Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലച്ചിത്രമേളയുടെ ആദ്യദിനംതന്നെ കമ്യൂണിസ്റ്റ് വിരുദ്ധ സിനിമ; ഫിഡൽ കാസ്ട്രാ മരിച്ച സമയത്തുതന്നെ ഫിഡൽവിരുദ്ധ സിനിമ പ്രദർശിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഇടതുപക്ഷ സിനിമാ പ്രേമികൾ; സിനിമകൾ തെരഞ്ഞെടുത്തത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെന്ന് വിശദീകരണം; പ്രതികരിക്കാതെ കമൽ

ചലച്ചിത്രമേളയുടെ ആദ്യദിനംതന്നെ കമ്യൂണിസ്റ്റ് വിരുദ്ധ സിനിമ; ഫിഡൽ കാസ്ട്രാ മരിച്ച സമയത്തുതന്നെ ഫിഡൽവിരുദ്ധ സിനിമ പ്രദർശിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഇടതുപക്ഷ സിനിമാ പ്രേമികൾ; സിനിമകൾ തെരഞ്ഞെടുത്തത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെന്ന് വിശദീകരണം; പ്രതികരിക്കാതെ കമൽ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയശേഷം നടത്തുന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിവസംതന്നെ ക്യൂബൻ വിപ്ലവത്തിനും ഫിഡൽ കാസ്‌ട്രോയ്ക്കും എതിരേയുള്ള ചിത്രം പ്രദർശിപ്പിച്ചതിനെതിരേ വിവാദമുയരുന്നു. സർക്കാർ ഔദ്യോഗീകമായി ഫിഡൽ കാസ്‌ട്രോ അനുസ്മരണമൊക്കെ സംഘടിപ്പിച്ചതിന്റെ രണ്ടാമത്തെ ആഴ്ചതന്നെ ഫിഡലിനും ക്യൂബൻ വിപ്ലവത്തിനും വിരുദ്ധമായ ആശയം ഉൾക്കൊള്ളുന്ന സിനിമ പ്രദർശിപ്പിച്ചതിനെതിരേയാണ് ഒരു വിഭാഗം ഇടതു ബുദ്ധിജീവികൾ വിമർശനമുന്നയിച്ചിരിക്കുന്നത്.

ഉദ്ഘാടനദിവസം കലാഭവൻ തീയറ്ററിൽ പ്രദർശിപ്പിച്ച 'സാന്റ ആൻഡ് ആൻഡ്രേസ് എന്ന സിനിമക്കെതിരേയാണ് വിമർശനം ഉയരുന്നത്. ക്യൂബൻ വിപ്ലവ സർക്കാരിനും, ഫിഡൽ കാസ്‌ട്രോയ്ക്കുമെതിരേ പ്രവർത്തിക്കുന്ന ആൻഡ്രേസ് എന്ന എഴുത്തുകാരന്റേയും, പൊലീസിന്റെ ഏജന്റായി അയാളെ നിരീക്ഷിക്കാൻ വരുന്ന സാന്റ എന്ന യുവതിയുടേയും കഥയാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിലുടനീളം ക്യൂബയുടെ കുറവുകൾ വർണിക്കുന്നുണ്ട്. കൂടാതെ ജനകീയ സർക്കാർ എന്ന് കമ്യൂണിസ്റ്റ് രാജ്യങ്ങൾ പ്രകീർത്തിക്കുന്ന ക്യൂബയെ, അക്രമികളുടെ സർക്കാർ ഭരിക്കുന്ന രാജ്യം എന്ന രീതിയിലാണ് സിനിമയിൽ ചിത്രീകരിക്കുന്നത്.

സിനിമയുടെ അവസാനം ആൻഡേസ് എഴുതിയ സർക്കാർ വിരുദ്ധ പുസ്തകവുമായി അയാളെ രക്ഷപ്പെടാൻ സാന്റ അനുവദിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. ക്യൂബൻ ജനത ഫിഡലിനും, വിപ്ലവത്തിനും എതിരായി ചിന്തിക്കുന്നവരാണെന്നാണ് സിനിമ സമർത്ഥിക്കുന്നത്. കമ്മ്യൂണിസ്റ്റ് ക്യൂബയിൽ വികസനം എന്നത് കടന്നെത്തിയിട്ടില്ല എന്ന രീതിയിലാണ് സിനിമ വിശദീകരിക്കുന്നത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ സിനിമ ക്യൂബ-കൊളമ്പിയ-ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പേരിലാണ് പുറത്തിറങ്ങിയത്. എന്നാൽ ഇതിൽ ഒരുഭാഗം പോലും ക്യൂബയിൽ ചിത്രീകരിച്ചിട്ടില്ലെന്ന് വ്യക്തമാകും.

ക്യൂബയുടെ ഒരു ഗ്രാമമോ, നഗരമോ ഈ ചിത്രത്തിൽ ഇല്ല. പകരം ഒരു മലനിരകളിലാണ് ചിത്രീകരണം. ക്യൂബയ്ക്ക് എതിരായി പ്രവർത്തിക്കുന്ന ആൻഡ്രേസിനെ, ക്യൂബയുടെ പതാക കാട്ടി ദേശീയഗാനം ആലപിക്കാൻ പറയുന്നതും, വിപ്ലവം ജയിക്കട്ടെ, ഫിഡൽ കാസ്‌ട്രോ ജയിക്കട്ടെ എന്നു മുദ്രാവാക്യം വിളിക്കാൻ പൊലീസ് ഉത്തരവിടുന്നതും സിനിമയുടെ പ്രധാന ഹൈലൈറ്റ് രംഗമാണ്. ദേശീയ ഗാനം പാടുന്ന ആൻഡ്രേസ് പക്ഷേ, ഫിഡലിനും, വിപ്ലവത്തിനും ജയ് വിളിക്കാൻ വിസമ്മതിച്ചു. ഇതോടെ സാന്റയോട് ആൻഡ്രേഴ്‌സിന്റെ നേർക്ക് ചീമുട്ടയെറിയാൻ പൊലീസ് ഉത്തരവിടുന്നു.

സർക്കാർ വിരുദ്ധ പുസ്തകം എഴുതുന്നുണ്ടോ എന്ന് പൊലീസിനുവേണ്ടി ആൻഡ്രേഴ്‌സിനെ നിരീക്ഷിക്കാനെത്തിയ സാന്റ സിനിമയുടെ അവസാനം അയാളുമായി അനുരാഗത്തിലായി. എന്നാൽ ആൻഡ്രേഴ്‌സിനെ പുരുഷാനുരാഗിയായിട്ടാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ക്യൂബയിൽ സ്വവർഗാനുരാഗം സർവസാധാരണമാണെന്ന് വരുത്തിത്തീർക്കാനാണ് ഇതെന്നും ആക്ഷേപമുന്നയിക്കപ്പെടുന്നുണ്ട്. കാർലോസ് ലെച്ചുഗ ഈ വർഷത്തെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഫിഡൽ അനുകൂല സിനിമയാണെന്ന ധാരണയിൽ നിരവധി ഇടതുപക്ഷ ചിന്തകരും, എഴുത്തുകാരും, ചലച്ചിത്രപ്രവർത്തകരും കാണാനെത്തി. സ്വപ്നങ്ങളിലെ ക്യൂബ ഇത്രയും നിറംകെട്ട രാജ്യമാണോയെന്ന നിരാശയിലാണ് എല്ലാവരും മടങ്ങിയത്. സിനിമക്കെതിരേ വിമർശനമുയർന്നപ്പോൾ, ഈ കമ്മിറ്റിയല്ല ചിത്രങ്ങൾ തെരഞ്ഞെടുത്തതെന്നും, യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ള കമ്മിറ്റിയാണ് തെരഞ്ഞെടുത്തതെന്നുമാണ് ചലച്ചിത്ര അക്കാഡമി വാദിക്കുന്നത്. വിവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് തുടർന്നുള്ള ദിവങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിക്കില്ലെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP