മുഖ്യന്ത്രിയുടെ നാം മുന്നോട്ട് ചാനൽ ചർച്ചയുടെ ആദ്യ എപ്പിസോഡ് ചർച്ച ചെയ്തത് സ്ത്രീ സുരക്ഷ; റിമ കല്ലിങ്കലിനേയും ജേക്കബ് പുന്നൂസിനേയും അണിനിരത്തി ആങ്കർ വീണാ ജോർജ്; സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്ന കാര്യങ്ങളിൽ നല്ലതോതിൽ മാറ്റം വന്നുവെന്ന് മുഖ്യമന്ത്രി; സാങ്കേതിക മികവിൽ വൻ പരാജയമായതോടെ കൊട്ടിഘോഷിച്ച പരിപാടി പവനായി ശവമായി എന്ന മട്ടിൽ
December 31, 2017 | 08:08 PM | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അത്യാവശ്യം ഒരു ലോക്കൽ ചാനലിന്റെ നിലവാരമെങ്കിലും വേണമായിരുന്നു. പ്രത്യേകിച്ചും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പരിപാടി നടത്തുമ്പോൾ. നാം മുന്നോട്ട് എന്ന പേരിൽ ദൂരദർശനിലും കോടികൾ ചെലവിട്ട് സ്വകാര്യ ചാനലുകളിലും സംപ്രേഷണം ചെയ്ത പരിപാടി ഒട്ടും നിലവാരം പുലർത്തിയില്ല. സാധാരണ ജനങ്ങളിലേക്ക് സർക്കാരിന്റെ നന്മകൾ എത്തിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ പരിപാടിയുടെ ആങ്കർ ആറന്മുള എംഎൽഎ വീണാ ജോർജ്. പരിപാടിയുടെ വിശദീകരണം നൽകിയതാകട്ടെ സിനിമാ സംവിധായകൻ ആയ സാക്ഷാൽ കമൽ. പക്ഷേ ഒട്ടും നിലവാരമില്ലാത്ത ഒരു പ്രാദേശിക ചാനൽ ചർച്ചയേക്കാളും തരംതാണ നിലയിൽ പിണറായിയുടെ ജനസമ്പർക്കം അവസാനിച്ചു.
സ്ത്രീകൾക്ക് എതിരായ ഏതു കുറ്റകൃത്യത്തിലും സർക്കാർ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കും. സർക്കാർ വേണ്ട രീതിയിലെല്ലാം സ്ത്രീകൾക്ക് നിതിക്കുവേണ്ടി ഇടപെടും. നാം മുന്നോട്ട് എന്ന ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ. ആറന്മുള എംഎൽഎ വീണാ ജോർജ് ആങ്കറായി കേരളത്തിലെ ജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കുന്നു എന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ കോടികൾ ചെലവിട്ട് പുറത്തിറക്കിയ പരിപാടി വൻ പരാജയമായി മാറിയെന്നാണ് ആദ്യ പ്രതികരണങ്ങൾ. സിഡിറ്റിനെ ഉപയോഗിച്ച് ചിത്രീകരിച്ച പരിപാടി ഒരു സ്വാഭാവിക ചർച്ചയ്ക്കപ്പുറം നിലവാരം പുലർത്താതെ പോയതാണ് ഇപ്പോൾ ചർച്ചയാകുന്നത്.