Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചങ്കുകളായ ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും ഒരുമിച്ചാൽ എങ്ങനെയാണ് ലോകാത്ഭുതം ഉണ്ടാകുന്നത്? ജിമിക്കി കമ്മലിന് ശേഷം ലോകം ഏറ്റെടുത്ത കണ്ണിറുക്കിയുള്ള ആ വശീകരിക്കുന്ന ചിരിക്ക് പിന്നിലും ഈ കൂട്ടുകെട്ട്; ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രിയാ വാര്യരുടെ പുഞ്ചിരി ഏറ്റെടുത്തതോടെ മാണിക്യ മലരായ പൂവി ലോകത്തിന് മുന്നിൽ

ചങ്കുകളായ ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും ഒരുമിച്ചാൽ എങ്ങനെയാണ് ലോകാത്ഭുതം ഉണ്ടാകുന്നത്? ജിമിക്കി കമ്മലിന് ശേഷം ലോകം ഏറ്റെടുത്ത കണ്ണിറുക്കിയുള്ള ആ വശീകരിക്കുന്ന ചിരിക്ക് പിന്നിലും ഈ കൂട്ടുകെട്ട്; ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രിയാ വാര്യരുടെ പുഞ്ചിരി ഏറ്റെടുത്തതോടെ മാണിക്യ മലരായ പൂവി ലോകത്തിന് മുന്നിൽ

കൊച്ചി: എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയേ.. എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീർത്തേ... ഇവിടൊരു ചാകരയും വേലകളീം ഒത്തുവന്നപോൽ.. ചിലരുടെ തോർത്തു കീറിപ്പോയ കാര്യം ഓർത്തു പോകവേ.. അലകടൽ കാറ്റിനു നീ കാതുകുത്താൻ പാടുപെടേണ്ടാ സദാചാര സേനാപതി വീരാ... പടുകാമലോലുപാ... എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയേ.. എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീർത്തേ... ലല്ലല്ലാ ...ലാലലല്ലാ ലാ ... ലല്ലല്ലാ ...ലാലലല്ലാ ലാ ... ചെമ്മീൻ ...: ബിബിസി അവതാരക പോലും നൃത്തം ചെയ്ത മലയാളം പാട്ടാണിത്. ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും ചേർന്നായിരുന്നു ഈ പാട്ടൊരുക്കിയത്.

ഗായകൻ,രചയിതാവ്,നടൻ,സംവിധായകൻ എല്ലാ മേഖലയിലും തന്റേതായ കൈ വെച്ച് വിജയം കൈവരിച്ച താരമാണ് വിനീത് ശ്രീനിവാസൻ. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത 'കിളിച്ചുണ്ടൻ മാമ്പഴ'ത്തിൽ  വിദ്യാസാഗർ സംഗീതം ചെയ്ത 'കസവിന്റെ തട്ടമിട്ട' എന്ന ഗാനം പാടിയാണു മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി പാട്ടുകളിലൂടെ വിനീത് മലയാളത്തിന്റെ പ്രിയ പാട്ടുകാരനായി, ഈ സമയത്ത് സംഗീത സംവിധാനവും സൗണ്ട് എഞ്ചിനീയറിങ്ങിലുമൊക്കെ ആഗ്രഹം വെച്ച് നടക്കുകയായിരുന്നു ഷാൻ റഹ്മാൻ എന്ന ഇന്നത്തെ സൂപ്പർ സംഗീത  സംവിധായകൻ. പിന്നീട് ഒരു മ്യൂസിക് ഷോയിൽ വച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.

പിന്നീട് നാളുകൾക്ക് ശേഷം 2008ലാണ് ഷാൻ റഹ്മാൻ എന്ന സംഗീത സംവിധായകനെ കേരളം അറിയുന്നത്, അതും കോഫി @ എം ജി റോഡ് എന്ന സൂപ്പർ ഹിറ്റ് ആൽബത്തിലൂടെയാണ്. ആ ആൽബം ഇരുവരുടേയും ജീവിതത്തിൽ വലിയ മാറ്റമാണ് വരുത്തിയത്. ആൽബത്തിലെ പലവട്ടം കാത്ത് നിന്ന് ഞാൻ കോളേജിൻ മൈതാനത്ത് എന്ന ആൽബം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി. സലിം കുമാർ അഭിനയിച്ച ഗാനം അന്നത്തെ യുവാക്കളുടെ ഫേവറേറ്റ് ആയി മാറി.

 

പിന്നീട് ഷാൻ ജോണി ആന്റണി സംവിധാനം ചെയ്ത് ഈ പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി മാറി. പിന്നീട് നിവിൻ പോളി, അജു വർഗീസ് എന്നിവരെ ഒക്കെ മലയാളത്തിന് സംഭാവന ചെയ്ത മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രം വിനീത് സംവിധാനം ചെയ്യുന്നത്. അരങ്ങേറ്റ ചിത്രത്തിൽ തന്റെ ഉറ്റ കൂട്ടുകാരനെ തന്നെ സംഗീത സംവിധായകനായി വിനീത് കൂടെ കൂട്ടുകയായിരുന്നു.ചിത്രം വിജയമായപ്പോൾ അതിലെ പാട്ടുകളും വൻ വിജയമായി. എന്നാൽ തുടർന്ന വലിയ അവസരങ്ങൾ ഷാനിനെ തേടി എത്തിയില്ല. പിന്നീട് ദി മെട്രോ എന്ന ചിത്രം ചെയ്‌തെങ്കിലും വിനീതിന്റേയും നിവിൻ പോളിയുടേയും അജു വർഗീസിന്റേയും ഷാൻ റഹ്മാനിന്റേയും ജീവിതത്തിലെ വലിയ ബ്രേക്കായത് തട്ടത്തിൻ മറയത്ത് ആയിരുന്നു.

ചിത്രത്തിലെ എല്ലാ പാട്ടുകളും ചിത്രവും ആ വർഷത്തെ ബ്ലോക്ക് ബ്ലസ്റ്ററായി മാറി. കേരളത്തിലാകെ ഉമ്മച്ചിക്കുട്ടിയുടേയും നായര് ചെക്കന്റേയും പ്രേമം അലയൊലി തീർത്തപ്പോൾ അതിലെ ഗാനങ്ങൾ അന്നും ഇന്നും എല്ലാവരുടേയും പ്രിയപ്പെട്ടതായി മാറി. തുടർന്ന് ഇരുവരും ചേർന്നപ്പൊഴെല്ലാം വലിയ വിജയങ്ങളായിരുന്നു ഇരുവരേയും തേടിയെത്തിയത്.

വീനീതിന്റെ പടങ്ങളിലെ സ്ഥിര സാന്നിധ്യമായി ഷാൻ മാറിയപ്പോൾ അതെല്ലാം വലിയ വിജയങ്ങളും ഫേവറേറ്റുകളുമായി മാറി, പിന്നീട് ഷാൻ സംഗീതം നൽകുന്ന പടങ്ങളിൽ വിനീതിന്റെ സ്വരം നിത്യ സാന്നിധ്യമായിരുന്നു, എപ്പോൾ ഒരുമിച്ചാലും വലിയ വിജയങ്ങളാകുന്ന ഈ കൂട്ട് കെട്ട് 2018ൽ മറ്റൊരു മെഗാഹിറ്റാണ് നൽകിയത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ... എന്ന ഗാനം അടുത്ത ബ്ലോക്ക് ബ്‌സ്റ്ററായി മാറുകയായിരുന്നു.

ഇപ്പോൾ പ്രിയാ വാര്യർ എന്ന പെൺകുട്ടി ഒറ്റപ്പാട്ടിലൂടെ താരമായിരിക്കുന്നു. ഈ പാട്ടിനൊപ്പം പ്രിയ ട്രോളുകളിലെയും വാട്ട്സാപ്പ് സ്റ്റാറ്റസിലെയും രാജ്ഞിയായി മാറി. പാട്ടിനിടിയിലെ അവളുടെ ഭാവപ്രകടനങ്ങളെല്ലാം എത്ര കണ്ടിട്ടും മതിവരാതെ ലോകം മുഴുവൻ ഈ പാട്ടു കാണുകയാണ്. ഇതോടെ ആഗോള ഹിറ്റിലെ പട്ടികയിലേക്ക് മാണിക്യ മലരായ..... എന്നത് എത്തുകയാണ്. ജിമിക്കി കമ്മലിന് സമാനമായി പുതിയ പാട്ടും ദശലക്ഷങ്ങൾ കാണുകയാണ്. ഒപ്പം കേൾക്കുന്നു. ഇതോടെ ഈ പാട്ടും ആഗോള ഹിറ്റിലേക്ക് എത്തുകയാണ്.

തിരുവനന്തപുരത്തെ ചുമടുതാങ്ങി ബാൻഡ് അവതരിപ്പിച്ച ഗാനമാണ് അഡാർ ലൗ എന്ന സിനിമയിലേക്കെടുത്തത്. ഈ പാട്ട് ആദ്യമിറക്കിയത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മൂന്ന് സുഹൃത്തുക്കൾചേർന്ന് ചുമടുതാങ്ങി ബാൻഡിലൂടെയായിരുന്നു. തലശ്ശേരി കെ. റഫീക്ക് എഴുതിയ മാപ്പിളപ്പാട്ട് സിനിമക്കു മുൻപേ ഇവർ ഈ ഇടനാഴിയിലൂടെ പാടിനടന്നു. ചുമടുതാങ്ങിയുടെ പാട്ടുകേട്ടിഷ്ട്ടപ്പെട്ടാണ് പാട്ടും പാട്ടിനുപിന്നിലെ കൂട്ടുകാരെയും ഒമർ അഡാറ് ലവ്വിലേക്ക് ക്ഷണിക്കുന്നത്. പരിപാടികളിൽ നിന്ന് ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഇവർ ഉപയോഗിക്കുന്നത്. പേരുപോലെതന്നെ ചുമടുതാങ്ങികൾ.

കഴിഞ്ഞ രണ്ടു ദിവസംകൊണ്ട് യൂറ്റിയബ് ട്രെന്റിങ്ങിൽ ഒന്നാമതാണ് ഈ ഗാനം. ഇതുവരെ കണ്ടത് 20 ലക്ഷത്തിലധികം പേർ. ഇവരുടെ പാട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഷാൻ മുഹമ്മദ് സിനിമയിൽ അവതരിപ്പിച്ചത്. അത് സ്വന്തം ശബ്ദത്തിൽ വിനീത് ശ്രീനിവാസൻ അതിമനോഹരമായി. പ്രിയാ വാര്യരുടെ കണ്ണിലെ ചലനങ്ങൾ പാട്ടിന് പുതിയ ഹൃദയഭാഷ്യവും നൽകി. അങ്ങനെ കൊച്ചു മിടുക്കിയിലൂടെ ഷാൻ മുഹമ്മദ്-വിനീത് ശ്രീനിവാസൻ പാട്ടും സൂപ്പർ ഹിറ്റിലേക്ക് നീങ്ങുകയാണ്. പാക്കിസ്ഥാനിൽ പോലും ഈ പാട്ട് തരംഗമാവുകയാണ്.

ഏറെ നാൾ മുൻപ് എരഞ്ഞോളി മൂസാക്ക ഒരു സ്റ്റേജിൽ വെച്ച് പാടിയപ്പോളാണ് ഞാൻ ആദ്യമായി ഈ പാട്ടു കേൾക്കുന്നത്.. മൂസാക്ക അതിമനോഹരമായാണ് അന്നതു പാടിയത്.. സ്റ്റേജ് പ്രോഗ്രാമുകളിൽ സജീവമായ കാലം തൊട്ട് ഒരുപാട് തവണ മറ്റൊരുപാടു ഗായകരെപ്പോലെ ഞാനും ഈ പാട്ടു പാടിയിട്ടുണ്ട്.. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ ശബ്ദത്തിൽ ഈ പാട്ട് റെക്കോർഡ് ചെയ്യപ്പെടും എന്നത് ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ്.. ഒരുപാടു സന്തോഷം..-ഇങ്ങനെയായിരുന്നു പാട്ടിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പങ്കുവച്ച വികാരം.

ഹാപ്പി വെഡ്ഡിങിനും ചങ്ക്സിനും ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് അഡാർ ലൗ. കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാം ഉൾപ്പെടുത്തി ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിലാണ് ഗാനമൊരുക്കിയിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP