Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്മസ് ആഘോഷമാക്കാൻ ഒരുങ്ങികൊള്ളൂ; ഈ അവധിക്കാലത്ത് പ്രേക്ഷകരെ തേടിയെത്തുന്നത് അടിപൊളി സംവിധായകരുടെ ചിത്രങ്ങൾ

ക്രിസ്മസ് ആഘോഷമാക്കാൻ ഒരുങ്ങികൊള്ളൂ; ഈ അവധിക്കാലത്ത് പ്രേക്ഷകരെ തേടിയെത്തുന്നത് അടിപൊളി സംവിധായകരുടെ ചിത്രങ്ങൾ

ക്രിസ്മസിന് മക്കളെയും കൂട്ടി തീയറ്ററിൽ പോകാൻ ഒരുങ്ങിക്കൊളൂ. ഈ അവധിക്കാലത്ത് ആറു അടിപൊളി സംവിധായകരുടെ ചിത്രങ്ങളാണ് പ്രേക്ഷകരെ തേടി തീയറ്ററുകളിലെത്തുന്നത്. സൂപ്പർതാര ചിത്രങ്ങളുടെ അഭാവം ശ്രദ്ധേയമാണെങ്കിലും കഴിവുതെളിയിച്ച സംവിധായകരുടെ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് സിനിമാപ്രേമികൾ കരുതുന്നത്. വൈശാഖിന്റെ കസിൻസ്, മേജർ രവിയുടെ പിക്കറ്റ് 43, പ്രിയദർശന്റെ ആമയും മുയലും, രാജേഷ്പിള്ളയുടെ മിലി, ഷിബു ബാലന്റെ നഗരവാരിധി നടുവിൽ ഞാൻ, ശ്യാംമോഹന്റെ എയ്റ്റ്ട്വന്റി എന്നീ ചിത്രങ്ങളാണ് ക്രിസ്മസ് വേളയിൽ പ്രേക്ഷകർക്കുമുന്നിലെത്താൻ ഒരുങ്ങുന്നത്.

കുഞ്ചാക്കോബോബനെയും ഇന്ദ്രജിത്തിനെയും പ്രധാനാതാരങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് കസിൻസ് വർണക്കാഴ്‌ച്ചകളുടെ ദൃശ്യവിരുന്നൊരുക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രം കോമഡിയിൽ തുടങ്ങി ത്രില്ലറിൽ അവസാനിക്കുന്നതാണെന്ന് ട്രെയിലറിൽ വ്യക്തമാക്കുന്നു. ചിത്രത്തിൽ 80 ലക്ഷത്തിന്റെ ഗാന രംഗം മൈസൂർ പാലസിൽ വച്ച് എടുത്തത് നേരത്തെ വാർത്തയായിരുന്നു. എം.ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്. തീർത്തും ഒരു മാസ് മസാല ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകൻ പറയുന്നത്. 10 കോടി രൂപയാണ് ബജറ്റ്. കോടികൾ മുടക്കിയെടുത്ത ഗാനരംഗങ്ങളും വമ്പൻ സെറ്റുകളും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. ബാംഗ്ലൂർ പാലസാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 80 കുതിരകളും 600 ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുത്ത ഒരു ഗാനരംഗം കസിൻസിനുവേണ്ടി ചിത്രീകരിച്ചിട്ടുണ്ട്. കമാലിനി മുഖർജിയുടെ ഐറ്റം ഡാൻസും ഈ ചിത്രത്തിൽ ഉണ്ടാകും

കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, വേദിക എന്നിവരെ കൂടാതെ നെടുമുടി വേണു, കലാഭവൻഷാജോൺ തെലുങ്ക് നടൻ പ്രദീപ് റാവുത്തർ, സുരാജ് വെഞ്ഞാറമൂട്, ജിജോ ജോർജ് എന്നിവരാണ് മറ്റു വേഷം ചെയ്യുന്നത്. ബാംഗഌർ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് പടത്തിന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന് കഥയും തിരക്കഥയും എഴുതുന്നത് സേതുവാണ്.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ പ്രിയദർശൻ വീണ്ടുമെത്തുകയാണ് 'ആമയും മുയലും' എന്ന ചിത്രത്തിലൂടെ. ജയസൂര്യ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ ഒരു അതിഥി താരമായും എത്തുന്നു. 1994 ൽ പ്രിയൻ ഒരുക്കിയ 'തേന്മാവിൻ കൊമ്പത്ത്' എന്ന ചിത്രത്തിന് സമാനമായിരിക്കും ആമയും മുയലുമെന്നാണ് വിവരം. തെന്നിന്ത്യൻ താരം പിയ ബാജ്‌പേയ് നായികയായെത്തുന്ന ചിത്രത്തിൽ നെടുമുടിവേണു, ഇന്നസെന്റ്, കെപിഎസി ലളിത, മാമൂക്കോയ, ഹരിശ്രീ അശോകൻ, സുകന്യ, അംബിക, നന്ദു, ഇടവേള ബാബു, കൊച്ചു പ്രേമൻ, കൃഷ്ണ പ്രസാദ്, അൻവർ തുടങ്ങിയ ഒരു വലിയ താരനിര തന്നെയുണ്ട്.

കർണാടക അതിർത്തിയിലെ ഗൗളിപ്പാടിയെന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ആമയും മുയലും കഥ നടക്കുന്നത്. കാശിനാഥനായി നെടുമുടി, നല്ലവനായി ഇന്നസെന്റ്, കല്ലുവായി ജയസൂര്യ, താമരയായി പിയ വാജ്‌പേയിയും എത്തുന്നു. കൂർമ ബുദ്ധിക്കാരായ ആളുടെ ഗ്രാമമാണ് ഗൗളിപ്പാടി. അവിടെ നടക്കുന്നൊരു കൊലപാതകം അവർ ഒളിച്ചുവയ്ക്കുന്നു. ഏതുനിമിഷവും പിടിക്കപ്പെടുമെന്ന രീതിയിലുള്ള സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്. എല്ലാം കോമഡിയുടെ ട്രാക്കിൽ. ഹ്യൂമറും റൊമാൻസും ത്രില്ലറും ഒന്നിനൊന്നു ചേരുന്നതാണ് സിനിമയുടെ കഥ. ചിരിപ്പിക്കുന്ന ത്രില്ലർ എന്നാണ് പ്രിയദർശൻ സിനിമയെ വിളിച്ചത്. പ്രിയദർശൻ തന്നെയാണു കഥയും തിരക്കഥയും ഒരുക്കിയത്. പ്രിയദർശനൻ, രാജീവ് ആലുങ്കൽ എന്നിവരുടെ വരികൾക്ക് എം ജി ശ്രീകുമാർ സംഗീതം പകരുന്നു. ഫുൾഹൗസ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ ജെയ്‌സൺ പുലിക്കോട്ടിലാണ് നിർമ്മിക്കുന്നത്.

പൃഥ്വിരാജിനെും ജാവേദ് ജെഫ്രിയെയും പ്രധാന കഥാപാത്രങ്ങളാക്കി മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിക്കറ്റ് 43. സൈനികനായിട്ടാണ് പൃഥി ചിത്രത്തിൽ എത്തുന്നത്. നിരവധി പൊലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പൃഥ്വിരാജ് ഒരു സൈനികന്റെ വേഷമണിയുന്നത്. കശ്മീരിൽ അതിശൈത്യമുള്ള ഒരു പ്രദേശത്ത് ഒറ്റപ്പെട്ടുപോകുന്ന സൈനികന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അയാളുടെ കൂട്ടിനുള്ളത് ഒരു റേഡിയോയും ഒരു പട്ടിയും മാത്രം.

പുറംലോകവുമായി ബന്ധമില്ലാതെ പാക് അതിർത്തിയിൽ അലയുന്ന സൈനികന്റെ മനോനില പിന്നീട് തെറ്റുന്നു. അയാൾ അതിർത്തി സംരക്ഷിക്കാനും ശ്രമിക്കുന്നു. പാക്കിസ്ഥാൻ അതിർത്തിയിലും ഒരു പട്ടാളക്കാരൻ സമാനമായ സ്ഥിതി നേരിടുന്നു. ശത്രുക്കളായ സൈനികർ തമ്മിൽ അഗാധ സൗഹൃത്തിലാകുന്നതുമാണ് ചിത്രം പറയുന്നത്. 'പിക്കറ്റ് 43'ൽ രൺജി പണിക്കർ, അനു മോഹൻ, സുധീർ കരമന, അനുഷ്‌ക ശർമ തുടങ്ങിയവരും അഭിനയിക്കുന്നു. രതീഷ് വേഗയാണ് സംഗീതം. ഫിലിം ബ്രുവറി എന്റർടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഒ ജി സുനിലാണ് നിർമ്മിക്കുന്നത്.

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ട്രാഫിക്കിന്റെ സംവിധായകൻ രാജേഷ് പിള്ള അമല പോളിനെ കേന്ദ്ര കഥാപാത്രമായി ഒരുക്കുന്ന ചിത്രമാണ് 'മിലി'.. ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് മിലി. മിലി എന്ന കേന്ദ്രകഥാപാത്രമായി എത്തുന്നത് അമല പോളും. നിവിൻ പോളിയുടെ കഥാപാത്രം മിലിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിൽ ഒരു ഐടി ട്രെയിനറുടെ വേഷത്തിലാണ് അമല. സായ്കുമാർ, സനൂഷ, പ്രവീണ, അംബിക, ബിന്ദു പണിക്കർ, ഇടവേള ബാബു, ഷംന കാസിം, സിജ റോസ്, ദേവി അജിത്, ബേബി നന്ദന, ബേബി അമ്മു, റിയാ സെറ, അഞ്ജു അരവിന്ദ്, വനിത കൃഷ്ണചന്ദ്രൻ, സ്വപ്ന മേനോൻ, സൗമ്യ, കാർത്തിക, സംഗീതാ മോഹൻ, ഷംസീ, പൂജപ്പുര രാധാകൃഷ്ണൻ അങ്ങനെ വളരെ നീണ്ട താരനിരയാണ് ചിത്രത്തിന്റേത്.

ആകെ മൊത്തം 22 സ്ത്രീകഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ഹിന്ദി നടൻ അമോൽ പരേഷാറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിവിൻ പോളിയെ പ്രണയിക്കുന് പെൺകുട്ടിയുടെ വേഷത്തിലാണ് സനുഷയും മിലിയിൽ എത്തുക. അമലയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരിക്കും മിലിയെന്നാണ് സംവിധായകൻ പറയുന്നത്. മലയാളത്തിലെ മോസ്റ്റ് വാണ്ടഡ് എഡിറ്ററായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ തിരക്കഥയാണ് മിലിയുടേത്. ഗോപി സുന്ദറും ഷാൻ റഹ്മാനും ചേർന്ന് ഒരുക്കിയ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഓർഡിനറി ഫിലിംസിന്റെ ബാനറിൽ സതീഷ്, ഡോ. അവിനാഷ് ഉണ്ണിത്താൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

സാധാരണക്കാരന്റെ കഥ പറഞ്ഞ് ശ്രീനിവാസൻ വീണ്ടുമെത്തുന്ന ചിത്രമാണ് നഗരവാരിധി നടുവിൽ ഞാൻ. ചിന്താവിഷ്ട ആയ ശ്യാമള എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ സ്ഥിരപ്രതിഷ്ട നേടിയ ജോഡികളായ ശ്രീനിവാസനും സംഗീതയും ചിത്രത്തിൽ വീണ്ടും എത്തുന്ന എന്ന പ്രത്യേകതയുമുണ്ട്. തിരക്കഥയും സംഭാഷണവും ശ്രീനിവാസൻ ഒരുക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ഷിബു ബാലനാണ്. തൃശൂരിലാണ് സിനിമയുടെ ചിത്രീകരണം. നഗരമാലിന്യത്തെ കുറിച്ചാണ് സിനിമ പറയുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം സംഗീത സിനിമയിൽ എത്തുന്നു എന്നുള്ളത് ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്. ഈ ചിത്രത്തിലും ശ്രീനിവാസന്റെ ഭാര്യ എന്ന വേഷം തന്നെ ആണ് സംഗീത അണിയുന്നത്. ശ്രീനിവാസൻ സെക്യൂരിറ്റി ജീവനക്കാരൻ ആയിട്ടാണ് ചിത്രത്തിൽ എത്തുന്നത്. ഇന്നസന്റ്, മനോജ് കെ ജയൻ, ലാൽ, വിജയരാഘവൻ, ശ്രീജിത് രവി, ജോയിമാത്യു, പാർവതി രഞ്ജിത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ശ്യാംമോഹൻ സംവിധാനംചെയ്യുന്ന 'എയ്റ്റ്ട്വന്റി'യിൽ അർജുൻ നന്ദലാൽ, അവന്തിക മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയരാഘവൻ, ജയകൃഷ്ണൻ, ശ്രിയ അയ്യർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. അനിൽ പനച്ചൂരാൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സാജു ശ്രീനിവാസൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് അലക്‌സ്, വിദ്വാൻ ദി ബാൻഡ് ഡി ജെ ജുബിൻ എന്നിവർ സംഗീതം പകരുന്നു. ആനന്ദഭൈരവിയുടെ ബാനറിൽ സാബു ചെറിയാനാണ് നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP