Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആത്മീയാനുഭൂതി പകർന്ന് 'മജ്‌ലിസുന്നൂർ' സമസ്ത ആത്മീയ സംഗമം ശ്രദ്ധേയമായി

ആത്മീയാനുഭൂതി പകർന്ന് 'മജ്‌ലിസുന്നൂർ' സമസ്ത ആത്മീയ സംഗമം ശ്രദ്ധേയമായി

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ കേന്ദ്ര മദ്‌റസയായ ഇർശാദുൽ മുസ്‌ലിമീൻ ഹയർസെക്കൻഡറി മദ്‌റസയുടെ 20ാം വാർഷികാഘോഷ ത്രൈമാസ കാമ്പയിൻ തസ്ബീത്ത് 2015' ന്റെ ഭാഗമായി മനാമ പാക്കിസ്ഥാൻ ക്ലബ്ബിൽ സംഘടിപ്പിച്ച മജ്‌ലിസുന്നൂർ' ആത്മീയ സംഗമം ശ്രദ്ധേയമായി.

ആത്മീയാനുഭൂതി പകർന്ന സമസ്ത സംഗമത്തിന് ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിശ്വാസികളാണ് പാക്കിസ്ഥാൻ ക്ലബ്ബിലെത്തിയത്. നിറഞ്ഞ സദസ്സിന്റെ അധരങ്ങളിൽ നിന്നും ഒഴുകിയെത്തിയ ബദ്ർ ബൈത്ത് പാരായണവും ഖത്മുൽ ഖുർആൻ പ്രാർത്ഥനയും വിശ്വാസികളുടെ ഹൃദയാന്തരങ്ങളിൽ കുളിര് പകരുന്നതായിരുന്നു..

ചടങ്ങ് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇരുലോക വിജയത്തിന് ആത്മീയത അനിവാര്യമാണെന്നും ഇതിനാണ് സമസ്ത പ്രവർത്തിക്കുന്നതെന്നും അത് ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. കൊച്ചു കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും മത പഠനത്തിന് സമസ്തയിൽ സൗകര്യമുണ്ടെന്നും ഈ മാസം (ഓഗസ്റ്റ്) 5 മുതൽ പുതിയ ബാച്ചിനുള്ള ക്ലാസ്സുകൾ ആരംഭിക്കുമെന്നും തങ്ങൾ പ്രഖ്യാപിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം നിശ്ചയിച്ചാണ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതെന്നും താൽപര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണമെന്നും തങ്ങൾ അറിയിച്ചു.

ചടങ്ങിൽ സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കോഡിനേറ്റർ ഉസ്താദ് മൻസൂർ ബാഖവി ഉദ്‌ബോധന പ്രഭാഷണം നടത്തി. ബദ്‌റിൽ പങ്കെടുത്ത മഹാന്മാർ അല്ലാഹുവിന്റെ അടുക്കൽ ഏറെ ഔന്നിത്യമുള്ളവരാണെന്നും അവരെ തവസ്സുലാക്കി ചെയ്യുന്ന കർമ്മങ്ങൾ ഫലപ്രദമാണെന്നും ചരിത്രത്തിൽ ഇതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ടെന്നും അദ്ധേഹം വിശദീകരിച്ചു. പൂർവ്വകാലത്ത് കേരളത്തിൽ വസൂരി പോലുള്ള പകർച്ച വ്യാധികൾ വ്യാപിച്ചപ്പോൾ മൗലിദ് പാരായണത്തിലൂടെയാണ് പൂർവ്വീകർ അതിനെ നേരിട്ടത്. ഇന്നും വ്യാപകമായി കൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരമായാണ് ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മജ്‌ലിസുന്നൂർ ചിട്ടപ്പെടുത്തി തന്നിരിക്കുന്നതെന്നും വീടുകൾ തോറും ഇത് പാരായണം ചെയ്യണമെന്നും അദ്ധേഹം ഉപദേശിച്ചു.

മജ്‌ലിസുന്നൂർ പാരായണ ചടങ്ങിന് സമസ്ത ബഹ്‌റൈൻ റഫ ഏരിയ പ്രസിഡന്റ് ഹംസ അൻവരി മോളൂർ നേതൃത്വം നൽകി. തുടർന്ന് നടന്ന ഖതമുൽ ഖുർആനിന് സമസ്ത ബഹ്‌റൈൻ കോഡിനേറ്റർ മൂസ മൗലവി വണ്ടൂർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റുമാരായ സലിം ഫൈസി പന്തീരിക്കര, സൈദ് മുഹമ്മദ് വഹബി, ജനറൽസെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, സെക്രട്ടറി ഷഹീർ കാട്ടാമ്പള്ളി, തുടങ്ങിയ കേന്ദ്ര, ഏരിയ നേതാക്കളും പണ്ഡിതന്മാരും, ജംഇയ്യത്തുൽ മുഅല്ലിമീൻ, സമസ്ത വിഷൻ, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. പരിപാടിയിൽ എസ്.കെ.എസ്.എസ്.എഫ് 'വിഖായ' വിങ്ങിന്റെ സേവനം ശ്രദ്ധേയമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP