Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണസംവിധാനത്തിൽ നിന്ന് സംവരണ സമുദായങ്ങളെ അകറ്റാൻ ഇടതു മുന്നണി ശ്രമിക്കുന്നു : ഹമീദ് വാണിയമ്പലം

ഭരണസംവിധാനത്തിൽ നിന്ന് സംവരണ സമുദായങ്ങളെ അകറ്റാൻ ഇടതു മുന്നണി ശ്രമിക്കുന്നു : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : കേരളത്തിലെ ഭരണ നിർവ്വഹണ മേഖലയിൽ നിന്ന് സംവരണ സമുദായങ്ങളെ അകറ്റാനാണ് ഇടതുമുന്നണി ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സംവരണാവകാശ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഭരണചക്രം നിർണ്ണയിക്കുന്ന ഐ.എ.എസ് ഉദ്യോസ്ഥമേഖലയിൽ നിന്ന് ദലിത്-പിന്നാക്ക വിഭാഗങ്ങളെ പുറംതള്ളാനുള്ള ഗൂഢപദ്ധതിയാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റുവഴി പിണറായി സർക്കാറിന്റേത്. ആകെ 150 തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ ഒന്നാം സ്ട്രീമിലെ 50 തസ്തികകളിൽ മാത്രമാണ് സംവരണം ഉറപ്പാക്കിയിട്ടുള്ളത്. ബാക്കിയുള്ള നോൺഗസ്റ്റഡ്, ഗസ്റ്റഡ് ഉദ്യോഗസ്ഥരുടെ സ്ട്രീമിൽ സംവരണമില്ല. കേരളത്തിന്റെ സ്വന്തം സിവിൽ സർവ്വീസിലേക്ക് 150 പേരെ റിക്രൂട്ട് ചെയ്യുന്ന കെ.എ.എസിൽ സംവരണ സമുദായങ്ങൾക്ക് കേവലം 25 തസ്തികകൾ മാത്രമാണ് ഉറപ്പായിട്ടുള്ളത്. 8 വർഷം കഴിഞ്ഞാൽ ഇവരെല്ലാം ഐ.എ.എസ് റാങ്കിലേക്കെത്തുമ്പോൾ ഉന്നത ഭരണനിർവ്വഹണ മേഖലയിൽ പിന്നാക്ക-ദലിത് ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം നാമമാത്രമാകും. ഇടതു സർക്കാരിൽ നിന്നുണ്ടായ കൊടും ചതിയാണിത്.

പിണറായി സർക്കാർ അധികാരമേറ്റശേഷം സംവരണത്തെ അട്ടിമറിച്ച് സാമൂഹ്യനീതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കരുത്താർജിച്ചിരിക്കുന്നു. ആർ.എസ്സ്.എസ്സ് അജണ്ടയാണ് സാമ്പത്തിക സംവരണം എന്നത്. അത് നടപ്പാക്കാൻ ബിജെപി സർക്കാരുകൾ പോലും ധൈര്യം കാണിച്ചില്ലെന്നിരിക്കെയാണ് ദേവസ്വം നിയമനങ്ങളിലെ മുന്നാക്ക വിഭാഗങ്ങൾക്കേർപ്പെടുത്തിയ സാമ്പത്തിക സംവരണം. ക്രീമീലെയർ മേൽത്തട്ട് പരിധി 8 ലക്ഷമാക്കി കേന്ദ്ര സർവ്വീസുകളിലേക്ക് നിജപ്പെടുത്തിയത് 2017 സെപ്റ്റംബറിലാണ്. സംസ്ഥാന സർക്കാരുകൾക്കും അതനുസരിച്ച് മാറ്റാനുള്ള നിർദ്ദേശം കേന്ദ്രം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്‌ത്തി വെച്ചിരിക്കുകയാണ്. സംസ്ഥാന സർവ്വീസുകളിലേക്കും മേൽത്തട്ട് പരിധി 8 ലക്ഷമാക്കി ഉയർത്തണം. സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്ന എയ്ഡഡ് മേഖലയിലും പിന്നാക്ക -ദലിത് വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കണം. ഇത് സംബന്ധിച്ച് സുപ്രിം കോടതിയിലെ നിയമ പോരാട്ടത്തിൽ സർക്കാർ കാര്യക്ഷമതയോടെ ഇടപെടണം. സംവരണത്തെ അട്ടിമറിക്കുന്ന ഇടതു സർക്കാർ നയങ്ങൾക്കെതിരെ കേരളത്തിലെ സംവരണ സമുദായങ്ങളുടെയും സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും യോജിച്ച പോരാട്ടങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നല്കുമെന്നും അദ്ദേഹം പറഞ്ഞു.

വി എസ്.ഡി.പി സംസ്ഥാന പ്രസിഡൻര് വിഷ്ണുപുരം ചന്ദ്രശേഖരൻ, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് മനോജ്കുമാർ, മെക്ക പ്രസിഡന്റ് പ്രൊഫ അബ്ദുൽ റഷീദ്, സാംബവ മഹാസഭ നേതാവ് രാമചന്ദ്രൻ മുല്ലശേരി, ഡി.എച്ച്.ആർ.എം ചെയർപേഴ്സൺ സലീന പ്രക്കാനം, സാമൂഹ്യ സമത്വമുന്നണി ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ, കെ.എൽ.സി.എ നേതാവ് ആന്റണി ആൽബർട്ട്, ദലിത് ക്രിസ്ത്യൻ കൗൺസിൽ ചെയർമാൻ വി.ജെ ജോർജ്ജ്, സാമൂഹ്യ സമത്വ മുന്നണി നേതാവ് സുഭാഷ് ബോസ് ആറ്റുകാൽ, പിന്നാക്ക വികസന കോർപ്പറേഷൻ മുൻ ഡയറക്ടർ വി.ആർ ജോഷി, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ അബ്ദുൽ ഹഖീം , സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ സുരേന്ദ്രൻ കരിപ്പുഴ, ഇസി ആയിഷ, സംസ്ഥാന സെക്രട്ടറി ശശി പന്തളം, ജില്ലാ പ്രസിഡന്റ് എൻ.എം അൻസാരി , ഫ്രട്ടേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.വി സഫീർഷാ, തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP