Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹായവുമായി സിബി മലയിലും സംഘവും എത്തി; മൈക്കാട് പണി ഉപേക്ഷിച്ച് മുരളീധരൻ വീണ്ടും സിനിമാ സംവിധാനത്തിലേക്ക് മടങ്ങും

സഹായവുമായി സിബി മലയിലും സംഘവും എത്തി; മൈക്കാട് പണി ഉപേക്ഷിച്ച് മുരളീധരൻ വീണ്ടും സിനിമാ സംവിധാനത്തിലേക്ക് മടങ്ങും

കൊച്ചി: ആർക്ക് ലൈറ്റുകളുടെയും ആക്ഷൻ വിളികളുടെയും ലോകത്തുനിന്ന് ജീവിതപ്രാരാബ്ധങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടിവന്ന എം.കെ.മുരളീധരൻ വീണ്ടും സിനിമാ ലോകത്തേയ്ക്ക്. സംവിധായക കുപ്പായം അഴിച്ചുവച്ച് കെട്ടിട നിർമ്മാണ മേഖലയിൽ മൈക്കാട് പണിക്കിറങ്ങിയ മുരളീധരനെ സഹായിക്കാൻ സിബി മലയിലും സംഘവുമെത്തി. 25,000 രൂപ സഹായം നൽകാനും ഡയറക്‌ടേഴ്‌സ് യൂണിയനിൽ അംഗത്വം നൽകാനും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനും ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ തീരുമാനിച്ചു.

അടുത്തിടെ ഒരു മാസികയിൽ മുരളീധരനെക്കുറിച്ചുവന്ന വാർത്തയാണ് സിനിമാ ജീവിതത്തിന്റെ രണ്ടാം പകുതിക്ക് തുടക്കമിട്ടത്. മുരളീധരന്റെ ജീവിതത്തെക്കുറിച്ചറിഞ്ഞ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി സിബി മലയിലിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരുകയും മുരളീധരനെ സഹായിക്കാൻ തീരുമാനിക്കുകയുമായിരുന്നു. മുരളിക്ക് മാത്രമല്ല, ദുരിതമനുഭവിക്കുന്ന അഞ്ച് സംവിധായകരെയും അഞ്ച് അസോസിയേറ്റ് ഡയറക്ടർമാരെയും സഹായിക്കാനും യോഗത്തിൽ തീരുമാനമായി. മുരളിയടക്കമുള്ളവർക്ക് സൗജന്യ അംഗത്വമാണ് യൂണിയനിൽ ലഭിക്കുക. ഇപ്പോൾ അൻപതിനായിരം രൂപയാണ് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ അംഗത്വഫീസ്. വരുന്ന ഡിസംബർ മുതൽ ഇതു നടപ്പാവും. പെൻഷനും ലഭിക്കും.

സിബി മലയിലിന്റെ ദശരഥം എന്ന മോഹൻലാൽ ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു മുരളീധരൻ. ആറുവർഷം മുമ്പ് ചങ്ങാതിക്കൂട്ടം എന്ന സിനിമയും ചെയ്തു. ജീവിതപ്രാരാബ്ധമേറിയതോടെ, സിനിമാ ലോകത്തെ കൈവിട്ട് ദിവസക്കൂലിക്ക് ഉപജീവനം തേടാൻ നിർബന്ധിതനായി. ആദ്യം ഇറച്ചിക്കോഴിക്കടകളിലും ഹോട്ടലുകളിലുമാണ് ജോലി ചെയ്തത്. പിന്നീട് മൈക്കാട് പണിക്ക് പോകാൻ തുടങ്ങി. എന്നാൽ, നടുവേദന കലശലായതോടെ ഏതാനും മാസങ്ങളായി അതും മുടങ്ങി നിൽക്കുകയായിരുന്നു. അപ്പോഴാണ് വാർത്ത വരുന്നതും സഹായവുമായി സംവിധായകരെത്തുന്നതും.

സിബി മലയിൽ, സലാം ബാപ്പു, ശാന്തിവിള ദിനേശ് എന്നിവർ ചെയ്യുന്ന അടുത്ത സിനിമയിൽ മുരളീധരന് അസോസിയേറ്റ് ഡയറക്ടറായി അവസരം നൽകാൻ തീരുമാനമായിട്ടുണ്ട്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ചെയർമാൻ കമൽ, ജനറൽ സെക്രട്ടറി സിബി മലയിൽ, വൈസ് ചെയർമാൻ ജി.എസ്. വിജയൻ, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ശാന്തിവിള ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ അടുത്ത ദിവസം ധനസഹായവും കൈമാറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP