Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അംബാനിഫിക്കേഷനിൽ കൊടിയ തൊഴിലാളി പീഡനമെന്ന് പത്ര പ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി; ന്യൂസ് 18 ചാനലിലെ ജീവനക്കാരെ പിരിച്ചു വിടുന്നത് ഫോണിലൂടെ ഭീഷണിപ്പെടുത്തി; വനിതാ ജേർണലിസ്റ്റുകളെയും മാനസികമായി തകർക്കുന്നു; എല്ലാറ്റിനും പിന്നിൽ തലപ്പത്തിരിക്കുന്നവരുടെ വ്യക്തി താൽപ്പര്യം: പ്രതികരണവുമായി സി നാരായണൻ

അംബാനിഫിക്കേഷനിൽ കൊടിയ തൊഴിലാളി പീഡനമെന്ന് പത്ര പ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി; ന്യൂസ് 18 ചാനലിലെ ജീവനക്കാരെ പിരിച്ചു വിടുന്നത് ഫോണിലൂടെ ഭീഷണിപ്പെടുത്തി; വനിതാ ജേർണലിസ്റ്റുകളെയും മാനസികമായി തകർക്കുന്നു; എല്ലാറ്റിനും പിന്നിൽ തലപ്പത്തിരിക്കുന്നവരുടെ വ്യക്തി താൽപ്പര്യം: പ്രതികരണവുമായി സി നാരായണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസിന്റെ മലയാളം വാർത്താ ചാനൽ ന്യൂസ് 18ലെ പിരിച്ചുവിടൽ നടപടിക്കെതിരെ പ്രതികരണവുമായി കേരളാ പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി നാരായണൻ. ചാനലിന്റെ തുടക്കത്തിൽ ഒപ്പം നിന്നവരെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിടുന്ന മാനേജ്‌മെന്റിന്റെയും എഡിറ്റോറിയലിന്റെ തലപ്പത്തുള്ള ചിലരുടെയും താൽപ്പര്യത്തിനെതിരെയാണ് ഫേസ്‌ബുക്കിലൂടെ സി നാരായണൻ പ്രതികരിച്ചത്.

ന്യൂസ് 18 വാർത്താ ചാനലിൽ തൊഴിൽ പീഡനമെന്ന് നടക്കുന്നതെന്നാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത്. വനിതാ മാധ്യമ പ്രവർത്തകരെയടക്കം ഒരു പറ്റം ജേർണലിസ്റ്റുകളെ തെരഞ്ഞു പിടിച്ച് നടത്തുന്ന തൊഴിൽ പീഡനം അസഹനീയമെന്ന് പത്രപ്രവർത്തക യൂണിയൻ നേതാവ് പറയുന്നു. ചാനലിന്റെ ആദ്യ ഘട്ടം മുതൽ അഹോരാത്രം ജോലി ചെയ്ത മാധ്യമ പ്രവർത്തകരെയാണ് തെരഞ്ഞു പിടിച്ച് മാനസികമായി അവഹേളിക്കുകയും പിരിച്ചുവിടുമെന്ന് ഭീഷണിപെടുത്തുകയും ചെയ്യുന്നതെന്ന് നാരായണൻ പറഞ്ഞു.

ചാനലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഹൈദരാബാദിൽ ന്യൂസ് ഡസക് ഉണ്ടാക്കി ആരംഭിച്ചപ്പോൾ അവിടെ പോയി ജോലി ചെയ്തവരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നവരിൽ ചിലരെന്നും സി. നാരായണൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. മികച്ച ജോലി അവസരം തേടി എത്തിയവരോട് ജോലി മികവില്ലെന്ന കാരണം പറഞ്ഞ് രാജിവെച്ചു പോവാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ തൊഴിൽ നിയമങ്ങളൊന്നും തന്നെ ബാധകമല്ലെന്ന രീതിയിലാണ് എച്ച് ആർ മാനേജർ പെരുമാറുന്നതെന്നം അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ന്യൂസ് 18 എന്ന മലയാളം വാർത്താ ചാനലിൽ ഒരു പറ്റം ജേർണലിസ്റ്റുകളെ തിരഞ്ഞു പിടിച്ചുള്ള തൊഴിൽപീഡനം അസഹ്യമായിരിക്കുകയാണ്. ചാനലിന്റെ തുടക്കം തൊട്ട് അഹോരാത്രം ജോലി ചെയ്ത കുറേ ജേർണലിസ്റ്റുകളാണ് മാനസികമായുള്ള അവഹേളനവും പിരിച്ചുവിടൽ ഭീഷണിയും നേരിടുന്നത്. ഇവരിൽ വനിതാ ജേർണലിസ്റ്റുകളും ഉൾപ്പെടുന്നു.

ജോലി മികവില്ല എന്ന കാരണം വെറുതെ പറഞ്ഞ് നിങ്ങൾ ഇപ്പോൾ രാജിവെച്ചു പോയ്ക്കൊള്ളണം എന്നാണ് പലരോടും ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഇവരെല്ലാം എത്രയോ വർഷങ്ങൾ വിവിധ ചാനലുകളിൽ ജോലി ചെയ്ത് പരിചയമുള്ള മികച്ച ജേർണലിസ്റ്റുകളാണ്. മികച്ച അവസരവും ശമ്പളവും തേടിയാണിവർ ന്യൂസ് 18-ൽ എത്തിയത്. ചാനലിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ഹൈദരാബാദിൽ ന്യൂസ് ഡസ്‌ക് ഉണ്ടാക്കി ആരംഭിച്ചപ്പോൾ അവിടെ പോയി ജോലി ചെയ്തവരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നവരിൽ ചിലർ.

പിരിച്ചുവിടുമെന്നും അല്ലെങ്കിൽ സ്വയം കിട്ടുന്നതും വാങ്ങി പിരിഞ്ഞു പോയ്ക്കൊള്ളണമെന്നുമാണ് നിരന്തരം ഭീഷണി. രാജ്യത്തെ യാതൊരു തൊഴിൽ ചട്ടങ്ങളും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് എച്ച്.ആർ.മാനേജരുടെയും അടുത്ത കാലത്ത് മാത്രം ചുമതല ഏറ്റെടുത്ത എഡിറ്റോറിയൽ മേധാവിയുടെയും ധിക്കാരപരമായ നടപടികൾ എന്ന് പറയാതെ വയ്യ.

നാട്ടിലെ നാനാ കാര്യങ്ങളെയും വിമർശിച്ച് നന്നാക്കുന്ന ചിലരെങ്കിലും ഉയർന്ന സ്ഥാനങ്ങളിലെത്തുമ്പോൾ തനി തൊഴിലാളിപീഡകരാകുന്ന സ്ഥിതി മാധ്യമസ്ഥാപനങ്ങളിൽ ഉണ്ട്. മുമ്പ് പറഞ്ഞു ശീലിച്ച ജനാധിപത്യമര്യാദകളും പ്രതിപക്ഷബഹുമാനമൊന്നും ഉയർന്ന കസേരയിലമർന്നു കഴിഞ്ഞാൽ ചിലരിൽ നിന്നും പൊടുന്നനെ അപ്രത്യക്ഷമാകും. ആദർശം നമ്മളൊഴികെ ബാക്കി എല്ലാവരും പാലിക്കാനുള്ളതാണ് എന്ന മട്ട്.

ഇത് ചിലരുടെ മാത്രം രൂപപരിണാമമാണ്. അതിനു പിറകിലെ മാനസികാവസ്ഥ എന്തായാലും കേരളീയ സമൂഹത്തിൽ അത് വിലപ്പോവുന്നതല്ല. ഭീഷണിപ്പെടുത്തി ഫോണിലൂടെ വാക്കാൽ പിരിച്ചുവിടുക, യാതൊരു കാര്യവും രേഖാമൂലം നൽകാതിരിക്കുക, പ്രതിഷേധിച്ചാൽ ഇനി ഒരിടത്തും ജോലി കിട്ടാതാവും, കരിയർ നശിച്ചു പോകും എന്ന് മാനസിക പീഡനം നടത്തുക ഇതൊക്കെയാണ് മിഡിൽ മാനേജർമാരുടെ രീതികൾ. ഇത് ഉന്നതങ്ങളിൽ അവതരിപ്പിക്കുന്നത് വേറെ ഏതെങ്കിലും വിധത്തിലായിരിക്കും.

മീനു ബഷീർ എന്ന ജേർണലിസ്റ്റിനെ നേരത്തെ നിർബന്ധിച്ച് രാജിവെപ്പിച്ചു. ഇപ്പോൾ പ്രമുഖയായ വനിതാജേർണലിസ്റ്റ്( ഇവർ ആദ്യ മുഴുവൻ സമയ ന്യൂസ് ചാനലായ ഇന്ത്യാവിഷൻ തൊട്ട് വിഷ്വൽ മീഡിയയിൽ സജീവമാണ്) ഉൾപ്പെടെ ഏഴുപേരെ മാനസികമായി സമ്മർദ്ദം ചെലുത്തുകയും പിരിച്ചുവിടൽ ഭീഷണി മുഴക്കുകയും ചെയ്യുന്നു. വനിതകളെ തൊഴിൽ്സ്ഥലത്ത് മാനസികമായി സമ്മർദ്ദപ്പെടുത്തുന്നുണ്ടെങ്കിൽ അതും ഗൗരവതരമാണ്. തലപ്പത്തിരിക്കുന്ന ചിലരുടെ വ്യക്തി താൽപര്യങ്ങളാണ് ഇത്തരം സമീപനങ്ങൾക്കു പിന്നിലെന്ന് ജേർണലിസ്റ്റുകൾ തെളിവു സഹിതം വ്യക്തമാക്കുന്നു.

ഷോപ്സ് ആൻഡ് അദർ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് ആണെങ്കിൽ അതാവട്ടെ, ഏതെങ്കിലും നിയമം അനുസരിച്ചല്ലാതെ ഒരു സ്ഥാപനത്തിനും ജീവനക്കാരെ തോന്നിയപോലെ കൈകാര്യം ചെയ്യാനാവില്ല. മാധ്യമസ്ഥാപനമായതു കൊണ്ടു മാത്രം നാട്ടിലെ തൊഴിൽ നിയമങ്ങളൊന്നും പാലിക്കേണ്ട എന്നില്ല എന്നു മാത്രമല്ല, അവ പാലിച്ച് മാതൃകയാകാൻ ഏറെ ബാധ്യതയുണ്ട് പ്രത്യേകിച്ച് മാധ്യമങ്ങൾക്ക്.

സാമൂഹ്യബോധത്തിന് എതിരായി മുന്നോട്ടു നീങ്ങാൻ ശ്രമിച്ച ഒരു മാധ്യമസ്ഥാപനത്തിനും വളർച്ചയല്ല തളർച്ചയാണ് കേരളത്തിൽ നേരിടുക എന്ന യാഥാർഥ്യം ന്യൂസ് 18 ചാനലിനായി പണം മുടക്കുന്നവരെങ്കിലും മനസ്സിലാക്കുന്നത് വളരെ നല്ലതാണ്.

കേവലം നിലനിൽപിനായി ഉയരുന്ന വിലാപങ്ങൾക്ക്, നീളുന്ന കൈകൾക്ക് ശക്തമായ പിന്തുണയുമായി കേരള പത്രപ്രവർത്തക യൂണിയൻ നിൽക്കുക തന്നെ ചെയ്യും. സമൂഹത്തിലെ വിവിധ തൊഴിലാളിവിഭാഗങ്ങളുടെ ശക്തമായ പിന്തുണ ഇക്കാര്യത്തിൽ തേടുകയും ചെയ്യും. ചാനലിന്റെ ഉന്നതർക്കും രാജ്യത്തെ ഉന്നത ഭരണകൂടങ്ങൾക്കും ഇതിലൊക്കെ ഇടപെടാനും കഴിയും. അതിന് തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു.

അഹോരാത്രം പണിയെടുക്കുന്നവരുടെ
അതിജീവനത്തിനായി
സർവ്വ പിന്തുണയും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP