Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പട്ടയപ്രക്ഷോഭങ്ങൾക്ക് രാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം സംഘടിക്കണം: വി സി.സെബാസ്റ്റ്യൻ

തൊടുപുഴ: സംസ്ഥാനത്തുടനീളം പട്ടയം റദ്ദാക്കുന്നതും ഭൂനികുതിയടയ്ക്കുന്നത് നിഷേധിക്കുന്നതും തുടരുന്ന സാഹചര്യത്തിൽ മലയോരമേഖലയിൽ പട്ടയനടപടികൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് രാഷ്ട്രീയം മറന്ന് പൊതുസമൂഹം ഒറ്റക്കെട്ടായി സംഘടിക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

പട്ടയമുൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളും മുന്നണികളും ആക്ഷേപ അവഹേളനങ്ങൾ നടത്തുന്നത് വിലകുറഞ്ഞ സമീപനമാണ്. എല്ലാവരും ഒറ്റക്കെട്ടായി സർക്കാർ നടപടികൾക്കെതിരെ നീങ്ങേണ്ട സമയമാണിത്. അധികാരത്തിലേറിയാൽ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും കർഷകർക്ക് കൈവശഭൂമിക്ക് പട്ടയം നൽകുമെന്നും പറഞ്ഞവർ പതിറ്റാണ്ടുകൾ കൃഷിചെയ്തു കൈവശം അനുഭവിക്കുന്ന ഭൂമി വനഭൂമിയാണെന്ന് വടക്കൻ കേരളത്തിലുടനീളം പ്രഖ്യാപിക്കുകയാണിപ്പോൾ. ഉത്തരേന്ത്യയിൽ കടക്കെണിയും വിലയിടിവുംമൂലം കർഷകർ ആത്മഹത്യ ചെയ്യുന്നതിനെ അപലപിക്കുന്നവർ കേരളത്തിൽ ഉദ്യോഗസ്ഥ പീഡനവും സർക്കാരിന്റെ നിഷേധനിലപാടും മൂലം നടക്കുന്ന കർഷക ആത്മഹത്യകളെ നിസ്സാരവൽക്കരിക്കുന്നു. പത്തനംതിട്ടയിൽ കഴിഞ്ഞ സർക്കാർ നൽകിയ 1843 പട്ടയങ്ങൾ റദ്ദുചെയ്തു. ഇതിനോടകം സംസ്ഥാനത്തുടനീളം കഴിഞ്ഞ നാളുകളിൽ വിതരണം ചെയ്ത മറ്റു പട്ടയങ്ങളുടെ കാര്യത്തിലും ആശങ്കകൾ ഉയർന്നിരിക്കുന്നു. ധനുഷ്‌കോടി ദേശീയപാത നിർമ്മാണം വനംവകുപ്പ് എതാനും ദിവസങ്ങൾക്കുമുമ്പ് തടഞ്ഞു. കാർഡമം ഹിൽ റിസർവിലൂടെയുള്ള ദേശീയ പാത നിർമ്മാണത്തിന് കേന്ദ്ര വനംവകുപ്പിന്റെ അനുമതി വേണമെന്ന വനംമന്ത്രിയുടെ പ്രസ്താവന സിഎച്ച്ആർ വനഭൂമിയാക്കിമാറ്റാനുള്ള ഗൂഢശ്രമമാണ്. ഈയവസരത്തിലാണ് മൂന്നുചെയിൻ മേഖലയിൽ പട്ടയം നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നിലപാടും പുറത്തുവന്നിരിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങളിലേയും പത്തുചെയിൻ മേഖലകളിലേയും അർഹരായ മുഴുവൻ കർഷകരുടെയും കൈവശഭൂമിക്ക് പട്ടയം നൽകുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുവേണ്ടത്. വിഷയങ്ങൾ പഠിക്കാതെ ഉദ്യോഗസ്ഥരുടെ അജണ്ടകൾക്കുമുമ്പിൽ തലകുനിക്കുന്ന ജനപ്രതിനിധികളുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാടുകൾ ലജ്ജാകരവും ജനാധിപത്യഭരണത്തിന് അപമാനകരവും നീതിനിഷേധവുമാണെന്നും മുന്നണികൾക്കും രാഷ്ട്രീയത്തിനും അതീതമായുള്ള ജനകീയ പ്രക്ഷോഭങ്ങൾക്ക് ഇൻഫാം പിന്തുണനൽകുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP