Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പികെ ലൗജിഹാദിനെ പിന്തുണയ്ക്കുന്നുവോ? ഒരാഴ്ച തികഞ്ഞപ്പോൾ 200 കോടി ക്ലബിനടുത്തെത്തി ചരിത്രമാകുന്ന അമീർഖാൻ സിനിമ വിവാദത്തിൽ

പികെ ലൗജിഹാദിനെ പിന്തുണയ്ക്കുന്നുവോ? ഒരാഴ്ച തികഞ്ഞപ്പോൾ 200 കോടി ക്ലബിനടുത്തെത്തി ചരിത്രമാകുന്ന അമീർഖാൻ സിനിമ വിവാദത്തിൽ

ലൗ ജിഹാദ് ഉയർത്തിയ പുകിൽ അൽപമെങ്കിലും ഒന്നയഞ്ഞിരിക്കുകയായിരുന്നു. ഇപ്പോഴിതാ അമീർഖാന്റെ പുതിയ ചിത്രമായ പികെയുടെ പേരിൽ വീണ്ടും ലൗജിഹാദ് പ്രശ്‌നം ഉണർന്നെണീറ്റിരിക്കുകയാണ്. ഹിന്ദുമതത്തെ അപമാനിച്ച് കൊണ്ട് പ്രസ്തുത ചിത്രം ലൗജിഹാദിനെ പിന്തുണയ്ക്കുന്നുവെന്നാണ് ചില ഹിന്ദുത്വഗ്രൂപ്പുകൾ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു ജനജാഗ്രുതി സമിതിയാണ് സിനിമക്കെതിരെ ആദ്യം ആരോപണവുമായി രംഗത്തെത്തിയിരുന്നത്. ഈ കോമഡി ഡ്രാമ ഹിന്ദുവിശ്വാസത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ രംഗത്തെത്തിയത്.

ലൗ ജിഹാദിനെ പിന്തുണയ്ക്കുന്നതിനാലും ഹിന്ദുത്വവികാരങ്ങളെ അധിക്ഷേപിക്കുന്നതിനാലും ഈ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് മീനാകുമാരി കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. 153 എ സെക്ഷൻ പ്രകാരം ഈ സിനിമക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്നും കൂടാതെ 295 എ, 34 സെക്ഷനുകൾ പ്രകാരം ഇതിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കണമെന്നുമാണ് അവർ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു മതത്തിന്റെ ആചാരങ്ങൾ മറ്റെ മതത്തിന് യോജിക്കാനാവാത്തതായിരിക്കുമെന്നും ഈ സിനിമ സ്ഥാപിക്കുന്നുണ്ട്. എന്നാൽ മതത്തിന്റെ പേരിൽ സ്വാർത്ഥത നടപ്പിലാക്കാനൊരുങ്ങുന്നവരെയാണ് തങ്ങൾ ഇതിലൂടെ വിമർശിച്ചിരിക്കുന്നതെന്നാണ് ആമിർ ഖാനും സംവിധായകനായ രാജ്കുമാർ ഹിറാനിയും പറയുന്നത്. ഹിന്ദുമതത്തെ അപമാനിക്കാനോ ലൗ ജിഹാദിനെ പിന്തുണയ്ക്കാനോ ഉള്ള ശ്രമമല്ല ഇതെന്നും അവർ പറയുന്നു.

തുടക്കം മുതലെ വിവാദങ്ങളുടെ പേരിൽ ശ്രദ്ധേയമായ ചിത്രമായ പികെ ഇതാ ഇപ്പോൾ കളക്ഷന്റെ പേരിലും ശ്രദ്ധേയമാവുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച തികഞ്ഞപ്പോഴേക്കും 200 കോടി ക്ലബിനടുത്തെത്താൻ ഈ ചിത്രത്തിന് സാധിച്ചിരിക്കുകയാണ്. അതായത് ഡിസംബർ 19 റിലീസ് ചെയ്ത ചിത്രത്തിന്റെ 26 വെള്ളിയാഴ്ച വരെയുള്ള കളക്ഷൻ 177 കോടിയാണ്. എട്ടാം ദിവസത്തെ കളക്ഷൻ മാത്രം ഏകദേശം 12 കോടി വരുമെന്നാണ് കണക്ക്. റിലീസ് ചെയ്ത് ആദ്യദിനത്തിൽ 30 കോടി കളക്ഷൻ നേടി പികെ റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
ആദ്യ ദിനം തന്നെ ഇത്രയധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രം ആണ് രാജ്കുമാർ ഹിറാനിയുടെ പികെ. പ്രഥമദിനത്തിൽ 30 കോടി കളക്റ്റ് ചെയ്തുവെന്ന് പറയുന്നത്. ഇന്ത്യയിലെ കണക്കുകളെ മാത്രം അടിസ്ഥാനമാക്കിയാണ്.

ഇങ്ങനെ പോകുകയാണെങ്കിൽ പികെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ തരംഗം സൃഷ്ടിക്കും എന്നുറപ്പാണ്. അമീർ തന്നെ നായകനായി എത്തിയ ധൂം ത്രീ ആയിരുന്നു ആദ്യ ദിനം തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. വിധു വിനോദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ആണ് അമീർ ഖാൻ പ്രേക്ഷകർക്കു മുന്നിൽ എത്തിയത്. ത്രീ ഇഡിയറ്റ്‌സിനു ശേഷം അമീർ ഖാനും രാജ്കുമാറും ഒന്നിച്ച ചിത്രം കൂടിയാണ് പികെ. അനുഷ്‌ക ശർമയാണ് അമീറിന്റെ നായികയായി എത്തിയത്. സമൂഹത്തിന് നല്ലൊരു സന്ദേശം നൽകി കടന്നു പോകുന്ന പികെയ്ക്ക് റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു. ഇപ്പോഴും നിറഞ്ഞ സദസ്സുകളിലാണ് പികെ തകർത്തോടുന്നത്. ആദ്യ ആഴ്ചയിലെ വരുമാനമനുസരിച്ച് അജയ് ദേവ്ഗണിന്റെ സിംഗം റിട്ടേൺസിന്റെ റെക്കോർഡും പികെ മറികടന്നിട്ടുണ്ട്.

ലോകവ്യാപകമായി 6000 സെന്ററുകളിലാണ് പികെ റിലീസ് ചെയ്തിരിക്കുന്നത്. ഇതിൽ 5200 എണ്ണവും ഇന്ത്യയിലാണ്. പികെക്ക് ചെലവായത് 80 കോടി രൂപയാണ്. വിവിധ വിദേശരാജ്യങ്ങളിൽ റിലീസ് ചെയ്തതിലൂടെ ഈ സിനിമ ഇതുവരെയായി 52 കോടി കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള കളക്ഷനായ 177 കോടി ഇതിനൊപ്പം കൂട്ടുമ്പോൾ ആഗോള കളക്ഷൻ 229 കോടി രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP