Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുണിയുരിക്കേണ്ട എന്ന് ജിമ്മി ജെയിംസ് തീരുമാനിച്ചിട്ടും ബോബി ചെമ്മണ്ണൂരിന്റെ തനി നിറം അറിയാതെ പുറത്തുവന്നു; 14 കോടി മുടക്കി ഓടിയിട്ടും ബ്ലഡ് ബാങ്ക് തുടങ്ങിയില്ലെന്ന് തുറന്ന് സമ്മതിച്ച് സ്വർണ്ണക്കട മുതലാളി; 3000 കോടിയുടെ ഓക്സിജൻ സിറ്റിയും കള്ളത്തരമെന്ന് തുറന്നു സമ്മതിച്ചു: പോയിന്റ് ബ്ലാങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി മാറിയത് ഇങ്ങനെ

തുണിയുരിക്കേണ്ട എന്ന് ജിമ്മി ജെയിംസ് തീരുമാനിച്ചിട്ടും ബോബി ചെമ്മണ്ണൂരിന്റെ തനി നിറം അറിയാതെ പുറത്തുവന്നു; 14 കോടി മുടക്കി ഓടിയിട്ടും ബ്ലഡ് ബാങ്ക് തുടങ്ങിയില്ലെന്ന് തുറന്ന് സമ്മതിച്ച് സ്വർണ്ണക്കട മുതലാളി; 3000 കോടിയുടെ ഓക്സിജൻ സിറ്റിയും കള്ളത്തരമെന്ന് തുറന്നു സമ്മതിച്ചു: പോയിന്റ് ബ്ലാങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി മാറിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് കോടികളുടെ പരസ്യം നൽകി വരുതിയിലാക്കി പ്രാഞ്ചിയേട്ടൻ ചമയുന്ന ബോബി ചെമ്മണ്ണൂരിനെ വെള്ളപൂശിയുള്ള അഭിമുഖങ്ങലാണ് ഏതാനും ദിവസങ്ങളിലായി വ്യാപകമായി വരുന്നത്. കേരളാ കൗമുദിയിൽ വന്ന വിശദമായ അഭിമുഖത്തിന് ശേഷം മിക്ക ചാനലുകളും ബോബിയുടെ അഭിമുഖം വരുന്നുണ്ട്. ഇങ്ങനെയുള്ള അഭിമുഖങ്ങൾക്ക് പിന്നിൽ പരസ്യ താൽപ്പര്യങ്ങളുണ്ടെന്നതും വ്യക്തമാണ്. ഇത്തരത്തിൽ ഒരു അഭിമുഖം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തു. പ്രമുഖ ജുവല്ലറി വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖമായിരുന്നു ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്കിൽ.

രാഷ്ട്രീയക്കാരെയും മന്ത്രിമാരെയും കടന്നാക്രമിക്കുന്ന ജിമ്മി ജെയിംസിനോട് കുറച്ചു മയം കാട്ടണമെന്നു മാനേജ്‌മെന്റ് പ്രത്യേകം നിഷ്‌കർഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ചോദ്യങ്ങൾ കാട്ടി കുരുക്കാൻ ജിമ്മി ശ്രമിച്ചിരുന്നു. എങ്കിലും തന്റെ സ്വതസിദ്ധമായ ശൈലികൾ കടന്നുകൂടിയപ്പോൾ ബോബി ചെമ്മണ്ണൂർ വിയർക്കുന്ന കാഴ്ചയാണ് കണ്ടത്. പല പ്രധാന ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു ബോബി തന്റെ തട്ടിപ്പുകൾ തുറന്നു സമ്മതിക്കുകയും ചെയ്തു.

ബോബിയെ ബൂസ്റ്റ് ചെയ്യാൻ വേണ്ടി നടത്തിയ അഭിമുഖത്തിൽ പലയിടത്തും ഉത്തരം മുട്ടിയ അവസ്ഥയാണ് കണ്ടത്. ചുരുക്കത്തിൽ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലായി അഭിമുഖം. പൊതുവേ അഗ്രസീവായി ചോദ്യങ്ങൾ ഉന്നയിക്കുന്ന ജിമ്മി ചില വിഷയങ്ങളിൽ ബോബിയെ കടന്നാക്രമിക്കാതെ സമവായത്തിന്റെ പാതയിൽ പോകുന്നതും കണ്ടു. ഫലത്തിൽ ബോബിക്ക് പറയേണ്ടത് പറയാൻ അവസരം നൽകിയും അറിയേണ്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞുമാണ് പോയന്റ് ബ്ലാങ്ക് മുന്നേറിയത്.

ബോബിയുടെ ഡ്രസിൽ പിടിച്ചാണ് ജിമ്മി ജെയിംസ് അഭിമുഖം തുടങ്ങിയത്. തന്റെ മുത്തശ്ശൻ ഉപയോഗിച്ചിരുന്നതാണ് ഈ ഡ്രസ് എന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്താൻ വേണ്ടിയാണ് ഇത്തരമൊരു ഡ്രസ് ഉഫയോഗിക്കുന്നതുമെന്നാണ് ബോബിയുടെ മറുപടി. ശ്രദ്ധ ആകർഷിക്കാനാണോ എന്ന ചോദ്യത്തിന് ശ്രദ്ധയും കിട്ടുമെന്നും പലരും വിമർശിച്ചാലും അത് മൈൻഡ് ചെയ്യാറില്ലെന്നും ബോബി വ്യക്തമാക്കി. ലളിത ജീവിതമാണെന്ന് സ്വയം പറഞ്ഞാണ് അഭിമുഖം ബോബി തുടങ്ങിയത്.

രണ്ടാമതായി അവതാരകന്റെ ചോദ്യം നീണ്ടത് ബ്ലഡ് ബാങ്കുമായി ബന്ധപ്പെട്ടായിരുന്നു. ബ്ലഡ് ബാങ്ക് തുടങ്ങാൻ വേണ്ടിയാണ് ഓടിയതെന്ന് പറഞ്ഞ ബോബി അവസാനം അതിന് വേണ്ടിയല്ലെന്നും പറഞ്ഞു. ജിമ്മിയുടെ ചോദ്യത്തിൽ ഉത്തരം മുട്ടുകയായിരുന്നു ബോബി ചെമ്മണ്ണൂരിന്. ഒരു വ്യക്തിക്ക് ബ്ലഡ് ബാങ്ക് സ്വന്തമായി തുടങ്ങാൻ പറ്റില്ലെന്ന് തനിക്ക് ബോധ്യമായത് വൈകിയാണെന്നാണ് ബോബി പറഞ്ഞത്. എങ്കിൽ എന്തിനായിരുന്നു ഇത്രയും പബ്ലിസിറ്റിയും പരസ്യവും ഓട്ടവുമെന്ന ചോദ്യത്തിന് അത് ചാരിറ്റിക്ക് വേണ്ടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ബ്ലഡ് ബാങ്ക് തുടങ്ങാൻ വേണ്ടി വലിയ പബ്ലിസിറ്റിയോടെ നടത്തിയ പരിപാടി എങ്ങുമെത്തിയില്ലെന്ന് തുറന്നു പറയുകായിരുന്നു ബോബി. ബ്ലെഡ് ബാങ്ക് തുടങ്ങുമെന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കൈകഴുകുന്നതും കണ്ടു.

അതേസമയം രക്തദാതാക്കളെ ആശുപത്രിയിൽ എത്തിക്കാറുണ്ട്. മാത്രമല്ല, ബോബി ഫാൻസ് വഴിയും രക്തം ആവശ്യമുള്ളവർക്ക് സഹായം ചെയ്യാറുണ്ടെന്നുമായി ബോബിയുടെ വാദം. എല്ലാ മാദ്ധ്യമങ്ങളിലും ബോബിയുടെ രക്തം തേടിയുള്ള യാത്ര പരസ്യം ചെയ്തിരുന്നു. എന്നാൽ, ഇങ്ങനെ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്നും 14 കോടി മുടക്കിയെന്നും ബോബി അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇത്രയൊക്ക കോടി മുടക്കികഴിഞ്ഞപ്പോഴാണ് സ്വകാര്യ വ്യക്തിക്ക് ബ്ലഡ് ബാങ്ക് ഉണ്ടാക്കാൻ കഴിയില്ലെന്ന കാര്യം താങ്കൾ അറിഞ്ഞതെന്ന ചോദ്യത്തോടെ ജുവല്ലറി മുതലാളിക്ക് ഉത്തരം മുട്ടിയത്. ഇതുവഴിയും താൻ ലക്ഷ്യമിട്ടത് മാർക്കറ്റിങ് തന്നെയാണെന്ന് വ്യക്തമാക്കുകയായിരുന്നു ബോബി.

ഓക്‌സിജൻ സിറ്റിയെ കുറിച്ചുള്ള ചോദ്യത്തിലും പതറുന്ന ബോബിയെയാണ് പ്രേക്ഷകർ കണ്ടത്. 3000 കോടി രൂപ മുടക്കിയുള്ള ഓക്‌സിജൻ സിറ്റി 62 ഏക്കറിലാണ് തുടങ്ങുന്നത്. ഒരു കമ്പിക്ക് പരമാവധി 15 ഏക്കറെ കൈവശം വെക്കാൻ സാധിക്ക എന്നിരിക്കെ എങ്ങനെ 62 ഏക്കർ കൈവശംവെക്കുന്നു എന്ന ചോദ്യത്തിന് താൻ ഒറ്റ കമ്പനിയായല്ല പദ്ധതി തുടങ്ങാൻ ഉദ്ദേശിച്ചതെന്നാണ് ബോബി വ്യക്തമാക്കുന്നത്. അഞ്ച് കമ്പനിയായാണ് ഓക്‌സിജൻ സിറ്റി രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പരസ്യത്തിലാണ് കബളിപ്പിക്കലാണെന്ന് ബോബി സമ്മതിച്ചതും. സ്വകാര്യ സെസ് എന്നും പറഞ്ഞ് വലിയ അക്ഷരത്തിൽ നൽകിയ പരസ്യത്തിൽ പ്രൊപ്പോസ്ഡ് പ്ലാൻ എന്നത് ഒരിക്കലും വായിക്കാൻ സാധിക്കാത്ത വിധത്തിൽ ചെറിയ അക്ഷരത്തിലാണ് എഴുതിയത്.

പരസ്യത്തിൽ താൻ തുടങ്ങാൻ ഉദ്ദേശിക്കുന്നു എന്ന വിധത്തിൽ പ്രൊപ്പോസ്ഡ് എന്ന് ചെറുതായി എഴുതിയെന്നാണ് ബോബി അവകാശപ്പെട്ടത്. എന്നാൽ, സ്വകാര്യ സെസ് ലഭിക്കുക പോലുമില്ലെന്നിരിക്കേ എന്തൊക്കെ പറഞ്ഞാലും ഇങ്ങനെയൊരു പരസ്യം നൽകുന്നത് തെറ്റല്ലേയെന്ന ചോദ്യത്തിൽ ബോബി പതറുകയും ചെയ്തു. ജിമ്മി തന്നെ ഇത് വായിച്ച് എനിക്കും വായിക്കാൻ സാധിക്കില്ലെന്ന് പറയുകയും ചെയ്തു. എന്നാൽ, പത്രത്തിൽ ഇത് കാണാമെന്നാണ് ബോബി പറഞ്ഞത്. ഇതിൽ നിന്നു തന്നെ വ്യക്തമായത് ആ പരസ്യത്തിൽ വേണ്ടത്ര ഉദ്ദേശ ശുദ്ധിയില്ലെന്നാണ്.

കണ്ടീഷൻസ് അപ്ലൈ എന്ന് മറ്റ് പരസ്യങ്ങളിൽ പറയുന്നത് പോലെ തന്നെയാണ് അഭിപ്രായം പറഞ്ഞതെന്നുമായി ബോബിയുടെ വാദം. പൊതുജനങ്ങൾക്ക് തന്റെ കമ്പനിയെ കുറിച്ച് ഇതുവരെ യാതൊരു പരാതിയും ഉണ്ടായിട്ടില്ല. എല്ലാ കോർപ്പറേറ്റുകളും ചെയ്യുന്നതാണ് താനും ചെയ്യുന്നത്. 29,000പേർക്ക് തൊഴിലെന്ന് പറഞ്ഞത് ഉദ്ദേശിക്കുന്ന കാര്യമാണ് കൊടുത്തത്. ഫോൺ നമ്പർ അടക്കമുള്ളവ നൽകിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നും ബോബി വിശദീകരിച്ചെങ്കിലും ഓക്‌സിജൻ സിറ്റിയെകുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു തന്നെ നിന്നു. ഇക്കാര്യത്തിലാകട്ടെ ജിമ്മി ജെയിംസിൽ നിന്നും അധികം ചോദ്യങ്ങൾ ഉണ്ടായതുമില്ല.

ബോബിയുടെ തനി നിറം പുറത്തു കാണിക്കുന്ന പല ഉത്തരങ്ങളും വന്നെങ്കിലും പതിവു ശൈലിയിൽ അതിനെ പിടിച്ചു വഷളാക്കി മുറിവിൽ എണ്ണ ഒഴിക്കണ്ട എന്നു ജിമ്മി ബോധപൂർവ്വം ശ്രമിച്ചിരുന്നതായി വ്യക്തമായിരുന്നു. ചില വെളിപ്പെടുത്തലുകൾക്ക് ശേഷം കുത്തി നോവിക്കാതെ അടുത്ത വിഷയത്തിലേയ്ക്ക് പോവുകയായിരുന്നു. എന്നാലും മറുനാടൻ കുറെ ദിവസങ്ങളായി ആരോപിക്കുന്ന കാര്യങ്ങൾ ഒക്കെ ഏതാണ്ട് അംഗീകരിച്ചിരിക്കുന്ന തരത്തിലാണ് ഉത്തരങ്ങൾ.

തനിക്ക് 41 ജുവല്ലറികൾ ഉണ്ടെന്നും ഫിനാൻസിങ് സ്ഥാപനത്തിന്റെ 190 ശാഖകൾ ഉണ്ടെന്നും ബോബി അഭിമുഖത്തിൽ വിശദീകരിച്ചു. അതേസമയം തിരൂരിൽ കുടുംബ നാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ തന്റെ ഭാഗം പൂർണ്ണമായും വെള്ളപൂശുന്ന ബോബിയെയും അഭിമുഖത്തിൽ കണ്ടു. ഇസ്മയിൽ ആത്മഹത്യ ചെയ്തതല്ലെന്നാണ് ബോബി വാദിച്ചത്. ഒരു കൈയിൽ പെട്രോളും മറുകൈയിൽ ലാംപും ഏന്തിയാണ് അദ്ദേഹം എത്തിയത്. ഓഫീസിലെ എ സി ഡെറ്റിൽ നിന്നും കാറ്റടിക്ക് തീപിടിക്കുകയാണ് ഉണ്ടായത്. അയാളുടെ ഉദ്ദേശം എന്താണെന്ന് വച്ചാൽ കടം ഒഴിവാക്കി എടുക്കാൻ വേണ്ടിയുള്ള ശ്രമം ആയിരുന്നു. എന്നാൽ, ഇയാളുടെ പേരിൽ പല കേസുണ്ടായിരുന്നെന്നും വീട്ടിലെത്തി ജുവല്ലറി ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നത് തെറ്റാണെന്നും ബോബി അഭിമുഖത്തിൽ പറഞ്ഞു.

തുടർന്ന് പരസ്യങ്ങൾ നൽകി ആരുടെയും വായ് മൂടികെട്ടാറില്ലെന്നാണ് ബോബി വാദിച്ചത്. താനുമായി ബന്ധപ്പെട്ട വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു എന്നുമായിരുന്നു ബോബി പറഞ്ഞത്. എന്നാൽ രണ്ട് കോടി ചോദിച്ചിട്ട് കൊടുക്കാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു വിശദീകരണം. തനിക്ക് ഒരുപാട് ഗേൾഫ്രണ്ട്‌സും ബോയ് ഫ്രണ്ട്‌സും ഉണ്ടെന്നും ബോബി അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ ചീത്തപ്പേരുണ്ടാകുമെന്ന് പേടിയില്ലെന്നും ബോബി വ്യക്തമാാക്കുന്നു.

അതേസമയം സ്വർണ്ണ സ്‌കീമുകളെ കുറിച്ചുള്ള ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാനും ജിമ്മി ജെയിംസ് തയ്യാറായില്ല. സ്വർണം വാങ്ങുന്ന സ്‌ക്രീമുകൾ തട്ടിപ്പല്ലെന്നായിരുന്നു ബോബിയുടെ വാദം. പൊതുജനങ്ങളിൽ നിന്നും പണം പിരിക്കുന്നതിൽ തെറ്റില്ലെന്നും ഷെയർഹോൾഡേഴാണ് അവരെന്നുമാണ് ബോബി വ്യക്തമാക്കിയത്. അതേസമയം ബോബിക്ക് മാത്രമായി 94 കോടി രൂപയുടെ ഷെയർ ുണ്ടെന്നും എവിടെ നിന്നാണ് ഈ പണമെന്ന ചോദ്യത്തോട് എന്റെ സ്വത്താണെന്നായിരുന്നു മറുപടി. ഇത് ബ്ലാക്ക് മണിയാണോ എന്ന ചോദ്യത്തിന് അല്ലെന്നുമായി മറുപടി. ഓക്‌സിജൻ സിറ്റിയിൽ മാറഡോണ എത്തുമെന്ന കാര്യം കൂടു പറഞ്ഞാണ് ബോബി അഭിമുഖം അവസാനിപ്പിച്ചത്.

അതേസമയം രാഷ്ട്രീക്കാരെ അഭിമുഖം ചെയ്യുമ്പോൾ കടന്നാക്രമിക്കുന്ന ശൈലി സ്വീകരിക്കുന്ന അവതാരകൻ ബോബിയെ ലളിതമായാണ് കൈകാര്യം ചെയ്തതെന്ന് വിമർശനവും ഉയരുന്നുണ്ട്. ബ്ലഡ് ബാങ്കിലെ പൊള്ളത്തരവും ഓക്‌സിജൻ സിറ്റിയിലെ പരസ്യത്തിലെ ഇരട്ടത്താപ്പും തുറന്നു കാട്ടാൻ അഭിമുഖത്തിൽ സാധിച്ചെങ്കിലും മറ്റ് വേളകളിൽ ബോബിക്ക് വിശദീകരണം നൽകാൻ വേണ്ടി മാത്രമുള്ള ചോദ്യങ്ങളായി മാറിയെന്നുമാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP