Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചരിത്രം പറയാൻ മറന്ന കഥയുമായി സലീംകുമാർ;കറുത്ത യഹൂദന്റെ കഥ പറയുന്ന ചിത്രം; മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കറുത്ത യഹൂദനിലൂടെ സലീം കുമാറിന് ലഭിച്ചിരുന്നു

ചരിത്രം പറയാൻ മറന്ന കഥയുമായി സലീംകുമാർ;കറുത്ത യഹൂദന്റെ കഥ പറയുന്ന ചിത്രം; മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കറുത്ത യഹൂദനിലൂടെ സലീം കുമാറിന് ലഭിച്ചിരുന്നു

ചരിത്രത്തിൽ ആരും അധികം പറയാത്ത യഹൂദരുടെ കഥയായാണ് സലീംകുമാർ കറുത്ത യഹൂദർ എന്ന ചിത്രത്തിൽ പറയുന്നത്. സലീംകുമാർ തന്നെ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം റിലീസിങ്ങിനായി തയ്യാറെടുക്കുകയാണ്. മികച്ച കഥക്കുള്ള സംസ്ഥാന അവാർഡും സലീംകുമാറിന് ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ഇതിനോടകം ചിത്രത്തിന്റെ നിരവധി പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. സലീം കുമാറിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്ററുകൾ നൽകുന്ന സൂചന.

ചിത്രത്തെക്കുറിച്ച് സലീംകുമാർ ഫേസ്‌ബുക്കിൽ പോസ്റ്റിൽ പറയുന്നത്

എനിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കഥാകൃത്തിനുള്ള സ്റ്റേറ്റ് അവാർഡ് നേടിത്തന്ന ചിത്രമാണ് കറുത്ത യഹൂദൻ. ഈ ചിത്രം ഓഗസ്റ്റ് 18 ന് എൽ.ജെ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുകയാണ്.

ചരിത്രം കേരള ജനതയോട് പറയാൻ മറന്നുപോയ കഥയാണ് കറുത്ത യഹൂദരുടേത്. മലയാളത്തിൽ യഹൂദ സമൂഹത്തിന്റെ കഥ പറയാൻ സിനിമയായാലും, സാഹിത്യമായാലും (നോവലിസ്റ്റ് സേതു ഒഴികെ ) നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത് മട്ടാഞ്ചേരിയിലെ 'പരദേശി യഹൂദന്മാർ ' അഥവാ വെളുത്ത യഹൂദന്മാരുടെ യഹൂദതെരുവിലേക്കും , സെനഗോഗിലേക്കും (ആരാധനാലയം) അവരുടെ ജീവിതകഥകളിലേക്കും മാത്രമാണ്.

എന്നാൽ 2500 വർഷങ്ങൾക്ക് മുൻപ് ഇസ്രയേലിൽ നിന്നും പ്രാണരക്ഷാർത്ഥം കേരളത്തിലെ മുസരീസ് (കൊടുങ്ങല്ലൂർ) തുറമുഖത്ത് എത്തുകയും 2500 വർഷക്കാലം മലയാള മണ്ണിൽ ജീവിതം കഴിച്ചുകൂട്ടി , സ്വാതന്ത്രാനന്തര ഇസ്രയേൽ ഭരണകൂടത്തിന്റെ വിളി വന്നപ്പോൾ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയ മലബാറി യഹൂദന്മാരുടെ അഥവാ കറുത്ത യഹൂദന്മാരുടെ കഥ നമ്മോടു പറഞ്ഞുതരാൻ ചരിത്രം എന്തുകൊണ്ടോ മറന്നു, അല്ലെങ്കിൽ മനഃപൂർവ്വം നമ്മളിൽ നിന്നും മറച്ചുവെച്ചു.

ഇരു കൂട്ടരും യാക്കൂബിന്റെ അഥവാ ഇസ്രയേലിന്റെ സന്തതികളാണെങ്കിലും (യാക്കൂബിന്റെ മറ്റൊരു പേരാണ് ഇസ്രയേൽ എന്നത്) ചരിത്രത്തിലായാലും ജീവിതത്തിലായാലും കറുത്തവൻ എന്നും കറുത്തവൻ തന്നെ എന്ന ലോകസത്യം ഇവരിലൂടെ ഒരിക്കൽകൂടി യാഥാർഥ്യമാവുകയായിരുന്നു.

ഇപ്പോൾ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു യഹൂദന്റെ വീടായിരുന്നു എന്ന് ഞാൻ അറിഞ്ഞപ്പോൾ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് &ൂൗീ;േകറുത്ത യഹൂദൻ എന്ന സിനിമയായി പരിണമിച്ചത്. ബാല്യകാലത്ത് എന്റെ അയൽക്കാരായി വടക്കൻ പറവൂരിലും പരിസര പ്രദേശത്തും ഉണ്ടായിരുന്ന, ഇന്ന് ഇസ്രയേലിൽ എങ്ങോ ജീവിക്കുന്ന ആ പഴയ മിത്രങ്ങളോടുള്ള എന്റെ സ്‌നേഹാദരവാണ് കറുത്ത യഹൂദൻ.

കൊളോണിയൽ കാലഘട്ടത്തിൽ നമ്മളെ കൊണ്ട് വേല ചെയ്യിക്കാൻ വെള്ളക്കാരന്റെ അജ്ഞാനുവർത്തികളായി മട്ടാഞ്ചേരിയിലെത്തിയ പരദേശി യഹൂദർ അഥവാ വെളുത്ത യഹൂദരെ നാം ആഘോഷിക്കുമ്പോൾ , ബാബിലോണിയ, അസ്സീറിയ തുടങ്ങിയ രാജ്യങ്ങളിലെ ചക്രവർത്തിമാരുടെ നിരന്തര ആക്രമണങ്ങളിൽ ഭയന്ന് പ്രാണരക്ഷാർത്ഥം നമ്മുടെ മണ്ണിൽ അഭയംതേടി, പച്ച മലയാളികളായി ഇവിടെ ജീവിച്ച കറുത്ത യഹൂദരുടെ ജീവിതം രേഖപ്പെടുത്താൻ, അവർ നമുക്ക് തന്ന സംസ്‌ക്കാരങ്ങൾ അടയാളപ്പെടുത്താൻ ചരിത്രകാരന്മാർ എന്തിനാണ് മടിച്ചതു . ഇതിനോടുള്ള എന്റെ വിയോജനകുറിപ്പാണ് കറുത്ത യഹൂദൻ എന്ന ഈ സിനിമ.

ഇത് ഒരു അവാർഡ് സിനിമയല്ല. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഒരു സിനിമ. ഒരു കുടുംബ കഥയുടെ പശ്ചാത്തലത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്ന ഒരു കൊച്ചു സിനിമ. ഒരു യഹൂദന്റെയും മുസൽമാന്റെയും സൗഹൃദത്തിന്റെ അപൂർവ കഥ പറയുന്ന സിനിമ. കാണണം എന്ന് പറയാനേ എനിക്ക് ഇപ്പോൾ നിർവ്വാഹമുള്ളു. കണ്ട് വിചാരണ ചെയ്ത് വിധി പറയേണ്ടവർ നിങ്ങളാണ്.

വിശ്വസ്തതയോടെ,

നിങ്ങളുടെ സലിംകുമാർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP