്രക്കുറിപ്പിൽ ആരോപിച്ചു.അഷ്‌കരിന്റെ കുടുംബത്തിന് നല്കുന്ന വീടിനായി ഇതുവരെ ആരിൽ നിന്നും ഒരു സഹായവും കൈപറ്റിയിട്ടില്ല. ഈ വെളിയംകോട് യുവാവ് ആരാണ് എന്നും അതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടുപിടിക്കാനാണ് ശ്രമമെന്നും കെഎംസിസി നേതാക്കൾ പറയുന്നു.

ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ബഹ്‌റൈനിലെ നിർധനരായ പ്രവാസികൾക്കായി, ഏകദേശം മൂന്നര കോടി രൂപ ചെലവിൽ 50 ബൈത്തുറഹ്മകൾ (കാരുണ്യ ഭവനം) നിർമ്മിച്ചു നൽകുന്ന സ്വപ്ന പദ്ധതി പ്രഖ്യാപിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയ സമയത്താണ് അഷ്‌കരിന്റെ അപകട മരണ വാർത്ത പുറത്ത് വരുന്നത്. മുളയും ഓലയും ഉപയോഗിച്ചു മാത്രമുണ്ടാക്കിയ ചെറിയ ഒരു വീട് മാത്രം ഉണ്ടായിരുന്ന അഷ്‌ക്കറിന്റെ കുടുംബത്തിനെ കൂടി ഈ പ്രവാസി ബൈത്തുറഹ്മ പദ്ധതിയിൽ ഉൾപെടുത്തി വീട് നർമ്മിച്ചു നൽകുന്നതിന് കെഎംസിസി സംസ്ഥാന കമ്മിറ്റി ഉടൻതന്നെ തീരുമാനം എടുക്കുകയായിരുന്നു. ഈ വിവരം കുടുംബത്തിനെ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ബഹ്‌റൈനിൽ ജീവ കാരുണ്യ രംഗത്ത് മുൻനിര പ്രവർത്തനം നടത്തുന്ന കെഎംസിസി ക്ക് പൊതു സമൂഹത്തിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്ന അംഗീകാരം സാമൂഹ്യ പ്രവത്തകരെന്നു സ്വയം പുകഴ്‌ത്തി നടത്തുന്നവരെ ഇതിനകം ആശങ്കപെടുത്തുന്നുണ്ടാവാം.

അതേസമയം ഈ അസത്യ വാർത്തക്കെതിരെ അയ്യൂബും രംഗത്ത് വന്നിട്ടുണ്ട്. പത്രങ്ങളിൽ വന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് അയ്യൂബ് പറഞ്ഞു. കഴിഞ്ഞ ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് അയ്യൂബും സഹപ്രവർത്തകരും ഒരു കലാപരിപാടി സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ റമസാൻ 1ന് അഷ്‌ക്കർ വാഹനാപകടത്തിൽപ്പെട്ട് മരണപ്പെടുന്നത് അയ്യൂബിന്റെ കൺമുമ്പിലായിരുന്നുവത്രേ. തന്റെ മുന്നിൽ വച്ചുണ്ടായ അപകട മരണം അയ്യൂബിന്റ മനസ്സിനെ വല്ലാതെ അസ്വസ്ഥനാക്കുകയും തൊട്ടടുത്ത ദിവസങ്ങളിൽ അഷ്‌ക്കറിന്റെ അപകട മരണത്തെ കുറിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. സ്‌പോൺസറുടെ പീഡനം മൂലം ഓടി രക്ഷപ്പെടുന്നതിനടയിൽ അഷ്‌ക്കർ അപകടത്തിൽ പെടുകയായിരുന്നു എന്നതുകൊണ്ടു തന്നെ ഈ മരണം ബഹ്റൈൻ പ്രവാസികളുടെ നൊമ്പരമായി മാറുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. താൻ മുൻകൂട്ടി നിച്ചയിച്ച കലാ പരിപാടിയായിരുന്നു ബക്രീദ് ദിനത്തിലേതെന്നും അഷ്‌കരിന്റെ കുടുബത്തിനു വീട് പണിതു നൽകാൻ തീരുമാനിച്ച കെഎംസിസി ക്ക് ഈ പരിപാടിയിൽ നിന്ന് കിട്ടുന്ന മുഴുവൻ തുകയും താൻ സ്വയം വാഗ്ദാനം നൽകുകയുമായിരുന്നുവെന്നും അയ്യൂബ് പറഞ്ഞിരുന്നതായും കെഎംസിസി നേതാക്കൾ പറയുന്നു.

എന്നാൽ പ്രസ്തുത പരിപാടിയിൽ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിക്കാതിരിക്കുകയും പിന്നീട് അദ്ദേഹം അസുഖ ബാധിതനായി നാട്ടിൽ പോകേണ്ടി വരുകയും ചെയ്തതിനാൽ പ്രതീക്ഷിച്ചത് പോലെ തുക നൽകാൻ കഴിയാതെ വന്നു. എങ്കിലും ഈ തുക രഹസ്യമായിതന്നെ കെ.എം.സി.സിക്ക് നൽകുവാനായിരുന്നു കരുണയുള്ള മനസ്സിനുടമയായ അയ്യൂബിന്റെ തീരുമാനം. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യാജ പത്ര വാർത്തയും നവ മാദ്ധ്യമ ചർച്ചയും സജീവമായപ്പോഴാണ് ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്താൻ അയ്യൂബിനെ പ്രേരിപ്പിച്ചതത്രേ. ഇത് പരസ്യമാക്കേണ്ടി വന്നതിൽ അയ്യൂബിനുണ്ടായ വേദനയും ഇതിനെ കുറിച്ച് പ്രതികരിച്ചു കൊണ്ട് കെഎംസിസി നൽകിയ ശബ്ദ സന്ദേശത്തിൽ പ്രകടമാക്കി. എങ്കിലും താൻ വാഗ്ദാനം ചെയ്ത വീടിനുള്ള മുഴുവൻ തുകയും റമദാനിൽ നൽകുമെന്നും അയ്യൂബ് പറയുന്നു. തനിക്ക് കെ.എം.സി.സി എന്ന സംഘടനയുമായോ അഷ്‌ക്കർ എന്ന വ്യക്തിയുമായോ യാതൊരു ബന്ധവുമില്ലെന്നും മാനുഷിക പരിഗണന ഒന്ന് മാത്രമാണ് തന്റെ പ്രവർത്തന പാതയെന്നും വരുന്ന റംസാൻ മാസത്തിൽ പണം കൈമാറാൻ കഴിയുമെന്നും അയ്യൂബ് കെഎംസിസി ഉറപ്പു നൽകിയതായി ഭാരവാഹികൾ പറയുന്നു.

ഇതിനിടെ ഈ വ്യാജ വാർത്തയിൽ മനം നൊന്ത അഷ്‌കരിന്റെ പിതാവ് മൊയ്തൂട്ടി തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താൻ കെഎംസിസി ക്ക് ശബ്ദ സന്ദേശമയച്ചു. കഴിഞ്ഞ നാൽപതു വർഷങ്ങളായി താനൊരു മുസ്ലിം ലീഗുകാരനാണെന്നും അതിന്റെ പോഷക സംഘടനയായ ബഹ്റൈൻ കെഎംസിസിയിൽ തനിക്കു പൂർണ്ണ വിശ്വാസം ഉണ്ടെന്നും വാർത്തകളിൽ കണ്ടതുപോലെ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തുടനീളം പ്രഖ്യാപിച്ച 51വീടുകളിൽ ആദ്യ ഘട്ടം പണി പൂർത്തിയാക്കിയ 21 വീടുകളുടെ താക്കോൽ കൈമാറുകയും നാല് വീടുകളുടെ പണി അവസാന ഘട്ടത്തിലുമാണ് എന്ന സന്തോഷകരമായ അവസ്ഥ നിലനിൽക്കെ, ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരെ നിരുൽസാഹപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അപലപനീയമാണെന്ന് പത്രക്കുറിപ്പ് ചൂണ്ടികാട്ടുന്നു. രണ്ടാഘട്ടത്തിന്റെ തുടക്കം ഈ റമളാനു ശേഷമാണ് തുടങ്ങുവാൻ ഉദ്ധേശിക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് അഷ്‌ക്കറിന്റ കുടുംബത്തിനുള്ള വീട് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് അഷ്‌ക്കറിന്റെ കുടുംബത്തെ കെ.എം.സി.സി. പല തവണ അറിയിച്ചിരുന്നതായും നേതാക്കൾ പറഞ്ഞു. അതോടൊപ്പം അഷ്‌ക്കറിന്റെ പേരിൽ ഒരു രൂപ പോലും കെ.എം.സി.സി. സമാഹരിച്ചിട്ടില്ല. മുൻകൂട്ടി തീരുമാനിച്ചത് പോലെ തന്നെ അഷ്‌ക്കറിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ കഴിയുമെന്നും കെ.എം.സി.സി അറിയിച്ചു.

ഈ മരണവുമായി ബന്ധപെട്ട തുടക്കം മുതൽ ബഹറൈനിൽ വന്നു പോകുന്നത് അഷ്‌കരിന്റെ മാതൃ സഹോദരൻ ദമാമിലുള്ള ഹംസയാണ്. ഇയാളെ സഹായിക്കാൻ തുടക്കം മുതൽ തന്നെ കെഎംസിസി സംസ്ഥാന നേതാക്കളും സൗത്ത് സോൺ ഭാരവാഹികളും രംഗത്തുണ്ടായിരുന്നു. കേസുകളുടെ നടത്തിപ്പ് ഹംസയുടെ ആവശ്യപ്രകാരം ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യൻ എംബസി വക്കീൽ ആണ്. ഇതിന്റെ വിചാരണ ഇനിയും നടക്കാനിരിക്കുന്നതെയുള്ളൂ. ആയതിനാൽ ഈ രീതിയിലുള്ള വ്യാജ വാർത്തകളെ ബഹ്റൈനിലെ പ്രവാസി മലയാളികൾ കരുതിയിരിക്കണമെന്നും ഇത്തരം കള്ള നാണയങ്ങളെ തിരിച്ചറിയണമെന്നും സമൂഹ മനസാക്ഷി പ്രതികരിക്കണമെന്നും കെഎംസിസി നേതാക്കൾ അഭ്യർത്ഥിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP