Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടിയുടെ അവസ്ഥയിതെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തെന്ന് ചോദിച്ച് പ്രിയദർശൻ; നടി അഭിനയിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും ഉത്തരവാദിത്തം ഉണ്ടെന്ന് വിനയൻ; പൊലീസുമായി നിരന്തരം ബന്ധപ്പെട്ട് ഇന്നസെന്റ്; നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സിനിമാ ലോകത്ത് ഞെട്ടൽ

നടിയുടെ അവസ്ഥയിതെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തെന്ന് ചോദിച്ച് പ്രിയദർശൻ; നടി അഭിനയിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും ഉത്തരവാദിത്തം ഉണ്ടെന്ന് വിനയൻ; പൊലീസുമായി നിരന്തരം ബന്ധപ്പെട്ട് ഇന്നസെന്റ്; നടി അക്രമിക്കപ്പെട്ട സംഭവത്തിൽ സിനിമാ ലോകത്ത് ഞെട്ടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയിലെ നായികയ്ക്കെതിരെയുണ്ടായ ആക്രമണത്തിൽ സിനിമാ മേഖലയിൽ ഞെട്ടലും പ്രതിഷേധവും. സംഭവമറിഞ്ഞയുടൻ താര സംഘടനയായ 'അമ്മ'യുടെ ഭാരവാഹികൾ പൊലീസുമായി ബന്ധപ്പെടുകയും നടിക്ക് സഹായ ദൗത്യവുമായി രംഗത്തിറങ്ങുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റെ നിരന്തര ഇടപെടൽ നടത്തുന്നുണ്ട്. 'അമ്മ' ഒറ്റക്കെട്ടായി അവർക്കൊപ്പമുണ്ടെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. ''വിവരമറിഞ്ഞയുടൻ ഡി.ജി.പി.യുമായി ബന്ധപ്പെട്ടു. അദ്ദേഹം കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് അറിയിച്ചിട്ടുണ്ട് '' - ഇന്നസെന്റ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രിയദർശനും രംഗത്തു വന്നു. സംസ്ഥാനത്തെ ഒരു സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും. എന്തു സുരക്ഷയാണ് ഇവർക്ക് നൽകാൻ സാധിക്കുക. കേരളത്തിലെ സ്ത്രീ സംഘടനകൾ ഇത്തരം സംഭവങ്ങളിലാണ് ഇടപെടേണ്ടതെന്നും പ്രിയദർശൻ പറഞ്ഞു. സംഭവം സംബന്ധിച്ച വിവരങ്ങൾ പുറത്തുപറയരുതെന്ന് പൊലീസ് കർശനമായി നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അടക്കമുള്ളവർ വിവരമറിഞ്ഞ് വിളിച്ചുവെന്നും സംവിധായകൻ ലാൽ പറഞ്ഞു. ആര് കുറ്റം ചെയ്തിട്ടുണ്ടെങ്കിലും അവർ പിടിക്കപ്പെടുക എന്നതാണ് എല്ലാവർക്കും വേണ്ടത്. അതിനുവേണ്ടി ശ്രമിക്കുക എന്നത് നിങ്ങളുടെയും എന്റെയും ആവശ്യമാണ്-ലാൽ പറഞ്ഞു. ആക്രമിക്കപ്പെട്ട ശേഷം സഹായത്തിനായി ലാലിന്റെ വീട്ടിലാണ് നടി അഭയം തേടിയത്. ലാൽ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചതും. സംഭവത്തിനു പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും നടി അഭിനയിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവിനും സംവിധായകനും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്നും സംവിധായകൻ വിനയൻ പറഞ്ഞു. 

വളരെ ഗുരുതരമായ ഒരു വിഷയമാണ്. കേരളം പോലെ ഏറെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് നടുറോഡിൽ വച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ടാവുക എന്നത് ഏറെ നിർഭാഗ്യകരമാണ്. എന്റെ അറിവിൽ ആ നടി പ്രൊഡക്ഷൻ യൂണിറ്റിന്റെ വണ്ടിയിലാണ് പോന്നത്. അതിന്റെ മുഴുവൻ ഉത്തരവാദിത്തം നിർമ്മാതാവിനും സംവിധായകനുമാണ്. സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ട യാത്രയിലാണ് ആക്രമിക്കപ്പെടുന്നത്. സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റിൽ ഡ്രൈവർമാരെ നിയമിക്കുന്നതിൽ ഫെഫ്ക്കയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഡ്രൈവർമാരുടെ സ്വഭാവമോ പശ്ചാത്തലമോ ഒന്നും പരിശോധിക്കാതെയാണോ ജോലിക്കെടുക്കുന്നത്? ഇതിന്റെ പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് എന്റെ വിലയിരുത്തൽ. അല്ലാതെ ലൈംലൈറ്റിൽ ഇത്രയും നിറഞ്ഞു നിൽക്കുന്ന ഒരു നടിയെ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെടുകയില്ല.  ഇതിനെതിരെ കൃത്യമായ നടപടികൾ അധികൃതർ സ്വീകരിക്കണം. ആരാണ് ഈ ആക്രമണത്തിന് പിന്നിലുള്ളതെന്ന് എത്രയും പെട്ടന്ന് കണ്ടെത്തണം-വിനയൻ പറഞ്ഞു.

സംഭവം കേട്ടപ്പോൾ വല്ലാത്ത ഞെട്ടലാണുണ്ടായതെന്ന് നടി ഭാമ പ്രതികരിച്ചു. ''നടിമാർ മറ്റു സ്ത്രീകളെ അപേക്ഷിച്ച് കുറച്ചുകൂടി സുരക്ഷിതത്വത്തിലാണ് ജീവിക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടായത് തികച്ചും അപ്രതീക്ഷിതമാണ്. നടിമാർ ഇത്തരം സംഭവങ്ങൾ നാണക്കേടുകൊണ്ട് പുറത്തുപറയാതിരിക്കും എന്ന് കരുതിയിട്ടാണോ ഇവർ ഇങ്ങനെ ചെയ്യുന്നത്. അല്ലെങ്കിൽ നടിമാരെ എന്തും ചെയ്യാമെന്നാണോ ഇവരുടെ വിചാരം - ഭാമ ചോദിച്ചു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ടെലിവിഷനിൽ സംസാരിക്കാനല്ലാതെ പ്രവർത്തിക്കാൻ ആരുമില്ലെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകുന്നതിന് കാരണമായ സാമൂഹിക സാഹചര്യങ്ങൾ പരിശോധിക്കപ്പെടണമെന്ന് നടൻ ടൊവിനോ തോമസ് അഭിപ്രായപ്പെട്ടു.

തൃശൂരിൽനിന്നു ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്കു വരുമ്പോൾ വെള്ളിയാഴ്ച രാത്രിയാണു നടിക്കെതിരെ ആക്രമണമുണ്ടായത്. അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞുനിർത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടർന്നെന്നാണു നടി പൊലീസിനു നൽകിയ മൊഴി. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതൽ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണു പൊലീസിന്റെ നിഗമനം. കേസ് കൊടുക്കില്ലെന്ന കണക്കുകൂട്ടലിലാണ് അക്രമം നടത്തിയെന്നാണ് സൂചന. എന്നാൽ സിനിമ ലോകത്തിന്റെ പൊതു വികാരം മനസ്സിലാക്കിയാണ് പരാതി നൽകിയത്. ഇക്കാര്യത്തിൽ ലാൽ നടത്തിയ ഇടപെടൽ നിർണ്ണായകമായി.

ആലപ്പുഴയിൽ മറ്റൊരു നടിക്ക് നേരെയും പീഡന ശ്രമം ഉണ്ടായെന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളും സിനിമാ മേഖലയിലെ എല്ലാവരേയും ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വിവിധ സംഘടനകൾ യോഗം ചേർന്ന് നിർണ്ണായക തീരുമാനങ്ങൾ എടുക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP