Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിണറായി സർക്കാർ ജനവിരുദ്ധ നിലപാടുകൾ തിരുത്തണം: എസ്.ഡി.പി.ഐ

പോലീസ് നയം, സംവരണ നയം, മദ്യനയം എന്നിവയിൽ പിണറായി സർക്കാർ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് പുലർത്തുന്നത്. യു.ഡി.എഫിന്റെ തെറ്റുകൾ തിരുത്തുമെന്ന പ്രതീക്ഷയോടെ എൽ.ഡി.എഫിന് പിന്തുണ നൽകിയ കേരള ജനതയെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ നിന്നുണ്ടായത്. ഒന്നും ശരിയായില്ലെന്ന് മാത്രമല്ല, പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്നതിൽ യു.ഡി.എഫിനെ പിന്നിലാക്കിയിരിക്കുകയാണ് എൽ.ഡി.എഫ്. സർക്കാർ ജനങ്ങളോടൊപ്പമെന്നത് അർത്ഥമില്ലാത്ത പദപ്രയോഗമായി മാറിക്കഴിഞ്ഞു.

പൊലീസ് നയം
എല്ലാം ശരിയാകുമെന്ന വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് ഭരണത്തിലേറാൻ സഹായിച്ച ന്യൂനപക്ഷങ്ങൾക്ക് സങ്കടക്കടലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പ് സമ്മാനിച്ചത്. സംഘ് പരിവാറിനോട് മൃദുസമീപനം പുലർത്തുകയും മുസ്ലിം, ദലിത് വിഭാഗത്തിൽ പെട്ടവർക്കെതിരെ കള്ളക്കേസുകൾ ചുമത്തി പീഡിപ്പിക്കുകയും ചെയ്തു. വർഗ്ഗീയ വിഷം ചീറ്റുന്ന ആർ.എസ്.എസ് നേതാക്കളെ നിയന്ത്രിക്കാൻ യാതൊരു നടപടിയുമുണ്ടായില്ല.

കത്ത്വ സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് നൂറുക്കണക്കിന് യുവാക്കൾക്കെതിരെ അന്യായമായി 153 അ ചുമത്തി. കള്ളക്കേസ് ചുമത്തി യുവാക്കളെ ജയിലിലടക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്നത് നിരവധി തവണ ആവർത്തിച്ചു. മാവോവാദിയെന്നാരോപിച്ച് കണ്ണൂർ സ്വദേശി നദീറിന്റെ മേൽ ചുമത്തിയ യു.എ.പി.എ കേസ് പിൻവലിച്ചത് അടുത്ത ദിവസമാണ്. വരാപ്പുഴ കേസിലും ഇത് പോലെ സംഭവിച്ചു. ശ്രീജിത്തടക്കം പൊലീസ് മർദ്ദനത്തിനും ജയിൽവാസത്തിനും ഇരയായ ഏഴ് പേരെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി പിന്നീട് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടി വന്നു.

ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. 24 മാസത്തിനകം 25 കൊലപാതകങ്ങളും ഒമ്പത് കസ്റ്റഡി മരണങ്ങളും സംസ്ഥാനത്തുണ്ടായി. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും മൽസരിച്ച് കൊല നടത്തുകയാണ്. ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പൊലീസ് സേനയിൽ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. മൂന്നാം മുറയും ലോക്കപ്പ് മർദ്ദനവും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വായടക്കുന്നതിന് മുന്നേ കസ്റ്റഡി മരണങ്ങളുടെ വാർത്ത പുറത്ത് വരുന്നു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവും തുടർ നടപടികളും ആഭ്യന്തര വകുപ്പിന്റെ നിസ്സഹായത വെളിപ്പെടുത്തി. സാക്ഷികളെ സ്വാധീനിച്ച് ശ്രീജിത്തിന്റെ കൊലക്കുത്തരവാദികളായ പൊലീസുകാരെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് അറസ്റ്റിലേക്ക് നീങ്ങിയത്.

ആലുവ റൂറൽ എസ്‌പിയായിരുന്ന എ.വി ജോർജ്ജ് നേരിട്ട് നിയന്ത്രിക്കുന്ന ആർ.ടി.എഫ് അംഗങ്ങളാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതെന്ന് തെളിഞ്ഞിട്ടും ജോർജ്ജിനെ സ്ഥലം മാറ്റി സഹായിക്കുകയാണ് പിണറായി വിജയൻ ചെയ്തത്. അതിനെ വിമർശിച്ച മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകൾ തന്നെ ജോർജ്ജിനോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യം വ്യക്തമാക്കുന്നതായിരുന്നു. ബീമാപള്ളി വെടിവെപ്പടക്കം ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്ക് കുപ്രസിദ്ധനായ എ.വി ജോർജ്ജിനെ സംരക്ഷിക്കുന്നതിൽ പിണറായി വിജയൻ അതീവ താൽപര്യം കാണിക്കുന്നുവെന്ന് വ്യക്തമാണ്.

എം.എം അക്‌ബർ അടക്കമുള്ള ചില മത നേതാക്കൾക്കെതിരെ കേസുകൾ പെരുപ്പിച്ച് കാട്ടി നടപടിയെടുത്ത സംസ്ഥാന പൊലീസ് അതിനേക്കാൾ ഗൗരവമുള്ള കുറ്റങ്ങളിൽ പോലും ആർ.എസ്.എസ് നേതാക്കളോട് മൃദുസമീപനമാണ് പുലർത്തിയത്. കഴിഞ്ഞ ഏപ്രിൽ 16ന് കേരളത്തിലുണ്ടായ ഹർത്താലിനോട് സഹകരിച്ചവർക്കെതിരെ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം വർഗ്ഗീയ മനോഭാവത്തോടെയാണ് പിണറായി സർക്കാർ പെരുമാറിയത്. ഓരോ പൊലീസ് സ്റ്റേഷനിലും ഇരുനൂറ് പേർക്കെതിരെ വീതം കേസെടുക്കാൻ നിർദ്ദേശം നൽകി. കേസ് ചുമത്തിയവരും അല്ലാത്തവരുമായ നിരവധി യുവാക്കളുടെ മൊബൈൽ ഫോണുകൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ട് കൊടുത്തിട്ടില്ല. നുറുക്കണക്കിനാളുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി.

സംവരണ നയം
സമൂഹ്യനീതിയെ അട്ടിമറിക്കുന്ന നിലപാട് എൽ.ഡി.എഫ് സർക്കാർ തുടരുകയാണ്. ദേവസ്വം ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങളിൽ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം സംവരണ സമ്പ്രദായത്തെ തുരങ്കം വെക്കുന്നതാണ്. ഭരണഘടനയുടെ 15/4, 16/4 അനുഛേദങ്ങളിൽ ഒരിടത്തും മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥ ചെയ്തിട്ടില്ല.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ചെയ്ത് ഉത്തരവിറക്കിയതിനോടൊപ്പം 10 ശതമാനം മുന്നാക്ക വിഭാഗങ്ങൾക്കും സംവരണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ മുന്നാക്ക സംവരണം സുപ്രീം കോടതിയുടെ ഒമ്പതാംഗ ബെഞ്ച് റദ്ദ് ചെയ്യുകയുണ്ടായി. ഇതെല്ലാം അവഗണിച്ച് കൊണ്ടാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ബോധ്യമുണ്ടായിട്ടും സാമ്പത്തിക സംവരണത്തിന് പിണറായി സർക്കാർ തീരുമാനമെടുത്തത്.

നിയമ വിരുദ്ധവും, പിന്നാക്ക വിരുദ്ധവുമായ ഈ തീരുമാനം പിൻവലിക്കാത്തിടത്തോളം കാലം പിണറായി സർക്കാരിനെ ജനാധിപത്യത്തിന്റെ സംരക്ഷകരായി കാണാനാവില്ല. ജാതി, സാമുദായിക രാഷ്ട്രീയം പയറ്റുന്ന സിപിഎം സർക്കാർ കമ്മ്യൂണിസത്തിൽ നിന്ന് ഏറെ അകലെയാണ്.

മദ്യ നയം
ത്രീസ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ബാർലൈസൻസ് നൽകും, സ്റ്റാർ പദവിയുള്ള ഹോട്ടലുകളിൽ കള്ള് വിതരണം ചെയ്യാം, ഔട്ട്ലൈറ്റുകളുടെ എണ്ണം കുറക്കില്ല, വിരുന്ന് സൽക്കാരങ്ങളിൽ മദ്യം വിളമ്പാം, വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ആഭ്യന്തര ലോഞ്ചുകളിലും മദ്യം ലഭ്യമാകും എന്നീ പ്രഖ്യാപനങ്ങൾ വഴിയും, മദ്യശാലകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ എതിർപ്പില്ലാ രേഖ (എൻ.ഒ.സി) വേണം എന്ന വ്യവസ്ഥയും റദ്ദാക്കിയും ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം മദ്യ ശാലകൾക്ക് അനുമതി നൽകുന്നതിനുള്ള ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറച്ച് ഉത്തരവിറക്കിയും മദ്യമാഫിയകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും മദ്യത്തിന്റെ ലഭ്യത വ്യാപകമാക്കുകയമാണ് സർക്കാർ ചെയ്തത്.

ജന വിരുദ്ധ നയങ്ങൾ തിരുത്താൻ എൽ.ഡി.എഫ് സന്നദ്ധമാകണം. വികസനത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരോട് കരുണ കാണിക്കാത്ത സർക്കാരുകൾ ജനപക്ഷമല്ല. ജനാധിപത്യ വിരുദ്ധ നിലപാടുകളും പൊലീസിന്റെ ഇരട്ടനീതിയും തിരുത്തുവാനും ജനകീയ സമരങ്ങളെ അടിച്ചമർത്തി ഇല്ലാതാക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറുവാനും എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP