Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഡ്വാൻസ് സ്‌ക്രീനിങ് വൻ ഹിറ്റായതോടെ നാളെ മുതൽ യുകെയിലെമ്പാടും പുലിമുരുകൻ; ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യമായി ഒരേ സമയം 141 തിയറ്ററുകളിൽ റിലീസിങ്; ഗൾഫ് രാജ്യങ്ങളിൽ ഇന്നു റിലീസ് ചെയ്യുന്നത് എഴുപതോളം തിയററ്റുകളിൽ

അഡ്വാൻസ് സ്‌ക്രീനിങ് വൻ ഹിറ്റായതോടെ നാളെ മുതൽ യുകെയിലെമ്പാടും പുലിമുരുകൻ; ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യമായി ഒരേ സമയം 141 തിയറ്ററുകളിൽ റിലീസിങ്; ഗൾഫ് രാജ്യങ്ങളിൽ ഇന്നു റിലീസ് ചെയ്യുന്നത് എഴുപതോളം തിയററ്റുകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡിന്റെ ചരിത്രം ഓരോ ദിവസവും പുലിമുരുകനു വേണ്ടി മാറി മറിയുകയാണ്. ഏറ്റവും വേഗത്തിൽ, ഏറ്റവും ആദ്യമായി തുടങ്ങി ചേർക്കാവുന്ന വിശേഷണങ്ങൾ എല്ലാം ഒന്നിച്ചു പിടിച്ചു വേട്ട നടത്തുന്ന പുലിമുരുകൻ അതിവേഗമാണ് കോടികളുടെ കളക്ഷൻ ഓരോ ദിവസവും നേടുന്നത്.

ഇക്കഴിഞ്ഞ 28 ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ട ചിത്രം കഴിഞ്ഞ ആഴ്ച യുകെയിൽ റിലീസ് നടത്താൻ അഡ്വാൻസ് പ്രദർശനമായി നാല് സ്ഥലങ്ങളിൽ എത്തിയപ്പോഴും ചരിത്രം വഴി മാറാതെ പുലിമുരുകന് വേണ്ടി കാത്തുനിൽക്കുക ആയിരുന്നു.

പതിവിനു വിപരീതമായി സിനിമാ പ്രേമികൾ കുറവുള്ള കവൻട്രിയിൽ ചിത്രം 4കെ പ്രൊജക്ടർ സഹായത്തോടെ പ്രദർശനത്തിന് എത്തിയപ്പോൾ ഒറ്റ ദിവസം കൊണ്ട് നേടിയത് 8000 പൗണ്ട് കളക്ഷൻ. ഇതും യുകെയിലെ മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയാണ്. ഇങ്ങനെ എത്തുന്നിടത്തെല്ലാം വേട്ടയുടെ പുതിയ കഥകൾ പറയുന്ന പുലിമുരുകൻ ഇന്ന് ബ്രിട്ടന്റെ മുക്കും മൂലയും അരിച്ചു പെറുക്കി എത്തുമ്പോൾ കാത്തിരിപ്പിന്റെ അസ്വസ്ഥതയിലാണ് സിനിമ പ്രേമികൾ. ചിത്രത്തെ കുറിച്ച് അറിയാനുള്ള വിതരണക്കാരുടെ ഹോട് ലൈൻ ടെലിഫോൺ കണക്ഷൻ മിക്കപ്പോഴും എൻഗേജ്ഡ് ആയതു തന്നെ പ്രേക്ഷക പ്രീതിയുടെ ഉരകല്ലായി മാറുകയാണ്.

ഉന്നത മികവോടെ, ഹോളിവുഡ് സാങ്കേതിക പ്രവർത്തകരുടെ സഹായത്തോടെ എത്തിയിരിക്കുന്ന ചിത്രത്തിൽ പുലിയുടെ വരവും മറ്റും കണ്ടു കൊച്ചു കുട്ടികളും മറ്റും യഥാർത്ഥ പുലിയാണെന്നു കരുതി പുലിപ്പേടി കാട്ടുന്നുണ്ടെങ്കിലും ചിത്രം ഏതു പ്രായക്കാർക്കും കാണാവുന്ന വിധമാണ് സെൻസർഷിപ്പ് നേടിയെടുത്തിരിക്കുന്നത്. പുലിവേട്ടയുടെയും കാട്ടിലെ സംഘട്ടനവും ഒക്കെയായി ഗ്രാഫിക്‌സ് വിദ്യയുടെ സാങ്കേതിക മേന്മയിൽ കൊച്ചു കുട്ടികളെയും മറ്റും അൽപ്പം പേടിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടെങ്കിലും ഏതു പ്രായക്കാർക്കും കണ്ടിരിക്കാവുന്ന വിധമാണ് ചിത്രം യുകെയിൽ സെൻസർ ചെയ്തിരിക്കുന്നത്.

കുട്ടികളെ പ്രവേശിപ്പിക്കില്ല എന്ന പ്രചാരണം തികച്ചും തെറ്റാണെന്നും വിതരണക്കാരായ പിജെ എന്റർടൈന്മെന്റ് വക്താവ് പ്രജീഷ് കുമാർ അറിയിച്ചു. ചിത്രം കണ്ട കുട്ടികൾ വീണ്ടും കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് പോലും ഇത്തരം പ്രചാരകരുടെ വാ അടപ്പിക്കാൻ കാരണമാകുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ലഭിക്കാവുന്ന ഏറ്റവും മികച്ച എന്റർറ്റൈനർ എന്ന വിശേഷണം നേടിയാണ് ഇപ്പോൾ പുലിമുരുകൻ നാട്ടിലും വിദേശത്തും മുന്നേറുന്നത്.

ഒരു മാസം പിന്നിടാൻ തയ്യാറെടുക്കുമ്പോഴും ചിത്രം ഹൗസ് ഫുൾ ആയി തന്നെ അനേകം പ്രദർശനങ്ങൾ രാപകൽ ഭേദമില്ലാതെ പ്രദർശിപ്പിക്കുന്നു എന്നതും പുലിമുരുകന്റെ മാത്രം നേട്ടങ്ങളിൽ ഒതുങ്ങുന്നു. കേരളത്തിൽ പുലർച്ചെ നാല് മണിക്ക് തന്നെ പ്രദർശനം നടത്തി റെക്കോർഡ് കണ്ടെത്തിയ പുലിമുരുകൻ കഴിഞ്ഞ ആഴ്ച കവൻട്രിയിൽ അവസാന പ്രദർശനം നടത്തി കാണികൾ തിയ്യറ്റർ വിട്ടിറങ്ങിയത് പുലർച്ചെ ഒരു മണിക്കാണ്. കാല ദേശ ഭേദമില്ലാതെ ഒരു ചിത്രം ഇങ്ങനെ കാണികളെ കീഴടക്കുന്നതും മലയാളത്തിൽ ആദ്യം തന്നെ.

ചിത്രം കണ്ടവർ വിസ്മയ ഭരിതരായാണ് തീയേറ്റർ വിട്ടിറങ്ങുന്നതു എന്നത് തന്നെ പുലിമുരുകന്റെ വിജയ ഘടകങ്ങളിൽ പ്രധാനം. സാധാരണക്കാരായ കാണികളെയും വിമർശന ബുദ്ധിയോടെ ചിത്രം കാണാൻ എത്തുന്നവരെയും ഒന്ന് പോലെ അമ്പരപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചിത്രം എത്തിയിരിക്കുന്നത് എന്നതും പ്രധാനമാണ്. പ്രായമായവർ പോലും കാണാൻ ആഗ്രഹിക്കുന്ന ചിത്രം എന്നതാണ് പുലിമുരുകൻ ഏറ്റവും ഒടുവിൽ സ്വന്തമാക്കുന്ന വിജയ ലേബൽ.

യുകെയിൽ ആദ്യ ഷോ കാണാൻ കാത്തിരിക്കുന്നത് ചെറുപ്പക്കാരും കുട്ടികളും ആണെന്നതാണ് രസകരമായ വസ്തുത. കോളേജിലും യൂണിവേഴ്‌സിറ്റികളിലും പഠിക്കുന്ന യുവ തലമുറയുടെ മലയാളത്തിൽ പുലിമുരുകന് കൂടി കടന്നു വന്നിരിക്കുകയാണ് സാധാരണ പതിവില്ലാത്ത കാര്യമാണിത്. യുവത്വം തീയേറ്ററുകളിൽ കൂട്ടത്തോടെ എത്തുന്നു എന്നതാണ് പുലിമുരുകന്റെ അഡ്വാൻസ് സ്‌ക്രീനിങ് നടന്ന സ്ഥലങ്ങളിൽ ദൃശ്യമായ പ്രത്യേകത.

ഇതോടെ കുടുംബ പ്രേക്ഷകർക്ക് ടിക്കറ്റ് ലഭിക്കാതെ വന്ന സാഹചര്യവും കവൻട്രി പോലുള്ള സ്ഥലങ്ങളിൽ ഉണ്ടായി. ഇത് ആവർത്തിക്കാതിരിക്കാൻ മാഞ്ചസ്റ്റർ പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ ആളെ ഉൾക്കൊള്ളാവുന്ന സ്‌ക്രീൻ എടുത്താണ് കഴിഞ്ഞ ആഴ്ച പുലിമുരുകൻ പ്രദർശിപ്പിച്ചത്. നാളെ റിലീസ് ചെയ്യുന്ന സ്ഥലങ്ങളിൽ കൂടുതൽ കാണികൾ എത്തുന്നിടത്തു വലിയ സ്‌ക്രീനിലേക്ക് മാറ്റുന്ന കാര്യവും വിതരണക്കാർ പരിഗണിക്കുന്നുണ്ട്.

നൂറു കോടിയിലേക്കു കുതിക്കുന്ന ഈ ചിത്രം ഗൾഫ് നാടുകളിൽ എഴുപതോളം തിയറ്ററുകളിലാണു റിലീസ് ചെയ്യുന്നത്. യുഎഇ, ഒമാൻ, കുവൈറ്റ്, ബഹറിൻ, ഖത്തർ എന്നിവിടങ്ങളിലെ തിയറ്ററുകളിൽ പ്രദർശനം കാണാനായി പ്രേക്ഷകർക്കുള്ള ബുക്കിങ് കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയിരുന്നു.

ബഹ്‌റൈനിൽ നടക്കുന്ന ഫാൻസ് സ്പെഷ്യൽ ഷോയിൽ സംവിധായകൻ വൈശാഖ് അതിഥിയായി എത്തുന്നുണ്ടെന്ന വിവരവും ആധാരകർക്ക് ആവേശമേറ്റുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷനും ലാൽ കെയറും ചേർന്നു ബഹ്‌റൈൻ അൽ ഹംറ തിയറ്ററിൽ പ്രത്യേക ഷോയും നടത്തുന്നുണ്ട്. 'മുരുകതാണ്ഡവം' എന്ന പേരിലുള്ള ഫാൻസ് ഷോയക്ക് മോഹൻലാലും ആശംസ അറിയിച്ചിട്ടുണ്ട്.

ന്യൂസിലാൻഡിലെ ആഡംബര മൾട്ടിപ്ലക്സ് ആയ ഹോയ്റ്റ്സ് സിനിമാസിലും പുലിമുരുകൻ വിരുന്നെത്തുന്നുണ്ട്. ആദ്യവാരം ഏകദേശം ഇരുപതിൽ കൂടുതൽ പ്രദർശനങ്ങൾ ഉണ്ടാകുമെന്നാണു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP