Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടിയേരിയുടെ മകന്റെ വ്യവസായം അങ്ങാടിയിൽ പാട്ട്; അതറിയാൻ പാഴൂർ പടിക്കൽ കവടി നിരത്തേണ്ട; ഒരെണ്ണം ഞാൻ പറയാം; അത് നൈറ്റ് ക്ലബ്ബാണ്; കാബറയും മറ്റുപലതും അവിടെ ഉണ്ട്; നേപ്പാളിൽ നിന്ന് ആളെ എത്തിച്ച് നടക്കുന്ന ലൈംഗിക വ്യാപാരം; ബിനോയ്‌ക്കെതിരെ ആരോപണവുമായി മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈംടൈമിൽ താരമായി രാജ്‌മോഹൻ ഉണ്ണിത്താൻ

കോടിയേരിയുടെ മകന്റെ വ്യവസായം അങ്ങാടിയിൽ പാട്ട്; അതറിയാൻ പാഴൂർ പടിക്കൽ കവടി നിരത്തേണ്ട; ഒരെണ്ണം ഞാൻ പറയാം; അത് നൈറ്റ് ക്ലബ്ബാണ്; കാബറയും മറ്റുപലതും അവിടെ ഉണ്ട്; നേപ്പാളിൽ നിന്ന് ആളെ എത്തിച്ച് നടക്കുന്ന ലൈംഗിക വ്യാപാരം; ബിനോയ്‌ക്കെതിരെ ആരോപണവുമായി മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈംടൈമിൽ താരമായി രാജ്‌മോഹൻ ഉണ്ണിത്താൻ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ദുബായിൽ നടത്തുന്നത് നൈറ്റ് ക്ലബ്ബാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. ഇന്നലെ മാതൃഭൂമിയിലെ സൂപ്പർ ടൈമിനെ ചൂടുപിടിപ്പിച്ചാണ് ഉണ്ണിത്താൻ ആരോപണങ്ങൾ ഉന്നയിച്ചത്. സിപിഎം ഭാഗത്തു നിന്ന് ചർച്ചയ്ക്കെത്തിയ നേതാവിനെ അക്ഷരാർത്ഥത്തിൽ ഉത്തരം മുട്ടിക്കുന്ന തരത്തിലാണ് രാജ്‌മോഹൻ ചർച്ചയിൽ താരമായി ആരോപണങ്ങൾ ഉന്നയിച്ചത്. എല്ലാം തനിക്ക് അറിയാമെന്നായിരുന്നു രാജ്‌മോഹൻ ചാനൽ ചർച്ചയിൽ പറഞ്ഞത്.

കമ്മ്യൂണിസ്റ്റുകാരുടെ ജീവിതം തുറന്ന പുസ്തകമാണ്. കോടിയേരിയുടെ കുടുംബത്തെ കുറിച്ച് എനിക്ക് അറിയാം... ഞാൻ തലശ്ശേരിയിൽ കോടിയേരിക്കെതിരെ മത്സരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാം അറിയാം... എന്ന് പറഞ്ഞു കൊണ്ടാണ് ആരോപണത്തിലേക്ക് രാജ്‌മോഹൻ കടന്നത്. കോടിയേരിയുടെ ഭാര്യ വിനോദനിയുടെ പഴയ ജോലി ഉൾപ്പെടെ രാജ്‌മോഹൻ ഉണ്ണിത്താൻ ചർച്ചയിൽ പറഞ്ഞു. വളപ്പട്ടണത്തെ ഖാദർ കുട്ടി സാഹിബിന്റെ ടിമ്പർ ഡിപ്പോയിലെ സെയിൽസ് വിഭാഗത്തിലായിരുന്നു വിനോദനിയുടെ ജോലി. പിന്നീട് റിപ്പ്രോഗ്രാഫിക് സെന്ററിൽ. ഈ കാലത്തെ സാമ്പത്തികവും തനിക്ക് അറിയാം. അതുകൊണ്ട് തന്നെ മക്കളുടെ ബിസിനസ്സിനെ കുറിച്ച് വിശദീകരിക്കണമെന്നായിരുന്നു ഉണ്ണിത്താൻ പറഞ്ഞു തുടങ്ങിയത്. പിന്നീട് നേപ്പാളുമായി ബന്ധപ്പെടുത്തുന്ന ലൈംഗിക ഇടപാടുകളിലേക്ക് ആക്ഷേപം നീണ്ടു.

ദുബായ് അമേരിക്കയോ ലണ്ടനോ ഒന്നുമല്ല. അവിടെ അറുപത് ശതമാനം മലയാളികളാണ്. അവിടെ ആരോട് ചോദിച്ചാലും കോടിയേരിയുടെ മക്കളുടെ കച്ചവടം അറിയാം. നൈറ്റ് ക്ലബ്ബാണ് അവർ നടത്തുന്നത്. കാബറയുള്ള നൈറ്റ് ക്ലബ്. ഇത് അറിയാൻ പാഴൂർ പടിക്കൽ പോയി കവടി നിരത്തേണ്ട.. ദുബായിലുള്ള 50 പേരുടെ ഫോൺ നമ്പർ ഞാൻ തരാം. അതിൽ വിളിച്ചു ചോദിച്ചാൽ ആർക്കും കാര്യം അറിയാവുന്നതേ ഉള്ളൂ. നേപ്പാളിൽ നിന്ന് കാബറ നർത്തകികളെ എത്തിച്ചാണ് നൈറ്റ് ക്ലബ്ബ് നടത്തുന്നത്. ലൈംഗിക കച്ചവടമാണ് നടക്കുന്നതെന്ന ആരോപണും ഉണ്ണിത്താൻ ഉയർത്തി. നേപ്പാളുമായുള്ള ബന്ധത്തെ കുറിച്ചൊന്നും അറിയില്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഉണ്ണിത്താൻ വിശദീകരിച്ചു.

ആദർശ ധീരനായ പാർട്ടിയുടെ സെക്രട്ടറിയാണ് കോടിയേരി. മൂന്ന് പേർ. അതിൽ പരാതിക്കാരനും പണം കൊടുക്കാനുള്ള ശ്രീജിത്തും പിന്നെ ബിനോയിയും ചേർന്നാണ് നൈറ്റ് ക്ലബ്ബ് നടത്തുന്നതെന്ന സൂചനകളുമായാണ് ഉണ്ണിത്താൻ കത്തികയറിയത്. ഇതു സംബന്ധിച്ച തർക്കങ്ങളാണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണം. അതുകൊണ്ട് തന്നെ മക്കളുടെ കച്ചവടത്തെ കുറിച്ച് കോടിയേരി വിശദീകരിക്കണം. എല്ലാം പിന്നീട് പറയാമെന്ന് കോടിയേരി പറയുന്നതിന് കാരണം പാർട്ടി സെക്രട്ടറി പദം ഉറപ്പിക്കാനാണെന്നും ആരോപിക്കുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി 13 കോടിയുടെ സാമ്പത്തികത്തട്ടിപ്പു നടത്തിയെന്ന ആരോപണത്തിൽ അന്ത്യശാസനവുമായി ദുബായ് കമ്പനി രംഗത്ത് വന്ന സാഹചര്യത്തിലായിരുന്നു മാതൃഭൂമിയുടെ സൂപ്പർ പ്രൈംടൈം ചർച്ച. ഫെബ്രുവരി അഞ്ചിനു മുമ്പ് പണം നൽകി പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ രേഖകൾ പത്രസമ്മേളനത്തിൽ പുറത്തുവിടുമെന്നാണു ജാസ് ടൂറിസം കമ്പനി ഉടമ ഹസൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുടെ നിലപാട്. ഫെബ്രുവരി അഞ്ചിനു െവെകിട്ടു നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം നടത്താനാണു നീക്കം.

അതേസമയം, യു.എ.ഇ. പൗരൻ മർസൂഖി പണം തേടി ഇന്ത്യയിലെത്തിയപ്പോൾ ബിനോയ് ദുബായിലേക്കു പോയി. മർസൂഖിയുടെ അഭിഭാഷകൻ ഇന്നലെ വിവിധതലങ്ങളിൽ ഒത്തുതീർപ്പുനീക്കം നടത്തി. സിപിഎമ്മുമായി അടുപ്പമുള്ള സുപ്രീം കോടതി അഭിഭാഷകരുമായും ചർച്ചകൾ നടന്നു. വായ്പത്തുകയായ 13 കോടി പലിശയടക്കം തിങ്കളാഴ്ചയ്ക്കു മുമ്പു നൽകിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണു ജാസ് ടൂറിസം കമ്പനിയുടെ അന്ത്യശാസനം. ബിനോയിക്കെതിരായ മറ്റു തട്ടിപ്പുസംഭവങ്ങളെകുറിച്ചുള്ള വിശദാംശങ്ങളും പത്രസമ്മേളനത്തിൽ പുറത്തുവിടുമെന്നാണു മുന്നറിയിപ്പ്.

മകൻ നടത്തിയ പണമിടപാടിൽ പ്രശ്‌നമുണ്ടെങ്കിൽ ഗൾഫിലെ നിയമപ്രകാരം തീരുമാനിക്കട്ടെയെന്നു കോടിയേരി പ്രതികരിച്ചിരുന്നു. ബിനോയിക്കെതിരേ പരാതിപ്പെട്ട അറബി കേരളത്തിൽ വന്നെന്നു കേൾക്കുന്നു. ദുബായിലുള്ള ബിനോയിയെ തേടി ഇവിടെ വന്ന് അറബി ബുദ്ധിമുട്ടേണ്ട കാര്യമില്ല. പണമിടപാടു സംബന്ധിച്ചു തന്റെ മുന്നിൽ പരാതിയും പ്രശ്‌നവുമില്ല. അതിൽനിന്നു വ്യത്യസ്തമായി എന്തെങ്കിലുമുണ്ടെങ്കിൽ ദുബായിൽ നിയമങ്ങളില്ലേ? ബിനോയ് ദുബായിലുള്ളപ്പോൾ ഇന്റർപോൾ തേടിപ്പിടിക്കേണ്ട കാര്യമെന്താണെന്നും കോടിയേരി പരിഹസിച്ചു. ഇതാണ് ചർച്ചയ്ക്ക വിഷയമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP