ബാഹുബലിയോട് കിടപിടിക്കുന്ന യുദ്ധരംഗങ്ങളുമായി സഞ്ജയ് ലീല ബൻസാനി ചിത്രം; റാണി പത്മിനിയോട് അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയത്തിന്റെ കഥ പറയുന്ന പത്മാവതിയുടെ ട്രെയിലറെത്തി; രൺവീർ സിംഗും ദിപീകയും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം
October 10, 2017 | 07:57 AM | Permalink

സ്വന്തം ലേഖകൻ
രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയുടെ ട്രെയിലറെത്തി. റാണി പത്മിനിയോട് ഖിൽജി രാജവംശത്തിലെ സുൽത്താൻ അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.പ്രണയവും പ്രതികാരവും ഇടകലർന്ന മറ്റൊരു ചരിത്ര സിനിമയാകും പത്മാവതി എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.
ബാഹുബലി സിനിമയോട് കിടപിടിക്കുന്ന യുദ്ധരംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയി ട്ടുണ്ട്.ദീപികയാണ് റാണി പത്മിനിയായി എത്തുന്നത്. പത്മിനിയുടെ ഭർത്താവായ റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും അലീവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും എത്തും.
160 കോടി രൂപ മുതൽമുടക്കുള്ള ചിത്രം നിർമ്മിക്കുന്നത് ബൻസാലി പ്രൊഡക്ഷൻസും വിയാകോം 18 പിക്ചേഴ്സും ചേർന്നാണ്...പത്മിനിയാകാൻ റെക്കാഡ് തുകയാണ് ദീപിക പ്രതിഫലമായി വാങ്ങിയത്. 11 കോടി രൂപയായിരുന്നു. രൺവീറിനും ഷാഹിദിനും എട്ട് കോടി വീതമായിരുന്നു പ്രതിഫലം.
ചിത്രീകരണം തുടങ്ങിയതു മുതൽ വാർത്തകളിലിടം പിടിച്ച ചിത്രമാണ് പത്മാവതി. രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കർണി സേനാംഗങ്ങൾ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയും റാണി പത്മാവതിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ഉണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായത്തെ ചൊടിപ്പിച്ചത്..