Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ മുഖ്യമന്ത്രി അട്ടിമറിക്കുന്നു - ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: മൂന്നാറിൽ റവന്യൂ ഉദ്യോഗസ്ഥർ നടത്തുന്ന കൈയേറ്റമൊഴിപ്പിക്കൽ നടപടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. മൂന്നാറിലെ വൻകിട കൈയേറ്റക്കാരനായ ടാറ്റയെ ഒഴിവാക്കി റവന്യൂ ഉദ്യോഗസ്ഥർ നടത്തുന്ന ഒഴിപ്പിക്കൽ ഭാഗികമാണ്. അതും അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കലക്ടർ, സബ്കലക്ടർ എന്നിവരെ മുഖ്യമന്ത്രി പരസ്യമായി ശാസിക്കുകയാണ്. മതചിഹ്നങ്ങൾ ഉപയോഗപ്പെടുത്തി ഭൂമി സ്വന്തമാക്കാൻ ശ്രമിക്കുന്ന കൈയേറ്റക്കാർക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ഇത് ചെയ്യുന്നത്. പ്രതിപക്ഷവും ഇതോടൊപ്പം അണിനിരക്കുകയാണ്.

കേരള ജനത ഒന്നടങ്കം എതിർത്ത പൊലീസ് നടപടിയായിരുന്നു ജിഷ്ണുവിന്റെ അമ്മക്കെതിരെ നടന്നത്. അതിലെ കുറ്റക്കാരനായ ഒരു ഉദ്യോഗസ്ഥനോടും ഒരു ചോദ്യം പോലും ചോദിക്കാൻ തയ്യാറാവാതിരുന്ന മുഖ്യമന്ത്രി അതിന് പറഞ്ഞ ന്യായം ഉദ്യോസ്ഥരുടെ ആത്മവീര്യം തകരുമെന്നായിരുന്നു. എന്നാൽ കേരളം ഒറ്റക്കെട്ടായി പിന്തുണക്കുന്ന കൈയേറ്റമൊഴിപ്പിക്കൽ നടപടിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയും മന്ത്രി എം.എം മണിയും പരസ്യമായി അധിക്ഷേപിക്കുകയാണ്. ഇവിടെ ഉദ്യോഗസ്ഥരുടെ മനോവീര്യം മുഖ്യമന്ത്രിക്ക് പ്രശ്നമില്ല. സ്വന്തം വകുപ്പിലെ അരാജകത്വം പരിഹരിക്കാൻ കഴിയാത്ത മുഖ്യമന്ത്രി ശരിയായി പ്രവർത്തിക്കുന്ന റവന്യൂ വകുപ്പിനെ ഭീഷണിപ്പെടുത്തുന്നത് കൈയേറ്റക്കാരെ സംരക്ഷിക്കാനാണ്.

1977ന് മുമ്പ് നടന്ന കൈയേറ്റത്തിന് നിയമപ്രാബല്യം നൽകി എന്നതിന്റെ പേരിൽ അതിന് ശേഷം നടന്ന കൈയേറ്റങ്ങളെയും ശരിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇടുക്കിയിൽ ലക്ഷം പേർക്ക് ഇനിയും പട്ടയം നൽകാനുണ്ട് എന്ന സർക്കാർ ഭാഷ്യം ഇതാണ് വ്യക്തമാക്കുന്നത്. മന്ത്രി എം.എം മണിയുടെ നേതൃത്വത്തിൽ സിപിഎമ്മും ചില കോൺഗ്രസ്സ് നേതാക്കളും ഒരുമിച്ച് നിന്നാണ് കൈയേറ്റത്തിന് സംരക്ഷണം നൽകുന്നത്. മന്ത്രി മണിയോട് ചോദിച്ച് കൈയേറ്റം ഉറപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം അങ്ങേയറ്റം അപഹാസ്യമാണ്. കൈയേറ്റത്തെ ന്യായീകരിക്കുന്ന മന്ത്രി മണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. മൂന്നാറിലെ യഥാർഥ ഭൂരഹിതർക്ക് തുണ്ട് ഭൂമി പോലും നൽകാത്തവരാണ് വൻകിട കൈയേറ്റക്കാർക്ക് വേണ്ടി പോരടിക്കുന്നതെന്ന് കേരളം കണ്ണ് തുറന്ന് കാണണമെന്നും കൈയേറ്റമൊഴിപ്പിക്കൽ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് ശക്തമായ പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP