Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം മുഴുവൻ പ്രേമ റെയ്ഡ്; ഒമ്പത്‌പേർ അറസ്റ്റിൽ; പത്തോളം പേർ ഉടൻ അറസ്റ്റിലാകും; വൈറലായ സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തവരും വ്യാജ സിഡി വിറ്റവരും കുരുക്കിൽ

കേരളം മുഴുവൻ പ്രേമ റെയ്ഡ്; ഒമ്പത്‌പേർ അറസ്റ്റിൽ; പത്തോളം പേർ ഉടൻ അറസ്റ്റിലാകും; വൈറലായ സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തവരും വ്യാജ സിഡി വിറ്റവരും കുരുക്കിൽ

തിരുവനന്തപുരം: സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'പ്രേമ'ത്തിന്റെ വ്യാജ പകർപ്പുകളുടെ ഇടപാടുകൾ നടത്തിയ എട്ടുപേരെ അറസ്റ്റു ചെയ്തു. സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ദിവസം വ്യാപകമായി നടത്തിയ റെയ്ഡിനൊടുവിലാണ് എട്ടുപേർ പിടിയിലായത്.

സിനിമയുടെ വ്യാജപകർപ്പുകൾ പ്രചരിപ്പിച്ച കൂടുതൽ പേർ ഉടൻ കുടുങ്ങുമെന്നും സൂചനയുണ്ട്. പത്തോളം പേരെ ഉടൻ തന്നെ പിടികൂടും. സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തവരും വ്യാജ സിഡി വിറ്റവരുമെല്ലാം ഇനി കേസിൽ പ്രതികളാകും. സംസ്ഥാനമൊട്ടാകെ പലയിടങ്ങളിലും നടന്ന റെയിഡിനൊടുവിലാണ് അറസ്റ്റ് നടന്നത്. പലയിടങ്ങിളിലും വ്യാജ സിഡി വിൽപനയും പെൻ ഡ്രൈവിൽ കോപി ചെയ്തു നൽകലും നടക്കുന്നുണ്ട്. തിരുവനന്തപുരം ബീമാപ്പള്ളി പ്രദേശത്ത് പ്രേമം സിനിമയുടെ വ്യാജ സിഡി വിറ്റ മൂന്നു കടകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്.

കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഓടുന്ന പ്രേമത്തിന്റെ ചിത്രത്തിന്റെ സെൻസർ കോപ്പികളാണ് സിഡികളായും വാട്‌സ് ആപിലും പ്രചരിച്ചത്. സിനിമയുടെ സെൻസർ കോപ്പി എങ്ങനെ ചോർന്നെന്നും ഇത് എവിടെ നിന്നൊക്കെയാണ് ഇന്റർനെറ്റിലേക്ക് അപ് ലോഡ് ചെയ്തതെന്നും ആന്റി പൈറസി സെല്ലിന്റെ അന്വേഷണ പരിധിയിൽ വരും. കോപ്പി റൈറ്റ് ആക്ട്, ഇൻഫോർമേഷൻ ടെക്‌നോളജി ആക്ട്, വഞ്ചനാ കുറ്റം എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ നിർമ്മാതാവ് അൻവർ റഷീദ് പ്രേമത്തിന്റെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ആന്റി പൈറസി സെല്ലും സിനിമാ സംഘടനകളും നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനകളിൽ നിന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പ്രേമം എന്ന ചിത്രത്തിന് വേണ്ടി മാത്രം സംസാരിക്കുകയല്ല താനെന്നും സിനിമ നിർമ്മാണത്തെ തന്നെ അടിതെറ്റിക്കുന്ന കാര്യമാണിതെന്നുമാണ് അൻവർ പറഞ്ഞത്. സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ തന്നെ സിഡി കടകളിലും ഓൺലൈനിലും വ്യാജപതിപ്പെത്തിയാൽ ഇൻഡസ്ട്രി തന്നെ അപകടത്തിലാണ്. വിജയ് ചിത്രം പുലിയുടെ ടീസർ അനധികൃതമായി പകർത്തി യൂട്യൂബിൽ അപ് ലോഡ് ചെയ്തയാളെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിലാണ്. എന്നാൽ, പ്രേമം വ്യാജപകർപ്പിന്റെ കാര്യത്തിൽ ഒരു നിയമനടപടിയും എടുത്തില്ലെന്നും അൻവർ പരാതിപ്പെട്ടു.

ചിത്രത്തിന്റെ സെൻസർ കോപ്പിയാണ് വ്യാപകമായി പ്രചരിച്ചത്. ചെന്നൈയിലെയും തിരുവനന്തപുരത്തെയും ലാബുകളിലാണ് സെൻസർ കോപ്പി നൽകിയിരുന്നത്. സെൻസർ കോപ്പി പുറത്തുവരുന്നത് അതീവ ഗൗരവമേറിയ സംഭവമാണെന്നിരിക്കെ ആന്റി പൈറസി സെല്ലോ പൊലീസോ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് അൻവർ റഷീദ് ആരോപിച്ചത്. ആഴ്ചകളായി നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന പ്രേമം ഓൺ ലൈനിൽ വ്യാപകമായതോടെ അവസാനം അൻവർ റഷീദ് ആന്റിപൈറസ് സെല്ലിനെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് 'പ്രേമ'ത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്നാണെന്ന് സൈബർ പൊലീസ് കണ്ടെത്തിയിരുന്നു. അൻവർ റഷീദിനെ അനുകൂലിച്ച് സിനിമാ താര സംഘടനയായ അമ്മ ഇന്നലെ രംഗത്തെത്തിയിരുന്നു. താരങ്ങളും വിവിധ സംഘടനകളും അൻവർ റഷീദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

സൈബർ കേസായതിനാൽ അതിന്റെ പരിശോധനകൾ നടത്തി റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർ നടപടികൾ ആരംഭിക്കാൻ സാധിക്കുകയുള്ളു. സംശയമുള്ള ചിലരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. സിനിമ ചോർത്തിയവരെ എത്രയും വേഗം കണ്ടെത്തണമെന്ന് സിനിമയിലെ നായകൻ നിവിൻ പോളി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ അഭ്യർത്ഥിച്ചു.

െ്രെകംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് ആന്റി പൈറസി സെല്ലിനു കൈമാറുകയായിരുന്നു. ഡിവൈഎസ്‌പി ഇക്‌ബാലിനാണ് അന്വേഷണ ചുമതല. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിനാണ് ആന്റി പൈറസി സെൽ ഉത്തരവിട്ടിരിക്കുന്നത്.വ്യാജ സിഡിയുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ശക്തമായ റെയ്ഡും അറസ്റ്റും ഉണ്ടാകുമെന്ന് രാജ്പാൽ മീണ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP