Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സത്യം വിളിച്ചു പറഞ്ഞതിന് തന്നെ പുറത്താക്കാൻ സമിതിയെ നിയമിച്ച മാദ്ധ്യമ സമൂഹവും ഇവിടെയുണ്ട്; തെറ്റും ശരിയും മാറി മാറി വരും; ഏഷ്യാനെറ്റ് ന്യൂസ് അവറിലെ അഭിഭാഷക-മാദ്ധ്യമ അടി ചർച്ചയിൽ പ്രസ് ക്ലബ്ബിലെ സങ്കേതം വിവാദം വിനു വി ജോൺ ഉയർത്തിയത് ഇങ്ങനെ

സത്യം വിളിച്ചു പറഞ്ഞതിന് തന്നെ പുറത്താക്കാൻ സമിതിയെ നിയമിച്ച മാദ്ധ്യമ സമൂഹവും ഇവിടെയുണ്ട്; തെറ്റും ശരിയും മാറി മാറി വരും; ഏഷ്യാനെറ്റ് ന്യൂസ് അവറിലെ അഭിഭാഷക-മാദ്ധ്യമ അടി ചർച്ചയിൽ പ്രസ് ക്ലബ്ബിലെ സങ്കേതം വിവാദം വിനു വി ജോൺ ഉയർത്തിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരുടെ യുക്തിയെ ചോദ്യംചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് ഔട്പുട്ട് എഡിറ്ററും മുതിർന്ന അവതാരകനുമായ വിനു വി ജോൺ രംഗത്ത്. മാദ്ധ്യമ പ്രവർത്തകർ ഒരുമിച്ച് ഒരു പ്രശ്‌നം നേരിടുമ്പോൾ അതിനെ നമ്മുടെ യുക്തി എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാൽ മാദ്ധ്യമ പ്രവർത്തകർക്കിടയിലെ തന്നെ ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ ചിലരുടെ യുക്തിയും മറ്റൊരു വിഭാഗത്തിന്റെ അഹിതവുമായി മാറുന്ന ഒരു മാദ്ധ്യമ സമൂഹവും ഇവിടെയുണ്ടെന്നാണ് വിനു വി ജോൺ പറഞ്ഞത്.

വഞ്ചിയൂർ കോടതി പരിസരത്ത് മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയ ദിവസം എഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവർ എന്ന പരിപാടിയിലായിരുന്നു വിനു വി ജോൺ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ഏറ്റവുമൊടുവിൽ ഒരു സത്യം വിളിച്ചു പറഞ്ഞതിന് തന്നെ പുറത്താക്കാൻ ഒരു പ്രത്യേക സമിതിയെ നിയമിച്ച മാദ്ധ്യമ സമൂഹവും ഇവിടെയുണ്ടെന്നും അതുകൊണ്ട് തന്നെ തെറ്റും ശരിയും മാറി മാറി വരും എന്നു പറഞ്ഞാണ് വിനു ചർച്ച അവസാനിപ്പിച്ചത്. കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി സി നാരായണനോടാണ് വിനു ഇക്കാര്യം പരാമർശിച്ച് ചർച്ച അവസാനിപ്പിച്ചത്.

തിരുവനന്തപുരം പ്രസ്‌ക്ലബിലെ അനധികൃത ബാർ പ്രവർത്തിക്കുന്ന കാര്യം വിനു വി ജോൺ തന്റെ ട്വീറ്റിലൂടെ നേരത്തെ പുറത്ത് പറഞ്ഞിരുന്നു. പ്രസ്‌ക്ലബിലെ മദ്യവിൽപ്പന തടയാൻ നടപടിയെടുക്കാത്ത എക്‌സൈസ് കമ്മീഷണറെയുൾപ്പടെ പരാമർശിച്ചായിരുന്നു വിനുവിന്റെ ട്വീറ്റ്. പ്രസ്‌ക്ലബിലെ മദ്യവിൽപ്പനയ്‌ക്കെതിരെ വിനുവിന്റെ പ്രസ്താവനകൾ വന്നതിന് പിന്നാലെ തന്നെ ഒരു വിഭാഗം മാദ്ധ്യമപ്രവർത്തകരും പ്രസ്‌ക്ലബ് ഭാരവാഹികളും അന്ന് വിനുവിനെതിരെ രംഗത്ത് വന്നിരുന്നു. വിനുവിനെതിരെ മത്രമല്ല വാർത്ത നൽകിയ മറുനാടൻ മലയാളിക്കെതിരെയും മാദ്ധ്യമം പത്രത്തിനെതിരെയുെ നിയമ നടപടി സ്വീകരിക്കാനും ഭാരവാഹികൾ തീരുമാനിച്ചിരുന്നു. എന്നാൽ തങ്ങളുടെ വാദത്തിൽ കഴമ്പില്ലെന്നു തകണ്ട അവർ അതിൽ നിന്നും പിന്മാറുകയായിരുന്നു. നേരത്തെ വിനു വി ജോൺ പ്രതികരിച്ചതിനെ തുടർന്ന് ഋഷിരാജ് സിങ്ങ് ഇടപെട്ട് പ്രസ്‌കളബിലെ സങ്കേദം പൂട്ടിച്ചിരുന്നു.

ഇതോടെ സങ്കേതം വെറുമൊരു റിക്രിയേഷൻ ക്ലബ്ബ് മാത്രമായി. എന്നാൽ പ്രസ് ക്ലബ്ബ് കേന്ദ്രീകരിച്ച് മദ്യപാനത്തിന് കുറവില്ലെന്ന സൂചനയാണ് വിനു വി ജോണിന്റെ പുതിയ ട്വീറ്റിലുമുള്ളത്. താൻ പറയുന്നതായി പറഞ്ഞ് ഫേസ്‌ബുക്കിൽ വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്നും വിനു ട്വീറ്റ് ചെയ്യുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ തയ്യാറെടുത്തിരുന്നുവെങ്കിലും പിന്നീട് വിനുവിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഏഷ്യാനെറ്റ് മാനജ്‌മെന്റ് ഉൾപ്പടെ പിന്തുണയ്ക്കുകയായിരുന്നു.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ അനധികൃത മദ്യകച്ചവടമെന്ന വിനു വി ജോണിന്റെ ട്വീറ്റ് മറുനാടൻ വാർത്തയാക്കിയതോടെ വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലുമെത്തി. ഒരു കാരണവശാലും ഇത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പിണറായി വിജയനും നിലപാട് എടുത്തു. ദേശാഭിമാനിയിലെ പല മുതിർന്ന മാദ്ധ്യമ പ്രവർത്തകരും വളരെ നേരത്തെ തന്നെ ഈ ബാർ പൂട്ടണമെന്ന് പരസ്യമായി പ്രതികരിച്ചവരാണ്. മുഖ്യമന്ത്രിയുടെ കടുത്ത തീരുമാനത്തിന് ഇതും കാരണമായി.

അനധികൃതമായി ഒന്നും അനുവദിക്കേണ്ടെന്ന് വിഷയത്തിൽ ഉപദേശം തേടിയ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് നിർദ്ദേശവും കിട്ടി. ഇതോടെയാണ് ആദ്യ പടിയെന്ന നിലയിൽ സങ്കേതത്തിൽ മദ്യകച്ചവടം അനുവദിക്കാനാകില്ലെന്ന അനൗദ്യോഗിക സന്ദേശം ഋഷിരാജ് സിങ് നൽകുകയായിരുന്നു. മറുനാടന് പിന്നാലെ മറ്റ് മാദ്ധ്യമങ്ങളും വാർത്ത നൽകിയതോടെ സങ്കേതത്തിനെ റിക്രിയേഷൻ ക്ലബ്ബാക്കി മാറ്റി വിശദീകരണവും നൽകിയിരുന്നു.

എന്തായാലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് മാദ്ധ്യമ പ്രവർത്തകർ ഒരുമിച്ച് നിൽക്കുന്നതെന്ന് പറഞ്ഞതിലൂടെ ബാർ വിഷയത്തിന്റെ കനലുകൾ ഇപ്പോഴും മാദ്ധ്യമപ്രവർത്തകർക്കിടയിൽ അണയാതെ കിടക്കുന്നുവെന്ന സൂചന കൂടിയാണ് വിനുവിന്റെ പ്രതികരണം. തന്നെ വേട്ടയാടാനുദ്ദേശിച്ചവർക്കുള്ള ഒളിയമ്പുകൂടിയാണ് വിനു ഇങ്ങനെയൊരു പ്രസ്താവന കൊണ്ട് ഉദ്ദേശിച്ചതെന്ന് വ്യക്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP