Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏഴ് വാച്ചുകൾ, ഒന്നിന്റെ വില വില 15 ലക്ഷം രൂപ; അഞ്ച് കണ്ണട, ഒന്നിന്റെ വില ഒന്നേകാൽലക്ഷം രൂപ; ഷർട്ടും മുണ്ടുമടക്കം എല്ലാം ദുബായിൽ നിന്നെത്തിയവ; കാറിന്റെ എണ്ണത്തെ കുറിച്ച് തിട്ടമില്ല; നിക്കറും ബനിയനുമൊഴികെ സകലതും സംഭാവനകിട്ടുന്നവ; ചിത്രം വിചിത്രത്തിന്റെ കെണിയിൽ പെട്ട് പൊങ്ങച്ച സഞ്ചിയഴിച്ച് വെള്ളാപ്പള്ളി നടേശൻ

ഏഴ് വാച്ചുകൾ, ഒന്നിന്റെ വില വില 15 ലക്ഷം രൂപ; അഞ്ച് കണ്ണട, ഒന്നിന്റെ വില ഒന്നേകാൽലക്ഷം രൂപ; ഷർട്ടും മുണ്ടുമടക്കം എല്ലാം ദുബായിൽ നിന്നെത്തിയവ; കാറിന്റെ എണ്ണത്തെ കുറിച്ച് തിട്ടമില്ല; നിക്കറും ബനിയനുമൊഴികെ സകലതും സംഭാവനകിട്ടുന്നവ; ചിത്രം വിചിത്രത്തിന്റെ കെണിയിൽ പെട്ട് പൊങ്ങച്ച സഞ്ചിയഴിച്ച് വെള്ളാപ്പള്ളി നടേശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിക്കറും ബനിയനുമൊഴികെ താൻ ധരിക്കുന്ന വസ്ത്രമെല്ലാം സ്‌നേഹിതർ സൗജന്യമായി നൽകുന്നതാണെന്ന് വെള്ളാപ്പള്ളി നടേശൻ. വാച്ചും ഷർട്ടും മുണ്ടും മുതൽ കൃത്യമായി എണ്ണം പോലുമറിയാത്ത കാറിന്റെ വരെ വിശേഷങ്ങളുമായി എത്തി ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം പ്രത്യേകഷോയിലാണ് വെള്ളാപ്പള്ളി നടേശൻ പൊങ്ങച്ചസഞ്ചിയുടെ കെട്ടഴിച്ചത്. ജോർജ്ജ് പുളിക്കനും കെവി മധുവും നടത്തിയ അഭിമുഖപരിപാടിയിൽ വെള്ളാപ്പള്ളിയുടെ വേഷഭൂഷാദികളെ കുറിച്ച് വിശദമായ ചോദ്യം ചെയ്യലാണ് നടന്നത്.

ക്രീം കളറാണ് വെള്ളാപ്പള്ളിക്ക്പ്രിയം. അതുകൊണ്ട് ഷർട്ടും മുണ്ടുമെല്ലാം ആ കളറിലുള്ളതാണ് ഉപയോഗിക്കുന്നത്. അതേ സമയം കഴിഞ്ഞ പത്ത് വർഷമായി ഒരു ഷർട്ടും മുണ്ടും സ്വയം വിലകൊടുത്ത് വാങ്ങിയിട്ടില്ലെന്ന് വെള്ളാപ്പള്ളി ഗുരുവിനെ തൊട്ട് ആണയിടുന്നു. ആകെ വിലക്ക് വാങ്ങുന്നത് ശരീരത്തിലുള്ള ബനിയനും നിക്കറും മാത്രമാണ് എന്നും ബാക്കിയെല്ലാം ആളുകൾ സംഭാവന നൽകുന്നതാണ് എന്നും വെള്ളാപ്പള്ളി പറയുന്നു. ആകപ്പാടെയുള്ള ജോലി തയ്‌പ്പിക്കുക എന്നുള്ളതാണ്. അതും എറണാകുളത്തുള്ള ഒരു സുഹൃത്ത് വീട്ടിലെത്തി അളവെടുത്തുകൊണ്ടുപോയി തയ്‌പ്പിച്ചുതരും. ഇനിയും എത്രകൊല്ലം ജീവിച്ചിരുന്നാലും ഷർട്ടും മുണ്ടും വിലയ്ക്ക് വാങ്ങേണ്ടി വരില്ല.

കാരണം ഇതുവരെ തനിക്ക് ആളുകൾ കൊണ്ടുവന്നുതന്ന ഷർട്ടുകളും മുണ്ടുകളും അത്രയധികം പൂട്ടിവച്ചിരിപ്പുണ്ട്. അതെല്ലാം ഓരോന്നായി എടുത്താലും ഒരുപാട് വരും. എന്നാൽ മാണിസാർ വസ്ത്രം മാറുന്നതുപോലെ മണിക്കൂർ വച്ച് മുണ്ടും ഷർട്ടും മാറുന്ന സ്വഭാവം തനിക്കില്ല. ഒരു വസ്ത്രം ചിലപ്പോൾ രണ്ടു ദിവസം വരെ ധരിക്കാറുണ്ട്. കാരണം അലക്കുകൂലിയും തേപ്പുകൂലിയും താനാണ് കൊടുക്കുന്നത് എന്നും വെള്ളാപ്പള്ളി പറയുന്നു. അതേ സമയം വേഷം പോലെ തന്നെയുള്ള ട്രേഡുമാർക്കുകളെ കുറിച്ചും ജോർജ്ജ് പുളിക്കനും മധുവും ചോദിക്കുന്നുണ്ട്. നെറ്റിയിലെ കുറി കണിച്ചുകുളങ്ങര അമ്പലത്തിലെ പ്രസാദമാണ് എന്നും എല്ലാ ദിവസവും ആ കുറിയിട്ടിട്ടേ വീടിന് പുറത്തിറങ്ങൂ എന്നും വെള്ളാപ്പള്ളി പറയുന്നു.

അതേ സമയം സ്വർണത്തിന് തുല്യമായ അഞ്ച് കണ്ണടകൾ തനിക്കുണ്ട്. ഒന്നേകാൽ ലക്ഷം രൂപയിലധികം വിലയുള്ള ഫ്രെയിമുകളാണ് കണ്ണടകൾക്കുള്ളത്. എന്നാൽ ഒന്നും കാശുകൊടുത്ത് വാങ്ങിച്ചതല്ല. അതും സംഭാവന നൽകപ്പെട്ടവയാണ്. കണ്ണടകൾക്ക് തകരാർ വന്നാൽ പുതുക്കിപ്പണിയാനും നല്ല ചെലവാണ്. കുഴപ്പത്തിലാകുന്ന ഒരു പാർട്‌സും ഇവിടെ കിട്ടില്ല. എല്ലാം ദുബായിലേ ലഭിക്കൂ. അതുകൊണ്ട് തകരാറിലായാൽ ഉടൻ ദുബായിലേക്ക് അയച്ചുകൊടുക്കും. അതും അവിടെ നിന്ന് സൗജന്യമായി ശരിയാക്കി അയച്ചുതരും. തന്ന് കഴിഞ്ഞതിന് ശേഷം തനിക്ക് യോജിച്ചില്ലെങ്കിൽ മാറ്റിത്തരുന്നവരുമുണ്ട്. കണ്ണടയുടെ ഫ്രെയിം മാത്രമേ സംഭാവന നൽകുന്നവർ അയച്ചുതരൂ. അതിന്റെ ലെൻസ് താൻ തന്നെ വാങ്ങിച്ചിടണമെന്നും വെള്ളാപ്പള്ളി പറയുന്നു.

ഏഴ് വാച്ചുണ്ട്. പതിനഞ്ചുലക്ഷം രൂപവിലയുള്ള വാച്ചുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. എല്ലാം ഒന്നും ഇട്ടുനടക്കാറില്ല. ചെരിപ്പിന്റെ കാര്യവും അങ്ങെ തന്നെ ദുബായിലൊക്കെ പോയി വരുന്നവർ പലരും തരുന്നതാണ് ചെരിപ്പുകളെല്ലാം. കടകളിൽ പോയാൽ പല വിധപ്രശ്‌നങ്ങളാണ്. ഒരിക്കൽ ദുബായിൽ ഒരു കടയിൽ പോയി. അവിടെ സാധനങ്ങളൊക്കെ വാങ്ങിച്ചുകഴിഞ്ഞപ്പോൾ കടയിലെ സെയിൽസ്മാൻ അവരുടെ മുതലാളിയെ വിളിച്ചുകൊണ്ടുവന്നു. എന്നിട്ട് അവരുടെ ഭാഷയിൽ മുതലാളിയോട് പറഞ്ഞു'' ഇതാരാണ് എന്നറിയാമോ. ഞങ്ങളുടെ നേതാവാണ്. അതുകൊണ്ട് ഡിസ്‌കൗണ്ട് കൊടുക്കണം'' എന്നുപറഞ്ഞു. ഒടുവിൽ മുതലാളിയോട് 40 ശതമാനം ഡിസ്‌കൗണ്ട് കൊടുക്കണം എന്ന് അവൻ തറപ്പിച്ച് ആവശ്യപ്പെട്ടു.ആ പണം തന്റെ ശമ്പളത്തിൽ നിന്ന് പിടിച്ചോളാനും പറഞ്ഞു. ഒടുവിൽ മുതലാളി സമ്മതിച്ചു. എന്നാൽ താൻ വിട്ടില്ലെന്നും ഡിസ്‌കൗണ്ട് വേണ്ട എന്ന് പറഞ്ഞുവെന്നും വെള്ളാപ്പള്ളി വിശദീകരിക്കുന്നു.

എന്നാൽ മറ്റൊരിക്കൽ ദുബായിലെ മീന്മാർക്കറ്റിൽ പോയ കഥയും വെള്ളാപ്പള്ളി വിശദീകരിക്കുന്നുണ്ട്. '' ഞാൻ മീന്മാർക്കറ്റിൽ ചെന്നപ്പോൾ തന്നെ കോഴിക്കോട്ടുകാരായ വിൽപ്പനക്കാർ ഓടിവരികയാണ്. കെട്ടിപ്പിടിക്കുകയാണ്. ഞാനാണെങ്കിൽ മീൻചന്തകാണാൻ പോയതാണല്ലോ. അതുകൊണ്ട് എനിക്ക് വേണ്ടതെല്ലാം കാണിച്ചുതരികയും ചെയ്തു. ഇതാണ് അവസ്ഥ. ദുബായിലെവിടെ പോയാലും എന്നെ ഒരു താരത്തെ പോലെ കെട്ടിപ്പിടിക്കുകയും ഫോട്ടെയെടുക്കുകയും ചെയ്ത് ആഘോഷിക്കുകയാണ് അവരെല്ലാം. ''

കേരളത്തിലെ കടകളിൽ പോയാലും ഇതുതന്നെയാണ് സ്ഥിതിയെന്ന് വെള്ളാപ്പള്ളി പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മീശവടിച്ചത് തെറ്റായിപ്പോയി എന്നും അഭിമുഖത്തിൽ വെള്ളാപ്പള്ളി പറയുന്നു. അന്ന് മീശ വടിച്ചപ്പോൾ ശത്രുക്കളും മിത്രങ്ങളുമായ പല സുഹൃത്തുക്കളും പറഞ്ഞു മീശപോയതോടെ ഒരു ഗൗരവം നഷ്ടപ്പെട്ടു എന്ന്. അത് പിന്നീട് എനിക്കും തോന്നി. അതുകൊണ്ടാണ് വീണ്ടും മീശവച്ചത് എന്നും വെള്ളാപ്പള്ളി പറയുന്നു.

അതേ സമയം യാത്രചെയ്യുന്നത് മുഴുവൻ കാറിലായിരിക്കും എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ബെൻസ് കാറടക്കം നാലഞ്ചാറുകാറുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കാറിന്റെ എണ്ണത്തെ കുറിച്ച് കൃത്യമായി ഒരു കണക്ക് തനിക്കില്ല. കല്യാണത്തിന് വാങ്ങിച്ചതുമുതൽ ഇന്നുവരെ പലതവണ കാറുകൾ വാങ്ങിയിട്ടുണ്ട് എന്നും വെള്ളാപ്പള്ളി അവകാശപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP