Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവിസ്മരണീയമായൊരു സാംസ്‌കാരിക അനുഭവം കൊച്ചിക്ക് സമ്മാനിച്ചുകൊണ്ട് കൃതി പുസ്തകത്സോവത്തിന് കൊടിയിറങ്ങി

അവിസ്മരണീയമായൊരു സാംസ്‌കാരിക അനുഭവം കൊച്ചിക്ക് സമ്മാനിച്ചുകൊണ്ട് കൃതി പുസ്തകത്സോവത്തിന് കൊടിയിറങ്ങി

കൊച്ചി: കഴിഞ്ഞ പത്തുദിവസമായി വാണിജ്യ നഗരത്തെ അക്ഷരനഗരമാക്കിയ കൃതി പുസ്തകത്സോവത്തിന് കൊടിയിറങ്ങി. ഇതിനു മുമ്പ് കാണാത്ത സാംസ്‌കാരിക അനുഭവം കൊച്ചിക്ക് സമ്മാനിച്ചാണ് കൃതി വിട വാങ്ങുന്നത്. പുസ്തച്ചന്തകൾ കൊച്ചി ഏറെ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വിപുലവും ലോകോത്തരവുമായ രീതിയിൽ ഒരു പുസ്തകോത്സവം സംഘടിപ്പിക്കപ്പെട്ടത് ഇതാദ്യമാണ്. പൂർണമായും ശീതികരിച്ച ഹാളും മറ്റ് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ലോകനിലവാരം പുലർത്തിയപ്പോൾ വലിപ്പ ചെറുപ്പമില്ലാതെ പ്രസാധകരെ പങ്കെടുപ്പിച്ചതും മറ്റു കച്ചവടക്കാരുടെ തിരക്കില്ലാതിരുന്നതും മേളയെ ജനപ്രിയമാക്കി. പരീക്ഷാച്ചൂടിനേയും മീനച്ചൂടിനേയും അവഗണിച്ച് ലക്ഷക്കണക്കിന് മുതിർന്നവരും കുട്ടികളുമാണ് ഈ ദിവസങ്ങളിൽ മേള കാണാനെത്തിയത്.

രാത്രി എട്ടു മണി വരെയാണ് സ്റ്റാളിന്റെ പ്രവർത്തനസമയം നിശ്ചയിച്ചിരുന്നതെങ്കിലും ജനത്തിരക്കു മൂലം എല്ലാ ദിവസങ്ങളിലും 9 വരെ മേള തുറന്നിരുന്നു എന്നതും ശ്രദ്ധേയമായി. കൊച്ചി ഈ മേളയെ സ്വീകരിക്കുകയാണെങ്കിൽ കൊച്ചിയെത്തന്നെ കൃതിയുടെ സ്ഥിരംവേദിയാക്കാമെന്ന സഹകരണവകുപ്പു മന്ത്രി പ്രഖ്യാപിച്ചിരുന്നു. നഗരം കൃതിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതു വഴി കൃതിയുടെ സ്ഥിരംവേദിയെന്ന ബഹുമതി ഏറ്റുവാങ്ങാമെന്ന പ്രതീക്ഷയിലാണ് ഇതോടെ നഗരം.

വൈകുന്നേരങ്ങളിൽ അരങ്ങേറിയ കലോത്സവത്തിന്റെ ഭാഗമായി കലാമണ്ഡലം ഗോപിയാശാൻ, മാനീവയം, സുലൈമാന്റെ പയക്കം പറച്ചിൽ, ഡോ. എം. ച്ന്ദ്രശേഖരന്റെ വയലിൻ കച്ചേരി, ടി എം കൃഷ്ണയുടെ സംഗീതക്കച്ചേരി, ബീഗം പണിക്കർ എന്ന നാടകം, ഉഷാ നങ്ങ്യാരുടെ നങ്ങ്യാർക്കൂത്ത്, അഗം ബാൻഡിന്റെ സംഗീത പരിപാടി എന്നിവ ആസ്വദിക്കാനും ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തി. കേരളത്തിന്റ നാടൻവിഭവങ്ങളും അറേബ്യൻ ഉത്തരേന്ത്യൻ വിഭവങ്ങളും പ്രത്യേകം സ്റ്റാളിൽ വിളമ്പിയ ഫുഡ് ഫെസ്റ്റിവലും ഏറെ ജനത്തിരക്കിന് സാക്ഷ്യം വഹിച്ചു.

ഒരു പക്ഷേ ലോകത്താദ്യമായി പ്രഖ്യാപിച്ച ഒരു കുട്ടി്ക്ക് ഒരു പുസ്തകം പദ്ധതിയിൽ പതിനായിരക്കണക്കിന് കുട്ടികളും അവർക്ക് ലഭിച്ച കൂപ്പണുകൾ കൈമാറി പുസ്തകങ്ങൾ സ്വന്തമാക്കി - പലരും പാഠപുസ്തകങ്ങൾക്കു പുറത്തുള്ള അവരുടെ ആദ്യ പുസത്കങ്ങൾ തന്നെ.

മാർച്ച് 6 മുതൽ ഇന്നലെ വരെ ബോൾഗാട്ടിയിൽ നടന്ന സാഹിത്യ-വിജ്ഞാനോത്സവവും മേളയ്ക്ക് പുതിയ മാനം നൽകി. സാഹിത്യത്തിന്റെ ഓവർഡോസിനു പകരം മലയാളം ദരിദ്രമായ വൈജ്ഞാനിക മേഖലയ്ക്കു കൂടി പ്രാധന്യം നൽകി സംഘടിപ്പിച്ച സാഹിത്യ-വിജ്ഞാനോത്സവം മികച്ച പ്രഭാഷകരുടെ സാന്നിധ്യത്താൽ അമ്പരപ്പിക്കും വിധം വൈവിധ്യമാർന്നതും ആഴത്തിലുള്ളതുമായിരുന്നു.

ബോൾഗാട്ടി പാലസിൽ മലയാള സാഹിത്യത്തിലെ അഞ്ച് കുലപതികളുടെ പേരുകളിൽ ഒരുക്കിയ അഞ്ച് വിവിധ വേദികളിലാണ് മാർച്ച് 7 മുതൽ 10 വരെ നടക്കു 130-ഓളം സെഷനുകൾ അരങ്ങേറിയത്. വിവിധ വിഷയങ്ങളിലായി 12 വിദേശ എഴുത്തുകാരും 60-ലേറെ കേരളത്തിനു പുറത്തു നിന്നുള്ള ഭാരതീയ എഴുത്തുകാരും 250-ലേറെ കേരളീയ എഴുത്തുകാരുമാണ് ഇവയിൽ പങ്കെടുത്തത്.

മാർച്ച് 7 മുതൽ 10 വരെ ദിവസേന രാവില 9 മുതൽ 9:45 വരെ കാരൂർ വേദിയിൽ യഥാക്രമം സച്ചിദാനന്ദൻ, എൻ. എസ്. മാധവൻ, എം. മുകുന്ദൻ, സി. രാധാകൃഷ്ണൻ എിവരുടെ മുഖ്യപ്രഭാഷണങ്ങളോടെയാണ് അതത് ദിവസത്തെ സെഷനുകൾക്ക് തുടക്കമായത്.

വിദേശ സാഹിത്യം, ഭാരതീയ സാഹിത്യം, 1990-നു ശേഷമുള്ള ഇന്ത്യ, സമത്വഭാവന, ലോകത്തെ മാറ്റി മറിച്ച ആശയങ്ങൾ, മാധ്യമങ്ങൾ, നാടകവും സിനിമയും, പ്രസാധകരംഗം, കലാകാരനും സമൂഹവും, ഭാരതീയ വിജ്ഞാനപൈതൃകം, ശാസ്ത്രീയ മനോഭാവം, സ്വതന്ത്ര വിജ്ഞാനം, നവസാങ്കേതികവിദ്യകൾ, ചരിത്രം, കേരളം 2050, സംഗീതം, ആരോഗ്യം, ആവാസം, കൃഷി തുടങ്ങിയ വിവിധ വിഷയങ്ങൾക്കു കീഴിലെ ഉപവിഷയങ്ങളിലായി നൂറോളം സെഷനുകളാണ് ബോൾഗാട്ടി പാലസിലെ അഞ്ച് വേദികളിലായി അരങ്ങേറിയത്.

നമിത ഗോഖലെ, പ്രഭാത് പട്നായിക്, സി. പി. ചന്ദ്രശേഖർ, കെ. പി. രാമനുണ്ണി, അലക്സാണ്ട്ര ബുഷ്ലർ, വ്ളാദിമിർ പിസ്റ്റാലോ, പെരുമാൾ മുരുഗൻ, യു കെ കുമാരൻ, ശീതൾ ശ്യാം, പി. എസ്. ശ്രീകല, സച്ചിദാനന്ദൻ, സുനിൽ പി. ഇളയിടം, ഡീഗോ വൽവെർദെ വില്ലെന, കൽക്കി സുബ്രഹ്മണ്യം, ഗോപാൽ ഗുരു, രാജൻ ഗുരുക്കൾ, സേതു, ലിജോ ജോസ് പെല്ലിശ്ശേരി, ഉത് സ പട്നായിക്, കെ. പി. അരവിന്ദൻ, സി. എസ്. ചന്ദ്രിക, റാം റഹ്മാൻ, സന്തോഷ് ഏച്ചിക്കാനം എന്നിവരുൾപ്പടെ ഇരുൂറിലേറെ എഴുത്തുകാരും വിഷയവിദഗ്ധരുമാണ് വിവിധ സെഷനുകളിൽ പങ്കെടുത്തത്.

കച്ചവട തന്ത്രങ്ങൾ നല്ല സാഹിത്യത്തെ ചവിട്ടിയരയ്ക്കുകയാണെന്ന് സി. രാധാകൃഷ്ണൻ

കൊച്ചി: കാലവും സമയവും നോക്കാതെ വിരിയുന്ന താന്തോന്നിപ്പൂവാണ് സാഹിത്യമെന്നും സ്വാഭാവികമായി വിരിയേണ്ട അതിനെ രാസവളമിട്ട് വിരിയിപ്പിക്കുകയും കച്ചവടതന്ത്രങ്ങൾ ഉപയോഗിച്ച് വിറ്റഴിക്കുകയും ചെയ്യാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണൻ പറഞ്ഞു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സി. രാധാകൃഷ്ണൻ.

മഹാഭാരതവും രാമായണവും സയൻസ് ഫിക്ഷൻ കൃതികളായാണ് നാം വായിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാണ്ഡവരുടെ ജനനവും പാഞ്ചാലിയുടെ ജനനവും കൗരവജനതയുടെ ഉത്ഭവവുമെല്ലാം മഹാഭാരതകഥയിലെ ഫിക്ഷന്റെ തലങ്ങളെ വ്യക്തമാക്കുന്നതാണ്. അധികാരം എന്ന വാക്കിന്റെ ദുഷിപ്പ് മനസ്സിലാക്കാൻ വ്യാസൻ സൃഷ്ടിച്ചതാണ് മഹാഭാരതം. പക്ഷേ ഈ സൃഷ്ടിയെ യാഥാർത്ഥ്യമായിക്കണ്ട് കഥയിലെ സ്ഥലങ്ങൾക്കും കഥാപാത്രങ്ങൾക്കും പിറകേ പോവുകും അത് അക്രമണത്തിൽ വരെ എത്തുകയും ചെയ്യുന്നത് ശുദ്ധവിഡ്ഡിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി പിളർന്നു പോകുന്ന സീതയും പത്ത് ശിരസ്സുകളുമായി നടക്കുന്ന രാവണനും മല ചുമന്ന് വരുന്ന ഹനൂമാനും ഫിക്ഷൻ കഥാപാത്രങ്ങളാണ്. വാത്മീകിയും വ്യാസനുമെല്ലാം തന്റെ മഹത് സൃഷ്ടികളിലൂടെ പറയാനുദ്ദേശിച്ച സന്ദേശങ്ങൾ ആരും തിരിച്ചറിയുന്നില്ല. അതുകൊണ്ടു തന്നെ സാഹിത്യത്തിന്റെ പ്രയോജനങ്ങൾ മനസ്സിലാക്കാതെ പോയതിന്റെ തെളിവായി മഹാഭാരതവും രാമായണവും മാറിയെന്നും സി. രാധാകൃഷ്ണൻ പറഞ്ഞു.

സാഹിത്യത്തിന്റെ യഥാർത്ഥ ഉദ്ദേശലക്ഷ്യങ്ങളെ തിരിച്ചറിയാനും അവയെ ജനങ്ങളിലേയ്ക്കെത്തിക്കാനും ഇത്തരം സാഹിത്യോത്സവങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്റർനെറ്റും സോഷ്യൽ മീഡിയയും സംഗീതത്തെ കൂടുതൽ ജനകീയമാക്കി, പക്ഷേ ഈ മേഖലയിലുള്ളവരുടെ പ്രതിഫലത്തിന്റെ കാര്യമോ?

കൊച്ചി: ഇന്റർനെറ്റും സോഷ്യൽ മീഡിയയും സംഗീതത്തെ കൂടുതൽ ജനകീയമാക്കിയെങ്കിലും ജീവിതവും കരിയറും ഈ മേഖലയ്ക്കു വേണ്ടി സമർപ്പിച്ചവർക്ക് കൂടുതലായി ഒരു സാമ്പത്തികനേട്ടവുമുണ്ടാകുന്നില്ലെന്ന് കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ സംഗീത നിർമ്മാണം, സൗന്ദര്യം, സാങ്കേതികവിദ്യ, വാണിജ്യം എന്ന വിഷയത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാണിച്ചു. സംഗീതജ്ഞരായ ഹരീഷ് ശിവരാമകൃഷ്ണൻ, ശ്രീവത്സൻ ജെ. മേനോൻ, നന്ദു കർത്താ, രേണുക അരുൺ എന്നിവരാണ് ഈ സെഷനിൽ പങ്കെടുത്ത് സംസാരിച്ചത്. ആധുനിക സാങ്കേതികവിദ്യകളുടെ അനുദിനമെന്നോണമെന്നുള്ള മാറ്റം സംഗീതരംഗത്തും വലിയ വെല്ലുവിളികളും സാധ്യതകളും തുറന്നിടുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.

ഈ രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങൾ വിശദീകരിച്ച് നന്ദു കർത്ത അവതരിപ്പിച്ച ഡെമോൺസ്ട്രേഷനും സെഷന്റെ ഭാഗമായിരുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗായകന്റെ ശബ്ദത്തെ കഥാപാത്രത്തിന്റെ ശബ്ദവുമായി താദാത്മ്യം പ്രാപിപ്പിക്കുന്ന ശബ്ദമിശ്രണരീതി ലൈവായി അവതരിപ്പിച്ചത് കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

ഒരു കുടയും ചൂടാതെ വ്യത്യസ്തമായ ജീവിതമെഴുതുകയാണ് പുതിയ കഥയെന്ന്

കൊച്ചി: ചെറുകഥയിൽ ഇത് വീണ്ടും പൂക്കാലമായതുകൊണ്ടായിരിക്കണം, പുതിയ കഥ എന്ന സെഷൻ അരങ്ങേറിയ എം. പി. പോൾ വേദി തുടക്കത്തിൽത്തന്നെ നിറഞ്ഞു കവിഞ്ഞു. കണ്ടാൽ ഇംഗ്ലീഷ് മീഡിയം കാരാണെന്നു തോന്നിപ്പിക്കുന്ന പോമോ (പോസ്റ്റ് മോഡേൺ) കുട്ടികൾക്കൊപ്പം രവി ഡിസി, ഗ്രേസി, സിതാര, വി. എം. ദേവദാസ്, ജോർജ് ജോസഫ് കെ. തുടങ്ങിയ പ്രമുഖരും കാണികളുടെ കസേരകളിലുണ്ടായിരുന്നു. വേദിയിൽ ചർച്ച മോഡറേറ്റ് നയിച്ചത് നോവലിസ്റ്റും സ്പേസ് സയന്റിസ്റ്റും ഐഎസ്ആർഓ ഉദ്യോഗസ്ഥനുമായ വി ജെ ജെയിംസ്. ഒപ്പം സുഭാഷ്ചന്ദ്രനും സോക്രട്ടീസ് വാലത്തും കെ. രേഖയും എസ് ഹരീഷും.

റിയലിസം, കാൽപ്പനികത, ആധുനികത, ഉത്തരാധുനികത തുടങ്ങിയ ഒരു കുടയും ചൂടാതെ, ഒരു പ്രത്യയശാസ്ത്രവും ഏറ്റുപിടിക്കാതെ ലളിതമായ ജീവിതമെഴുതുകയാണ് പുതിയ കഥാകൃത്തുക്കൾ എന്ന് പുതിയ തലമുറയിലെ വിവിധ തലമുറകളിൽപ്പെട്ട ഈ കഥാകൃത്തുക്കൾ ധീരമായി പ്രഖ്യാപിച്ചപ്പോൾ തലകുലുക്കി അത് കേട്ടിരിക്കാനെ പ്രൗഡഗംഭീരമായ സദസ്സിനും തോന്നിയുള്ളു.

നോവലുകളെഴുതിയപ്പോൾ ലളിതസുന്ദരമായി എഴുതിയ മുകുന്ദനും കാക്കനാടനുമെല്ലാം ചെറുകഥകളെഴുതിയപ്പോൾ പലപ്പോഴും ദുർഗ്രഹരായി എന്ന് സുഭാഷ്ചന്ദ്രൻ പറഞ്ഞു. അതേസമയം ഇവർക്കു ശേഷം വന്ന ടി. വി. കൊച്ചുബാവയുടേയും എൻ. പ്രഭാകരന്റേയും തലമുറ മികച്ച കഥകളെഴുതിയിട്ടും കൊണ്ടാടപ്പെടാൻ അവർക്ക് ഭാഗ്യം ലഭിച്ചില്ലെന്ന് കെ. രേഖ പറഞ്ഞു. ഇവർക്കു ശേഷം വന്ന താനും രേഖയുമുൾപ്പെട്ട തലമുറ ദുർഗ്രഹരീതി ഉപേക്ഷിച്ച് ആദ്യവാചകം മുതൽ വായനക്കാരനെ കൂടെക്കൂട്ടുകയെന്ന ലളിതമായ കഥനരീതിയുമായെത്തിയെന്ന് സുഭാഷ്ചന്ദ്രൻ പറഞ്ഞു. സോഷ്യൽ മീഡിയയുടെ പിൻബലമില്ലാതെ പോയതുകൊണ്ട് വായിക്കപ്പെടാതെയും പ്രശസ്തരാകാതെയും പോയ ഒട്ടേറെ എഴുത്തുകാർ ഉണ്ടായെന്നും മുഖ്യധാരാ മാധ്യമങ്ങൾക്ക് ഒന്നു രണ്ടു കഥകൾ കൊണ്ടു തന്നെ പലരേയും പൂമുഖത്ത് പ്രതിഷ്ഠിക്കേണ്ടി വന്നുവെന്നും വി. ജെ. ജയിംസ് പറഞ്ഞു. 1987 മുതൽ 1994 വരെ എഴുതി പിന്നീട് വായനക്കാരുടെ പ്രതികരണമില്ലായ്മ കാരണം വിഷാദമൗനത്തിലാണ്ട താൻ സോഷ്യൽ മീഡിയയുടെ തത്സമയ പ്രതികരണത്താൽ ഉത്തേജിതനായാണ് 12 വർഷത്തിനു ശേഷം വീണ്ടും സജീവമായതെന്ന് സോക്രട്ടീസ് വാലത്ത് പറഞ്ഞപ്പോൾ സദസ്സ് ഒരു വേള അത്ഭുതം കൂറി. പുതിയ തലമുറയിലെ ഓരോ എഴുത്തുകാരനും വ്യത്യസ്തനാണെന്നും കാരൂരിലും മറ്റും കണ്ട പ്രാദേശിക ജീവിതത്തിന്റെ സൂക്ഷ്സൗന്ദര്യമാണ് അവർ എഴുതുന്നതെന്നും എസ് ഹരീഷ് പറഞ്ഞു. എന്നാൽ ഏറ്റവും പുതിയ കഥാകൃത്തുക്കളുടെ കൂട്ടത്തിൽ വൻപ്രതീക്ഷ ഉണർത്തുന്ന വനിതാ എഴുത്തുകാരില്ലാത്തതാണ് കേൾവിക്കാരിൽ ഒരാൾ ചൂണ്ടിക്കാണിച്ചത്.

സാഹിത്യ അ്ക്കാദമി അവാർഡിനും തൊട്ടുപിന്നാലെ തന്റെ രണ്ട്ു കഥകളെ അവലംബിച്ചെടുത്ത ഏദൻ എന്ന സിനിമയ്ക്കു കിട്ടിയ അവാർഡുകളുടേയും പിന്നാലെ എത്തിയ എസ് ഹരീഷ് തനിക്കും പിന്നാലെ വന്ന ഏറ്റവും പുതിയ കഥാകൃത്തുക്കളെ പാനലിൽ കാണാഞ്ഞതിൽ പരിഭവിച്ചു. എസ്. ഹരീഷിന്റെ പുതിയ നോവൽ (മീശ) പ്രസിദ്ധീകരിക്കപ്പെടാൻ പോകുന്നതിന്റെ വാർത്ത പങ്കുവെച്ച ജയിംസ് നോവലെഴുത്ത് വലിയ പരിശ്രമം ആവശ്യമുള്ള ജോലിയാണെന്നു പറഞ്ഞു - ചോരശാസ്ത്രവും നിരീശ്വരനും അഞ്ചു വർഷം കൊണ്ടും ആന്റിക്ലോക്ക് 4 വർഷം കൊണ്ടും ആദ്യനോവലായ പുറപ്പാടിന്റെ പുസ്തകം 12 വർഷംകൊണ്ടുമാണ് എഴുതിയതെന്ന് ജയിംസ് പറഞ്ഞപ്പോൾ നേരത്തെ പ്രഖ്യാപിച്ച സമുദ്രശില എന്ന രണ്ടാം നോവൽ പൂർത്തിയാക്കാനായി താൻ ആറുമാസം ലീവെടുത്ത വിവരം സുഭാഷ്ചന്ദ്രനും കഥയെഴുത്തിലേയ്ക്ക് തിരിച്ചുവരാൻ പത്രപ്രവർത്തനം ഉപേക്ഷിച്ച് ഈയിടെ താൻ കോളേജ് അദ്ധ്യാപികയായെന്ന് കെ. രേഖയും പറഞ്ഞു. മറൈൻ ഡ്രൈവിലെ പുസ്തകമേളയിൽ നിന്ന് ഈ എഴുത്തുകാരുടെ പുസ്തകങ്ങളും വാങ്ങി ഇക്കരെ ബോൾഗാട്ടിയിൽ വന്ന് അവരുടെ ഒപ്പു വാങ്ങാനെത്തിയ സ്‌കൂൾ കുട്ടികളും സെൽഫിയെടുക്കാൻ തിരക്കു കൂട്ടിയ ആരാധികമാരും ചേർന്നപ്പോൾ മലയാളകഥയുടെ പൂക്കാലം ഇനിയും ഏറെക്കാലം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന പ്രതീക്ഷയായിരുന്നു പിരിയാൻ മടിച്ചു നിന്ന എല്ലാവരുടേയും കണ്ണുകളിൽ.

ഹിറ്റലറിന്റെ ആത്മകഥ ഓർമിപ്പിച്ച് ഡച്ച് എഴുത്തുകാരൻ ബോൾഗാട്ടിയിലെ ഡച്ച് പാലസിൽ

കൊച്ചി: 1744-ൽ ഡച്ചുകാർ പണിത ബോൾഗാട്ടി പാലസ് വളപ്പിൽ നിന്ന് അതിരു വിടുന്ന ദേശീയതയ്ക്കെതിരെ സംസാരിക്കുകയെന്നത് ഇവൂദ് കീഫ്തിന്റെ (Ewould Kieft) നിയോഗമായിരുന്നിരിക്കണം. തന്റെ നാടായ ഹോളണ്ടിലടക്കം ലോകമെങ്ങും മനുഷ്യർ തങ്ങളുടെ തനിമ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഹിറ്റ്ലറുടെ ആത്മകഥയായ മീൻ കാംഫിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിൽ കൃതി സാഹിത്യ-വിജ്ഞാനോത്സവത്തിൽ പ്രഭാഷണം നടത്തിയ കീഫ്ത് പറഞ്ഞു. കുടിയേറ്റക്കാർ തങ്ങളുടെ എല്ലാ സാംസ്‌കാരിക ഈടുവെയ്‌പ്പുകളേയും ഇല്ലാതാക്കുകയാണെന്നാണ് ആളുകളുടെ പരാതി. ഉദാഹരണത്തിന് ഡച്ചുകാരുടെ (ഹോളണ്ട് ജനതയുടെ) 6 ശതമാനം ഇസ്ലാമികരാജ്യങ്ങളിൽ നിന്നു വന്നവരുടെ മക്കളും ചെറുമക്കളുമാണ്. എന്നാൽ ഇവർ വളരെ നന്നായിത്തന്നെ ഡച്ച് സംസ്‌ക്കാരവുമായി ഇണങ്ങിച്ചേർന്നു കഴിഞ്ഞു. എന്നിട്ടും ഡച്ച് ദേശീയവാദികൾ അവർ വ്യത്യസ്തരാണെന്ന് അലമുറയിടുന്നു. വ്യതസ്തയോടുള്ള ഈ വിരോധം ദോഷമേ ചെയ്യൂ എന്ന് കീഫ്ത് ഓർമിപ്പിക്കുന്നു. അങ്ങനെ അവർ വീണ്ടും ജനിച്ച നാട്ടിൽ അന്യരാവുന്നു. വംശവൈവിധ്യം നല്ലതാണെന്നു കരുതുന്ന ഇടതു പാർട്ടികൾക്ക് യൂറോപ്പിൽ കഴിഞ്ഞ 10-15 വർഷത്തിനിടെ അവരുടെ പകുതിയിലേറെ പിന്തുണ നഷ്ടപ്പെട്ട കാര്യവും കീഫ്ത് ചൂണ്ടിക്കാണിച്ചു.

ദേശീയവാദികളുടെ പാഠപുസ്തകം ഹിറ്റ്ലറുടെ ആത്മകഥ തന്നെയാണെന്ന് കീഫ്ത പറഞ്ഞു. എന്നാൽ ഇന്ത്യയിലെ ദേശീയതാ വിമർശകരുടേതു പോലെ പരിഹാസത്തിന്റെ ഭാഷയിലല്ല അതീവ ഗൗരവമായിട്ടാണ് കീഫ്ത് ഇത് പറയുന്നത്. ഹോളണ്ടിലെ ഓരോ രാ്ഷ്ട്രീയവിഭാഗവും പരസ്പരം ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്നതിലെ വിരോധാഭാസത്തിലേയ്ക്കും കീഫ്ത് വിരൽചൂണ്ടി. ഇസ്ലാമിക വിരുദ്ധ പാർട്ടിക്കാർ ഖുർആനെ മീൻകാംഫിനോടുപമിക്കുന്നു. അങ്ങനെ ചുരുക്കത്തിൽ ഇടതും വലതും ഒരുപോലെ ഈ വെറുപ്പുരാഷ്ട്രീയത്തിന്റെ ഇരകളാകുന്നു. അതുകൊണ്ട് ജനാധിപത്യം നേരിടുന്ന ഭീഷണികളെപ്പറ്റി ആലോചിക്കുമ്പോൾ താൻ ഈ ചതിക്കുഴികളെ ഒഴിവാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരും അവനവന്റെ നേർക്ക് വിരൽ ചൂണ്ടണം. അങ്ങനെയാണ് താൻ മീൻ കാംഫ് പഠിച്ചത്. അതിലെന്തുണ്ട് ആകർഷകമായി? തന്നെ എന്തെങ്കിലും അതിൽ ആകർഷിക്കുന്നുണ്ടോ? താനും ലോകത്തിന് അപകടകാരിയാണോ? ദേശീയരോഗിയാണോ? ആളുകൾ പലപ്പോഴും സ്വയംപ്രതിരോധത്തിലൂന്നിയാണ് ദേശീയവാദികളാകുന്നതെന്ന് കീഫ്ത് ചൂണ്ടിക്കാണിക്കുന്നു.

തിന്മയുടെ ആളുകളെന്ന് നമ്മൾ കരുതുന്നവരെ വെറുക്കാൻ മാത്രമാണ് നമ്മൾ ശീലിക്കുന്നത്, അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. ഈ മനോനില അപകടരമാണ്.

നാസിസം പരാജയപ്പെട്ടിട്ടില്ലെന്നും ഭൂരിപക്ഷം മനുഷ്യർക്കും യുക്തിബോധമില്ലെന്നും നാം മനസ്സിലാക്കണം. ഈ സഹാനുഭൂതിയിൽ നിന്നേ പ്രതിവിധികൾ ജനിക്കൂ എന്നും കീഫ്ത് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP