'ആദി' പുറത്തിറങ്ങുമ്പോൾ ചാനലുകളും എഫ്എമ്മുകളും കയറിയിറങ്ങി പ്രമോഷൻ നടത്താൻ പ്രണവിനെ കിട്ടില്ല; കന്നിച്ചിത്രം തിയേറ്ററിലെത്തുമ്പോൾ പ്രണവ് എവിടെയായിരിക്കുമെന്ന് വെളിപ്പെടുത്തി ജിത്തു ജോസഫ്
January 20, 2018 | 08:35 PM IST | Permalink

മറുനാടൻ മലയാളി ഡസ്‌ക്
കൊച്ചി: ഇക്കാലത്ത് സിനിമ പുറത്തിറങ്ങിയാൽ പിന്നെ ജോലി കഴിഞ്ഞുവെന്ന് സംവിധായകനും, താരങ്ങളുമൊന്നും കരുതാറില്ല. എല്ലാവരും ഒന്നിച്ച് പ്രമോഷനിറങ്ങും. ടിവി, റേഡിയോ, അച്ചടി മാധ്യമങ്ങളിലെല്ലാം തങ്ങളുടെ സാന്നിധ്യത്താൽ ചിത്രത്തിന് പരമാവധി ശ്രദ്ധ കിട്ടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. എന്നാൽ പ്രണവ് മോഹൻലാൽ അത്തരക്കാരനല്ല.
തന്റെ കന്നിചിത്രം ആദി പുറത്തിറങ്ങുന്ന വേളയിൽ പ്രണവ് ഹിമാലയത്തിലായിരിക്കും എന്നാണ് അറിയുന്നത്. തന്റെ യാത്രാക്കമ്പം ആദ്യസിനിമയുടെ പേരിൽ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാരല്ല.
താൻ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികളിൽ ഉണ്ടാവില്ലെന്ന് പ്രണവ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് ആദിയുടെ സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞു. പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന പ്രണവിന്റെ ആക്ഷൻ രംഗങ്ങളുമായി ആദിയുടെ പുതിയ ട്രെയിലർ ഇറങ്ങിക്കഴിഞ്ഞപ്പോൾ ചിത്രത്തെ കുറിച്ച് പ്രതീക്ഷകൾ വാനോളം ഉയർന്നുകഴിഞ്ഞു.എന്നാൽ, ഇതൊരു കട്ട ആക്ഷൻ പടമായിരിക്കുമെന്ന് പ്രതീക്ഷിച്ച് തിയേറ്ററിൽ വന്നാൽ നിരാശപ്പെടേണ്ടി വരുമെന്ന് ജിത്തു ജോസഫ് മുന്നറിയിപ്പ് നൽകുന്നു. മാസ് പടങ്ങളിലുള്ള സാധാരണ സ്റ്റണ്ടുകളല്ല, യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഒരു കുടുബവും അവർ നേരിടുന്ന പ്രതിസന്ധിയും അത് സൃഷ്ടിക്കുന്ന വികാരങ്ങളുമെല്ലാം ചേർന്നാണ് ചിത്രമെന്ന് ജിത്തു പറയുന്നു.
ആദി ഒരു നല്ല ചിത്രമാണെന്നാണ് തന്റെ വിശ്വാസമെന്നും പരിമിതികൾക്കുള്ളിൽ നിന്ന് സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും സംവിധായകൻ പറയുമ്പോൾ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഉഗ്രൻ വിരുന്ന് തന്നെയാവുമെന്ന് ഉറപ്പ്.