Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലേഷ്യ ടൂറിസത്തിനായി 'മൈ ടൂറിസ്റ്റ് അസിസ്റ്റ്' ആപ്പ് വികസിപ്പിച്ച് യു എസ് ടി ഗ്ലോബൽ

മലേഷ്യ ടൂറിസത്തിനായി 'മൈ ടൂറിസ്റ്റ് അസിസ്റ്റ്' ആപ്പ് വികസിപ്പിച്ച് യു എസ് ടി ഗ്ലോബൽ

തിരുവനന്തപുരം: മലേഷ്യ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി 'മൈ ടൂറിസ്റ്റ് അസിസ്റ്റ്' എന്ന ആപ്പുമായി മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബൽ. മലേഷ്യ ടൂറിസത്തിനു വേണ്ടി വികസിപ്പിച്ച ആപ്ലിക്കേഷൻ നിയന്ത്രിക്കുന്നത് മലേഷ്യയിലെ വൻകിട സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ജന ടിഗ ഹോൾഡിങ്സ് എന്ന സ്ഥാപനമാണ്.

എല്ലാ വർഷവും ലക്ഷോപലക്ഷം ടൂറിസ്റ്റുകൾക്ക് ആതിഥേയത്വം വഹിക്കുന്ന മലേഷ്യ ലോകത്തിലെ തന്നെ ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ്. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന വേളകളിലുൾപ്പെടെ ടൂറിസ്റ്റുകളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് മലേഷ്യ ടൂറിസം ഇത്തരമൊരു ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. മലേഷ്യ ടൂറിസത്തിന് കീഴിലുള്ള ഇ-ഗവണ്മെന്റ് സേവനമാണ് മൈ ടൂറിസ്റ്റ് അസിസ്റ്റ്.ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ എന്നിവയിൽ മൈ ടൂറിസ്റ്റ് അസിസ്റ്റ് ലഭ്യമാകും.

ഒരു തവണ ആപ്പ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ ഉപയോക്താവ് തങ്ങളുടെ പ്രൊഫൈലും എമർജൻസി ഫോൺ നമ്പരും ചേർക്കേണ്ടതായിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ സുരക്ഷാ സേവനങ്ങൾക്കും അലെർട്ട് നൽകുന്നതിനുമായുള്ള 'യു ആർ സേഫ്' ടാബും അതിൽ സജ്ജീകരിച്ചിട്ടുള്ള എസ് ഒ എസ് ബട്ടണുമാണ് മൈ ടൂറിസ്റ്റ് അസിസ്റ്റ് ആപ്പിന്റെ സവിശേഷത. പൊലീസ് സ്റ്റേഷൻ, ആശുപത്രി, ഫാർമസി, എടിഎം, എംബസി, റെയിൽവേ സ്റ്റേഷൻ, പെട്രോൾ പമ്പ് തുടങ്ങിയ അടിസ്ഥാന സേവനങ്ങൾക്കായുള്ള സംവിധാനങ്ങളെല്ലാം ആപ്പിലുണ്ട്. ആവശ്യമുള്ള സേവനങ്ങൾ തിരഞ്ഞെടുത്ത് അവയുടെ ഭൂചിത്രമനുസരിച്ച് സഞ്ചരിക്കുവാൻ ടൂറിസ്റ്റുകൾക്ക് ഇത് സഹായകമാകും. സുതാര്യമായി ഉപയോഗപ്പെടുത്താൻ കഴിയുന്നതും മലേഷ്യ ടൂറിസം കൂടുതലായും ശുപാർശ ചെയ്യുന്നതുമാണ് മൈ ടൂറിസ്റ്റ് അസിസ്റ്റ്. വരും നാളുകളിൽ കൂടുതൽ ഫീച്ചറുകൾ ഇതിലേക്ക് ചേർക്കപ്പെടുകയും ചെയ്യും.

മൈ ടൂറിസ്റ്റ് അസിസ്റ്റ് അവതരിപ്പിക്കുന്നതിനായി മലേഷ്യ ടൂറിസം വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കാനായതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് യു എസ് ടി ഗ്ലോബൽ അപാക് മേഖല മേധാവി ഗിൽറോയ് മാത്യു അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ 'യു ആർ സേഫ്' സാങ്കേതിക സംവിധാനം അവതരിപ്പിക്കുന്നതിൽ തങ്ങൾ വിജയിച്ചുവെന്നും അതേ സംവിധാനം മലേഷ്യയിലെ ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി മുന്നോട്ട് വയ്ക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ ഇൻ-ഹൗസ് ടീം വികസിപ്പിച്ച 'യു ആർ സേഫ്' സംവിധനത്തോടെ മൈ ടൂറിസ്റ്റ് അസിസ്റ്റ് ആപ്പ് അവതരിപ്പിക്കാൻ സാധിച്ചതിൽ തങ്ങൾ ആവേശഭരിതരാണെന്ന് യു എസ് ടി ഗ്ലോബൽ ആസിയാൻ മേഖല ഡയറക്ടർ ജോർജ്ജ് ജോൺ വ്യക്തമാക്കി. മലേഷ്യ സന്ദർശിക്കുന്ന ലക്ഷകണക്കിന് ടൂറിസ്റ്റുകൾക്ക് ഈ ആപ്പ് പ്രയോജനകരമാകുമെന്ന കാര്യത്തിൽ തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും അതുവഴി മലേഷ്യയെ സന്ദർശനത്തിനുള്ള സുരക്ഷിതമായ ഒരു സ്ഥലമാക്കി മാറ്റാൻ സഹായകമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

മലേഷ്യയിലെ ടൂറിസ്റ്റുകളുടെ സഞ്ചാരം സുരക്ഷിതമാക്കുമെന്ന് ഉറപ്പുള്ള ഇത്തരം ആപ്പുകൾ അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ജന ടിഗ ചെയർമാൻ ഡാറ്റൊ ജെയിംസ് വോങ് അഭിപ്രായപ്പെട്ടു. ഈ ആപ്പിലടങ്ങായിരിക്കുന്ന വിവിധ സേവനങ്ങൾ ലക്ഷോപലക്ഷം സഞ്ചാരികൾക്ക് ഗുണകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP