Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള അടി തുടരുന്നു; രണ്ടു ദിവസം കൊണ്ടു പ്രേമത്തിന് നഷ്ടമായത് രണ്ട് കോടി; തുടക്കം പിഴച്ച് ബാഹുബലി

നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള അടി തുടരുന്നു; രണ്ടു ദിവസം കൊണ്ടു പ്രേമത്തിന് നഷ്ടമായത് രണ്ട് കോടി; തുടക്കം പിഴച്ച് ബാഹുബലി

തിരുവനന്തപുരം: പ്രേമത്തിന്റെ പേരിൽ തിയേറ്ററുകൾ അടച്ചിട്ട് നടത്തുന്ന സമരം ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിച്ചു. രണ്ട് ദിവസം കൊണ്ട് ഒരു കോടിയോളം രൂപ പ്രേമത്തിന് നഷ്ടമായതായി കണക്കാക്കുന്നു. പ്രേമത്തിന്റെ പേരിലായിരുന്നു തിയേറ്ററുടമകൾ സമരം തുടങ്ങിയത്. എന്നാൽ അത് ബാഹുബലിയുടെ വൈഡ് റിലീസിങായിരുന്ന ലക്ഷ്യമെ്‌ന് പിന്നീടാണ് വ്യക്തമായത്.

ആദ്യ ദിവസം വിചാരിച്ചപോലെ തിയേറ്ററുകൾ ലഭിക്കാത്തതിനാൽ ബാഹുബലിക്ക് കളക്ഷനിൽ വൻ ഇടിവാണുണ്ടായത്. സർക്കാർ തിയേറ്ററുകളിലും ബി ക്‌ളാസ് തിയേറ്ററുകളിലും നാമമാത്രമായ മൾട്ടിപ്‌ളക്‌സുകളിലുമാണ് ബാഹുബലി റിലീസ് ചെയ്തത്. ഇന്നു മുതൽ പരമാവധി തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. ഗ്‌ളോബൽ യുണൈറ്റഡ് മീഡിയ 3.25 കോടി രൂപ മുടക്കിയാണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയത്. ഒരു മലയാള ചിത്രത്തിന്റെ ആകെ നിർമ്മാണ ചെലവിന് വേണ്ടി വരുന്ന തുകയാണിത്. സെഞ്ച്വറി ഫിലിംസുമായി സഹകരിച്ചാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. സെഞ്ച്വറി ഫിലിംസ് തിയേറ്ററുടമകളുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ വൈഡ് റിലീസിലേക്ക് സെഞ്ച്വറി ഫിലിംസ് നീങ്ങയതോടെ എ ക്ലാസ് തിയേറ്ററുകൾ പിണങ്ങി. പ്രേമത്തിൽ സമരവും തുടങ്ങി.

ഈ സമരം കൊണ്ട് പ്രേമത്തിന് പോലും നേട്ടമില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനിടെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിൽ ഭിന്നത രൂക്ഷമാണ്. ചില എ ക്ലാസ് തിയേറ്ററുകൾ ബാഹു ബലി ഇന്നുമുതൽ പ്രദർശിപ്പിക്കും. പ്രേമത്തിന്റെ വ്യാജൻ സംബന്ധിച്ച പൊലീസ് അന്വേഷണത്തിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ജൂലായ് 9ന് തിയേറ്റർ അടച്ചുള്ള സമരം എ ക്‌ളാസ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ നടത്തിയത്. എന്നാൽ ഇന്നലെയും തിയേറ്റർ തുറന്നില്ല.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുൻകൈ എടുത്ത ബിഗ് ബഡ്ജറ്റ് ചിത്രം ബാഹുബലിയുടെ റിലീസിങ് 120 തിയേറ്ററുകളിൽ നിശ്ചയിച്ച ദിവസമായിരുന്നു ഇന്നലെ. ഒരു ദിവസത്തെ സമരം രണ്ടു ദിവസമാക്കി നീട്ടി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ബാഹുബലിക്ക് 'പണി' കൊടുക്കുകയായിരുന്നു. ഇതോടെ പ്രശ്‌നം രൂക്ഷമായി. നിയമ കുരുക്കുകളിലേക്ക് കാര്യങ്ങളെത്തുകയാണ്. ബാഹുബലി ക്‌ളാസ് നോക്കാതെ 120 തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പ്രകോപിപ്പിച്ചത്. എ ക്‌ളാസ് തിയേറ്ററുകളിൽ മാത്രമേ റിലീസ് പാടുള്ളൂ എന്ന് വാദിക്കുന്നവരാണ് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷൻ.

എന്നാൽ വ്യാജനെ പ്രതിരോധിക്കാനും സിനിമ കൂടുതൽ ജനകീയമാക്കാനും വൈഡ് റിലീസിങ് വേണമെന്നാണ് മറ്റ് സംഘടനകളുടെ നിലപാട്. ഇത് കെ.ബി. ഗണേശ്കുമാർ മന്ത്രിയായിരുന്നപ്പോൾ അംഗീകരിച്ചു. ഇതോടെ ഒട്ടേറെ ബി ക്‌ളാസ് തിയേറ്ററുകൾ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. പക്ഷേ, റിലീസിങ് ചിത്രങ്ങൾ ലഭിക്കാതെ പോയി. ഇതു സംബന്ധിച്ച് ബി ക്‌ളാസ് തിയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ പല തവണ പരാതിപ്പെട്ടിരുന്നു. ബാഹു ബലിയോടെ ഈ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. അടുത്ത തിങ്കളാഴ്ച സിനിമാ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സിനിമാ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. വൈഡ് റിലീസിന് സർക്കാരും അനുകൂലമാണ്. അതുകൊണ്ട് തന്നെ ഈ യോഗത്തോടെ ലിബർട്ടി ബഷീറിന് പോലും ഇത് അംഗീകരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

അതിനിടെ ബാഹുബലിയെ നശിപ്പിക്കുന്നതിനായി തിയേറ്ററുകൾ പൂട്ടിയിട്ടവർക്ക് ഓണം വരെ സിനിമ നൽകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ പറഞ്ഞു. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് രഹസ്യ അജൻഡയുണ്ട്. നിർമ്മാതാക്കളുടെ വയറ്റത്തടിച്ചാണോ വ്യാജ സി.ഡികൾക്കെതിരെ പ്രതിഷേധിക്കേണ്ടത്. കരാറിന് വിരുദ്ധമായി ചിത്രം പ്രദർശിപ്പിക്കാത്ത തിയേറ്ററുകൾക്ക് സെഞ്ച്വറി ഫിലിംസ് വക്കീൽ നോട്ടീസ് അയയ്ക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP