Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നികുതിരഹിത റബർ ഇറക്കുമതി ആഭ്യന്തരവിപണി തകർക്കുന്നു: വി സി.സെബാസ്റ്റ്യൻ

കോട്ടയം: അഡ്വാൻസ് ലൈസൻസ് സ്‌കീമിന്റെ മറവിലുള്ള നികുതിരഹിതവും അനിയന്ത്രിതവുമായ റബർ ഇറക്കുമതി ആഭ്യന്തരവിപണിയെ തകർത്തിരിക്കുമ്പോൾ പരിഹാരം കാണാതെ റബർ ഇറക്കുമതിയിന്മേൽ തുറമുഖനിയന്ത്രണവുംകൂടി എടുത്തുകളഞ്ഞുള്ള കേന്ദ്രസർക്കാർ നീക്കം ധിക്കാപരവും കർഷകദ്രോഹവുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ. വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും വിലയിടിവുംമൂലം കർഷകർ റബർ ടാപ്പിങ് നിർത്തിവെച്ചിരിക്കുന്നതിനാൽ ഉല്പാദനവും കുറഞ്ഞിരിക്കുന്നു. കർഷകരുടെ കൈയിൽ റബർ സ്റ്റോക്കുമില്ല. റബർ വിപണിയിൽ വ്യാപാരമില്ലാത്തതുമൂലം ചെറുകിട വ്യാപാരികളും പ്രതിസന്ധിയിലാണ്. ക്രൂഡോയിൽ വില ഉയർന്നിട്ടും രൂപയ്ക്ക് മൂല്യശോഷണമുണ്ടായിട്ടും ആഭ്യന്തരവിപണിയിൽ റബറിന് വില ഉയരാത്തതിന്റെ പിന്നിൽ അഡ്വാൻസ് ലൈസൻസ് സ്‌കീമിലൂടെയുള്ള നികുതിരഹിത അനിയന്ത്രിത ഇറക്കുമതി വ്യവസായികൾ തുടരുന്നതുകൊണ്ടാണ്. മൂന്നുപതിറ്റാണ്ടു മുമ്പുള്ള നിബന്ധനകളുടെ ചുവടുപിടിച്ച് തീരുവയില്ലാത്ത റബർ ഇറക്കുമതി ചെയ്യുന്നതിന് ഒത്താശചെയ്യുന്നത് റബർ ബോർഡാണെന്നുള്ളതും കർഷകരിൽ ഞെട്ടലുളവാക്കുന്നു.

അഡ്വാൻസ് ലൈസൻസ് പ്രകാരം സ്വാഭാവിക റബർ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിക്കുന്നത് കയറ്റിഅയക്കുന്ന ഉല്പന്നങ്ങൾക്ക് ആനുപാതികമാണ്. ഈ ഇൻപുട്ട്-ഔട്ട്പുട്ട് അനുപാതം അനുസരിച്ച് അസംസ്‌കൃതവസ്തു ഇറക്കുമതി ചെയ്യാൻ കഴിയുന്നത് കമ്പനിയുടെ ഫിനിഷ്ഡ് പ്രോഡക്ട് എത്ര കയറ്റുമതി ചെയ്യുന്നു എന്നതിന് ആനുപാതികമാണ്. 30 വർഷം മുമ്പ് ടയറിന്റെ 75 ശതമാനം സ്വാഭാവിക റബറായിരുന്നെങ്കിൽ സാങ്കേതിക വിദ്യയുടെ വികാസംമൂലം ഇപ്പോൾ 45 ശതമാനം മാത്രമേയുള്ളൂ. എന്നാൽ കയറ്റുമതി ടയറിന്റെ കണക്കിൽ പഴയ 75 ശതമാനം ഉപയോഗം എന്ന ക്രമത്തിൽ ഇപ്പോഴും റബർ ഇറക്കുമതി തുടരുന്നു. ഈ 45 ശതമാനമെന്നത് ട്രക്ക്, ബസ് ടയറുകൾക്കാണെങ്കിൽ കാർ പോലുള്ള മീഡിയം വാഹനങ്ങൾക്ക് വേണ്ട ടയറിന് ഇതിനേക്കാൾ കുറവ് സ്വാഭാവിക റബർ മതി. ഇൻഫാം ഉൾപ്പെടെയുള്ള കർഷകസംഘടനകളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഈ വിഷയം പഠിക്കുവാൻ കഴിഞ്ഞ വർഷം റബർബോർഡ് ഒരു ഡയറക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെയും നടപടികളുണ്ടായിട്ടില്ല.

റബർ കർഷകരെ സംരക്ഷിക്കുവാൻ 2001 ജൂൺ 15ന് അഡ്വാൻസ് ഓതറൈസേഷൻ സ്‌കീമിലൂടെയുള്ള റബർ ഇറക്കുമതി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഓപ്പൺ ജനറൽ ലൈസൻസിലൂടെ മാത്രം നികുതിയടച്ച് വിശാഖപട്ടണം, കൽക്കത്ത തുറമുഖങ്ങളിലൂടെ മാത്രം റബർ ഇറക്കുമതിയെന്ന് വാജ്‌പേയ് സർക്കാർ ഉത്തരവിറക്കി. തുടർന്നുവന്ന കോൺഗ്രസ് നേതൃത്വ യുപിഎ സർക്കാർ ഈ ഉത്തരവ് മരവിപ്പിച്ച് അട്ടിമറിച്ചു. ഇപ്പോൾ പോലും അഡ്വാൻസ് ലൈസൻസ് സ്‌കീമിലൂടെയുള്ള ഇറക്കുമതി മരവിപ്പിക്കുവാൻ ഒരു ലോകവ്യാപാരക്കരാറും തടസ്സമല്ലന്നിരിക്കെ കേന്ദ്രവാണിജ്യമന്ത്രാലയം കർഷകനിഷേധനിലപാട് തുടരുന്നത് ദ്രോഹപരമാണ്.

വിലത്തകർച്ചയിലെ പ്രതിസന്ധി റബർമേഖലയെ തകർത്തിരിക്കുമ്പോൾ തുറമുഖ നിയന്ത്രണങ്ങൾകൂടി എടുത്തുകളഞ്ഞ് കർഷകരെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം. കർഷകവിരുദ്ധനയം തുടരുമ്പോഴും കർമ്മസേന അഥവാ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് കർഷകരെ സംരക്ഷിക്കുവാൻ വേണ്ടി പുതുക്കിയ റബർനയം പുറത്തിറക്കുവാൻ വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇറങ്ങിത്തി രിച്ചിരിക്കുന്നവരുടെ കാപഠ്യം ഇനിയെങ്കിലും കർഷകസമൂഹം തിരിച്ചറിയണമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP