Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാണി പത്മാവതിയും ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും രജപുത്ര ചരിത്രത്തിന്റെ വളച്ചൊടിക്കൽ; അനിവാര്യമായ മാറ്റങ്ങൾ വരുത്താതെ പത്മാവതിയുടെ റിലീസ് അനുവദിക്കരുത്; സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയും

റാണി പത്മാവതിയും ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും രജപുത്ര ചരിത്രത്തിന്റെ വളച്ചൊടിക്കൽ; അനിവാര്യമായ മാറ്റങ്ങൾ വരുത്താതെ പത്മാവതിയുടെ റിലീസ് അനുവദിക്കരുത്; സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിനെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയും

ജയ്പൂർ: അനിവാര്യമായ മാറ്റങ്ങൾ വരുത്താതെ സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിയുടെ റിലീസ് അനുവദിക്കരുതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് വസുന്ധര രാജെ കത്തയച്ചു.

ഏതെങ്കിലും സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കാൻ സിനിമയിൽ ചിലമാറ്റങ്ങൾ വരുത്തന്നത് വരെ റിലീസ് മാറ്റിവെക്കണമെന്നാണ് വസുന്ധര രാജെയുടെ ആവശ്യം. സിനിമയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ച ചെയ്യാൻ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അവർ നിർദേശിച്ചു. വിദ്വേഷം പരത്തുന്ന കാര്യങ്ങളിൽ ഭേദഗതിവരുത്തണം. സെൻസർബോർഡ് ഇതിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് ഇക്കാര്യങ്ങളൊക്കെ ചിന്തിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

നേരത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ചിത്രത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നാണ് വസുന്ധരയുടെ വിശദീകരണം. ചരിത്രകാരന്മാരും ചലച്ചിത്ര മേഖലയിലെ വിദഗ്ദ്ധരും രജ്പുത് വിഭാഗത്തിലുള്ളവരെയും ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നാണ് ആവശ്യം. ഇവർ സിനിമ കണ്ടതിന് ശേഷം ആവശ്യമായ മാറ്റങ്ങൾ ചിത്രത്തിന് വരുത്തട്ടെയെന്നും സ്മൃതിക്ക് അയച്ച കത്തിൽ പറയുന്നു. ഇത് ഒരു വിഭാഗത്തിന്റെയും വികരങ്ങളെയും വ്രണപ്പെടുത്തില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പത്മാവതിയുടെ റിലീസിന് യാതൊരു പ്രതിബന്ധവും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി സ്മൃതി ഇറാനി നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിയമ സംവിധാനങ്ങൾ പത്മാവതിയുടെ റിലീസിന് യാതൊരു വിധത്തിലുമുള്ള തടസങ്ങൾ സൃഷ്ടിക്കില്ലെന്നും എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ സർക്കാർ അതിനെ നേരിടുമെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.

ഇതിനിടെ പത്മാവതിയുടെ സെൻസർ അപേക്ഷ കഴിഞ്ഞ ദിവസം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ബോർഡ് തിരിച്ചയച്ചിരുന്നു. അപാകം തിരുത്തി പുതിയ അപേക്ഷ നൽകിയതിനുശേഷമേ സെൻസർ ബോർഡ് അംഗങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുകയുള്ളൂ. അപേക്ഷ അപൂർണമാണെന്ന് 'പത്മാവതി'യുടെ പ്രവർത്തകർക്ക് അറിയാമായിരുന്നെന്നും അത് തിരിച്ചയച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി പറഞ്ഞു. അലാവുദീൻ ഖിൽജി 1303-ൽ രാജസ്ഥാനിലെ ചിത്തോർ കോട്ട കീഴടക്കിയതിന്റെ കഥയാണ് സിനിമ പറയുന്നത്.

റാണാ റാവൽസിങ്ങിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും സിനിമയിലുണ്ടെന്നും അത് രജപുത്ര ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമാണ് ആരോപണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP