Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈറ്റ് ഓഫ് ചെയ്ത ശേഷം ഫർണ്ണിച്ചറുകളും ചുവർ ചിത്രങ്ങളും എറിഞ്ഞും അടിച്ചു തകർത്തു; ഉന്നത ഉദ്യോഗസ്ഥർ നേതൃത്വം നൽകിയപ്പോൾ അനുസരിച്ച് കീഴുദ്യോഗസ്ഥരും: കരിപ്പൂരിലെ ആക്രമണ വീഡിയോ പുറത്ത്; ജവാനെ സംഘം ചേർന്ന് കൊലപ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ലൈറ്റ് ഓഫ് ചെയ്ത ശേഷം ഫർണ്ണിച്ചറുകളും ചുവർ ചിത്രങ്ങളും എറിഞ്ഞും അടിച്ചു തകർത്തു; ഉന്നത ഉദ്യോഗസ്ഥർ നേതൃത്വം നൽകിയപ്പോൾ അനുസരിച്ച് കീഴുദ്യോഗസ്ഥരും: കരിപ്പൂരിലെ ആക്രമണ വീഡിയോ പുറത്ത്; ജവാനെ സംഘം ചേർന്ന് കൊലപ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടു. വിമാനത്താവളത്തിനകത്ത് സിഐഎസ്എഫ് ജവാന്മാർ ആക്രമണം നടത്തുന്ന ദ്യശ്യങ്ങളാണ് മലയാളത്തിലെ വിവിധ ചാനലുകൾ പുറത്തുവിട്ടത്. വിമാനത്താവളത്തിന് സുരക്ഷ ഒരുക്കേണ്ട ഉദ്യോഗസ്ഥൻ സംഘംചേർന്ന് ആക്രമണം നടത്തുന്നത് പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഉദ്യോഗസ്ഥർ നിർദ്ദേശം നൽകുന്നതിന് അനുസരിച്ച് കീഴ് ഉദ്യോഗസ്ഥർ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ചുവർചിത്രങ്ങളും ഫർണിച്ചറും എറിഞ്ഞും അടിച്ചും തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ലൈറ്റ് ഓഫ് ചെയ്തശേഷമായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. എന്നാൽ നൈറ്റ് വിഷൻ കാമറ എല്ലാം ഒപ്പിയെടുക്കുകയായിരുന്നു. വാതിലുകൾ ചവിട്ടിത്തുറക്കുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങൾ പോലും ജവാന്മാർ തല്ലിത്തകർത്തു.

വെടിവെയ്‌പ്പിൽ അന്വേഷണത്തിന് സിഐഎസ്എഫ് കോർട്ട് ഓഫ് എൻക്വയറി രൂപീകരിച്ചിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് അടിയന്തര സുരക്ഷാ യോഗം ചേർന്നു. അടിയന്തര സുരക്ഷാ യോഗം വിളിക്കാൻ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്തെ 3 വിമാനത്താവളങ്ങളിലേയും സുരക്ഷ വിലയിരുത്തും.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.സിഐഎസ്എഫ്, കസ്റ്റംസ്, എയർപോർട്ട് അഥോറിറ്റി എന്നിവയുടെ യോഗമാണ് വിളിച്ചത്. കരിപ്പൂരിൽ വെടിവച്ചത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെന്ന് രഹസ്യാന്വേഷണ ബ്യൂറോ റിപ്പോർട്ട് നൽകി.ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യാന്വേഷണ ബ്യൂറോ റിപ്പോർട്ട് നൽകി .വെടിയുതിർത്തത് ഫയർഫോഴ്‌സ് ആണെന്ന് സിഐഎസ്എഫും റിപ്പോർട്ട് നൽകി. നിസ്സഹകരണമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും സിഐഎസ്എഫ് പറയുന്നു.

അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലെ സംഘർഷത്തിൽ ജവാൻ മരിച്ചത് വെടിയുണ്ട തലയിൽ തറച്ചു കയറിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തുവന്നു. എസ്.എസ്.യാദവിന്റെ തലച്ചോർ തുളച്ചുകയറിയ വെടിയുണ്ട പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയായി. ഇന്നലെ രാത്രിയാണ് സിഐഎസ്എഫും വിമാനത്താവള അഗ്‌നിശമന സേനാ വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ സിഐഎസ്എഫ് ജവാൻ വെടിയേറ്റു മരിച്ചത്. ഇതിനെത്തുടർന്നു വിമാനത്താവളം താൽക്കാലികമായി അടച്ചെങ്കിലും ഇന്നു രാവിലെ തുറന്നു.

കരിപ്പൂർ വിമാനത്താവളത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. അന്വേഷണം ആരംഭിച്ചുവെന്നും രാജ്‌നാഥ് വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചശേഷം നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന ഉദ്യോഗസ്ഥർ കരിപ്പൂർ സന്ദർശിക്കും. 

വിമാനത്താവളത്തിൽ ഫയർഫോഴ്‌സ് ജീവനക്കാരും സിഐഎസ്.എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘർഷത്തിന്റെ സി.സിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് വി.ഐ.പി ഗേറ്റിനു സമീപത്തുള്ള സി.സി ടിവി കാമറകൾ പരിശോധിച്ചത്. ജീവനക്കാരുടെ സുരക്ഷാ പരിശോധനയെയും പാസിനെയും ചൊല്ലിയുണ്ടായ തർക്കവും അതിനിടെ സിഐഎസ്.എഫ് ജവാന്മാരോട് വഴക്കുണ്ടാക്കുന്നതും ദൃശ്യത്തിലുണ്ട്. വാക്കു തർക്കത്തിനിടെ ഫയർഫോഴ്‌സ് ജീവനക്കാർ സിഐഎസ്.എഫ് എസ്.ഐ സീതാറാം ചൗധരിയെ മർദ്ദിക്കുന്നതും സി.സി ടിവി ദൃശ്യത്തിൽ വ്യക്തമാണ്. സംഘർഷം ശക്തമായ സാഹചര്യത്തിൽ ജീവനക്കാരെ വിരട്ടാനായി തോക്കെടുക്കുന്ന എസ്.ഐയെ മരിച്ച ജവാൻ എസ്.എസ് യാദവ് തടയുന്നുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിലെ വെടിവയ്പ് പ്രത്യേകസംഘം അന്വേഷിക്കും. ഡിസിആർബി ഡിവൈ.എസ്‌പി: ഷറഫുദീനാണ് അന്വേഷണച്ചുമതല. സിഐമാരായ കെ. എം. ബിജു, ബി. സന്തോഷ് എന്നിവരെ സംഘത്തിൽ ഉൾപ്പെടുത്തി. സംഭവം ഉത്തരമേഖല എ.ഡി.ജി.പി ശങ്കർ റെഡ്ഢി മേൽ നോട്ടത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചട്ടുണ്ട്.

കേന്ദ്ര സിവിൽ ഏവിയേഷൻ ജോയിന്റ് സെക്രട്ടറി അശോക് കുമാർ, സിഐഎസ്.എഫ് ദക്ഷണ മേഖലാ ഐ.ജി ആർ.ആർ സഹായിയും ഡി.ഐ.ജി ആനന്ദ് മോഹനും കരിപ്പൂലെത്തി. ഇവരോടൊപ്പം സിഐഎസ്.എഫ് കമാൻഡന്റ് അനിൽ ബാലിയും ഏറ്റുമുട്ടൽ നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു. സംഭവത്തിൽ സിഐഎസ്.എഫിന്റെയും ഫയർഫോഴ്‌സിന്റെയും 15 ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ 143, 147, 148, 149, 302, 326 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.

എന്നാൽ, ജീവനക്കാരുടെ കൂട്ടസംഘർഷത്തിനിടെ അപ്രതീക്ഷിതമായി യാദവിന്റെ കൈയിലുള്ള തോക്കിൽ നിന്നും വെടിയുതിരുകയായിരുന്നു. വെടിയേറ്റയുടനെ സംഘർഷമുണ്ടാക്കിയ ജീവനക്കാരും കണ്ടുനിന്നവരും സ്ഥലത്തുനിന്നും ഓടിമാറുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ അപകടം എങ്ങനെയുണ്ടായെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. വെടിയേറ്റ ശേഷം ജവാൻ വീഴുന്നതു മാത്രമാണ് ദൃശ്യത്തിൽ കാണുന്നുണ്ട്. വെടിയുതിർത്ത തോക്ക് പരിശോധിക്കുന്നതിനായി എറണാകുളത്ത് നിന്ന് ബാലസ്റ്റിക് വിദഗ്ധരും രക്തസാമ്പിൾ പരിശോധനക്കായി ബയോകെമിസ്റ്റും ഫോറൻസിക്, വിരലടയാള വിദഗ്ധരും വിമാനത്താവളത്തിലെത്തിയിരുന്നു.

സിഐഎസ്എഫ് ജവാനെ സംഘം ചേർന്ന് കൊലപ്പെടുത്തിയതെന്ന് ആഭ്യന്തര സഹമന്ത്രി

ന്യൂഡൽഹി: സിഐഎസ്എഫ് ജവാനിൽ നിന്നും ആയുധം തട്ടിപ്പറിച്ച് വെടിയുതിർക്കുകയായിരുന്നെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ കുമാർ റിജ്ജു. ജവാനെ ഒരു സംഘം ബലമായി പിടിച്ചുകൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിൽ നടന്നത് ഗുരുതര സുരക്ഷാ വീഴ്‌ച്ചയാണെന്നം അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട ജവാൻ ജെയ്പാൽ യാദവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സിഐഎസ്എഫിന് കൈമാറിയിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം ഒന്നര മണിക്കൂർ കഴിഞ്ഞ് രാത്രി ഏഴ് മണിയോടെയാണ് സിഐഎസ്എഫ് മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്. ഉന്നത ഉദ്യോഗസ്ഥരാരും മൃതദേഹം ഏറ്റുവാങ്ങാനെത്തിയില്ല. ജവാന്റെ മൃതദേഹം സംസ്‌ക്കരിക്കാനായി സ്വദേശമായ ഉത്തർ പ്രദേശിലെ അസംഘഢിലെത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP