Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിയേറ്ററുകൾ നടത്തുന്ന കൊള്ളയുടെ മുഖമൂടി മനുഷ്യാവകാശ കമ്മീഷൻ പറിച്ചെടുക്കുമോ? നിയമവിരുദ്ധ റിസർവേഷൻ വഴിയുള്ള കൊള്ളയിൽ നടപടി തുടങ്ങി; പുലിമുരകൻ തിയേറ്ററുകൾക്ക് വില്ലനാകുമോ?

തിയേറ്ററുകൾ നടത്തുന്ന കൊള്ളയുടെ മുഖമൂടി മനുഷ്യാവകാശ കമ്മീഷൻ പറിച്ചെടുക്കുമോ? നിയമവിരുദ്ധ റിസർവേഷൻ വഴിയുള്ള കൊള്ളയിൽ നടപടി തുടങ്ങി; പുലിമുരകൻ തിയേറ്ററുകൾക്ക് വില്ലനാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള ചലച്ചിത്രം പുലിമുരുകന്റെ പേരിൽ സർക്കാരിനു മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്. പുലിമുരുകൻ സിനിമ പ്രദർശിക്കുന്ന സ്ഥലങ്ങളിൽ സമയക്രമം പാലിക്കുന്നില്ലെന്നും ടിക്കറ്റിന് 10 രൂപയോളം അധികം ഈടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി സന്തോഷ്‌കുമാർ നൽകിയ പരാതിയിലാണ് നടപടി.

എല്ലാ ടിക്കറ്റും റിസർവേഷനിൽ കിട്ടും. ഇതിന് പത്ത് രൂപ അധികം നൽകണം. ഓൺലൈനിലൂടേയും ഇവ ബുക്ക് ചെയ്യാം. ഓൺലൈനിൽ ബുക്ക് ചെയ്താൽ ഓരോ ടീക്കറ്റിനും വീണ്ടും 30 രൂപ അധികം നൽകണം. ഇങ്ങനെയാണ് കേരളത്തിലെ മൊത്തം തീയേറ്ററുകളുടേയും അവസ്ഥ. ടിക്കറ്റിന് പുറത്തുള്ള റിസർവേഷൻ തുക വിതരണക്കാർക്ക് നൽകുകയും ഇല്ല. അതുകൊണ്ട് തന്നെ പണം വാരിപ്പടങ്ങൾ തിയേറ്ററുകാർക്കും ചാകരക്കാലമാണ് നൽകുന്നത്. പുലി മുരുകൻ എല്ലാ അർത്ഥത്തിലും തിയേറ്ററുകൾക്കും കൊയ്തുകാലം. അധിക മുടക്ക് മുതലൊന്നുമില്ലാതെ കിട്ടുന്ന അധിക പണം. ഈ വിഷയമാണ് മനുഷ്യാവകാശ കമ്മീഷൻ ഏറ്റെടുക്കുന്നത്.

വിഷയത്തിൽ തദ്ദേശവകുപ്പ്, സാംസ്‌കാരികവകുപ്പ് സെക്രട്ടറിമാരും കൊല്ലം നഗരസഭാസെക്രട്ടറിയും വിശദീകരണം നൽകണമെന്ന് കമ്മിഷൻ അംഗം കെ. മോഹൻകുമാർ നിർദ്ദേശിച്ചു. സ്‌പെഷൽ ഷോകൾ നടത്തുന്നതുമൂലം സമയക്രമം പാലിക്കുന്നില്ലെന്നും പ്രേക്ഷകർക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നുവെന്നുമാണ് പരാതി. തിയറ്ററുകാർ അധികം ഈടാക്കുന്ന തുക സർക്കാരിലേയ്ക്ക് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൊല്ലത്തെ യുവാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതി മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തുന്നത്.

കൊല്ലത്തെ മുത്തൂറ്റ് തിയേറ്ററുമായി ബന്ധപ്പെട്ട് വന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ തുടർച്ചയാണ് ഈ കേസുമെന്നാണ് സൂചന. ഈ പോസ്റ്റ് ഇപ്രകാരമായിരുന്നു-കണ്മുന്നിൽ നടക്കുന്ന പകൽ കൊള്ള..... ഇന്നലെ കൊല്ലം കടപ്പാക്കട ധന്യ തീയേറ്ററിൽ പുലിമുരുകൻ കാണാൻ രണ്ട് സുഹൃത്തുക്കൾക്ക് ഒപ്പം പോയ്. സെക്കന്റ് ഷോ കാണാൻ ആണ് പോയത്. നല്ല തിരക്കായിരിക്കും എന്നറിയാവുന്നത്‌കൊണ്ട് 7. 30ന് തന്നെ തീയേറ്ററിൽ എത്തി. ഗേറ്റിന് മുന്നിൽ എത്തിയപ്പോ സെക്യൂരിറ്റി പറഞ്ഞു ടിക്കറ്റ് എല്ലാം തീർന്നു ഇനി രാത്രി 12. 30നുള്ള സ്‌പെഷ്യൽ ഷോക്ക് മാത്രേ ടിക്കറ്റ് ഉള്ളൂ എന്ന്. ഞാൻ ചോദിച്ചു അതെങ്ങനാ ചേട്ടാ ഷോ 9. 30നല്ലേ ഇപ്പോ 7. 30അല്ലേ ആയുള്ളൂ, ടിക്കറ്റ് എങ്ങനാ തീരുന്നെന്ന്. പുള്ളി പറഞ്ഞു 12. 30നുള്ള ഷോ റിസർവേഷൻ നടക്കുന്നുണ്ട് വേണമെങ്കിൽ പോയ് ടിക്കറ്റ് എടുത്തോളാൻ. അകത്തു കൗണ്ടറിൽ എത്തി കാര്യം ചോദിച്ചു,

അവർ പറഞ്ഞു 9. 30നുള്ള ഷോ ടിക്കറ്റ് ഒക്കെ റിസർവേഷൻ ഫുൾ ആയ് ഇനി ടിക്കറ്റ് ഇല്ലാന്ന്. ഞാൻ ചോദിച്ചു ചേട്ടാ ആകെ മൊത്തം സീറ്റിന്റെ മാക്‌സിമം 30% മാത്രം അല്ലേ റിസർവേഷൻ കൊടുക്കുന്നെ പിന്നെ എങ്ങനാ എന്ന്, ഇവിടെ ഇങ്ങനേ പറ്റൂ താൻ പോയ് പണി നോക്ക് എന്ന തരത്തിലുള്ള മറുപടിയാണ് കിട്ടിയത്. അതായത് ആകെ മൊത്തം 520സീറ്റ്, അതിൽ സാധാരണ റിസർവേഷൻ കൊടുക്കുന്നത് 156സീറ്റ്, ഇതിപ്പൊ 520സീറ്റും റിസർവേഷൻ കൊടുത്തു. ഒന്നും മിണ്ടാതെ ഞാൻ 12.30നുള്ള ഷോക്ക് 3ടിക്കറ്റ് തരാൻ പറഞ്ഞു. അപ്പൊ കിട്ടിയതാണ് ഈ മഞ്ഞ കടലാസ്സ്. റിസർവേഷൻ എന്ന് പറഞ്ഞിട്ട് സീറ്റ് നമ്പരോ ടിക്കറ്റോ ഇല്ല. ആകെ ഉള്ള ഗുണം ടിക്കറ്റ് ഒന്നിന് 10രൂപാ അധികം കൊടുക്കണം. തീർന്നില്ല ഞാൻ ടിക്കറ്റ് എവിടെ കിട്ടും എന്ന് ചോദിച്ചപ്പോ അയാൾ പറഞ്ഞു ഈ മഞ്ഞ കടലാസ്സ് സാധാരണ ടിക്കറ്റ് എടുക്കുന്ന കൗണ്ടറിൽ പോയ് കൊടുത്താൽ ടിക്കറ്റ് കിട്ടുമെന്ന്.

ചുരുക്കി പറഞ്ഞാൽ സാധാരണ ടിക്കറ്റ് എടുക്കും പോലെ കൗണ്ടറിൽ ക്യു നിന്ന് തന്നെ ടിക്കറ്റ് എടുക്കണം, വ്യത്യാസം കയ്യിലെ കാശിന് പകരം 10രൂപാ അധികം കൊടുത്തു വേടിച്ച മഞ്ഞ കടലാസ്സ് കാണിക്കണം. 520ടിക്കറ്റിന് 10രൂപാ അധികം വാങ്ങുമ്പോ 520ത10=5200, ഒരു ഷോ കഴിയുമ്പോ 5200രൂപാ അധിക ലാഭം. സ്‌പെഷ്യൽ ഷോ അടക്കം ആകെ 6ഷോ. 5200ത6=31200, ഒരു ദിവസം 31200രൂപാ അധിക ലാഭം. എന്താല്ലേ, ഈ പകൽകൊള്ള അധികൃതരുടെ ശ്രദ്ധയിൽ പെടുന്ന വരെ ഷെയർ ചെയ്യുക. 'മുത്തൂറ്റേ നിനക്ക് 10രൂപാ അധികം തരാൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലാ, കാരണം അതിൽ കൂടുതൽ ഞാൻ പിച്ച കൊടുക്കാറുണ്ട് '....സിനിമാ പ്രേമി വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP