Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിലെ ഭൂമാഫിയക്ക് എതിരായ സ്റ്റിങ് ഓപ്പറേഷനിൽ കുഞ്ഞഹമ്മദിക്ക പങ്കാളിയായത് തട്ടിപ്പുകൾ കണ്ട് സഹികെട്ടതോടെ; അദ്ദേഹത്തിന് എന്തെങ്കിലും അപകടം പിണഞ്ഞാലോ ആക്രമിക്കപ്പെട്ടാലോ ഉത്തരവാദികൾ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കുഞ്ഞഹമ്മദിക്കയുടെ നന്മ പുറംലോകത്തെ അറിയിച്ച മനോജ് രവീന്ദ്രൻ നിരക്ഷരന് പറയാനുള്ളത്

വയനാട്ടിലെ ഭൂമാഫിയക്ക് എതിരായ സ്റ്റിങ് ഓപ്പറേഷനിൽ കുഞ്ഞഹമ്മദിക്ക പങ്കാളിയായത് തട്ടിപ്പുകൾ കണ്ട് സഹികെട്ടതോടെ; അദ്ദേഹത്തിന് എന്തെങ്കിലും അപകടം പിണഞ്ഞാലോ ആക്രമിക്കപ്പെട്ടാലോ ഉത്തരവാദികൾ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കുഞ്ഞഹമ്മദിക്കയുടെ നന്മ പുറംലോകത്തെ അറിയിച്ച മനോജ് രവീന്ദ്രൻ നിരക്ഷരന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയനാട്ടിൽ ഭൂമാഫിയ കോടികളുടെ സർക്കാർ ഭൂമി മറിച്ചു വിൽക്കുന്നതായ വിവരം ഏഷ്യാനെറ്റ് ന്യൂസ് സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ടതോടെ വിഷയം ചർച്ചയായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ലക്ഷങ്ങൾ കൈക്കൂലി കൊടുത്താൽ സർക്കാർ ഭൂമി സ്വന്തം പേരിൽ ആക്കിക്കൊടുക്കുന്ന ഇടപാടുകളും അതിന് റവന്യൂ അധികാരികൾ ഒത്താശ ചെയ്യുന്നതും ആയിരുന്നു റിപ്പോർട്ടിന്റെ കാതൽ. മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്ന ബ്രോക്കർമാരുടേയും റവന്യൂ അധികാരികളുടേയും ഒത്തുകളിയാണ് ഇതോടെ പുറത്തായത്.

ഇത്തരത്തിൽ വ്യാപകമായി ഭൂമി തട്ടിപ്പ് നടക്കുമ്പോഴും സാധാരണക്കാരായ നാട്ടുകാർക്ക് അവരുടെ നികുതി അടയ്ക്കാൻപോലും സാധിക്കാത്ത വിധമാണ് റവന്യൂ അധികാരികളുടെ ഇടപെടലുകൾ. ഇതെല്ലാം കണ്ട് അതിനെതിരെ പ്രതികരിക്കണമെന്ന് തോന്നി വയനാട്ടിലെ ഗ്രാമീണനായ കുഞ്ഞഹമ്മദിക്ക ഏഷ്യാനെറ്റിനൊപ്പം പങ്കാളിയാവുകയായിരുന്നു ഈയൊരു സ്റ്റിങ് ഓപ്പറേഷനിൽ എന്ന പ്രതികരണവുമായി എത്തുകയാണ് ഇപ്പോൾ മനോജ് രവീന്ദ്രൻ നിരക്ഷരൻ. മുമ്പ് കുഞ്ഞഹമ്മദിക്കയുടെ ജനസേവന പ്രവർത്തനങ്ങളെ പറ്റിയും അദ്ദേഹം വയനാട്ടുകാർക്ക് എത്രത്തോളം പ്രിയങ്കരനാണെന്ന് ചൂണ്ടിക്കാട്ടി മനോജ് നിരക്ഷരൻ തന്റെ ബ്‌ളോഗിൽ ലേഖനം നൽകിയിരുന്നു.

ഇതുകൂടി പരാമർശിച്ച് നിരക്ഷരൻ ഫേസ്‌ബുക്കിൽ കുറിപ്പും നൽകി. വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന കുഞ്ഞഹമ്മദിക്ക ഈ തട്ടിപ്പുകൾ കണ്ടുനിൽക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് സംഭവം വാർത്തയാകണമെന്ന് ഉറച്ച് സ്റ്റിങ്ങ് ഓപ്പറേഷനിൽ പങ്കാളിയായതെന്ന് നിരക്ഷരൻ കുറിക്കുന്നു. പാർട്ടിക്കാരുടേയും ഭൂമാഫിയയുടേയും ഭാഗത്തുനിന്ന് ഭീഷണികൾ ഉണ്ടായേക്കാമെന്നും അദ്ദേഹത്തിന് നേരെ ആക്രമണത്തിനുപോലും സാധ്യതയുണ്ടെന്നുമുള്ള ആശങ്കയും നിരക്ഷരൻ പങ്കുവയ്ക്കുന്നുണ്ട്. തനിക്ക് കരമടയ്ക്കാൻപോലും പറ്റാത്ത സാഹചര്യമുണ്ടായതോടെ ഇക്കാര്യത്തിൽ മന്ത്രിയുടെ ഓഫീസിലേക്ക് കുഞ്ഞഹമ്മദിക്ക നിവേദനം നൽകിയതായും കളക്ടറുടെ ഓഫീസുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചുള്ള മറുപടിയാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് നിരക്ഷരന്റെ കുറിപ്പ്.

നിരക്ഷരൻ നൽകിയ ഫേസ്‌ബുക്ക് കുറിപ്പ് ഇപ്രകാരം:

വയനാട് ഭൂമാഫിയയ്‌ക്കെതിരെ ഏഷ്യാനെറ്റ് നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷൻ രാവിലെ 10 മണി മുതൽ എല്ലാവരും കണ്ടുകാണുമല്ലോ ? കാണാത്തവർക്ക് ഇനിയും അവസരമുണ്ട്. മൂന്നുനാല് ദിവസമെങ്കിലും ഈ വാർത്ത കത്തിനിൽക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
.
ഈ കേസിൽ, ഭൂമിക്ക് കരമടക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് നിവേദനം അയച്ച കക്ഷിയെ എനിക്കറിയാം. അദ്ദേഹത്തെപ്പറ്റി ഇടയ്ക്കിടയ്ക്ക് ഞാൻ പോസ്റ്റുകൾ ഇടാറുള്ളതാണ്. വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന സാക്ഷാൽ കുഞ്ഞഹമ്മദിക്കയാണ് ആ താരം. (വാർത്തയിൽ പറയുന്ന ബ്രോക്കർ കുഞ്ഞഹമ്മദിക്കയല്ല ഈ കുഞ്ഞഹമ്മദിക്ക) അദ്ദേഹത്തിന് തിരുവനന്തപുരത്തുനിന്ന് ലഭിച്ച മറുപടിയുടെ പകർപ്പ് രണ്ടാമത്തെ കമന്റിൽ കാണാം.
.
ഈ വിവാദത്തിനും വരാൻ പോകുന്ന അന്വേഷണത്തിനുമൊക്കെ പുറമെ, നിലവിൽ കുഞ്ഞഹമ്മദിക്ക നേരിട്ടുകൊണ്ടിരിക്കുന്നതും കൂടുതലായി നേരിടാൻ പോകുന്നതുമായ ഒന്നുണ്ട്. പാർട്ടിക്കാരുടേയും ഭൂമാഫിയയുടേയും ഭാഗത്തുനിന്നുള്ള ഭീഷണികളാണത്. ഇനിയുള്ള ദിവസങ്ങളിൽ അദ്ദേഹത്തിനെന്തെങ്കിലും അപകടം പിണയുകയോ അദ്ദേഹത്തിനെതിരെ എന്തെങ്കിലും ആക്രമണം നടക്കുകയോ ചെയ്താൽ അതിനുത്തരവാദികൾ ആരായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?
.
ഒരു പാർട്ടിയുടേയും പിന്തുണയില്ലാത്ത, ആദിവാസികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ കാര്യം വരുമ്പോൾ ഒരാൾക്ക് വേണ്ടിയും കാത്തുനിൽക്കാത്ത കുഞ്ഞഹമ്മദിക്ക, അവർക്കവകാശപ്പെട്ട ഭൂമി, പണക്കാരും പാർട്ടിക്കാരും ഭൂമാഫിയയും ചേർന്ന് കൊള്ളയടിക്കുന്നത് കണ്ട് സഹിക്കാതായപ്പോൾ എന്തെങ്കിലുമൊക്കെ ചെയ്‌തേ പറ്റൂ എന്നുറച്ച് ഏഷ്യാനെറ്റിന്റെ ഈ സ്റ്റിങ്ങ് ഓപ്പറേഷനിൽ പങ്കാളിയാവുകയായിരുന്നു. ഏഷ്യാനെറ്റിനും കുഞ്ഞഹമ്മദിക്കയ്ക്കും അഭിവാദ്യങ്ങൾ !
.
പാർട്ടിക്കാരുടേയും ഭൂമാഫിയയുടേയും ഉദ്യോഗസ്ഥരുടെയും ഈ കളികൾ നാള് കുറേയായി കുഞ്ഞഹമ്മദിക്ക വഴി കേട്ടുകൊണ്ടിരിക്കുന്നതിനാൽ വാർത്ത കണ്ടപ്പോൾ എനിക്കൊരു ഞെട്ടലുമുണ്ടായിട്ടില്ല. മൂന്നാറിൽ സംഭവിച്ചത് പോലെ, നല്ല വെടിപ്പായിട്ട് ഇതും തൂത്തുമായ്ച്ച് കളയുമായിരിക്കും. പക്ഷെ ഇതിന്റെ പിന്നിലൊന്നും ഒരു സത്യവുമില്ലെന്ന് മാത്രം ആരും ധരിക്കരുത്.
.
വാൽക്കഷണം:- ഈ വാർത്ത വിശ്വസിക്കാൻ മൂന്ന് ദിവസം കാത്തിരിക്കേണ്ട ആവശ്യമെനിക്കില്ല. ഇപ്പറഞ്ഞ 'കള്ളച്ചാരായം' വാറ്റുന്നതിന്റെ സമസ്ത വിവരങ്ങളും അറിയുന്ന കുഞ്ഞഹമ്മദിക്കയുമായി ആഴ്‌ച്ചയിൽ 2 പ്രാവശ്യമെങ്കിലും സംവദിക്കുന്നയാളാണ് ഞാൻ. ഇത്രയെങ്കിലും പുറത്തുവന്നത് ഇന്നാണെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP