Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾക്കുമാകാം കോടീശ്വരൻ തട്ടിപ്പോ? ഷോയിലെത്തുന്ന നടീ നടന്മാർക്ക് ഉത്തരം നേരത്തെ പറഞ്ഞുകൊടുക്കുന്നു; വേഗവിരൽ ചോദ്യവും ഓഡിയൻസ് പോളുമെല്ലാം പ്രേക്ഷകരെ മണ്ടന്മാരാക്കുന്നു: മുൻ മത്സരാർഥിയുടെ വെളിപ്പെടുത്തലുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾക്കുമാകാം കോടീശ്വരൻ തട്ടിപ്പോ? ഷോയിലെത്തുന്ന നടീ നടന്മാർക്ക് ഉത്തരം നേരത്തെ പറഞ്ഞുകൊടുക്കുന്നു; വേഗവിരൽ ചോദ്യവും ഓഡിയൻസ് പോളുമെല്ലാം പ്രേക്ഷകരെ മണ്ടന്മാരാക്കുന്നു: മുൻ മത്സരാർഥിയുടെ വെളിപ്പെടുത്തലുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആവണി ഗോപാൽ

ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസിൽ ഇടം നേടിയ പരിപാടിയാണ് ഏഷ്യാനെറ്റിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന ഗെയിം ഷോ. പരിപാടി കാണുന്ന അൽപം വിവരമുള്ളവർക്ക് ഷോയെ പറ്റി വലിയ മതിപ്പുണ്ടാകാൻ ഇടയില്ല. ഷോയിലെത്തുന്ന സെലിബ്രിറ്റി ഗസ്റ്റുകൾ കൃത്യമായി ഉത്തരം പറയുന്നതും ഓഡിയൻസ് പോളും എല്ലാം സംശയദൃഷ്ടിയോടെയാകും ഇത്തരക്കാർ വീക്ഷിക്കുക.

എന്നാൽ കേരളജനതയിൽ നല്ലൊരു ഭാഗവും ഷോയെ പൂർണമായും വിശ്വസിച്ചാണ് 'അറിവ് നേടാനായി' തിങ്കൾ മുതൽ വ്യാഴം വരെ രാത്രി എട്ടുമണിക്ക് ടിവി കാണാൻ ഇരിക്കുന്നത്. 2012ൽ സുരേഷ് ഗോപി അവതാരകനായി എത്തിയ നിങ്ങൾക്കുമാകാം കോടീശ്വരൻ മൂന്നാം സീസണിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇത് തന്നെ ഷോ എത്രമാത്രം ജനപ്രീതിയാർജ്ജിച്ചു എന്നതിന് തെളിവാണ്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിങ്ങൾക്കുമാകാം കോടീശ്വരന്റെ പേരിൽ ഒരു ചർച്ച നടക്കുകയാണ്. കോടീശ്വരനിൽ പങ്കെടുത്ത മുൻ മത്സരാർഥിയായ റെഫീക്ക് അരീക്കൽ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചില പോസ്റ്റുകളുടെയും ഫോട്ടോകളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കോടീശ്വരൻ ഗെയിം ഷോ ജനങ്ങളെ വഞ്ചിക്കുന്നതിനെ ചൊല്ലി ചർച്ച കൊഴുക്കുന്നത്. കോടീശ്വരൻ ഗെയിം ഷോ ഒരു ശുദ്ധ തട്ടിപ്പാണെന്ന തന്റെ കണ്ടെത്തലുകൾ അക്കമിട്ട് ഫേസ്‌ബുക്ക് പേജിൽ നിരത്തിയാണ് കോടീശ്വരനിലെ ആദ്യ സീസണിൽ പങ്കെടുത്ത റെഫീക്ക് രംഗത്ത് എത്തിയിരിക്കുന്നത്.

ആദ്യ സീസണിലാണ് റെഫീക്ക് നിങ്ങൾക്കുമാകാം കോടീശ്വരനിൽ പങ്കെടുക്കുന്നത്. പങ്കെടുത്തുകഴിഞ്ഞപ്പോഴാണ് കോടീശ്വരനിൽ നടക്കുന്ന തട്ടിപ്പിന്റെ ആഴം റെഫീക്ക് അറിയുന്നത്. രണ്ടു വർഷമായി ഫേസ്‌ബുക്കിലൂടെ റെഫീക്ക് കോടീശ്വരനിലെ കള്ളക്കളികൾ പങ്കുവച്ച് പോസ്റ്റിടുന്നുണ്ട്. പലരും ഇത് അടുത്ത സമയങ്ങളിൽ ചില ഗ്രൂപ്പുകളിൽ ഷെയർ ചെയ്തതാണ് സോഷ്യൽ മീഡിയയിൽ ഇത് ചർച്ചയാവാൻ കാരണം.

കാഴ്ചക്കാരെയും റിയാലിറ്റി ഷോ കാണാൻ എത്തുന്നവരെയും ഒരു പോലെ വഞ്ചിക്കുകയാണ് കോടീശ്വരൻ പരിപാടിയെന്ന് റെഫീക്ക് പറയുന്നു. ഓഡിയൻസ് പോൾ ലൈഫ് ലൈനിനെതിരെയും വേഗവിരൽ ചോദ്യത്തിനെതിരെയും ഷോയിൽ എത്തുന്ന സെലിബ്രിറ്റി നടീനടന്മാർക്കെതിരെയും എസ്എംഎസ് കള്ളക്കളിക്കെതിരെയുമെല്ലാം ഫേസ്‌ബുക്കിൽ റെഫീക്ക് ആഞ്ഞടിക്കുന്നുണ്ട്.

നിങ്ങൾക്കും ആകാം കോടീശ്വരനിലെ ഏറ്റവും വലിയ തട്ടിപ്പ് വേഗവിരലിലൂടെ ഹോട്ട് സീറ്റിൽ ആളുകളെ തെരഞ്ഞെടുക്കുന്നതിലാണെന്നാണ് റെഫീക്ക് ഫേസ്‌ബുക്കിൽ പറയുന്നു. വേഗവിരൽ മത്സരത്തിൽ ചാനലുകാർക്ക് താൽപര്യമുള്ളവരെയാണ് വിജയിപ്പിച്ച് ഹോട്ട്‌സീറ്റിൽ ഇരുത്തുന്നതത്രേ. ഇതിനു വേണ്ടി മറ്റുള്ളവരുടെ രേഖപ്പെടുത്തിയ ഉത്തരങ്ങൾ തെറ്റിപ്പോയതായി വരുത്തിത്തീർക്കും. അതിനായി പലവിധത്തിലുള്ള ന്യായങ്ങളും ചാനലുകാർ നിരത്തും. സ്‌ക്രീനിൽ നന്നായി വിരലമർത്തിയില്ല, നിങ്ങൾ ഉത്തരം ക്രമപ്പെടുത്തിയതിനു ശേഷം ഓക്കെ ബട്ടൺ അമർത്തിയില്ല എന്നൊക്കെയാകും ചാനലുകാർ പറയുന്ന ന്യായങ്ങൾ. ഈ തരത്തിലുള്ള ന്യായീകരണങ്ങൾ ചാനലുകാർ നിങ്ങളോടും പറഞ്ഞിട്ടുണ്ടെങ്കിൽ അതെല്ലാം അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള കള്ളത്തരങ്ങളാണെന്നും റെഫീക്ക് പോസ്റ്റിൽ പറയുന്നു. ചാനലുകാർ തീരുമാനിക്കുന്ന സമയമാകും സ്‌കീനിൽ ലോക്ക് ചെയ്യാനെടുത്ത സമയമായി ടിവി കാണുന്ന പ്രേക്ഷകരെ കാണിക്കുന്നത്.

ദിവസക്കൂലിക്കാരാണ് ഓഡിയൻസ് എന്ന പേരിൽ ഷോയിലെത്തുന്നതെന്ന് ഷെഫീക്ക് മറ്റൊരു പോസ്റ്റിൽ ചൂണ്ടികാണിക്കുന്നു. ഓഡിയൻസ് പോളും തട്ടിപ്പാണ്. ദിവസക്കൂലിക്കാരായി എത്തുന്ന ഓഡിയൻസ് ആരും വോട്ട് ചെയ്യുന്നില്ല. തിരുവനന്തപുരത്ത് നടക്കുന്ന ഷൂട്ടിങ്ങിൽ ഓഡിയൻസായിട്ടിരിക്കുന്നത് കൂലിയും, ഭക്ഷണവും കൊടുത്തിരുത്തുന്ന തമിഴ് തൊഴിലാളികളാണ്. നല്ല മേക്കപ്പ് ചെയ്ത് ഇരുത്തുന്ന ഇവർ ഓഡിയൻസ് പോളിൽ വോട്ടൊന്നും ചെയ്യുന്നില്ല. ശരിയുത്തരം പറയുന്ന നേരത്ത് കൈയടിക്കാൻ ഒരാൾ നിർദ്ദേശിക്കുമ്പോൾ കൈയടിക്കൽ മാത്രമാണ് ഇവരുടെ ജോലി.

ഓഡിയൻസ് പോളിൽ ഹോട്ട് സീറ്റിലുള്ള ആളുടെ കംമ്പാനിയൻ മാത്രമേ വോട്ടു ചെയ്യുന്നുള്ളുവെന്നും ബാക്കിയെല്ലാം കളിപ്പാട്ടം മൊബൈലാണ് വോട്ടുചെയ്യുന്നതെന്നും റെഫീക്ക് ചൂണ്ടികാട്ടുന്നു. ഈ രീതിയിൽ പല ആളുകളേയും ഹോട്ട് സീറ്റിൽ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്. ചാനലുകാർക്ക് താൽപര്യമുള്ളവർക്ക് മാത്രം ശരിയുത്തരം കാണിക്കും. ചെറിയ തുകയ്ക്കുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം പറഞ്ഞ് ഹോട്ട്‌സീറ്റിൽ ഇരിക്കുന്ന മത്സരാർഥിയെ വിജയിപ്പിക്കുന്ന 'ഓഡിയൻസ്' ഉയർന്ന തുക വരുമ്പോൾ സ്വാഭാവികമായും തെറ്റുത്തരം ലോക്ക് ചെയ്ത് മത്സരാർഥിയെ പുറത്താക്കാറാണ് പതിവ്. ഓഡിയൻസ് പോൾ ചാനലുകാർ തന്നെയാണ് എ ബി സി ഡി ശതമാനത്തിൽ കാണിക്കുന്നത്. 25 ലക്ഷത്തിന്റെ ഉത്തരത്തിനാണ് ആദ്യമായി ഓഡിയൻസ് പോൾ തെറ്റായി കാണിച്ചതെന്നും റെഫീക്ക് പോസ്റ്റിൽ പറയുന്നു.

താൻ മത്സരിച്ച സമയത്ത് ശരിയുത്തരം പറയാൻ കഴിയാതെ ഒരാൾ മത്സരത്തിൽ നിന്നും പുറത്തായി. അപ്പോൾ ക്യാമറയെല്ലാം ഓഫാക്കി ശരിയായ ഉത്തരം ചാനലുകാർ പറഞ്ഞുകൊടുത്ത് മത്സരം മുന്നോട്ടു കൊണ്ടുപോയി. ഇതിനെതിരെ പ്രതികരിച്ച ഞങ്ങളെ ചാനലുകാർ ഭീഷണിപ്പെടുത്തി - ഞങ്ങൾ ചാനലുകാർ എന്തുതീരുമാനിക്കുന്നുവോ അതേ ഇവിടെ നടക്കൂ. നിങ്ങൾ ഓഡീഷനു വന്നപ്പോൾ ഞങ്ങൾക്ക് ഒപ്പിട്ടു തന്നിട്ടുണ്ട്. നിങ്ങൾ കേസിനു പോയാലും ഞങ്ങൾക്ക് ഒരു ചുക്കുമില്ല. സൗകര്യമുള്ളവർ ഇവിടെ മത്സരിച്ചാൽ മതിയെന്നും പറഞ്ഞതായും റെഫീക്ക് പോസ്റ്റിൽ പറയുന്നു.

നിങ്ങൾക്കും ആകാം കോടീശ്വരനിൽ സ്‌പെഷ്യൽ ഗസ്റ്റുകൾ ഉത്തരങ്ങൾ ഇയർ ഫോണിലൂടെ കേട്ടതിനു ശേഷമാണ് പറയുന്നത്. ബാക്കിയെല്ലാം പ്രേക്ഷകരെ ഫൂളാക്കാൻ അഭിനയിക്കുന്നതാണ്. അഭിനയമാണല്ലോ അവരുടെ ജോലി. ഇതുപൊലെ സുരേഷ് ഗോപിക്കും ഉത്തരങ്ങൾ വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്നുണ്ടേ്രത. സിനിമാ നടന്മാർക്കും. നടിമാർക്കും എപ്പോഴും വലിയ തുകകൾ ലഭിക്കുന്നു. ഇതുവരെ മത്സരിച്ച നടന്മാരും, നടികളും ചെറിയ തുകകൾക്ക് മത്സരത്തിൽ നിന്നും പുറത്തായിട്ടില്ല. ഇതെല്ലാം മലയാളികൾ മനസ്സിലാക്കേണ്ടത് ഈ പരിപാടിയിൽ അണിയറയിൽ നടത്തുന്ന കള്ളത്തരങ്ങളാണെന്ന് റെഫീക്ക് പറയുന്നു.

മത്സരിക്കാൻ വേണ്ടി അപേക്ഷിക്കുന്നവരുടെ വീട്ടിൽ ചെന്നു വീഡിയോ പിടിച്ച് അവശതയനുഭവിക്കുന്നവരെ ഹോട്ട് സീറ്റിൽ ചാനലുകാർ എങ്ങനെയും കയറ്റി ഇരുത്തുന്നു. എങ്കിൽ മാത്രമേ പരിപാടിക്ക് കൂടുതൽ പ്രാചാരം കിട്ടുകയുള്ളൂ. ഉത്തരങ്ങൾ മുൻകൂട്ടി പറഞ്ഞു കൊടുത്തും ആൾക്കാരെ മത്സരിപ്പിക്കുന്നുണ്ട്. ഉത്തരങ്ങൾ പറഞ്ഞു കൊടുത്തു മത്സരിച്ചവരുടെ കൈയിൽ നിന്നും കമ്മീഷനായും ചാനലുകാർ വാങ്ങിച്ചെടുക്കാറുണ്ടെന്ന് റെഫീക്ക് പോസ്റ്റിൽ പറയുന്നു.

ചാനലുകാർ കൊള്ളലാഭത്തിനു വേണ്ടി മലയാളികളെ എസ് എം എസ് അയപ്പിച്ച് കോടികൾ നേടുന്നുണ്ടെന്ന് റെഫീക്കിന്റെ മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ചില ആളുകൾക്ക് സമ്മാനം നൽകുന്നത്. പ്രീമിയം ചാർജുള്ള എസ്എംഎസ് പ്രേക്ഷകരെകൊണ്ടയപിച്ച് ചാനലുകാർ അതും വരുമാനമാക്കി മാറ്റുന്നു. ഒരു മെസ്സേജിന് 3 രൂപ മുതലാണ് ഈ സ്‌പെഷ്യൽ എസ്എംഎസിന്റെ നിരക്ക്. ദിവസേന മലയാളികളുടെ ആയിരക്കണക്കിനോ, ലക്ഷക്കണക്കിനോ മെസ്സേജുകളാണ് ചാനലിന് ലഭിക്കുന്നത്. ചാനലിന്റെ കാര്യത്തിൽ ഇടപെടാതെ മത്സരിക്കാൻ താല്പര്യമുള്ളവർ മത്സരിച്ചാൽ മതിയെന്നതാണ് ഏഷ്യാനെറ്റിന്റെ നിലപാട്. ഓരോ ഉത്തരത്തിനും വിശദീകരണം നൽകുന്ന സുരേഷ്‌ഗോപിക്ക് ഈ വിവരങ്ങൾ ഹെഡ്‌ഫോൺ വഴി നൽകുന്നുണ്ട്.

മലയാള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രൈസ് മണി  നൽകുന്ന പരിപാടിയെന്ന വിശേഷണവുമായിട്ടാണ് 'നിങ്ങൾക്കുമാകാം കോടീശ്വരൻ'ഏഷ്യാനെറ്റിൽ 2012ൽ സംപ്രേഷണം ആരംഭിച്ചത്. ലോക ചാനൽ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട യു ക്യാൻ ബികം എ മില്യനെയറെന്ന പരിപാടിയുടെ ഹിന്ദി പതിപ്പായിരുന്നു കോൻ ബനേഗ ക്രോർപതി. സ്റ്റാർ ടിവിയിൽ അമിതാഭ് ബച്ചനും ഷാരൂഖ്ഖാനും അവതരിപ്പിച്ച് സൂപ്പർഹിറ്റാക്കിയ 'കോൻ ബനേഗാ ക്രോർപതി'യുടെ ചുവടുപിടിച്ചാണ് ഏഷ്യാനെറ്റും ബിഗ് സിനർജി ഗ്രൂപ്പും ചേർന്ന് കോടീശ്വരൻ ഗെയിം ഷോ ഒരുക്കിയത്. പല റിയാലിറ്റി ഷോകളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടക്കുന്നതെന്ന് ആരോപിച്ച് മുൻപും പല മത്സരാർഥികളും രംഗത്ത് എത്തിയിട്ടുണ്ട്. എന്തായാലും റെഫീക്കിന്റെ പോസ്റ്റുകൾ ചില ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ ചൂടൻ ചർച്ചയ്ക്ക് വഴി വച്ചുകഴിഞ്ഞു. സുരേഷ് ഗോപിയും ഏഷ്യാനെറ്റും കാണിക്കുന്ന കോപ്രായങ്ങളും പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന അഭിനയത്തിനുമെതിരെയുമെല്ലാം സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതിഷേധിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP