Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിമുടക്കി സമരം ചെയ്യുന്നവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നത് സിപിഐ(എം) നയമാണോ? വിനുവിന്റെ ഇരുതല മൂർച്ചയുള്ള ചോദ്യത്തിൽ വെള്ളം കുടിച്ച് എ എൻ ഷംസീർ എംഎൽഎ; അവതാരകൻ യുഡിഎഫ് ഏജന്റെന്ന് കുറ്റപ്പെടുത്തി രക്ഷപെടാനുള്ള ശ്രമവും പാഴായി; സുരേന്ദ്രനും ഉണ്ണിത്താനും പങ്കെടുത്ത ഏഷ്യാനെറ്റിലെ വാക്‌യുദ്ധം ഇങ്ങനെ

വഴിമുടക്കി സമരം ചെയ്യുന്നവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നത് സിപിഐ(എം) നയമാണോ? വിനുവിന്റെ ഇരുതല മൂർച്ചയുള്ള ചോദ്യത്തിൽ വെള്ളം കുടിച്ച് എ എൻ ഷംസീർ എംഎൽഎ; അവതാരകൻ യുഡിഎഫ് ഏജന്റെന്ന് കുറ്റപ്പെടുത്തി രക്ഷപെടാനുള്ള ശ്രമവും പാഴായി; സുരേന്ദ്രനും ഉണ്ണിത്താനും പങ്കെടുത്ത ഏഷ്യാനെറ്റിലെ വാക്‌യുദ്ധം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് നയം തുടക്കം മുതൽ കടുത്ത വിമർശനമാണ് കേൾക്കുന്നത്. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയതും എഴുത്തുകാർക്കെതിരെ വരെ യുഎപിഎ ചുമത്തിയതും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. ഇതിനെയാണ് മുഖ്യമന്ത്രി വീണ്ടും വിവാദ നിർദ്ദേശങ്ങൾ നൽകിയത്. ഇതിൽ പ്രധാനമായ കാര്യം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നവരുടെ കാല് പിടിക്കാൻ പോകരുത്, പൊലീസ് അറസ്റ്റു ചെയ്തു നീക്കി ശക്തമായ നടപടികൾ സ്വീകരിക്കണം എന്നതായിരുന്നു. ഇത് കൂടാതെയുള്ള മറ്റൊരു പ്രധാന നിർദ്ദേശം രാഷ്ട്രീയക്കാർ അത് ഭരിക്കുന്ന പാർട്ടിയിലെ നേതാക്കളായാലും അവർ പറയുന്നത് കേൾക്കരുത് എന്നതുമായി നിർദ്ദേശമായിരുന്നു. പ്രത്യക്ഷത്തിൽ സിപിഎമ്മിനെ തന്നെയാണ് ഈ രണ്ട് നിർദ്ദേശങ്ങളും പ്രധാനമായും ബാധിക്കുന്നത്. ഈ വിഷയത്തെ അധികരിച്ചായിരുന്നു ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവർ. വിനു വി ജോൺ നയിച്ച ചർച്ചയിൽ സിപിഎമ്മിന്റെ ഭാഗം വിശദീകരിക്കാൻ എത്തിയ തലശ്ശേരി എംഎൽഎ എ എൻ ഷംസീർ ശരിക്കും വെള്ളം കുടിക്കുന്ന കാഴ്‌ച്ചയാണ് പ്രേക്ഷകർ കണ്ടത്.

സർക്കാറിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുക എന്ന മുൻവിധിയോടെ തന്നെയാണ വിനു വി ജോൺ ചർച്ച തുടങ്ങിയത്. ഇതിന് വിനു കൃത്യമായ മുന്നൊരുക്കവും നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വച്ച് കല്ലെറിഞ്ഞപ്പോൾ പൊലീസ് സിപിഐ(എം) പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രവർത്തകരെ മോചിപ്പിക്കാൻ കണ്ണൂരിൽ എസ്‌പി ഓഫീസിൽ എത്തിയ എംവി ജയരാജൻ നടത്തിയ പരാമക്രമങ്ങളുടെ വീഡിയോ സഹിതമാണ് ന്യൂസ് അവർ തുടങ്ങിയത്. എത്രകാലം തിരുവഞ്ചൂർ കൂടെയുണ്ടാകും. ആ ഭരണം പോകാൻ പോകുകയാണെന്ന് പറഞ്ഞ് കൊണ്ട് പൊലീസുകാരോട് പൊട്ടിത്തെറിക്കുകയായിരുന്നു ജയരാജൻ ചെയ്തത്. എൽഡിഎഫിന്റെ ജില്ലാ നേതാക്കളാണ് കാണാൻ വന്നതെന്നും പറഞ്ഞ് ആക്രോശിക്കുന്ന ദൃശ്യങ്ങളായിരുന്നു സംപ്രേഷണം ചെയ്തത്.

2013ലെ ഈ ദൃശ്യങ്ങൾ കാണിച്ചാണ് പിണറായിയുടെ പൊലീസ് നയത്തെ വിമർശിച്ച് വിനു തുടങ്ങിയത്. കേരളത്തിൽ ഇതൊക്കെ അവസാനിപ്പിക്കാൻ പോകുകയാണെന്നും വിനു വ്യക്തമാക്കി. വഴിയിൽ തടയുന്നവരെ അറസ്റ്റു ചെയ്തു നീക്കുക, രാഷ്ട്രീയക്കാർ പറയുന്നത് കേൾക്കാതിരിക്കുക തുടങ്ങിയ നയങ്ങൾ സിപിഎമ്മിന്റെ പൊലീസ് നയമാണോ? എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. രാഷ്ട്രീയം നോക്കിയല്ല നടപടി വേണ്ടതെന്ന കാര്യത്തെ അംഗീകരിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ഈ നിർദ്ദേശം സിപിഎമ്മിന്റെ നയം മാറ്റമാണോ എന്ന ചോദ്യം ഷംസീറിനെതിരായി വിനു ഉന്നയിച്ചു.

വിനുവിന്റെ ചോദ്യം ഇരുതലമൂർച്ഛയുള്ള വാളാണെന്ന് മനസിലാക്കിയ ഷംസീർ ഇതോടെ ശരിക്കും പെട്ടു. പ്രതിപക്ഷത്ത് ഇരുന്ന വേളയിൽ സിപിഐ(എം) വഴിതടയൽ സമരങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ പൊലീസ് സ്‌റ്റേഷനിൽ കയറി ഓഫീസർമാരെ ഭീഷണിപ്പെടുത്തി പ്രവർത്തകരെ മോചിപ്പിച്ച സംഭവവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് എന്തു മറുപടി നൽകണമെന്നറിയാതെ ഷംസീർ കുഴഞ്ഞത്. അതുകൊണ്ട് തന്നെ ചോദ്യത്തിൽ നിന്നും വഴുതിമാറി രക്ഷപെടാൻ തുടക്കം മുതൽ സിപിഐ(എം) എംഎൽഎ ശ്രമിച്ചു. എന്നാൽ, അതുകൊണ്ടു വിനു വിട്ടില്ല. ഇപ്പോഴത്തെ പൊലീസ് നയം സിപിഎമ്മിന്റെ നയമാണോ എന്ന ചോദ്യം ആവർത്തിച്ചു കൂടാതെ എം വി ജയരാജന്റെ മറ്റൊരു പരാക്രമത്തിന്റെ വീഡിയോ കൂടി കാണിക്കുകയും ചെയ്തു.

മലദ്വാരത്തിൽ കമ്പി കയറ്റുമോ സുകുമാരാ എന്നാണ് ചോദിച്ചു കൊണ്ടുള്ള ജയരാജന്റെ ആക്രോശത്തിന്റെ വീഡിയോ ആണ് പിന്നീട് കാണിച്ചത്. ഇതോടെ ഷംസീറിന് മേൽ കൂടുതൽ സമ്മർദ്ദം മുറുകി. എന്നാൽ, ഷംസീർ രാഷ്ട്രീയം നോക്കി നടപടി വേണ്ടെന്ന നിർദ്ദേശം സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. എന്നാൽ, സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് പറയാതെ വീണ്ടും ഒഴിഞ്ഞുമാറി. എം വി ജയരാജന്റെ പൊലീസ് സ്‌റ്റേഷനിലെ ആക്രോശിക്കാൻ ഇടയാക്കിയ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. ലോക്കപ്പിൽ കൊണ്ടുപോയി കമ്പി കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ചർച്ചയുണ്ടായത്. ലോക്കപ്പ് മർദ്ദനം പാടില്ലെന്നതാണ് സർക്കാർ നയമെന്നും ഷംസീർ വ്യക്തമാക്കി.

അതേസമയം വിഷയം വിടാതെ വിനു വഴിമുടക്കി സമരം ചെയ്യുന്നവരെ ബലംപ്രയോഗിച്ച് നീങ്ങുന്നത് സിപിഐ(എം) നയമാണോ എന്ന് ആവർച്ചപ്പോൾ ഷംസീർ വീണ്ടും ശരിക്കും വെള്ളംകുടിച്ചു. ഉത്തരം പറഞ്ഞാൽ കുടുങ്ങുമെന്നതിൽ വീണ്ടും വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാനായി ഷംസീർ പറഞ്ഞത്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകാൻ വേണ്ടിയാണ് സർക്കർ ചെയ്യേണ്ടതെന്നും ഷംസീർ പറഞ്ഞു. അവിടം കൊണ്ടു നിന്നില്ല, പാതയോര സമരം വിലക്കിയുള്ള ജയരാജന്റെ പ്രസംഗ വീഡിയോ പ്ലേ ചെയ്തുകൊണ്ടാണ് വിനു വീണ്ടും പ്രതികരിച്ചത്.

ഇതിനിടെ ചർച്ചയിൽ പങ്കെടുത്ത ബിജെപി നേതാവ് കെ സുരേന്ദ്രനും കോൺഗ്രസ് നേതാവ് രാജമോഹൻ ഉണ്ണിത്താനും പിണറായിയുടെ പൊലീസ് നയത്തെ പരിഹസിച്ചു. ജനവികാരങ്ങളെ അടിച്ചമർത്താനുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ പൊലീസ് നയമെന്നും സുരേന്ദ്രൻ വിശദീകരിച്ചു. പാതയോരങ്ങളിൽ സമരം നടത്തുന്നത് അവകാശമാണെന്ന് വാദിച്ച കോടിയേരിയുടെയും പിണറായിയുടെയും പഴയ അഭിപ്രായങ്ങളറുടെ വീഡിയോയും ഇതിനിതെ പ്ലേ ചെയ്തു. ഇതോടെ വിനു വി ജോൺ യുഡിഎഫിന്റെ ഏജന്റാണെന്ന പറഞ്ഞാണ് ഷംസീർ പ്രതിരോധിക്കാൻ ശ്രമിച്ചത്. അടുത്ത ദിവസങ്ങളിൽ വിനു നടത്തുന്ന ചർച്ചകൾ സിപിഎമ്മിനെ ലക്ഷ്യമിട്ടാണെന്നുമായി ഷംസീറിന്റെ വാദം. ഇതിന്റെ ഭാഗമായാണ് പഴയ വീഡിയോകൾ പ്ലേ ചെയ്തതെന്നുമായി ഷംസീറിന്റെ വാദം. എന്നാൽ, യുഡിഎഫ് സർക്കാറിന്റെ സമയത്ത് താൻ എൽഡിഎഫ് ഏജന്റാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി.

ഇതിനിടെ സമരങ്ങൾക്ക് വേണ്ടി മാത്രം തലസ്ഥാനത്ത് പ്രത്യേകം സമരം നടത്താൻ വേദി മുഖ്യമന്ത്രി പിണറായി ആലോചിക്കുന്നുണ്ടെന്ന കാര്യം സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതും സമരങ്ങലെ നേരിടാൻ വേണ്ടിയാണെന്ന കാര്യം ചൂണ്ടിക്കാട്ടിയതോടെ ചർച്ചയിൽ തർക്കങ്ങളും ഉടലെടുത്തു. തുടർന്ന് സുരേന്ദ്രനും ഷംസീറും തമ്മിലുള്ള രൂക്ഷ വാഗ്വാങ്ങളാണ് ചർച്ചയിൽ ഉണ്ടായത്. എന്നാൽ, ചർച്ചയുടെ ഒരു ഘട്ടത്തിലും പൊലീസ് നയത്തെ കുറിച്ചുള്ള വിനുവിന്റെ ചോദ്യത്തിനുള്ള ഉത്തരം ഷംസീറിൽ നിന്നും ഉണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP