Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റബർ ഇറക്കുമതി-കേന്ദ്രസർക്കാരിന്റെ അടവുനയം കർഷകന് ഉപകരിക്കില്ല: ഇൻഫാം

റബർ ഇറക്കുമതി-കേന്ദ്രസർക്കാരിന്റെ അടവുനയം കർഷകന് ഉപകരിക്കില്ല: ഇൻഫാം

കോട്ടയം: നികുതിയില്ലാത്ത റബറിന്റെ ഇറക്കുമതി മാർച്ച് 31 വരെ നിരോധിച്ചുകൊണ്ടും ചെന്നൈ, ബോംബെ തുറമുഖങ്ങളിലൂടെ മാത്രം ഇറക്കുമതി നിയന്ത്രിച്ചുകൊണ്ടും റബർ വിപണിയിൽ ഒരു നേട്ടവും കൈവരിക്കാനാവില്ലെന്നും ഇതിന്റെ പേരിൽ റബറിന്റെ വിപണിവില ഉയരുവാനുള്ള സാധ്യത വിരളമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ പ്രസ്താവിച്ചു.

ഇതിനോടകം കേന്ദ്രസർക്കാർ ഇറക്കുമതിത്തീരുവ 25 ശതമാനമായി ഉയർത്തിയിട്ടും അഡ്വാൻസ് ലൈസൻസിങ് ആറുമാസമായി ചുരുക്കിയിട്ടും വിപണിയിൽ റബറിന്റെ വില കുത്തനെ ഇടിയുകയാണുണ്ടായത്. സ്വഭാവിക റബ്ബറിന്റെ ഇറക്കുമതി നിരോധിച്ചുവെന്ന കേന്ദ്രഗവൺമെന്റിന്റെ നുണപ്രചരണം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നേരത്തെ അഡ്വാൻസ് ലൈസൻസ് എന്ന പേരിൽ അറിയപ്പെട്ടിരുന്നതും ഇന്ന് അഡ്വാൻസ് ഓതറൈസേഷൻ സ്‌കീം എന്ന പേരിൽ അറിയപ്പെടുന്നതുമായ പദ്ധതിപ്രകാരം ഇന്ത്യയിലെ റബ്ബർ വ്യവസായികൾക്ക് നികുതികൊടുക്കാതെ റബ്ബർ ഇറക്കുമതി ചെയ്യാൻ നിയമമുണ്ട്. ഈ ഇറക്കുമതി എസ്‌ഐഒഎൻ (സ്റ്റാന്റേർഡ് ഇൻപുട്ട് ആൻഡ് ഔട്ട്പുട്ട് നോം) പ്രകാരമാണ്്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന റബ്ബർ ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ള നിയമപ്രകാരം 6 മാസത്തിനുള്ളിൽ ഉല്പന്നമായി കയറ്റുമതി ചെയ്യണം.

ഈ ആനുകൂല്യമാണ് മാർച്ച് 31 വരെ കേന്ദ്രസർക്കാർ റദ്ദുചെയ്തിരിക്കുന്നത്. ഈ രീതിയിൽ ഇറക്കുമതി ചെയ്യുന്ന ഒരു കിലോ റബ്ബർ പോലും ഇന്ത്യയിലെ പൊതുമാർക്കറ്റിൽ വരുന്നതല്ലന്നുള്ള യാഥാർത്ഥ്യം കർഷകർ തിരിച്ചറിയണം. അതുകൊണ്ട് ഇതിന്റെ പേരിൽ റബ്ബർ വിലയിൽ യാതൊരു വ്യത്യാസവും ഉണ്ടാവുകയില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ നിരോധിച്ചാൽ റബ്ബർ വില കൂടും എന്നു പ്രചരിപ്പിക്കുന്നതുപോലെ അർത്ഥശൂന്യമായ നുണപ്രചരണം കേന്ദ്ര ഗവൺമെന്റും രാഷ്ട്രീയ നേതൃത്വങ്ങളും നടത്തുന്നത് കർഷകവഞ്ചനയാണെന്നും വിസി സെബാസ്റ്റ്യൻ പറഞ്ഞു.

വാജ്‌പേയി ഗവൺമെന്റ് റബറിന്റെ ഇറക്കുമതി കൽക്കട്ടയും വിശാഖപട്ടണവുമായി മാത്രം ചുരുക്കിയാണ് തുറമുഖ നിയന്ത്രണം ഏർപ്പെടുത്തിയത്. യുപിഎ ഗവൺമെന്റ് വ്യവസായികൾക്കുവേണ്ടി തുറന്നുകൊടുത്ത തുറമുഖങ്ങൾ വീണ്ടും ഇപ്പോൾ ബിജെപി ഗവൺമെന്റ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഇപ്രാവശ്യം ബോംബെ, ചെന്നൈ തുറമുഖങ്ങളാണ് കൽക്കട്ടയ്ക്കും, വിശാഖപട്ടണത്തിനും പകരമായി നിശ്ചയിച്ചിട്ടുള്ളത്. തുറമുഖ നിയന്ത്രണം ഏർപ്പെടുത്തി എന്നുള്ള നടപടി സ്വാഗതാർഹമാണ്. പക്ഷേ കൽക്കട്ട, വിശാഖപട്ടണം തുറമുഖങ്ങളിലൂടെ ഇന്ത്യൻ വ്യവസായികൾ ഇറക്കുമതി ചെയ്യുന്ന റബ്ബർ കേവലം 5 ശതമാനവും ബോംബെ, ചെന്നൈ തുറമുഖങ്ങളിലൂടെ ഇറക്കുമതി ചെയ്യുന്നത് 80 ശതമാനവുമാണ്. എന്നുവച്ചാൽ 80 ശതമാനം ഇറക്കുമതിയും തുറമുഖ നിയന്ത്രണം ഉള്ളപ്പോഴും അനായാസമായി നടക്കും. അതിനുപുറമെ ഇന്ത്യയിലെ കയറ്റ് ഇറക്കുമതി ചെലവ് ഏറ്റവും കുറവുള്ള തുറമുഖം ബോംബെയാണ്.

ബിജെപി ഗവൺമെന്റിന്റെ ഈ രണ്ട് നടപടികളിലെയും പൊള്ളത്തരം റബ്ബർ കർഷകർ തിരിച്ചറിയണം. തായ്‌ലണ്ടു പോലുള്ള രാജ്യങ്ങൾ വിലത്തകർച്ചയിൽ കർഷകർക്കു നൽകുന്ന സംരക്ഷണവും സഹായവുമാണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ നടപ്പിലാക്കേണ്ടത്. ഇവിടങ്ങളിൽ ഇരട്ടിവിലയ്ക്ക് റബർ സർക്കാർ നേരിട്ടു സംഭരിക്കുകയാണ്. കൂടാതെ കർഷകർക്ക് സഹായധനവും. കേന്ദ്രസർക്കാർ അടവുനയം മാറ്റി റബർകർഷകരുടെ രക്ഷയ്ക്കായി ആത്മാർത്ഥമായ സമീപനം സ്വീകരിക്കണമെന്നും വിസി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP