Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻസ്ട്രക്ടർ നിർദ്ദേശം നല്കുമ്പോൾ അപസ്മാരം ബാധിച്ചവരെപ്പോലെ നിലവിളിച്ച് കറങ്ങിവീണു പെൺകുട്ടികൾ; അഭിനയത്തിലെ പോരായ്മകൾ തിരുത്താൻ വെള്ളവസ്ത്രം ധരിച്ച സഹഇൻസ്ട്രക്ടർമാരും; ഒരിക്കൽക്കൂടി അലറിവിളിച്ച് നിലത്തുവീണു പിടയൽ; കുഞ്ഞാടുകളെ പിടിക്കാനുള്ള രോഗശാന്തി ശുശ്രൂഷയുടെ റിഹേഴ്‌സൽ ഇങ്ങനെ

ഇൻസ്ട്രക്ടർ നിർദ്ദേശം നല്കുമ്പോൾ അപസ്മാരം ബാധിച്ചവരെപ്പോലെ നിലവിളിച്ച് കറങ്ങിവീണു പെൺകുട്ടികൾ; അഭിനയത്തിലെ പോരായ്മകൾ തിരുത്താൻ വെള്ളവസ്ത്രം ധരിച്ച സഹഇൻസ്ട്രക്ടർമാരും; ഒരിക്കൽക്കൂടി അലറിവിളിച്ച് നിലത്തുവീണു പിടയൽ; കുഞ്ഞാടുകളെ പിടിക്കാനുള്ള രോഗശാന്തി ശുശ്രൂഷയുടെ റിഹേഴ്‌സൽ ഇങ്ങനെ

തിരുവനന്തപുരം: രോഗശാന്തി ശുശ്രൂഷയുടെ പേരിൽ പാവം വിശ്വാസികളെ പറ്റിക്കുന്നതിന്റെ തെളിവായി ഒരു വീഡിയോകൂടി. ധ്യാനത്തിൽ നടക്കുന്ന രോഗശാന്തി ശുശ്രൂഷയുടെ റിഹേഴ്‌സൽ നടത്തുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ശുശ്രുഷയ്ക്കിടെ ആത്മാവ് സന്നിവേശിച്ച് പ്രവർത്തകർ വേദിയിൽ കാട്ടിക്കൂട്ടുന്നതെല്ലാം വെറും തട്ടിപ്പുമാത്രമാണെന്ന് വിഡീയോ കണ്ടാൽ ബോധ്യമാകും.

തമിഴ്‌നാട്ടിലെ ഏതോ സ്ഥലത്തു നടക്കുന്ന വീഡിയോ ആണു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത്തരം തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്ന പാവം കുഞ്ഞാട് എന്ന ഫേസ്‌ബുക്ക് പേജിലാണ് ഏഴു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതു സഭയാണ് റിഹേഴ്‌സൽ നടത്തുന്നതെന്നു വ്യക്തമല്ല.

ധ്യാനഹാളിൽ പത്തോളം പേർ ചേർന്നാണു റിഹേഴ്‌സൽ നടത്തുന്നത്. കൂടുതലും പെൺകുട്ടികളാണ്. വെള്ള വസ്ത്രം ധരിച്ച രണ്ടു മുതിർന്ന സ്ത്രീകളും ഒരു പുരുഷനും വേണ്ട നിർദ്ദേശങ്ങൾ നല്കുന്നു. പെൺകുട്ടികൾ അടക്കമുള്ള സംഘം ധ്യാനഹാളിലെ വേദിയിൽ കൈകോർത്ത് വൃത്തത്തിൽ നിൽക്കുന്നു. കറുത്തനിറത്തിലുള്ള പാറ്റ്‌സ് ഇട്ടയാളാണ് ഇവരെ നിയന്ത്രിക്കുന്നത്. ഇദ്ദേഹത്തിന്റെ നിർദ്ദേശം ലഭിക്കുമ്പോൾ വൃത്തത്തിൽ നിൽക്കുന്നവർ അപസ്മാരം ബാധിച്ചവരെപ്പോലെ അഭിനയിക്കാൻ തുടങ്ങുന്നു. ഉച്ചത്തിൽ ബഹളമുണ്ടാക്കുകയും കറങ്ങിക്കൊണ്ട് നിലത്തു വീഴുകയും പിന്നെക്കിടന്ന് വിറയ്ക്കുന്നതും വീഡിയോയിൽ കാണം.

റിഹേഴ്‌സൽ ഒരുവട്ടം പൂർത്തിയാകുമ്പോൾ നീല ഷർട്ട് ധരിച്ച ഇൻസ്ട്രക്ടർ വന്ന് വീണ്ടും നിർദ്ദേശങ്ങൾ നല്കുന്നു. റിഹേഴ്‌സലിൽ അഭിനയം പോരാത്തവരോട് കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് വീണ്ടും നിർദ്ദേശം നല്കുന്നു. വെള്ള വസ്ത്രം ധരിച്ച രണ്ടു സ്ത്രീകളും വേണ്ട നിർദ്ദേശങ്ങൾ നല്കുന്നുണ്ട്. ഒരിക്കൽക്കൂടി പെൺകുട്ടികളടക്കം കൈകോർത്ത് വൃത്തത്തിൽ നിൽക്കുന്നു. ഇൻസ്ട്രക്ടറുടെ നിർദ്ദേശം ലഭിക്കുമ്പോൾ വീണ്ടും അപസ്മാരബാധിതരെപ്പോലെ അഭിനയിക്കാൻ തുടങ്ങുന്നു. ഉച്ചത്തിൽ നിലവിളിച്ച് കറങ്ങി വീഴുകയും നിലത്തുകിടന്ന് വിറയ്ക്കലും വീണ്ടും നടക്കുന്നു.

ദാരിദ്ര്യംമൂലവും രോഗപീഡകൾമൂലവും ധ്യാനകേന്ദ്രങ്ങൾ കയറിയിറങ്ങുന്നവരാണ് ഇത്തരം തട്ടിപ്പുകൾക്ക് കൂടുതലും ഇരകളാകുന്നത്. മരിച്ചവരെ ജീവിപ്പിക്കുമെന്നുവരെ അവകാശപ്പെട്ടാണ് പല ധ്യാന ഗുരുക്കന്മാരും കുഞ്ഞാടുകളെ പിടിക്കാനിറങ്ങുന്നത്. സാധാരണക്കാരുടെ അജ്ഞതയാണ് ഇത്തരം ആൾക്കാർ ചൂഷണം ചെയ്യുന്നത്.

ജറുസലേം ദേവാലയം കച്ചവടസ്ഥലമാക്കിയവരെ യേശുക്രിസ്തു ചാട്ടവാറിന് അടിച്ചോടിച്ച അനുഭവം ബൈബിളിൽ വിവരിക്കുന്നുണ്ട്. വിദേശത്തുനിന്നുള്ള ഫണ്ടിനടക്കം പാവങ്ങളെ ഇങ്ങനെ വഞ്ചിക്കുന്നവർ ഈ ബൈബിൾ ഭാഗം വല്ലപ്പോഴും വായിക്കാൻ മനസുകാണിക്കുകയാണു വേണ്ടത്.

മരിച്ച കുട്ടിയെ പോലും ഉയർത്തെഴുന്നേൽപ്പിക്കുന്ന അൽഭുത രോഗശാന്തികാട്ടി ജനങ്ങളെ വഞ്ചിക്കുന്നവരുടെ കഥകൾ മറുനാടൻ മുമ്പും പുറത്തുവിട്ടിട്ടുണ്ട്. പ്രമുഖ രോഗശാന്തി ശുശ്രൂഷക ആനി ജോർജാണ് ഇത്തരത്തിൽ നാട്ടുകാരെ പറ്റിച്ചത്. ഇതിന്റെ വീഡിയോ പോലും അവർ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP