Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യെമനിൽ രക്ഷാദൗത്യത്തിന് ഇറങ്ങണമെന്ന് ഒമാൻ ഭരണകൂടത്തോട് മാർപ്പാപ്പയുടെ പ്രതിനിധി നേരിട്ടെത്തി അഭ്യർത്ഥിച്ചു; സുൽത്താൻ ഖാബൂസ് ഉത്തരവിട്ടു, യെമനിലെ ആരുമായും സംസാരിച്ച് വത്തിക്കാന്റെ അപേക്ഷ നടപ്പാക്കാൻ; ഒമാനിൽ നിന്നും കൊണ്ടുപോയ പുത്തൻ കറുത്ത ഉടുപ്പും, ഷാളും ധരിപ്പിച്ചാണ് ടോമച്ചനെ കൊണ്ടുവന്നത്; മോചിപ്പിച്ചത് വത്തിക്കാനാണ് എന്നതിന്റെ വലിയ തെളിവാണ് റോമിലേക്ക് പറന്നത്; ഇന്ത്യൻ എംബസിക്ക് ഒരു ചുക്കും അറിയില്ലായിരുന്നു; മാതൃഭൂമി ന്യൂസിന്റെ വിദേശ ലേഖകന്റെ ഉഴുന്നാൽ മോചനവിചാരങ്ങൾ ഇങ്ങന

യെമനിൽ രക്ഷാദൗത്യത്തിന് ഇറങ്ങണമെന്ന് ഒമാൻ ഭരണകൂടത്തോട് മാർപ്പാപ്പയുടെ പ്രതിനിധി നേരിട്ടെത്തി അഭ്യർത്ഥിച്ചു; സുൽത്താൻ ഖാബൂസ് ഉത്തരവിട്ടു, യെമനിലെ ആരുമായും സംസാരിച്ച് വത്തിക്കാന്റെ അപേക്ഷ നടപ്പാക്കാൻ; ഒമാനിൽ നിന്നും കൊണ്ടുപോയ പുത്തൻ കറുത്ത ഉടുപ്പും, ഷാളും ധരിപ്പിച്ചാണ് ടോമച്ചനെ കൊണ്ടുവന്നത്; മോചിപ്പിച്ചത് വത്തിക്കാനാണ് എന്നതിന്റെ വലിയ തെളിവാണ് റോമിലേക്ക് പറന്നത്; ഇന്ത്യൻ എംബസിക്ക് ഒരു ചുക്കും അറിയില്ലായിരുന്നു; മാതൃഭൂമി ന്യൂസിന്റെ വിദേശ ലേഖകന്റെ ഉഴുന്നാൽ മോചനവിചാരങ്ങൾ ഇങ്ങന

ടോം ഉഴുന്നാലിൽ അച്ചനെ മോചിപ്പിച്ചതാരാണ് ? ചില സത്യങ്ങൾ പറഞ്ഞേ പറ്റൂ എന്ന ആമുഖത്തോടയാണ് മാതൃഭൂമി ന്യൂസ് ഗൾഫ് ലേഖകനായ ഐപ് വള്ളിക്കാടന്റെ ഫേസ് ബുക്ക് കുറിപ്പു തുടങ്ങുന്നത്. വൈദികന്റെ മോചനത്തിനു പിന്നിൽ ഇന്ത്യയ്ക്ക് ഒരു പങ്കും ഇല്ലെന്ന് സമർത്ഥിക്കുകയാണ് അദ്ദേഹം. യെമനിലെ യുദ്ധഭൂമിയിൽ പോയിട്ടുള്ള തനിക്ക് ഇക്കാര്യങ്ങൾ ഉറപ്പാണെന്നും അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി എന്തൊക്കെയാണ് കേന്ദ്രസർക്കാർ ചെയ്തത്?

ഇതിനുള്ള ഉത്തരവും സുഷമാജിയോ,കണ്ണന്താനമോ,കുമ്മനമോ നൽകേണ്ടി വരുമെന്നും പ്രതീക്ഷിക്കുന്നു.

ചില സത്യങ്ങൾ പറഞ്ഞേ പറ്റൂ. ഒമാൻ സർക്കാരിന്റെ വ്യക്തമായ ശ്രമമാണ് യെമനിൽ കഴിഞ്ഞ വർഷം മാർച്ച് നാലിന് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിൽ പാർപ്പിച്ച വൈദീകൻ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കിയത്. ഇന്ത്യ ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു,അത് അവഗണിക്കാനുമാകില്ല, യെമനിലെ ഐസിസ് തീവ്രവാദികളിലേക്ക് എത്തിപ്പെടാൻ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം എന്ത് ചെയ്തുവെന്നതിന് ഉത്തരമുണ്ടോ?

സുഷമാ സ്വരാജിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം അയച്ച കത്തിന് മുമ്പേ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ടോമച്ചന്റെ മോചനത്തിന് വേണ്ടി ശ്രമം തുടങ്ങിയിരുന്നു.അവസാനം തട്ടിക്കൊണ്ട് പോയവർ തന്നെ പുറത്ത് വിട്ട് ടോമച്ചന്റെ വീഡിയോയിൽ അദ്ദേഹം തീർത്തും ക്ഷീണിതനായിരുന്നു, തനിക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം വേണമെന്നും, തന്റെ ജീവൻ രക്ഷിക്കാൻ ഇന്ത്യ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്,

അവിടെ ചിലർ ചോദിക്കും എന്തിനാണിയാൾ ഇത്രയും പ്രശ്‌നങ്ങളുള്ള യെമനിൽ പോയതെന്ന്? അദ്ദേഹം സലേഷ്യൻ സഭയിലെ അംഗമായ മിഷനറിയാണ്. സാധുക്കളായ, അനാഥരായ, വയോധികജനങ്ങളെ ശുശ്രൂഷിക്കുന്ന മദർതെരേസ രൂപം നൽകിയ മിഷനറീസ് ഓഫ് ചാരിറ്റി, ഉപവിയുടെ മക്കൾ നടത്തുന്ന സ്ഥാപനത്തിലാണ് അദ്ദേഹം സേവനം ചെയ്തിരുന്നത്. യെമനിൽ ക്രിസ്ത്യാനികൾ ധാരാളമുണ്ട്. കലാപത്തിന് മുമ്പ് ഇതൊരു സുന്ദര ഭൂമിയായിരുന്നു. യുനസ്‌കോയുടെ പൈതൃക നഗരങ്ങളിൽ പെട്ട സോളമനെ പോലും മോഹിപ്പിച്ച ഷേബാ രാജ്ഞിയുടെ നാട്. ഞാൻ അവിടെ യുദ്ധത്തിനടയിൽ പോയ ആളാണ്,ഇന്ന് ആ നാട് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമുള്ള ദുരന്ത നാടാണ്.

മാർച്ച് നാലിന് വിശുദ്ധ കുർബാന അർപ്പിച്ച ശേഷം, പരിക്കുപറ്റിയും ക്ഷീണിതരുമായവർക്കൊപ്പം സേവനം ചെയ്യുമ്പോഴാണ് ഐസിസ് തീവ്രവാദികൾ ആക്രമണം നടത്തുന്നത്. ഇവിടെ നടന്ന ഏകപക്ഷീയമായ വെടിവെപ്പിൽ നാല് കന്യാസ്ത്രീകൾ മരിച്ചു. കൊല്ലപ്പെട്ട വയോധികജനങ്ങളുടെ വിവരം ഇപ്പോഴും അവ്യക്തമാണ്. ഇവിടെ നിന്നാണ് ടോമച്ചനെ ബന്ദിയാക്കുന്നത്.

ദൈവത്തിന് വേണ്ടി മരിക്കാൻ തന്നെയാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. താപനില നാൽപത്തഞ്ച് ഡിഗ്രിക്ക് മുകളിലുള്ള വടക്കേ ഇന്ത്യയിൽ മെച്ചത്തിലുള്ള ഫാൻ പോലുമില്ലാത്ത ഒരിടത്ത് വൈദികനായി ജോലി നോക്കുന്ന ഔസേപ്പച്ചൻ വള്ളികാട്ട് എന്റെ സഹോദരനാണ്. അതുകൊണ്ട് തന്നെ ഇതുറപ്പിച്ച് പറയാൻ കഴിയും.

വീഡിയോയിൽ ഐസിസ് കാരുടെ പീഡനമോ,ആവശ്യപ്രകാരമോ ആകാം ടോമച്ചൻ തന്റെ ജീവന് വേണ്ടി ഇരന്നത്, അവർക്ക് പണമാണ് ആവശ്യം. പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞുങ്ങളെപോലും ലേലംവിളിച്ച് അടിമയാക്കി വിൽക്കുന്നവർക്ക് മുന്നിൽ ഈ അച്ചന് എന്ത് ചെയ്യാൻ കഴിയും.
പക്ഷേ വേദനകൾക്കിടയിലും അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി എന്തൊക്കെയാണ് കേന്ദ്രസർക്കാർ ചെയ്തത്?

ഇതിനുള്ള ഉത്തരവും കണ്ണന്താനമോ,സുഷമാജിയോ,കുമ്മനമോ നൽകേണ്ടി വരും തീർച്ച. ടോമച്ചന്റെ മോചനവാർത്ത അറിയിക്കുമ്പോൾ മാധ്യമങ്ങൾ പോലും നൽകിത്തുടങ്ങിയിരുന്ന ടോമച്ചന്റെ പുതിയ പടം പോലും വിദേശകാര്യമന്ത്രാലയത്തിന് കിട്ടിയില്ല....

ഇന്നലെ ഒമാൻ ഭരണകൂടം തന്നെ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം പൊതുവേദിയിൽ പ്രസംഗമധ്യേ ഫ്രാൻസീസ് മാർപ്പാപ്പ ടോമച്ചന്റെ മോചനത്തിന് വേണ്ടി അപേക്ഷിച്ചിരുന്നു. പ്രാർത്ഥിച്ചിരുന്നു. അന്നുമുതൽ വത്തിക്കാൻ ടോമച്ചന്റെ മോചനത്തിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഔദ്യോഗിക പക്ഷവും, ഹൂതികളും, ഐഎസ് ഭീകരരും അരങ്ങുവാഴുന്ന യെമനിലേക്ക് രക്ഷാദൗത്യത്തിന് ഇറങ്ങണമെന്ന് ഒമാൻ ഭരണകൂടത്തോട് മാർപ്പാപ്പയുടെ പ്രതിനിധി നേരിട്ടെത്തി അഭ്യർത്ഥിച്ചത്. സുൽത്താൻ ഖാബൂസ് നല്ല മനസ്സുള്ള നേതാവാണെന്ന് ഒമാനിലുള്ളവർക്ക് മാത്രമല്ല അദ്ദേഹത്തെ അറിയാവുന്ന ലോകം മുഴുവൻ വിശ്വസിക്കും.

അദ്ദേഹം ഉത്തരവിട്ടു, യെമനിലെ ആരുമായും സംസാരിച്ച് വത്തിക്കാന്റെ അപേക്ഷ നടപ്പാക്കാൻ. റോയൽ എയർഫോഴ്‌സിന്റെ വിമാനത്തിൽ ഒമാനിൽ നിന്നും കൊണ്ടുപോയ പുത്തൻ കറുത്ത ഉടുപ്പും, ഷാളും ധരിപ്പിച്ചാണ് പതിനേഴ് മാസം ജീവന് വേണ്ടി കാത്തിരുന്ന ടോമച്ചനെ രക്ഷപ്പെടുത്തി കൊണ്ടുവന്നത്.
മോചനദ്രവ്യം കൊടുത്തോ ഇല്ലയോ എന്ന് എനിക്കറിയില്ല. എങ്കിലും ഒമാന്റെയും വത്തിക്കാന്റെയും നയതന്ത്ര ഇടപെടൽ തന്നെയാണ് ഈ നല്ല വാർത്തക്ക് വഴിതെളിച്ചത്.

അവകാശവാദങ്ങൾ ഉന്നയിക്കുകയല്ല വേണ്ടത്. പക്ഷേ ജാഗരൂകരായി ചുറ്റും നോക്കുക. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുക. ടോമച്ചനെ മോചിപ്പിച്ചത് വത്തിക്കാനാണ് എന്നതിന്റെ വലിയ തെളിവാണ് അദ്ദേഹം മസ്‌കറ്റിൽ നിന്നും റോമിലേക്ക് പറന്നത്.

ഇന്ത്യ ആയിരുന്നെങ്കിൽ വൻ സ്വീകരണ പരിപാടിയുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ ഒരു പക്ഷേ നമ്മുടെ പുതിയ മന്ത്രി കണ്ണന്താനവും മസ്‌ക്കറ്റിൽ എത്തുമായിരുന്നു. അവിടെയുള്ള ഇന്ത്യൻ എംബസിക്ക് പോലും മോചനം സംബന്ധിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു. പേര് പറയുന്നില്ലെങ്കിലും അവിടെയുള്ള ചിലരെ വിളിച്ചപ്പോൾ മാത്രമാണ് അവർ പോലും കാര്യങ്ങൾ അറിഞ്ഞത്.

ഈ എഴുത്തും ആരെയും കുറ്റപ്പെടുത്താനല്ല,പക്ഷേ സത്യങ്ങൾ മൂടിവക്കപ്പെടേണ്ടതല്ല എന്ന ഉത്തമ ബോധ്യം ഉള്ളതിനാലാണ്. ടോമച്ചന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒപ്പം പ്രശ്‌നകലുഷിതമായ പ്രദേശങ്ങളിൽ സേവനം ചെയ്യുന്ന മിഷനറിമാർക്കും,പട്ടാളക്കാർക്കും,ഉദ്യോഗസ്ഥർക്കും അവിടെയുള്ള കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP