ആലുവ തീവ്രവാദ റിപ്പബ്ലിക്കോ? ഉസ്മാൻ സംഭവവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ 'നോമ്പ് നോറ്റ് വന്ന' വ്യക്തിയെ പൊലീസ് മർദ്ദിച്ചു എന്ന പരാമർശനം വർഗീയത ഇളക്കിവിടും വിധമെന്ന് ആരോപണം; മാതൃഭൂമിയുടെ പ്രൈം ടൈം അവതാരകൻ വേണു ബാലകൃഷ്ണനെതിരെ പരാതി നൽകി ഡിവൈഎഫ്‌ഐ; അവതാരകനെ വിമർശിക്കുന്ന വീഡിയോയും വൈറൽ
June 13, 2018 | 07:00 PM IST | Permalink

മറുനാടൻ ഡെസ്‌ക്
കൊല്ലം: ആലുവ തീവ്രവാദികളുടെ റിപ്പബ്ലിക്കോ? മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ തുടർന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈമിൽ നടന്ന ഡിബേറ്റിലെ ചർച്ചയുടെ ടാഗ് ഇങ്ങനെയായിരുന്നു. വിവാദമായ ഈ ചർച്ചാവിഷയത്തിനിടെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് വേണു ബാലകൃഷ്ണനെതിരെ പരാതി. ചാനൽ ചർച്ചക്കിടെ വർഗീയത വളർത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ പരാതി നൽകിയത്.
ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആർ ബിജു സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കഴിഞ്ഞ ജൂൺ ഏഴിന് മാതൃഭൂമി ചാനലിൽ സംപ്രേഷണം ചെയ്ത ന്യൂസ് ഔവർ ഡിബേറ്റിൽ ചർച്ച ആരംഭിച്ച് കൊണ്ട് വേണു നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന മതേതരത്വത്തെയും സമാധാന അന്തരീക്ഷത്തേയും തകർക്കുന്ന തരത്തിലാണെന്ന് പരാതിയിൽ പറഞ്ഞു. പരാതിയിൽ കേസ് എടുക്കുന്നത് സംബന്ധിച്ച് പൊലീസ് പ്രോസിക്യൂഷൻ ഡയറക്ടറുടെ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കും.
മുസ്ലിം സഹോദരങ്ങളെ എന്ന് സമൂഹത്തിന്റെ ഒരു വിഭാഗത്തെ മാത്രം അഭിസംബോധന ചെയ്ത് സമൂഹത്തിൽ മതപരമായ വിഭജനവും വർഗീയതയും ഉയർത്താനുള്ള ശ്രമമാണ് നടന്നത്. രണ്ട് വ്യക്തികൾ തമ്മിൽ നടന്ന സംഘർഷത്തെ ഒരു വിഭാഗത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിച്ചു മാതാചാരത്തെ അപമാനിച്ചു എന്ന തരത്തിൽ വക്രീകരണമുണ്ടായി. ഇത് ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്ന് ആരോപിച്ചാണ് പരാതി. 153 എ പ്രകാരമുള്ള കുറ്റകൃത്യത്തിന് 3 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്. ചർച്ചയുടെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിഡി സഹിതമാണ് പരാതി. പരാതി സ്വീകരിച്ച പൊലീസ് ആർ ബിജുവിന്റെ മൊഴിയെടുത്തു.
നോമ്പു നോറ്റുവന്ന ഉസ്മാനെ മർദ്ദിച്ച കാര്യം വിശദീകരിച്ചപ്പോൾ നോമ്പ് തുറക്കാൻ പോയവന് തുറങ്ക് കിട്ടുന്ന നാടാണിതെ വിധത്തിൽ നടത്തിയ പരാമർശ ചൂണ്ടിക്കാട്ടിയാണ് പരാതി. അതേസമയം ഈ വിഷയത്തിൽ വേണുവിനെതിരെ സൈബർ ലോകത്തും എതിർപ്പുയർന്നിട്ടുണ്ട്. ഉസ്മാന്റെ മതം പറഞ്ഞാണ് വേണു ആ ചർച്ച തുടങ്ങിയ വേണുവിനെ വിമർശിക്കുന്ന വീഡിയോയാണ് സൈബർ ലോകത്ത് വൈറലായിരിക്കുന്നത്. ഷാജു വിപി എന്ന യുവാവാണ് ഫേസ്‌ബുക്കിലൂടെ ലൈവുമായി എത്തിയത്.
ഷാജുവിന്റെ വിമർശനം ഇങ്ങനെയാണ്: പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ, നിങ്ങൾ ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയിൽ കഴിയുകയാണ്. ആ നിങ്ങൾക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാർത്തി നൽകിയിരിക്കുന്നത്. നോമ്പ് തുറക്കാൻ പോയവന് തുറങ്ക് കിട്ടുന്ന നാടാണിത് എന്നാണ് വേണു ബാലകൃഷ്ണൻ ഉസ്മാൻ വിഷയത്തിലെ ചർച്ചയ്ക്ക് ആമുഖമായി പറഞ്ഞത്.
വരാപ്പുഴയിലെ ശ്രീജിത്തിന്റെയോ കെവിന്റെയോ മതം പറയാത്ത വേണു ഉസ്മാന്റെ മതം പറയുന്നത് തികഞ്ഞ വർഗീയതയാണ് എന്നാണ് വീഡിയോയിൽ പറയുന്നത്. യുവാവിന്റെ വാക്കുകൾ ഇതാണ്: '' എന്താ വേണൂ നിന്റെ ഡയലോഗ്. ഉമിനീര് പോലും എടുക്കാതെ നോമ്പ് നോറ്റിരിക്കുന്ന മുസ്ലിംങ്ങളെയാണ് തീവ്രവാദികളാക്കിയതെന്ന്. വിഷം തേച്ച നാവ് കൊണ്ട് നിങ്ങൾ എന്തൊക്കെയാണ് വേണൂ കുരയ്ക്കുന്നത്. വേണുവിനൊരു മറുപടി തരണമെന്ന് കുറേ ദിവസമായി വിചാരിക്കുന്നു.
ഒരു കോട്ടുമിട്ട് ന്യൂസ് റൂമിലിരുന്നാൽ സുപ്രീം കോടതി ജഡ്ജിയാണ് എന്നൊരു തെറ്റിദ്ധാരണ വേണുവിനെ പോലുള്ള അവതാരകർക്കുണ്ട്. അത് നിങ്ങളുടെയൊക്കെ വെറും തെറ്റിദ്ധാരണ മാത്രം തന്നെയാണ്. വേണുവിന്റെ പരിപാടി കാണാൻ ഇരിക്കുന്ന ഒരു ചെറിയ ശതമാനം ആളുകൾ പോലും ഇന്നത്തെ സമൂഹത്തിൽ ഇല്ല. പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറയിൽ ഈ ഊളപ്പരിപാടി കാണാൻ ഒരു മനുഷ്യനും ഇല്ല.
തനിക്കൊക്കെ ഞംഞം അടിക്കാൻ ഇത്തരത്തിൽ മതവും വർഗീയതയും പറഞ്ഞ് നല്ല രീതിയിൽ ഐക്യത്തോടെ പോകുന്ന ഒരു സമൂഹത്തെ ഭിന്നിപ്പിച്ച് എന്ത് നേടാനാണ്. നോമ്പ് നോറ്റ് വന്നതിന്റെ പേരിലോ അവൻ മുസ്ലിം ആയതിന്റെ പേരിലോ അല്ല. ഉസ്മാൻ എന്ന് പറയുന്നയാൾ ഇതിന് മുൻപും പല കേസുകളിലും പ്രതിയാണ്. ഒരു എസ്ഐയെ അടിച്ച കേസിലും കളമശ്ശേരി ബസ് കത്തിക്കൽ കേസിലും പ്രതിയാണ്.
അല്ലാതെ ഒരു പള്ളിയിലെ ഉസ്താദ് ബാങ്ക് കൊടുത്ത് വരികയോ ഒരു മതപണ്ഡിതൻ റോഡിലൂടെ വരുമ്പോൾ നിനക്ക് നോമ്പുണ്ടോ നീ മുസ്ലിം ആണോ എന്ന് ചോദിച്ച് പൊലീസ് അടിച്ചതൊന്നുമല്ല. ഒരു പൊലീസുകാരനെ കയറി ചൊറിഞ്ഞപ്പോൾ പൊലീസുകാരൻ അടിച്ചു. അതിപ്പോ വേണു എന്ന പേരുള്ളവനോ ജോസഫ് എന്ന പേരുള്ളവനോ ഉസ്മാൻ എന്ന് പേരുള്ളവനോ ഏത് മതത്തിൽപ്പെട്ടവനോ ആയാലും തല്ല് കിട്ടും.
പൊലീസുകാർക്ക് അവരുടെ ജോലി കൃത്യമായി ചെയ്യുക തന്നെ വേണം. തല്ലാൻ പോയ പൊലീസുകാരന്റെ പേര് അഫ്സൽ എന്നാണ്. അതും ഉമിനീരിറക്കാതെ നോമ്പ് നോറ്റ മുസ്ലിം തന്നെ ആയിരുന്നു. വെറുതെ റോഡിൽക്കൂടി പോയവനെ പിടിച്ച് അടിക്കാൻ പൊലീസുകാർ എന്താ ചോറല്ലേ തിന്നുന്നത്. അവിടെയാണ് വേണു മതവും വർഗീയതയും പറഞ്ഞ് പ്രചരിപ്പിക്കുന്നത്. വല്ല വയളും പറയാൻ പോകുന്നതാവും നല്ലത്.
മതത്തിനോടും മുസ്ലിംങ്ങളോടും വേണുവിനുള്ള സ്നേഹം കാണുമ്പോൾ വല്ലാത്ത ഒരിത്. ആരുടെ മുന്നിലാണ് നിങ്ങളീ നാടകം കളിക്കുന്നത്. ഭക്ഷണം കഴിക്കാൻ ആണെങ്കിൽ വേറെ വല്ല പണിക്കും പോയ്ക്കൂടെ. വിനുവിനേയും വേണുവിനേയും പോലുള്ള ചില ആളുകളുണ്ട്. കോട്ടിട്ട് കഴിഞ്ഞാൽ എന്ത് ഊളത്തരവും വിളിച്ച് പറയാം എന്ന് കരുതുന്നവർ. ന്യൂസ് അവർ, ന്യൂസ് പ്രൈം ടൈം എന്നൊക്കെ പറഞ്ഞ് തുടങ്ങും
കുറച്ച് ആളുകളെ കൊണ്ട് വന്ന് ഇരുത്തും. അവരെ ഒന്നും പറയാൻ സമ്മതിക്കില്ല. നിങ്ങൾക്ക് തോന്നുന്നത് നിങ്ങളങ്ങ് വിളമ്പി വിടും. ദയവ് ചെയ്ത് ഭിന്നിപ്പിക്കരുത്. കേരളം അത്രയേറെ ഐക്യത്തോടെ മുന്നോട്ട് പോകുന്ന ഒരു നാടാണ്. അവിടെക്കയറി ഇജ്ജാതി ഊളത്തരം വിളിച്ച് പറയരുതം മിസ്റ്റർ വേണു. പണ്ട് ദിലീപ് പറഞ്ഞത് പോലെ വേണുവിന് പറ്റിയ പണി കുഴലൂത്താണ്. അല്ലേൽ വല്ല കമ്പിപ്പാരയും എടുത്ത് കക്കാൻ പോകൂ.
ആ പണിക്ക് വർഗീയത പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കുന്നതിനേക്കാൾ അന്തസ്സുണ്ട്. അന്ന് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടപ്പോൾ ഹിന്ദു ആയതുകൊണ്ട് ശ്രീജിത്തിനെ കൊന്നുവെന്ന് താൻ പറഞ്ഞില്ലല്ലോ. കെവിൻ കൊല്ലപ്പെട്ടപ്പോൾ ക്രിസ്ത്യാനി ആയതുകൊണ്ടാണ് കൊന്നതെന്ന് പറഞ്ഞോ. ഒരു ഉസ്മാൻ കയറി പൊലീസുകാരെ ചൊറിഞ്ഞപ്പോൾ രണ്ടെണ്ണം കൊടുത്ത് ഉസ്മാന്റെ താടിയെല്ല് പൊട്ടി.
പൊലീസുകാർക്ക് അവരുടെ ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിങ്ങളെപ്പോലുള്ളവർ ഉണ്ടാക്കി വെയ്ക്കുന്നത്. ഏതെങ്കിലും ഒരു ഒറ്റപ്പെട്ട സംഭവം എടുത്ത് മൊത്തം പൊലീസുകാരെയും കരിവാരിത്തേക്കും. അതല്ല വേണ്ടത്. നല്ല കാര്യങ്ങൾ ചെയ്യുന്നവരാണ് ഭൂരിപക്ഷം പൊലീസുകാരും. അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ മനസമാധാനത്തിൽ ജീവിക്കുന്നത്. ആ സംവിധാനം തകർന്നാൽ നാട് കുട്ടിച്ചോറാകും. അതിനുള്ള അവസരം ഉണ്ടാക്കരുത്'' എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
