Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആര്യയും സാമും ഒന്നിച്ച് സഖാവ് ആലപിച്ചു; കവിതയ്ക്ക് ദൃശ്യഭാഷ്യമൊരുക്കി ഡിസി ബുക്ക്സ്; സിഎംഎസ് കോളജിലെ വഴികളിലൂടെയുള്ള വീഡിയോ കാണാം

ആര്യയും സാമും ഒന്നിച്ച് സഖാവ് ആലപിച്ചു; കവിതയ്ക്ക് ദൃശ്യഭാഷ്യമൊരുക്കി ഡിസി ബുക്ക്സ്; സിഎംഎസ് കോളജിലെ വഴികളിലൂടെയുള്ള വീഡിയോ കാണാം

കൊച്ചി: അടുത്ത കാലത്ത് സോഷ്യൽമീഡിയയിൽ പ്രശംസയും അതിലേറെ വിമർശനവും ഏറ്റുവാങ്ങിയ കവിത ആയിരുന്നു സഖാവ്.   സാം മാത്യുവിന്റെ കവിതകൾ, സഖാവ് എന്ന പേരിൽ സമാഹരിക്കുന്നതിനു മുന്നോടിയായി ഡിസി ബുക്സാണ് ദൃശ്യാവിഷ്‌കാരം തയാറാക്കിയത്. കവിതയ്ക്ക് ആധാരമായ കോട്ടയം സിഎംഎസ് കോളജിലാണ് സാം മാത്യുവും ആര്യയും കവിത ആലപിച്ച് ദൃശ്യാവിഷ്‌കാരമൊരുക്കിയത്. ഏഴു മിനുട്ടു ദൈർഘ്യമുള്ള കവിത സാം മാത്യുവാണ് ആലപിച്ചു തുടങ്ങുന്നത്.

സഖാവ് എന്ന കവിതയുടെ പിതൃത്വം ചൊല്ലിയുള്ള വിവാദങ്ങളൊഴിയാതെ നിൽക്കുമ്പോഴും മലയാളം ഈ പ്രണയകഥയെ നെഞ്ചിലേറ്റിയിരുന്നു. സാം മാത്യുവിന്റെ കവിത ആര്യ ദയാൽ ചൊല്ലിയപ്പോൾ കവിതയുടെ അവകാശ വാദവുമായി ഒറ്റപ്പാലം സ്വദേശി പ്രതീക്ഷ ശിവദാസ് എന്ന യുവതിയുമെത്തി. തന്റെ കവിത എസ്എഫ്ഐ മുഖമാസികയ്ക്ക് അയച്ചതാണെന്നും, അവിടെ നിന്നാണ് ചോർന്നതെന്നുമുള്ള പ്രതീക്ഷയുടെ വാദത്തെ തള്ളി എസ്എഫ്ഐയും രംഗത്തെത്തിയിരുന്നു.

ഹൃദ്യമായ വരികളിലൂടെ ഓരോ മലയാളിയേയും സ്വന്തം കലാലയത്തിന്റെ പൂമരച്ചോട്ടുകളിലേക്കെത്തിച്ച സഖാവ് എന്ന കവിതയ്ക്ക് നേരത്തെ തന്നെ ദൃശ്യഭാഷ്യമൊരുങ്ങിയിരുന്നു. വിവാദങ്ങൾ പുകയവെ കവിത ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ രൂപം ഫേസ്‌ബുക്കിൽ പ്രചരിക്കുകയും ചെയ്തു. നോവലിസ്റ്റും ഇംഗ്ലീഷ് കവിയുമായ റിസിയോ യോഹന്നാൻ രാജാണ് കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. കവിത ഫേസ്‌ബുക്കിൽ വൈറലാകവെ പൂമര്തതിനുള്ള മറുപടിയും നവമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു. പല രൂപങ്ങളിൽ പല ഭാവങ്ങളിൽ സഖാവ് കേരളക്കരയിൽ ഇടം നേടുന്നതിനിടെയാണ് കവിതയ്ക്ക് പുതിയ ദൃശ്യഭാഷ്യവുമൊരുങ്ങിയത്

കോട്ടയം സിഎംഎസ് കോളജിൽ പഠിക്കുന്ന കാലത്താണ് സാം മാത്യു സഖാവ് എന്ന കവിതയെഴുതിയത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് കോട്ടയം സിഎംഎസ് കോളജിൽ പഠിച്ചിരുന്ന കാലത്ത് ജെയ്ക്കുമായി ബന്ധപ്പെട്ടു മാനേജ്മെന്റ് എടുത്തു നടപടികളും ജെയ്ക്ക് ജയിലിൽ കഴിയേണ്ടി വന്ന സാഹചര്യവുമാണ് സാം പൂമരത്തിന്റെ ഭാഷയിൽ കവിതയാക്കിയത്. സിഎംഎസ് കോളജിലെ എസ്എഫ്ഐ നേതാവും ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു സാം മാത്യു.

വർഷങ്ങൾക്കു മുമ്പാണു സാം മാത്യു കവിതയെഴുതിയതെങ്കിലും ഇതുവരെ വിദ്യാർത്ഥികളുടെ കൂട്ടായ്മകളിൽനിന്നു പുറത്തുവന്നിരുന്നില്ല. സാം മാത്യുതന്നെ ആലപിച്ചിരുന്ന ഗാനം കഴിഞ്ഞമാസമാണ് തലശേരി ബ്രണ്ണൻകോളജ് വിദ്യാർത്ഥിനിയും കോളജ് യൂണിയൻ വൈസ് ചെയർമാനുമായ ആര്യ ദയാൽ ആലപിച്ചു സെൽഫി വീഡിയോയെടുത്തു ഫേസ്‌ബുക്കിൽ ഉൾപ്പെടുത്തിയത്.

സഖാവ് കവിത വൈറലായ പശ്ചാത്തലത്തിലാണ് സാം മാത്യുവിന്റെ കവിതകൾ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചത്. സഖാവ് എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച സാമിന്റെ കവിതകളുടെ സമാഹാരം ഇന്നു പാലക്കാട് നടക്കുന്ന ഡിസി ബുക്സ് വാർഷികപരിപാടിയിലും ഡിസി കിഴക്കേമുറി അനുസ്മരണ പ്രഭാഷണച്ചടങ്ങിലും പ്രകാശനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP