Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രതിസന്ധിയിലായ ബി ക്ലാസ് തിയേറ്ററുകൾക്ക് ഒടുവിൽ ഭാഗ്യം തെളിയുമോ? റിലീസിങ് തിയേറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ ചെറുകിട തിയേറ്ററുകളിൽ ഇനി മുതൽ റിലീസിങ്; വിജയ് ചിത്രം ഇന്ന് റീലീസ്; അടുത്ത ആഴ്ച മുതൽ ഓരോ മലയാള പടങ്ങൾ; മൾട്ടിപ്ലക്‌സും സർക്കാർ തിയേറ്ററുകളും സഹായിക്കും

പ്രതിസന്ധിയിലായ ബി ക്ലാസ് തിയേറ്ററുകൾക്ക് ഒടുവിൽ ഭാഗ്യം തെളിയുമോ? റിലീസിങ് തിയേറ്ററുകൾ അടഞ്ഞു കിടക്കുമ്പോൾ ചെറുകിട തിയേറ്ററുകളിൽ ഇനി മുതൽ റിലീസിങ്; വിജയ് ചിത്രം ഇന്ന് റീലീസ്; അടുത്ത ആഴ്ച മുതൽ ഓരോ മലയാള പടങ്ങൾ; മൾട്ടിപ്ലക്‌സും സർക്കാർ തിയേറ്ററുകളും സഹായിക്കും

കൊച്ചി : കേരളത്തിലെ ബി ക്ലാസ് തിയേറ്ററുകൾക്ക് ഇനി ചാകരക്കാലം. എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ സഹകരിച്ചില്ലെങ്കിലും ഇന്നു മുതൽ പുതിയ ചലച്ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന മുൻ തീരുമാനം നിർമ്മാതാക്കൾ നടപ്പാക്കുന്നതാണ് ഇതിന് കാരണം. ഇതോടെ ബി ക്ലാസ് തിയേറ്ററുകൾക്ക് റിലീസിങ് പദവിയും കിട്ടുകയാണ്.

വിജയ് നായകനായ തമിഴ് ചിത്രം ഭൈരവ ഇന്ന് ഇരുനൂറിലേറെ സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. ബി, സി ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെയും സർക്കാരിന്റെയും തിയറ്ററുകളിലും മൾട്ടിപ്ലെക്‌സുകളിലും ചിത്രമെത്തും. ഫെഡറേഷന്റെ സമര തീരുമാനത്തോടു യോജിപ്പില്ലാത്ത ഒരു വിഭാഗം അംഗങ്ങളുടെ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണു സൂചന. 19 മുതൽ മലയാള ചിത്രങ്ങളും റിലീസ് ചെയ്തു തുടങ്ങും. വലിയ പ്രതിസന്ധിയിലായിരുന്നു ബി ക്ലാസ് തിയേറ്ററുകൾ. ചിത്രം റിലീസ് തിയേറ്ററുകളിൽ നിന്ന് മാറുമ്പോൾ തന്നെ സിഡികൾ ഔദ്യോഗികമായി ഇറങ്ങും. അതിനാൽ ബി ക്ലാസിൽ പോയി സിനിമ കാണുന്നവരുടെ എണ്ണവും കുറഞ്ഞു. ഈ പ്രതിസന്ധിയോടെ ബി ക്ലാസ് തിയേറ്ററുകൾ പലതും കല്യാണ മണ്ഡപമായി.

തങ്ങളുമായി സഹകരിക്കുന്ന തിയറ്ററുകൾക്കു ഭാവിയിൽ പ്രത്യേക പരിഗണന നൽകാനാണു വിതരണക്കാരുടെയും നിർമ്മാതാക്കളുടെയും തീരുമാനം. വിതരണക്കാരും നിർമ്മാതാക്കളും ഉൾപ്പെട്ട കോർ കമ്മിറ്റിയാകും ഏതൊക്കെ തിയറ്ററുകൾക്കു റിലീസ് നൽകണമെന്നു തീരുമാനിക്കുക. അതുകൊണ്ട് തന്നെ ഇപ്പോൾ സഹകരിക്കുന്ന ബി ക്ലാസ് തിയേറ്ററുകൾക്കും റിലീസ് ചിത്രങ്ങൾ ഭാവിയിൽ കിട്ടും. ഇത് ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള തിയേറ്ററുകൾക്ക് പുതിയ പ്രതീക്ഷയാകും.

അതിനിടെ തിയറ്ററുകൾ അടച്ചിടുമെന്നു പ്രഖ്യാപിച്ച എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ഭൈരവയുടെ റിലീസ് ലഭിക്കാനായി ചിത്രത്തിന്റെ നിർമ്മാതാവിനും വിതരണക്കാരനും സമ്മർദം ചെലുത്തിയെന്നു ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ, ജനറൽ സെക്രട്ടറി എം.എം. ഹംസ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എം. രഞ്ജിത് എന്നിവർ ആരോപിച്ചു.

തിയറ്റർ വിഹിതത്തിൽ മാറ്റം കൂടാതെ തന്നെ ഭൈരവ പ്രദർശിപ്പിക്കാമെന്നാണു ഫെഡറേഷൻ വാഗ്ദാനം ചെയ്തത്. അവർക്കു വേണ്ടതു മലയാള ചിത്രങ്ങളല്ല, മറ്റു ഭാഷാ ചിത്രങ്ങളാണ്. എ ക്ലാസ്, ബി ക്ലാസ് എന്നൊക്കെ തിയറ്ററുകളെ വിശേഷിപ്പിക്കുന്നതിൽ കാര്യമില്ല. ഫെഡറേഷന്റെ എ ക്ലാസ് എന്നു പറയുന്ന തിയറ്ററുകളേക്കാൾ മികച്ചവ ഗ്രാമീണ മേഖലകളിലുണ്ട്. റിലീസ് ചെയ്യുന്ന എല്ലാ തിയറ്ററുകളും എ ക്ലാസാണ്. വിഷു ചിത്രങ്ങൾ മുടങ്ങില്ല. അതിന് അനുസരിച്ചു റിലീസ് ക്രമീകരിക്കും. ഫലത്തിൽ വിഷു മുതൽ വൈഡ് റിലീസെന്ന സ്ഥിതിയും വരും.

മുടങ്ങിയ ക്രിസ്മസ് ചിത്രങ്ങൾ ഏതൊക്കെ ആഴ്ച റിലീസ് ചെയ്യണമെന്ന് ഉടൻ തീരുമാനിക്കും. ഫെഡറേഷനു കീഴിലെ ചില തിയറ്ററുകൾ പുലിമുരുകന്റെ പതിവു പ്രദർശനങ്ങൾക്കു പുറമേ അനധികൃതമായി അധിക ഷോകൾ നടത്തിയെന്നും അവർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP