Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദ പീപ്പിളിന് ഐക്യദാഢ്യവുമായി കുട്ടനാട് വികസന സമിതി: ദ പീപ്പിൾ കർഷക മുന്നേറ്റത്തിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് - മാർ ജോസഫ് പെരുന്തോട്ടം

ദ പീപ്പിളിന് ഐക്യദാഢ്യവുമായി കുട്ടനാട് വികസന സമിതി: ദ പീപ്പിൾ കർഷക മുന്നേറ്റത്തിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് - മാർ ജോസഫ് പെരുന്തോട്ടം

കുട്ടനാട്: തീരദേശ, ഇടനാട്, കുട്ടനാട്, മലനാട് മേഖലകളിലെ കർഷക സംഘടനകളുടെ കൂട്ടായ മുന്നേറ്റം വരും നാളുകളിൽ കേരളത്തിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നും വിഘടിച്ചു നിൽക്കാതെ സംഘടിത ശക്തിയായി കർഷകർ മാറണമെന്നും ദ പീപ്പിൾ അതിനുള്ള ചാലക ശക്തിയാകട്ടെ എന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം.

ദ പീപ്പിളിന്റെ സംസ്ഥാന കർഷക നേതൃസമ്മേളനവും കുട്ടനാടൻ കർഷക സംഗമവും കുട്ടനാട് വികസന സമിതി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കർഷകന്റെ നട്ടെല്ലൊടിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോൾ ദ പീപ്പിൾ കുട്ടനാട്ടിലെ ജനങ്ങൾക്ക് പ്രത്യാശ നൽകും. ഇതിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി കർഷകർ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടനാടിനെ മനോഹരമാക്കിയതിന്റെ സാഹസികതയും കഠിനാദ്ധ്വാനവും കാണാതെ പോകുന്നത് നിരാശാജനകമാണ്. ജീവൻ ബലിയർപ്പിച്ച് കുട്ടനാടിനെ നെല്ലറയാക്കി മാറ്റിയത് സർക്കാരിന്റെ സഹായം തേടിയിട്ടല്ല. കുട്ടനാടിന്റെ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുന്നതിന് കുട്ടനാടൻ ജനത പുലർത്തുന്ന ജാഗ്രത അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻഫാം ദേശീയരക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാർ മാത്യു അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ വിഷയാവതരണം നടത്തി. ദ പീപ്പിൾ സംസ്ഥാന കോർഡിനേറ്റർ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പിസി ജോസഫ് എക്‌സ് എംഎൽഎ, സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പൻ,  ദേശീയ കർഷകസമാജം പാലക്കാട് സെക്രട്ടറി മുതലാംതോട് മണി, കർഷകവേദി പ്രസിഡന്റ് ജോസ് പൂത്തേട്ട്, ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാര സമിതി അംഗം സികെ മോഹനൻ, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സെക്രട്ടറി ജാക്‌സൺ പോളയിൽ, ഇഎഫ്എൽ പീഡിത കൂട്ടായ്മ സെക്രട്ടറി ഹനീഷ്, പരിയാരം കർഷക സമിതി പ്രസിഡന്റ് ജിനറ്റ് മാത്യു, ഫാ. തോമസ് കുത്തുകല്ലുങ്കൽ, ഔസേപ്പച്ചൻ ചെറുകാട് എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ കൊല്ലംപറമ്പിൽ, ജിമ്മിച്ചൻ നടിച്ചിറ, ജോസ് ചുങ്കപ്പുര, ജോണിച്ചൻ മണലിൽ, തൊമ്മിക്കുഞ്ഞ് മുട്ടാർ, ജോപ്പൻ ജോയി വാരിക്കാട്, ബാബു വടക്കേക്കളം എന്നിവർ നേതൃത്വം നൽകി.

സമ്മേളനത്തിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തു. കുട്ടനാട് പാക്കേജ് അടിയന്തിരമായി പുനർജീവിപ്പിച്ച് കാർഷികമേഖലയെ സംരക്ഷിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും കർഷകരുടെ നെല്ലിന്റെ വില രണ്ടാഴ്‌ച്ചയ്ക്കകം നൽകണമെന്നും നെല്ലുവില വൈകിയാൽ ശക്തമായ സമരപരിപാടികളുമായി ദ പീപ്പിൾ കർഷക ഐക്യവേദി രംഗത്തു വരുമെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP