Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ച് രാഷ്ട്രീയ നിലപാടുകളെടുക്കണമെന്ന് ഇൻഫാം നേതൃസമ്മേളനം

കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ച് രാഷ്ട്രീയ നിലപാടുകളെടുക്കണമെന്ന് ഇൻഫാം നേതൃസമ്മേളനം

കോട്ടയം: കാർഷികമേഖലയിലെ വിലത്തകർച്ചയിലും പ്രതിസന്ധികളിലും ഭരണ നേതൃത്വങ്ങൾ മുഖംതിരിഞ്ഞു നിൽക്കുമ്പോൾ ഇന്ത്യയിലെ കർഷകപ്രസ്ഥാനങ്ങൾ വിഘടിച്ചുനിൽക്കാതെ സംഘടിച്ച് രാഷ്ട്രീയ നിലപാടുകളെടുക്കുവാൻ മുന്നോട്ടുവരണമെന്ന് മൂവാറ്റുപുഴ വാഴക്കുളത്ത് ജ്വാല ഓഡിറ്റോറിയത്തിൽചേർന്ന ഇൻഫാം സംസ്ഥാന നേതൃസമ്മേളനം വിവിധ കർഷകസംഘടനകളോട് അഭ്യർത്ഥിച്ചു. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ഇൻഫാം നിലപാടുകൾ വിശദീകരിച്ചു.

രാഷ്ട്രീയ പാർട്ടികൾ അധികാരത്തിലേറുവാനുള്ള ഏണിപ്പടികളായി കാലാകാലങ്ങളായി കർഷകരെ ഉപയോഗിക്കുന്നത് വൻതകർച്ച നേരിടുന്ന വേളയിലെങ്കിലും കർഷകസമൂഹം തിരിച്ചറിയണം. കേന്ദ്രത്തിലാണെങ്കിലും സംസ്ഥാനത്താണെങ്കിലും അധികാരം ലഭിച്ചാൽ ഇക്കൂട്ടർ കർഷകരെ മറക്കുന്ന നിഷേധനിലപാടാണുള്ളത്. വോട്ടുചെയ്യുവാനുള്ള ഉപകരണങ്ങൾ മാത്രമായി കർഷകർ ഇനിയും അധഃപതിക്കരുത്. ഒരു ഉയർത്തെഴുന്നേൽപ്പിന് കർഷകജനത തയ്യാറാകുന്നില്ലെങ്കിൽ വരുംനാളുകളിൽ കാർഷികമേഖലയുടെ അന്ത്യം കുറിക്കും. ലോകകാർഷിക വിപണിയായി കേന്ദ്രസർക്കാർ ഇന്ത്യയെ തുറന്നുകൊടുത്തിരിക്കുമ്പോൾ അനിയന്ത്രിതവും നികുതിരഹിതവുമായ ഉല്പന്ന ഇറക്കുമതി ആഭ്യന്തരകാർഷികമേഖലയ്ക്ക് വൻപ്രഹരമേൽപ്പിക്കും. ഇതിനെതിരെ ശക്തമായി യോജിച്ച്നിലപാടുകളെടുത്ത് പ്രതികരിക്കുവാൻ കേരളത്തിലെ എംപിമാരും എംഎൽഎമാരും ഉൾപ്പെടുന്ന ജനപ്രതിനിധികളും പരാജയപ്പെട്ടിരിക്കുന്നത് ദുഃഖകരമാണ്. വരാൻപോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കർഷകസംരക്ഷകരായി പലരും അവതരിക്കും. ഇവർ കഴിഞ്ഞ നാളുകളിൽ കർഷകർക്കായി എന്തുനേടിത്തന്നുവെന്ന് വിരൽചൂണ്ടി പ്രതികരിക്കുവാൻ കർഷകർ ആർജ്ജവം കാണിക്കണമെന്നും നേതൃസമ്മേളനം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികകളും സർക്കാരുകളുടെ ബജറ്റ് പ്രഖ്യാപനങ്ങളും പ്രഹസനങ്ങളായി മാറിയിരിക്കുന്നു. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ കർഷകസംഘടനകൾ കർഷകർക്കായി പ്രക്ഷോഭം നടത്തുന്നത് വിരോധാഭാസവും കർഷകരെ വിഢികളാക്കുന്നതുമാണ്. കർഷകരെ രക്ഷിക്കാൻ ഒരു രക്ഷകനും വരില്ലെന്നുറപ്പായിരിക്കുമ്പോൾ സ്വയംരക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ തേടേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ച് വരുംനാളിൽ ദേശീയതലത്തിൽ കർഷകരുടെ രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ഇൻഫാം നേതൃസമ്മേളനം വിലയിരുത്തി.

വിവിധ കർഷകസംഘടനകളുമായുള്ള പ്രവർത്തനങ്ങൾ എകോപിപ്പിക്കുവാൻ ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ജനറൽ കൺവീനറും, ജോസ് എടപ്പാട്ട് സെക്രട്ടറിയും, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, ദേശീയ വൈസ്ചെയർമാൻ കെ.മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി എന്നിവർ അംഗങ്ങളായുള്ള സമിതിയെ നേതൃസമ്മേളനം ചുമതലപ്പെടുത്തി.

ഏപ്രിൽ 18ന് എറണാകുളത്ത് ഇന്ത്യയിലെ വിവിധ കർഷകസംഘടനകളുടെ വിപുലമായ സംയുക്തനേതൃസമ്മേളനം ചേരും. 19ന് കാഞ്ഞിരപ്പള്ളിയിൽ ചേരുന്ന ഇൻഫാം ദേശീയസമിതി കർഷകസംരക്ഷണരേഖയ്ക്ക് രൂപം നൽകും. ഏപ്രിൽ 20ന് കട്ടപ്പനയിൽ ഇൻഫാമിന്റെ പതിനായിരം കർഷകസന്നദ്ധസേനയുടെ മാർച്ചും കാർഷിക നയരേഖാപ്രഖ്യാപനവും നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP