Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിസ്മയവും പൊളിഞ്ഞതോടെ പുലിമുരുകനിൽ പ്രതീക്ഷ പോയി ആരാധകർ; ഓണത്തിനിറക്കാതെ റിലീസിങ് നീട്ടിവച്ചത് വെല്ലുവിളികൾ ഒഴിവാക്കാൻ; ട്രെയിലറുകളും ഗാനങ്ങളും യുട്യൂബ് ദൃശ്യങ്ങളും വഴി പരമാവധി പണം ഉണ്ടാക്കാൻ നിർമ്മാതാക്കളുടെ ശ്രമം; ഏറ്റവും ഒടുവിലത്തെ ശ്രമം കമ്പ്യൂട്ടർ ഗെയിമിലൂടെ

വിസ്മയവും പൊളിഞ്ഞതോടെ പുലിമുരുകനിൽ പ്രതീക്ഷ പോയി ആരാധകർ; ഓണത്തിനിറക്കാതെ റിലീസിങ് നീട്ടിവച്ചത് വെല്ലുവിളികൾ ഒഴിവാക്കാൻ; ട്രെയിലറുകളും ഗാനങ്ങളും യുട്യൂബ് ദൃശ്യങ്ങളും വഴി പരമാവധി പണം ഉണ്ടാക്കാൻ നിർമ്മാതാക്കളുടെ ശ്രമം; ഏറ്റവും ഒടുവിലത്തെ ശ്രമം കമ്പ്യൂട്ടർ ഗെയിമിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതീക്ഷയുടെ അമിതഭാരവും പേറിയാണ് മോഹൻലാലിന്റെ പുതിയ ചിത്രം പുലിമുരുകൻ റിലീസിംഗിന് ഒരുങ്ങുന്നത്. ഒരു വർഷം മുമ്പെങ്കിലും പുറത്തിറങ്ങേണ്ട ചിത്രം പല കാരണങ്ങളാൽ റിലീസിങ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പിന്നീടാണ് ഒക്ടോബർ ഏഴിന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറക്കാരായ മുളകുപാടം അറിയിച്ചത്. ഇതിനിടെ മോഹൻലാലിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും എങ്ങുമെത്താതെ തീയറ്ററിൽ തലകുത്തിവീഴുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ ലാലിന്റെ കടുത്ത ആരാധകർക്ക് പോലും പുലിമുരുകനിൽ അമിത പ്രതീക്ഷ വെക്കുന്നില്ല.

ലാഭം നേടാൻ ഏറ്റവും മികച്ച സമയം ഓണക്കാലമാണെന്ന് അറിഞ്ഞിട്ടും ചിത്രം റിലീസ് ചെയ്യാത്തത് പരാജയ ഭീതിയിലാണെന്ന പ്രചരണവും ശക്തമാണ്. ഓണക്കാലത്ത് കൂടെ മത്സരിക്കാൻ നിരവധി ചിത്രങ്ങളെത്തും. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങളുടെ തള്ളിച്ച കഴിഞ്ഞ് വൻ പ്രചാരണത്തിന്റെ അകമ്പടിയോടെ പുലിമുരുകൻ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. സിനിമയുടെ ട്രെയിലർ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇതിന് പിന്നാലെ ഇപ്പോൾ പുലിമുരുകന്റെ പ്രചരണാർത്ഥം പുതിയ ഗെയിമും പുറത്തിറക്കിയിരിക്കയാണ് അണിയറക്കാർ.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ വൻ ഹിറ്റിലേക്ക് നയിച്ചത് വലിയ തോതിലുള്ള പ്രമോഷനായിരുന്നു. സിനിമാ ടിക്കറ്റ് വഴിയും സാറ്റലൈറ്റ് വഴിയും മാത്രം പണം ലഭിച്ചിരുന്ന അവസ്ഥ മാറി. ഇന്ന് മറ്റ് പല മാർഗ്ഗങ്ങളിലൂടെയും സിനിമയ്ക്ക് പണം ലഭിക്കുന്ന അവസരമുണ്ട്. തമിഴ് ചിത്രമായ കബാലി റിലീസിംഗിന് മുമ്പ് തന്നെ ലാഭത്തിലായിരുന്നു. എന്നാൽ ഇട്ടാവട്ടത്തിലുള്ള മലയാളം സിനിമയിൽ അത്തരത്തിലുള്ള മാർക്കറ്റിംഗുകൾക്ക് സാധ്യത കുറവാണ്. എങ്കിലും സൂപ്പർതാര ചിത്രമെന്ന നിലയിൽ പരമാവധി പ്രമോഷൻ നൽകി ചുരുങ്ങിയ ദിവസങ്ങൾക്കകം പണമുണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ ആരായുകയാണ് സിനിമയുടെ നിർമ്മാതാക്കൾ. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുലിമുരുകൻ ഗെയിമും പുറത്തിറങ്ങിയത്.

സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രമായ പുലിമുരുകൻ പുലിയുമായുള്ള സംഘട്ടന രംഗമാണ് ഗെയിമിന്റെ പശ്ചാത്തലം. പുലിമുരുകന്റെ റോളിലാണ് ഗെയിം നാം കളിക്കേണ്ടത്. ഓരോ ലെവലുകൾ കഴിയുംതോറും ഗെയിമിൽ ബുദ്ധിമുട്ടുകൾ തുടരും. പ്രമോഷണൽ ഗെയിം എന്ന നിലയിലാണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്. മൊബൈൽ ഉപയോഗിക്കാൻ അറിയാവുന്ന ആർക്കും മോഹൻലാൽ ആയി മാറി ഗെമിൽ ഒരു കൈ നോക്കാം. ഇനി സിംപിൾ ആയി പോയി എന്നാണ് തോന്നുന്നത് എങ്കിൽ ,കളിച്ച് ഗ്ലോബൽ സ്‌കോർ ബോർഡിൽ സ്വന്തമായി ഒരു സ്ഥാനം നേടിയെടുക്കാം.

ബോളിവുഡിലേയും ഹോളിവുഡിലെയും പോലെ മലയാളത്തിലും സിനിമയുടെ പ്രമോഷനായി ഗെയിം വരുന്നതിനെ പലരും സ്വാഗതം ചെയ്യുന്നുണ്ട്. പുലിമുരുകൻ ഗെയിമിന്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്. ആൻഡ്രോയ്ഡിലും ഐ ഫോണിലും ലഭ്യമാണ്. എന്തായാലും മോഹൻലാൽ ചിത്രത്തിന്റെ പണമുണ്ടാക്കാനുള്ള മാർഗ്ഗമായാണ് ഇതിനെയും കാണുന്നത്. പുലിമുരുകൻ പരമാവധി തീയറ്ററുകളിൽ റിലീസ് ചെയ്ത് പണമുണ്ടാക്കാനാണ് ചിത്രത്തിന്റെ അണിയറക്കാരുടെ ശ്രമം. ഒരുപക്ഷേ, മലയാളത്തിൽ ഏറ്റവും അധികം തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം ഇതായിരിക്കും.

മമ്മൂട്ടി-ഹരിഹരൻ കൂട്ടുകെട്ടിൽ പുറത്തിങ്ങിയ പഴശ്ശിരാജയ്ക്ക് ശേഷം ഒരുങ്ങുന്ന ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് പുലിമുരകൻ. 15 കോടിയാണ് സിനിമയുടെ ഏകദേശ ബഡ്ജറ്റ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചന്മുളകുപാടമാണ് നിർമ്മാണം. വിയറ്റ്‌നാമിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. എറണാകുളം ജില്ലയിലെ ആദിവാസി മേഖലയായ കുട്ടമ്പുഴയാണ് മറ്റൊരു പ്രധാനലൊക്കേഷൻ.

മോഹൻലാലിന്റെ കരിയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേതെന്നാണഅ സംവിധായകൻ വൈശാഖ് പറയുന്നത്. അത്രയും ശക്തമായ കഥാപാത്രം. ഒരു ഹെവി മാസ് ക്യാരക്ടർ ആയിരിക്കും മോഹൻലാൽ പുലിമുരുകനിൽ അവതരിപ്പിക്കുക. ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള കായികമായ ഒരുപാട് കാര്യങ്ങൾ മോഹൻലാൽ സിനിമയിൽ ചെയ്യുന്നുണ്ട്. മാത്രമല്ല സ്ഫടികം, ശിക്കാർ എന്നീ ചിത്രങ്ങളിലേതു പോലെ മയിൽവാഹനം എന്നൊരു ലോറിയും സിനിമയിൽ മോഹൻലാൽ ഉപയോഗിക്കുന്നുണ്ട്.

ശിവാജി, അന്യൻ, യന്തിരൻ, ഐ , ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷൻ കൈകാര്യം ചെയ്ത, തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റർ ഹെയ്ൻ ആണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടർ. കാലാപാനി എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രഭു കൂട്ടുകെട്ട് സിനിമയുടെ മറ്റൊരു പ്രത്യേകതയാകും. ബാല, വിനു മോഹൻ എന്നിവരാണ് മറ്റുതാരങ്ങൾ. ഇങ്ങനെ വൻ താരനിര തന്നെ സിനിമിക്ക് പിന്നിലുണ്ടെങ്കിലും മലയാളത്തിലും തമിഴിലും സിനിമാ റിലീസിങ് കുറഞ്ഞ അവസരം നോക്കിയാണ് മോഹൻലാലിന്റെ ഈ ബിഗ്ബജറ്റ് ചിത്രം റിലീസിംഗിന് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP