Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

100 കോടി നേടിയ പുലിമുരുകനെ 'പറയാതെ വയ്യ'യിൽ വിമർശിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്നത് ലാൽ ഫാൻസുകാരുടെ തെറിയഭിഷേകം; ചാനൽ മാർക്കറ്റിങ് വിഭാഗത്തെയും സ്വാധീനിച്ച് പ്രോഗ്രാം എഡിറ്റ് ചെയ്യിക്കാൻ സമ്മർദ്ദങ്ങളുണ്ടായി; മാനോരമ ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തക ഷാനി പ്രഭാകറിന്റെ തുറന്നു പറച്ചിൽ

100 കോടി നേടിയ പുലിമുരുകനെ 'പറയാതെ വയ്യ'യിൽ വിമർശിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്നത് ലാൽ ഫാൻസുകാരുടെ തെറിയഭിഷേകം; ചാനൽ മാർക്കറ്റിങ് വിഭാഗത്തെയും സ്വാധീനിച്ച് പ്രോഗ്രാം എഡിറ്റ് ചെയ്യിക്കാൻ സമ്മർദ്ദങ്ങളുണ്ടായി; മാനോരമ ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തക ഷാനി പ്രഭാകറിന്റെ തുറന്നു പറച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോഷ്യൽ മീഡിയ കാലത്ത് വിമർശനങ്ങളോട് അസഹിഷ്ണുത വർദ്ധിക്കുന്നു എന്ന പഠനങ്ങൾ ധാരാളം വന്നിട്ടുണ്ട്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലാണ് ഇങ്ങനെയുള്ള വിമർശനങ്ങളും തെറിവിളികളും കൂടുന്നത്. നൂറ് കോടിയിൽ ഇടംപിടിച്ച പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തെ വിമർശിച്ചതിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന തെറിവിളികളെയും സമ്മർദ്ദങ്ങളെയും കുറിച്ച് വ്യക്തമാക്കി മനോരമ ന്യൂസ് ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തക ഷാനി പ്രഭാകർ രംഗത്തുവന്നു. മൺസൂൺ മീഡിയ സംഘടിപ്പിച്ച എഡിറ്റർമാർ ഇല്ലാത്ത മാധ്യമലോകം എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് ഷാനി ഇക്കാര്യം തുറന്നു പറഞ്ഞത്.

മനോരമ ന്യൂസിന്റെ പറയാതെ വയ്യ എന്ന പരിപാടിയിൽ 100 കോടി നേടിയെ പുലിമുരുകൻ സ്ത്രീവിരുദ്ധതയും സമുദായ വിരുദ്ധതയും കുത്തിനിറച്ച ചിത്രമാണെന്ന് വിമർശിച്ചതിന്റെ പേരിൽ വലിയ തോതിൽ സമ്മർദ്ദങ്ങളുണ്ടായി എന്നാണ് ഷാനി വ്യക്തമാക്കുന്നത്. പറയാതെ വയ്യയിൽ പുലിമുരുകനെ കുറിച്ച് പറഞ്ഞത് അതിനെ അഭിനന്ദിക്കാൻ വേണ്ടി ആയിരുന്നില്ല. അത് ശരാശരി നിലവാരത്തിൽ താഴെയുള്ള ചിത്രമാണെന്നും വിമർശിച്ചിരുന്നു. ഇതിൽ ചില ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് ആക്രമണം നേരിടേണ്ടി വന്നതെന്നും ഷാനി പറയുന്നു.

ഷാനിയുടെ വാക്കുകൾ ഇങ്ങനെ:

മലയാളത്തിൽ ആദ്യമായി 100 കോടി കലക്ട് ചെയ്ത ചിത്രം എന്ന നിലയിലാണ് പുലിമുരുകനെ പറയാതെ വയ്യ യിൽ വിഷയമാക്കിയത്. ഇതിൽ ഉന്നയിച്ച ചോദ്യങ്ങൾ ഇതായിരുന്നു. ഇത്രമേൽ ആളുകളെ സ്വാധീനിക്കൻ കഴിയുന്ന ജനകീയ താരത്തിന് പോലും സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും വംശീയത കലർത്തേണ്ടി വരുന്നത് എന്തിനാണ്? ഒരു സമുദായത്തിലെ ആളുകളെ വളരെ ടിപ്പിക്കലായി മോശക്കാരായി ചിത്രീകരിക്കുന്നു. ഇത്രയും കാലം പലരും ചെയ്തതാണ് ഇത്. എല്ലാ കള്ളക്കടത്തിന്റെയും പ്രതിലോമകരമായ രാഷ്ട്രീയത്തിന്റെ പ്രതിനിധികളായി അവതരിപ്പിച്ചുകയാണ് പുലിമുരുകനും ചെയ്തത്. 100 കോടി തികയ്ക്കാൻ പര്യപ്തമായ മറ്റ് ഘടകങ്ങൾ ഉണ്ടായിട്ടും എന്തിനാണ് ഇങ്ങനെ ചെയ്തത്?

ഈ പരിപാടി വൈകീട്ട് എയർ ചെയ്തതിന് പിന്നാലെ ഫോൺവിളികൾ വന്നുകൊണ്ടിരുന്നു. പ്രോഗ്രാമുകളുടെ ഉള്ളടക്കത്തിന് മറുപടി പറയേണ്ടി വന്ന ജോണി സാറിനാണ് ഫോൺവിളി വന്നത്. അദ്ദേഹം മറ്റ് തിരക്കുകളിൽ ആയതിനാൽ കോളുകൾ എടുത്തിരുന്നില്ല. പുലിമുരുകന്റ നിർമ്മാതാവും മറ്റുള്ളവരുമാണ് വിളിച്ചത്. പരിപാടി വീണ്ടും സംപ്രേഷണം ചെയ്യുന്നത് തടയുക എന്നതിനായിരുന്നു ഈ ഫോൺവിളികൾ. ഇതേക്കുറിച്ച് ജോണിസാർ ചോദിച്ചു എന്താണ് പറയാതെ വയ്യയിൽ എടുത്തതെന്ന്. സ്ത്രീവിരുദ്ധതയാണ് വിഷയമെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. എവിടെയാണ് സ്ത്രീവിരുദ്ധതയെന്ന ചോദ്യങ്ങൾ ഉണ്ടായപ്പോൾ ഓരോ രംഗവും കാണിച്ചു വേണമെങ്കിൽ ബോധ്യപ്പെടുത്താമെന്നും പറയുകയായിരുന്നു.

ഈ വിഷയത്തിൽ മാർക്കറ്റിങ് വിഭാഗം മുഴുവൻ ഇളകുകയാണ് ഉണ്ടായത്. ഞായറാഴ്‌ച്ച ആയിട്ടു കൂടി അവധി കാൻസൽ ചെയ്ത് മാർക്കറ്റിങ് വിഭാഗക്കാർ എത്തി. സ്ത്രീവിരുദ്ധതയുണ്ടെന്നും സമുദായത്തെ അവഹേളിക്കുന്നതാണെന്നുമുള്ള പരാമർശങ്ങൾ എഡിറ്റ് ചെയ്യണം എന്നതായിരുന്നു അവരുടെ ആവശ്യം. പരസ്യത്തിന്റെയും വിപണനത്തിന്റെയും സമ്മർദ്ദങ്ങളായിരുന്നു ഇതിന് കാരണം. എന്നാൽ, എഡിറ്റ് ചെയ്യേണ്ട ആവശ്യമില്ല, എനിക്ക് ബോധ്യമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഉറച്ചു നിന്നു. അങ്ങനെ എഡിറ്റ് ചെയ്ത് പ്രോഗ്രാം സംപ്രേഷണം ചെയ്യേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

പിന്നീട് സിനിമ ശരാശരിയിലും താഴെയാണ് എന്ന പരാമർശം പിൻവലിക്കാമോ എന്നായി. ആ അഭിപ്രായം ഒരു പരിധിവരെ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് മനോരമ ന്യൂസ് മാനേജ്‌മെന്റ് സംപ്രേഷണം ചെയ്ത വാർത്ത അങ്ങനെ പോകട്ടെ എന്ന തീരുമാനിക്കുകയിരുന്നു. ഈ സംഭവം കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയിൽ ഇതിന്റെ പേരിൽ തനിക്കെതിരെ സംഘടിതമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. മോഹൻലാൽ ഫാൻസുകാരാണ് കൂട്ടായ ആക്രമണം അഴിച്ചുവിട്ടത്. സംഘടനെ ഏറ്റെടുത്താണ് ആക്രമണം ഉണ്ടായത് എന്റെ പ്രൊഫൈൽ ചിത്രത്തിൽ വരെ വന്നായിരുന്നു തെറിവിളി.

സമാനമായ വിമർശനം നേരിടേണ്ടി വന്നത് നോട്ട് നിരോധനത്തിന്റെ വേളയിലായിരുന്നു. അന്ന് നോട്ട് നിരോധനത്തിലെ വീഴ്‌ച്ചകളെ ചൂണ്ടിക്കാട്ടി ചർച്ച നയിച്ചതോടെ ഷാനിയുടെ വീട്ടിൽ ഏഴ് ലക്ഷം കള്ളപ്പണം എന്ന് പറഞ്ഞ് പോസ്റ്റർ തയ്യാറാക്കി പ്രചരിപ്പിക്കുകയായിരുന്നു ചെയ്ത്. ഇതിനെ ആദ്യം ചിരിച്ചു തള്ളിയെങ്കിലും പിന്നീട് ഗൗരവത്തോടെ തന്നെ സമീപിച്ചു. ഇപ്പോൾ മാധ്യമപ്രവർത്തകർ കൂടുതൽ സൂക്ഷ്മതയോടയും കൃത്യയതോടെയും ചോദ്യങ്ങൾ ഉന്നയിക്കേണ്ട സമയമാണെന്നും ഷാനി പറഞ്ഞു വെക്കുന്നു. ദൃശ്യമാധ്യമപ്രവർത്തന രംഗത്ത് ഓരോ നിമിഷവും എഡിറ്റിങ് നടത്തേണ്ട ആവശ്യമുണ്ടെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP