Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർഷിക പ്രതിസന്ധി അതിരൂക്ഷമാകുന്നു; കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ചു നീങ്ങണം: ഇൻഫാം

കാർഷിക പ്രതിസന്ധി അതിരൂക്ഷമാകുന്നു; കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ചു നീങ്ങണം: ഇൻഫാം

കോട്ടയം: വിലത്തകർച്ചയും വരൾച്ചയുടെ പ്രത്യാഘാതവും കാർഷികോല്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതിയുംമൂലം കാർഷികമേഖലയുടെ നടുവൊടിഞ്ഞ് കർഷകജനതയുടെ ജീവിതം വൻപ്രതിസന്ധിയിലായിരിക്കുന്നുവെന്നും കർഷകപ്രസ്ഥാനങ്ങളുടെ സംഘടിച്ചുള്ള നീക്കങ്ങൾ അടിയന്തരമാണെന്നും ഇൻഫാം ദേശീയ സമിതി.

റബറിന്റെ ആഭ്യന്തരവില 162 രൂപയിൽ നിന്ന് 140ലേയ്ക്ക് ഇടിഞ്ഞിരിക്കുന്നു. റബറുല്പാദനം ഏറ്റവും കുറഞ്ഞിരിക്കുന്ന നാളുകളിലെ ഈ സ്ഥിതിവിശേഷം വരുംദിവസങ്ങളിൽ ആശങ്കയുണർത്തുന്നു. സംസ്ഥാനസർക്കാരിന്റെ 500 കോടിയുടെ വിലസ്ഥിരതാപദ്ധതിയും നിർജ്ജീവമാണ്. ഇരുപതിനായിരം ടണ്ണോളം റബർ കയറ്റുമതി ചെയ്തുവെന്ന് റബർ ബോർഡ് കൊട്ടിഘോഷിക്കുമ്പോൾ ഇതിന്റെ പേരിൽ നേട്ടമുണ്ടാക്കിയത് കർഷകരല്ല; മറിച്ച് വൻകിട വ്യാപാരികളാണ്. രാജ്യാന്തരവില 206 രൂപയിലെത്തിയപ്പോഴും 160 രൂപയിൽ താഴ്‌ത്തി ആഭ്യന്തരവിപണിയിൽ നിന്ന് വിലയിടിച്ച് റബർ വാങ്ങുവാൻ വൻകിട വ്യാപാരികൾക്ക് റബർ ബോർഡ് ഒത്താശ ചെയ്തത് കർഷകദ്രോഹമാണ്.

ആസിയാൻ കരാറിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതിച്ചുങ്കം 100 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വെട്ടിക്കുറച്ച് വിയറ്റ്നാമിൽ നിന്നുള്ള കുരുമുളകിന്റെ അനിയന്ത്രിത ഇറക്കുമതി കുരുമുളക് വിപണിക്കും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. മുൻകാലങ്ങളിൽ കുരുമുളക് ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും 2019 നോടുകൂടി ആസിയാൻ കരാറിന്റെ തുടർനടപടികളുടെ ഭാഗമായി കുരുമുളക്, തേയില, കാപ്പി, പാമോയിൽ എന്നിവയുടെ ഇറക്കുമതിച്ചുങ്കം എടുത്തുകളയുവാനുള്ള നീക്കം എതിർക്കപ്പെടേണ്ടതാണ്. പ്രകൃതിദത്ത റബറിന്റെ ഇറക്കുമതിച്ചുങ്കവും പരിപൂർണ്ണമായി പിൻവലിക്കുവാനുള്ള അണിയറനീക്കം ആശങ്കയുളവാക്കുന്നു. സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള അടയ്ക്കായുടെയും ഇഞ്ചിയുടെയും നികുതിരഹിത ഇറക്കുമതി തുടരുകയാണ്. ശ്രീലങ്കയിൽ നിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് 8 ശതമാനം മാത്രമായി ചുങ്കം വെട്ടിച്ചുരുക്കിയിരിക്കുന്നു.

നെൽ സംഭരണത്തിൽ 100 കിലോ നെല്ലിന് 7 കിലോ അധികം നൽകണമെന്ന നിബന്ധന കർഷക ചൂഷണമാണ്. ഇതിനെതിരെയുള്ള കർഷകപ്രതിഷേധത്തെത്തുടർന്ന് നെല്ല് സംഭരണവും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സർക്കാർ സംഭരണം നിലച്ചതോടെ ഇടനിലക്കാരും സ്വകാര്യ മില്ലുടമകളും ചേർന്ന് നാളികേരവിപണിയും അട്ടിമറിച്ചിരിക്കുന്നു. കേരഫെഡ് വഴിയുണ്ടായിരുന്ന തേങ്ങ സംഭരണത്തിൽ നിന്ന് 2016 അവസാനം സർക്കാർ പിന്മാറി. നാളികേര വിളവ് കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കൂടിയതും നാളികേരത്തിന്റെ കേരളവിപണിക്കും വെല്ലുവിളിയുയരുന്നു.

വിവിധ കാർഷികോല്പന്നങ്ങൾക്കുണ്ടായിരിക്കുന്ന വിലത്തകർച്ച കർഷകരുടെ ജീവിത സാഹചര്യം വൻപ്രതിസന്ധിയിലാക്കിയിരിക്കുമ്പോൾ കർഷകപാർട്ടികളും വിവിധ കർഷകജനകീയ പ്രസ്ഥാനങ്ങളും സംഘടിച്ച് ശക്തമായ പ്രക്ഷോഭത്തിന് മുന്നോട്ടുവരണമെന്നും ഇൻഫാം ഇതിനെ പിന്തുണയ്ക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP