Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വദേശി ശാസ്ത്ര കോൺഗ്രസിന് അമൃതയിൽ തുടക്കമായി; പത്തു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ്രബന്ധം അവതരിപ്പിക്കും

സ്വദേശി ശാസ്ത്ര കോൺഗ്രസിന് അമൃതയിൽ തുടക്കമായി; പത്തു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ്രബന്ധം അവതരിപ്പിക്കും

അമൃതപുരി: സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംഘടിപ്പിക്കുന്ന 27-ാമത് ത്രിദിന സ്വദേശി ശാസ്ത്ര സമ്മേളനം അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ ആരംഭിച്ചു. 'ശാസ്ത്രവും സാങ്കേതികതയും സമൂഹ പുരോഗതിക്ക്' എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നൂതന സാങ്കേതിക വിദ്യകൾ സാമൂഹ്യനന്മയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഈ ശാസ്ത്ര സമ്മേളനം മുഖ്യമായും ചർച്ച ചെയ്യുന്നത്.

അമൃത സ്‌കൂൾ ഓഫ് ബയോടെക്‌നോളജി ഡീൻ ഡോ ബിപിൻ നായർ ചടങ്ങിനെത്തിയവർക്ക് സ്വാഗതം ആശംസിച്ചു. അമൃതാനന്ദമയി മഠത്തെ പ്രതിനിധീകരിച്ച് സ്വാമി അമൃതഗീതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. ശാസ്ത്രവും ആദ്ധ്യാത്മികതയും സമന്വയിപ്പിച്ചു മുന്നോട്ടു പോകുകയാണ് ഭാരതത്തിന്റെ മഹത്തായ പാരമ്പര്യമെന്നും അവ രണ്ടും ഒരു പക്ഷിയുടെ രണ്ടു ചിറകുകൾ പോലെയാണെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞു..
സ്വദേശി ശാസ്ത്ര കോൺഗ്രസ്സ് ചെയർമാൻ ഡോ എം ഡി നായർ വിവിധ ശാസ്ത്ര വിഷയങ്ങളിലും മാരക രോഗങ്ങളിലും മാനവരാശി കൈവരിച്ചിട്ടുള്ള നേട്ടങ്ങളെപ്പറ്റി സദസ്യരോടു വിശദീകരിച്ചു. ഡോ മിറൻഡ, ഡോ എ ആർ എസ് മേനോൻ, കെ വി ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത ശാസ്ത്രജ്ഞനും കൊച്ചി സർവകലാശാലാ ഫോട്ടോണിക്‌സ് മുൻ മേധാവിയുമായ ഡോ സി പി ഗിരിജാവല്ലഭൻ സി വി രാമൻ അനുസ്മരണ പ്രഭാഷണം നടത്തി.
തുടർന്ന് ഉച്ചയ്ക്ക് ശേഷം നടന്ന ചോദ്യോത്തര ചർച്ചയിൽ രാജ്യസഭാ എം പി സുരേഷ് ഗോപി ശാസ്ത്രവിഷയങ്ങളിലുള്ള തന്റെ അഭിപ്രായങ്ങൾ സദസ്യരോടു പങ്കു വെച്ചു. പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളുടെ ശ്രദ്ധാപൂർവ്വമായ വിനിയോഗം കൊണ്ട് ഇന്ത്യയ്ക്ക് വൻ സാമ്പത്തിക ശക്തിയായി വളരാൻ സാധിക്കുമെന്നും, ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സാങ്കേതിക വിദ്യകൾ എത്തിയതിനാൽ മനുഷ്യബന്ധങ്ങൾ ശിഥിലമാവാൻ ഇടയായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ്സിൽ 10 സംസ്ഥാനങ്ങളിലെ 180 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 303 പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. നാലു വ്യത്യസ്ത വിഷയങ്ങളിലായി 14 ടെക്‌നിക്കൽ സെഷൻസ് ഈ കോൺഗ്രസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രബന്ധാവതരണം കൂടാതെ മുഖ്യവിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും, പാനൽ ചർച്ചയും തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP