Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പലിനെ ഓഫീസിൽ കയറി ചീത്ത പറഞ്ഞ ഉശിരൻ സഖാവ് കോടിയേരിക്ക് ലക്ഷ്മി നായർക്ക് മുമ്പിൽ മുട്ട് വിറയ്ക്കുന്ന കാഴ്‌ച്ച പരിചയപ്പെടുത്തി സിന്ധു സൂര്യകുമാർ; ലോ അക്കാദമി വിഷയത്തിൽ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും തൊലിയുരിച്ച് ഏഷ്യാനെറ്റിന്റെ കവർസ്‌റ്റോറി

യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പലിനെ ഓഫീസിൽ കയറി ചീത്ത പറഞ്ഞ ഉശിരൻ സഖാവ് കോടിയേരിക്ക് ലക്ഷ്മി നായർക്ക് മുമ്പിൽ മുട്ട് വിറയ്ക്കുന്ന കാഴ്‌ച്ച പരിചയപ്പെടുത്തി സിന്ധു സൂര്യകുമാർ; ലോ അക്കാദമി വിഷയത്തിൽ സിപിഎമ്മിന്റെയും എസ്എഫ്‌ഐയുടെയും തൊലിയുരിച്ച് ഏഷ്യാനെറ്റിന്റെ കവർസ്‌റ്റോറി

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരവും പ്രിൻസിപ്പൽ സ്ഥാനം രാജിവെക്കാതെ തുടരുന്ന ലക്ഷ്മി നായരുടെ കടുംപിടുത്തവും മൂലം ഏറ്റവും അധികം വെട്ടിലായിരിക്കുന്നത് കേരളം ഭരിക്കുന്ന സിപിഎമ്മാണെന്നത് പകൽപോലെ വ്യക്തമാണ്. സമരത്തോടുള്ള സിപിഎമ്മിന്റെ നിലപാട് തന്നെ ഏറെ വിമർശന വിധേയകമാകുന്ന കാഴ്‌ച്ചയാണ് ഇവിടെയുള്ളത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി വിഷയം ഏറ്റെടുത്തിട്ടില്ലെന്ന വ്യക്തമാക്കിയതും ഒടുവിൽ സമരപന്തലിൽ എത്തിയതുമൊക്കെ കേരള സമൂഹം സംശയത്തോടെയാണ് കാണുന്നത്. ഈ സവിശേഷമായ സാഹചര്യത്തെ കുറിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വാരാന്ത്യ പരിപാടിയായ കവർ സ്റ്റോറി. സിന്ധു സൂര്യകുമാർ അവതരിപ്പിച്ച പരിപാടി സിപിഎമ്മിന്റെയും സർക്കാറിന്റെയും അവസരവാദ നിലപാടിനെതിരെ പിടിച്ച തുറന്ന കണ്ണാടിയായി.

നിക്ഷിപ്ത താൽപ്പര്യങ്ങൾ രാഷ്ട്രീയക്കാരെ എങ്ങനെ വെട്ടിലാക്കുന്നു എന്നതിനെ കുറിച്ച് വിശദീകരിച്ചു കൊണ്ടാണ് സിന്ധു സൂര്യകുമാർ പരിപാടി തുടങ്ങിയത്. ലോ അക്കാദമി സമരത്തിൽ നാണക്കേടിന്റെ നെറുകയിലാണ് സിപിഎമ്മും സർക്കാരുമെന്ന് സിന്ധു വ്യക്തമാക്കുകയും ചെയ്തു. എസ്എഫ്‌ഐ കൂടി പങ്കെടുക്കുന്ന വിദ്യാർത്ഥി സമരം സിപിഐ(എം) പിന്തുണയിൽ അല്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണനായിരുന്നു കവർസ്‌റ്റോറിയുടെ ആക്രമണത്തിന് ശരിക്കും ഇരയായത്. കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്നു വിശദീകരിച്ച സിന്ധു നേരെ തീപ്പൊരി സഖാവായ കോടിയേരിയുടെ പഴയ ഒരു ദൃശ്യം ചൂണ്ടിക്കാട്ടി.

2001ൽ ഒരു സമരകാലത്ത് എസ്എഫ്‌ഐ വിദ്യാർത്ഥികൾക്കെതിരായ നടപടിയുടെ പേരിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പിൻസിപ്പലിനെ നിർത്തിപ്പൊരിക്കുന്ന കോടിയേരിയുടെ ദൃശ്യങ്ങളാണ് പരിപാടി പ്ലേ ചെയ്തത്. നിങ്ങൾക്ക് കോളേജിനെ നിയന്ത്രിക്കാൻ അറിയില്ലെന്നും നിങ്ങളൊരു പ്രിൻസിപ്പലാണോ എന്നും ചോദിച്ച് കത്തിക്കയറുകയായിരുന്നു അന്ന് കോടിയേരി. കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ച പ്രിൻസിപ്പലിന് അതിന് അനുവദിക്കാതെ ഊടുപാട് ചീത്തപറയുകയായുന്നു കോടിയേരി. വി ശിവൻകുട്ടിയും ടി ശിവദാസ മേനോനും കോടിയേരിക്കൊപ്പമുണ്ടായിരുന്നു. തലസ്ഥാനത്തുള്ള വേളയിൽ ഇവിടുത്തെ കോളേജിൽ സമരം നടക്കുമ്പോൾ കോടിയേരി എങ്ങനെയാണ് ഇടപെട്ടത് എന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു കവർ സ്റ്റോറി. എന്നാൽ, അന്ന് തീപ്പൊരിയായ കോടിയേരിക്ക് ഇപ്പോൾ ലക്ഷ്മി നായരുടെ മുന്നിൽ മുട്ടു വിറയ്ക്കുന്ന കാര്യമാണ് അക്കമിട്ട് സിന്ധു ചൂണ്ടിക്കാട്ടിയത്.

ഒരുപാട് തവണ കോടിയേരി ഇങ്ങനെ ഇടപെട്ട കാര്യം ചൂണ്ടിക്കാട്ടിയ സിന്ധു കോടിയേരി പുതിയൊരു മനുഷ്യനായിരിക്കുന്നു എന്ന കാര്യമാണ് വ്യക്തമാക്കിയത്. ലോ അക്കാദമിയിലെ സമരപന്തലിൽ എത്തിയത് പതിനെട്ടാം ദിനമാണെന്ന് പറഞ്ഞതിന് പിന്നാലെ ഇത് വെറും വിദ്യാർത്ഥി വിഷയമാണെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചു തള്ളുകയായിരുന്നു പരിപാടി. സ്വാശ്രയ വിഷയത്തിൽ പിണരായി പറയുന്ന വിടുവായത്തം മാത്രമാണെന്ന് സമർത്ഥിച്ച സിന്ധു സിപിഎമ്മിന് ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പ് അക്കമിട്ട് നിരത്തുകയും ചെയ്തു. സർക്കാറിന്റെ മൂക്കിന് താഴെ നടക്കുന്ന പ്രശ്‌നത്തെ സർക്കാർ കാണാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിക്കുന്നു.

ലോ അക്കാദമിക്കെതിരെ ഇതാദ്യമായല്ല പരാതി ഉയരുന്നതെന്ന കാരവും കവർ സ്റ്റോറി ചൂണ്ടിക്കാട്ടുന്നു. മുൻപ് തിരുവനന്തപുരം ലോകോളേജിലെ വിദ്യാർത്ഥികൾ ലോ അക്കാദമിയിൽ ഉള്ള വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റികൾക്ക് പ്രത്യേകം പരിഗണന നൽകുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടി സമരം നടത്തിയ കാര്യവും ഓർമ്മിപ്പിക്കുന്നു. സർക്കാർ സ്ഥലം സ്വകാര്യ വ്യക്തികൾക്ക് തീറെഴുതിയതിന്റെ ഉദാഹരണമാണ് ലോ അക്കാദമിയെന്നും വ്യക്തമാക്കുന്നു.

സെക്രട്ടറിയേറ്റിന് അടുത്താണ് ലോ അക്കാദമിയുടെ സ്ഥലത്ത് ഫ്‌ലാറ്റ് സമുച്ഛയും ഉയരുന്നത്. ഇതേക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ലെന്ന് മാത്രവും. വി എസ് അടക്കമുള്ളവരുടെ പ്രതികരണം മറ്റ് കാരണം കൊണ്ടാണ്. ഫ്‌ലാറ്റ് സമച്ഛയം തിരിച്ചുപിടിക്കാനോ അധിക സ്ഥലം തിരിച്ചു പിടിക്കാനോ സിപിഐ(എം) താൽപ്പര്യപ്പെടാത്തതിന് പിന്നിലെ പാർട്ടി ബന്ധങ്ങളും കാരണങ്ങളും ചാനൽ വ്യക്തമാക്കുന്നു. സ്വാശ്രയ വിഷയത്തിൽ മുൻ യുഡിഎഫ് സർക്കാറിനെ കുറ്റപ്പെടുത്തുന്ന എൽഡിഎഫ് സർക്കാർ എന്തുകൊണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടി നിലപാട് സ്വീകരിക്കാത്തതെന്നും ചോദ്യം ഉന്നയിക്കുന്നു. ഇതിന് പിന്നിൽ സായിപ്പിനെ കാണുമ്പോൾ കവാത്തുമറക്കലാണെന്നും സിന്ധു പറയുന്നു.

എസ്എഫ്‌ഐയുടെ നിലപാടുകളെയും സിന്ധു സൂര്യകുമാർ വിമർശിക്കുന്നു. പാലക്കാട് പ്രിൻസിപ്പലിനെ സംസ്‌ക്കരിച്ചതും മഹാരാജാസിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും തെറ്റായ തീരുമാനമാണെന്ന ചൂണ്ടിക്കാട്ടുമ്പോൾ തന്നെ ലോ അക്കാദമിയിലെ സമരത്തിന് പിന്നിലെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കുകയും ചെയ്യുന്നു. സമരം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞ് ഞായറാഴ്‌ച്ചയാണ് എസ്എഫ്‌ഐ സമരം തുടങ്ങിയത്. ഇത് തന്നെ വിഷയത്തിൽ എസ്എഫ്‌ഐയുടെ സ്വാർത്ഥ താൽപ്പര്യം വ്യക്തമാണെന്നും കവർ സ്റ്റോറി ചൂണ്ടിക്കാട്ടി. കള്ളത്തരമാണ് സർക്കാറും സിപിഎമ്മും കാണിക്കുന്നതെന്ന് നാട്ടുകാർക്ക് വ്യക്തമാകുന്നതെന്നും സിന്ധു ചൂണ്ടിക്കാട്ടുന്നു.

ലോ അക്കാദമിയിലെ പ്രശ്‌നങ്ങൾക്ക കാരണം അത് പരിഹരിക്കാതെ അഹങ്കാരം കാണിച്ചതാണെന്നും കവർ‌സ്റ്റോറി വ്യക്തമാക്കുന്നു. വിദ്യാർത്ഥികളുടെ ചെറിയ പരാതി ഭൂമി വിഷയത്തിലേക്ക് അടക്കം ഉയർന്നത് പ്രശ്‌നം പരിഹരിക്കാത്തതു കൊണ്ടാണെന്നും സിന്ധു പറഞ്ഞു വെക്കുന്നു. മാദ്ധ്യമങ്ങളാണ് വിഷയം കുളമാക്കുന്നതെന്ന് കോടിയേരിയുടെ പരാമർശത്തെ പരിഹസിക്കുകയും ചെയ്യുന്നു. ഞങ്ങൾ മിണ്ടാതിരിന്നാലല്ലേ..പ്രിൻസിപ്പിലിനെ ലീവെടുത്ത് പ്രശ്‌നം പരിഹരിക്കാനാവൂ.. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയാലും തറവാടികളാണെങ്കിൽ പാർട്ടി സമ്മതിക്കുമല്ലോയെന്നും കവർസ്‌റ്റോറി പരിഹസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP