Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പള്ളിക്കത്തോട്ടിൽ ഒരു മാസം നീണ്ടുനിൽക്കുന്ന റബ്ബർതോട്ടപരിപാലനപരിശീലന പരിപാടിക്ക് തുടക്കമായി

പള്ളിക്കത്തോട്ടിൽ ഒരു മാസം നീണ്ടുനിൽക്കുന്ന റബ്ബർതോട്ടപരിപാലനപരിശീലന പരിപാടിക്ക് തുടക്കമായി

കോട്ടയം: ഇന്ത്യയിലെ ജോലിസന്നദ്ധതയുള്ള യുവാക്കൾക്ക് അതിനാവശ്യമുള്ള നൈപുണ്യം നൽകുന്നതിനുള്ള പരിശീലനപരിപാടികൾ അനിവാര്യമാണെന്ന് റബ്ബർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനും ആൾ ഇന്ത്യാ റബ്ബർ ഇൻഡസ്ട്രീസ് അസോസിയേഷൻ മുൻ ചെയർമാനുമായ വിനോദ് സൈമൺ പറഞ്ഞു.  ലോകത്ത് 18-45 വയോവിഭാഗത്തിലുള്ളവർ ഏറ്റവും കുടുതലുള്ള രാജ്യം ഇന്ത്യയാണ്. ചൈനപോലും ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. എന്നാൽ ഉത്പാദനപരമായ മേഖലകളിൽ തൊഴിൽ തേടുന്നതിനാവശ്യമായ നൈപുണ്യം ഇവരിൽ ഭൂരിപക്ഷത്തിനും ഇല്ല എന്നാണ് തൊഴിൽദാതാക്കൾ പറയുന്നത്. ഈ അപര്യാപ്തത നികത്തുന്നതിനാണ് 1500 കോടിയുടെ നൈപുണ്യവികസനപദ്ധതി (പ്രധാനമന്ത്രി കൗശൽ വികാസ് യോജന - പി.എം.കെ.വി.വൈ) കേന്ദ്രഗവൺമെന്റ് നടപ്പാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  പദ്ധതിയുടെ ഭാഗമായി കൗൺസിൽ പള്ളിക്കത്തോട്ടിൽ നടപ്പാക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന റബ്ബർതോട്ടപരിപാലനപരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബ്ബറുത്പന്നനിർമ്മാണമേഖലയിലെ പരിശീലനങ്ങൾ നടത്തുന്നതിനാണ് നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിൽ റബ്ബർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിൽ (ആർ.എസ്.ഡി.സി.) രൂപവത്കരിച്ചതെങ്കിലും റബ്ബർബോർഡിന്റെ നിർദ്ദേശം മാനിച്ചാണ് റബ്ബർതോട്ടമേഖലയിലെ തൊഴിലുകൾ കൂടി പരിപാടിയിൽ ഉൾപ്പെടുത്തിയതെന്നും  വിനോദ് സൈമൺ പറഞ്ഞു.

വിവിധ തൊഴിൽമേഖലകളിൽ നിലവിലുള്ള തൊഴിലാളികളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും യുവജനങ്ങൾക്ക് ആവശ്യമായ തൊഴിൽപരിശീലനം നൽകി തൊഴിൽലഭ്യതയ്ക്ക് കൂടുതൽ സൗകര്യം ചെയ്യുന്നതിനുമായിട്ടാണ് ദേശീയനൈപുണ്യവികസന കോർപ്പറേഷൻ രൂപവത്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി റബ്ബർമേഖലയിലെ നൈപുണ്യവികസനത്തിനായി രുപവത്കരിച്ചതാണ് റബ്ബർനൈപുണ്യ വികസനസമിതി(ആർ.എസ്.ഡി.സി.). റബ്ബർവ്യവസായരംഗത്തെ മാത്രമല്ല, തോട്ടമേഖലയെയും ഉൾപ്പെ ടുത്തി വിപുലമായ പരിശീലനപരിപാടികൾക്കാണ് ആർ.എസ്.ഡി.സി. രൂപം കൊടുത്തിട്ടുള്ളത്. തോട്ടമേഖലയിലെ മുപ്പത്തിയഞ്ച്  തൊഴിലുകളാണ് പരിശീലനപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റബ്ബർതോട്ടപരിപാലനപരിശീലനപരിപാടി വിജയമകരമായി പൂർത്തിയാക്കുന്നവർക്ക് 7500 രൂപ വീതം റിവാർഡായി നൽകുന്നതാണ്.

പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോളി ജോർജ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.  വാർഡു മെമ്പർമാരായ ബാബു മാത്യു, സുനിൽ കുന്നക്കാടൻ, പി.ജി. സലിം കുമാർ (ജോയിന്റ് റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ), പി.ആർ. മുരളീധരൻ (മെമ്പർ, നാഷണൽ റബ്ബർ പോളിസി ഫോർമുലേഷൻ കമ്മിറ്റി), സി. പൊന്നമ്പലം (മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, പള്ളിക്കത്തോട്), റ്റിബിയ (സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ആർ.എസ്.ഡി.സി.),  എം.ജി. സതീഷ് ചന്ദ്രൻ നായർ (ഡെപ്യൂട്ടി ഡയറക്ടർ, പബ്ലിസിറ്റി & പബ്ലിക് റിലേഷൻസ്, റബ്ബർബോർഡ്), ബാബു ജോസഫ് (പ്രസിഡന്റ്, പള്ളിക്കത്തോട് റബ്ബറുത്പാദകസംഘം),  കെ.എച്ച്. ജേക്കബ് (ഡെവലപ്‌മെന്റ് ഓഫീസർ, റബ്ബർബോർഡ്), ഡോ. ബി. രാജീവൻ (മാനേജിങ് ഡയറക്ടർ, മണിമലയാർ റബ്ബേഴ്‌സ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു.  ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ സി. തോമസ്  സ്വാഗതവും പള്ളിക്കത്തോട് റബ്ബർബോർഡ് ഫീൽഡ് ഓഫീസർ എലിസബത്ത് വി. ചെറിയാൻ  നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP