സമസ്ത..തങ്ങളുടെ ആത്മീയ നേതൃത്വം തങ്ങൾമാരാണെന്ന് അങ്ങോട്ടും അണികൾ സമസ്തയാണ് തങ്ങളുടെ നേതൃത്വമെന്ന് മാറി മാറി പറയുമ്പോൾ...ഈ വ്യാജപണ്ഡിതസഭയുടെ മുഖംമൂടി സമൂഹമധ്യേ ശരിക്ക് അഴിഞ്ഞുവീണു; മുജാഹിദ് സമ്മേളനത്തിൽ തങ്ങൾമാർ പങ്കെടുത്ത വിവാദത്തിൽ ഉസ്താദ് അബ്ദുൾ മജീദ് ഹുദവി പൂങ്ങോടിന്റെ കുറിക്ക് കൊള്ളുന്ന പ്രസംഗം വൈറലാകുന്നു
January 03, 2018 | 11:18 AM | Permalink

മറുനാടൻ മലയാളി ഡസ്‌ക്
തിരുവനന്തപുരം: സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സമ്മേളന വേദിയിൽ എത്തിയതിന്റെ അലയൊലികൾ അടങ്ങുന്നില്ല.. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെ എതിർത്ത് സമസ്ത ഇറക്കിയ പത്രക്കുറിപ്പ് മുഖവിലക്കെടുക്കാതെ തങ്ങൾമാർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതിനെ വിമർശിച്ച് ഉസ്താദ് അബ്ദുൾ മജീദ് ഹുദവി പൂങ്ങോട് നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.വ്യാജ പണ്ഡിതസഭയുടെ മുഖംമൂടി സമൂഹമധ്യേ അഴിഞ്ഞുവീണുവെന്നും തങ്ങളുടെ ആത്മീയ നേതൃത്വം തങ്ങൾമാരാണെന്ന് സമസ്തയും അണികൾ സമസ്തയാണ് തങ്ങളുടെ നേതൃത്വമെന്നും പറയുന്നതിലെ പൊള്ളത്തരം ജനങ്ങൾക്ക് പിടികിട്ടിയെന്നും ഉസ്താദ് അബ്ദുൾ മജീദ് ഹുദവി പൂങ്ങോട് പറയുന്നു.
പ്രസംഗത്തിൽ നിന്ന്..
'ഈ വർഷത്തെ മുജാഹിദ് സമ്മേളനം കൊണ്ടുമുജാഹിദ് പ്രസ്ഥാനത്തിന്റെ വികലമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടിയാണെങ്കിലും,കേരളത്തിലെ സുന്നി സമൂഹത്തിനും ഒരുപാട് ഉപകാരങ്ങൾ ഇതുകൊണ്ട് ഉണ്ടായിട്ടുണ്ട്.
വ്യാജ ആത്മീയ നേതൃത്വം അവകാശപ്പെട്ടുകൊണ്ട് അല്ലെങ്കിൽ പ്രചാരണത്തിലൂടെ അത് പലതും ചാർത്തിക്കൊടുത്തുകൊണ്ട് ജനങ്ങളെ വഴിതെറ്റിക്കുന്ന ഈ വ്യാജപണ്ഡിതസഭയുടെ മുഖംമൂടി സമൂഹമധ്യേ ശരിക്ക് അഴിഞ്ഞുവീണു എന്ന് ഇതിൽ നിന്ന മനസ്സിലാക്കാം.സമസ്ത എന്താണെന്നും അതിന്റെ നേതൃത്വമെന്താണെന്നും അത് ആത്മീയ നേതാക്കളായി കൊണ്ടുനടക്കുന്ന ആളുകളുടെ സ്ഥാനമെവിടെയാണെന്നും അവരുടെ മനസ്സിൽ എന്താണെന്നുമൊക്കെ ജനങ്ങൾക്ക ശരിക്കും ബോധ്യപ്പെട്ടിരിക്കുന്നു.ആധികാരിക പണ്ഡിതസഭയെന്ന് പറയുമ്പോ..സാധാരണ സമസ്തയുടെ അണികൾ പറയാറുള്ളത് എന്തെങ്കിലുമൊരു കാര്യം ചോദിച്ചാൽ ഞങ്ങൾക്ക് അറിയില്ല..സമസ്ത പറഞ്ഞിട്ടുണ്ട്...ബഹുമാനപ്പെട്ട സമസ്ത പറഞ്ഞിട്ടുണ്ട്....അങ്ങനെ ഈയൊരു സാധനത്തെ കുത്തിപ്പൊക്കി എഴുന്നെള്ളിച്ച് കൊണ്ടുനടക്കുമ്പോ...മറ്റൊരു തെളിവും വേണ്ട ഇത് മാത്രം മതിയെന്ന സാധാരണ അണികൾ പറയുമ്പോൾ..നേതൃത്വത്തിലിരിക്കുന്നവർ അതിന്റെ നിലപാടിനെ പുറംകാല് കൊണ്ടുതട്ടിമാറ്റുന്നതാണ് കാണുന്നത്.
സമസ്ത..തങ്ങളുടെ ആത്മീയ നേതൃത്വം തങ്ങൾമാരാണെന്ന് അങ്ങോട്ടും, അണികൾ സമസ്തയാണ് തങ്ങളുടെ നേതൃത്വമെന്ന് മാറി മാറി പറയുമ്പോൾ..രണ്ടും ആത്മീയ നേതൃത്വത്തിന് പറ്റിയ സാധനങ്ങളെന്ന് ജനങ്ങൾക്ക് ശരിക്കും ബോധ്യപ്പെട്ടു..അതാണ് ഈ മുജാഹിദ് സമ്മേളനം കൊണ്ടുകിട്ടിയ നേട്ടം....'
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ 'പള്ളി, മദ്രസ, മഹല്ല്' സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് വഖഫ്ബോർഡ് ചെയർമാൻകൂടിയായ റഷീദലി ശിഹാബ് തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത്.മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുജാഹിദ് സമ്മേളനത്തിനെത്തിയത്.
മുജാഹിദ് സമ്മേളനത്തിൽ റഷീദലി തങ്ങൾ പങ്കെടുക്കുന്നതിനെതിരെ എസ്‌കെഎസ്എസ്എഫ് നേതാക്കളാണ് ആദ്യം വിമർശനവുമായെത്തിയത്. വിഷയത്തിൽ റഷീദലി തങ്ങൾ ഫേസ്‌ബുക്ക് വഴി വിശദീകരണം നൽകിയിരന്നു. പിന്നീട് സമസ്ത പത്രകുറിപ്പ് ഇറക്കി മുജാഹിദ് വേദിയിൽ പങ്കെടുക്കരുതെന്നത് സമസ്തയുടെ നിലപാടാണെന്ന് പറഞ്ഞിരുന്നു.